ഫ്രൈഡേ ഫിലിം ഹൗസും കെആർജി സ്റ്റുഡിയോയും കൈകോർത്തു
Saturday, March 2, 2024 7:50 PM IST
ഫ്രൈഡേ ഫിലിം ഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെആർജി സ്റ്റുഡിയോയും കൈകോർത്ത് സിനിമകൾ നിർമിക്കാൻ തീരുമാനിച്ചു. ഇരു കമ്പനികളും ചേർന്ന് മൂന്നു സിനിമകൾ നിർമിക്കാനാണ് തീരുമാനമായിരിക്കുന്നത്.
പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിന്റെയും സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും സിനിമകൾ നിർമിക്കാനുമാണ് പദ്ധതി. ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമിച്ചത്. ഒടിടി രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച സൂഫിയും സുജാതയും, ഹോം എന്നീ സിനിമകളിലൂടെയാണ്.
2017-ലാണ് കെആർജി സ്റ്റുഡിയോ വിതരണ ബിസിനസ് ആരംഭിക്കുന്നത്. നൂറിലധികം ചിത്രങ്ങൾ കർണാടകയിൽ വിതരണം ചെയ്യുകയും ചെയ്തു. 2020 മുതൽ നിർമാണ രംഗത്തേക്കും കടന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുന്ന എല്ലാ തരത്തിലുള്ള സിനിമകളും സൃഷ്ടിക്കുകയാണ് പുതിയ കൂട്ടുകെട്ടിന്റെ ഉദ്ദേശ്യം.
മനു സ്വരാജ് സംവിധായകൻ
കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ "പടക്കളം' സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്. ജസ്റ്റിൻ മാത്യു, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം സഹസംവിധായകനായി മനു പ്രവർത്തിച്ചിട്ടുണ്ട്.