മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒന്നിക്കുന്നു
Friday, April 19, 2024 11:11 AM IST
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക ശോഭന. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്.
2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കിക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും തരുൺ മൂർത്തി ചിത്രത്തിനുണ്ട്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്.
പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
സൗദി വെള്ളക്ക എന്ന സിനിമയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.
ഏപ്രിൽ മൂന്നാം വാരത്തിൽ ചിത്രീകരണമാരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.