"കൺമണി അൻപോട്' ഉപയോഗിച്ചത് പണം നൽകി, ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ല; മഞ്ഞുമ്മൽ നിർമാതാക്കൾ
Saturday, May 25, 2024 12:38 PM IST
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘കൺമണി അൻപോട് കാതലൻ’ ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമെന്നു വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെയും പാട്ടിന്റെയും മേൽ അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിനു പണം നൽകി അവകാശം നേടിയിരുന്നുവെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ഇളയരാജയുടെ വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും കിട്ടിയാൽ നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇളയരാജ വക്കീൽ നോട്ടിസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നുമായിരുന്നു ഇളയരാജയുടെ നിലപാട്.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് മഞ്ഞുമ്മല്‍ ബോയ്സ്’ നിർമിച്ചത്.
1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന് ടൈറ്റില്‍ റോളിലെത്തിയ ഗുണ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് കണ്മണി അന്‍പോട് കാതലന്‍.
ഈ ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.
ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.