അമ്മയല്ലെങ്കിലും അമ്മയെപ്പോലെ...രാധിക തിലകിന്റെ മകളുടെ വിവാഹചടങ്ങിൽ കാര്യങ്ങളെല്ലാം നോക്കി നടത്തി സുജാത
Monday, February 26, 2024 1:36 PM IST
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹവേദിയിൽ അമ്മയുടെ സ്ഥാനത്ത് കാര്യങ്ങളെല്ലാം ചെയ്ത് സുജാത മോഹൻ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന വിവാഹത്തിന് ശേഷം ഞായറാഴ്ച കൊച്ചിയിലും അനുബന്ധ ചടങ്ങുകൾ നടത്തിയിരുന്നു.
കൊച്ചി എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ജയറാം, പാർവതി. ജി. വേണുഗോപാൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സുജാത മോഹനാണ് അമ്മയുടെ സ്ഥാനത്തു നിന്നു എല്ലാം ചെയ്തത്. മണ്ഡപത്തിന് മുന്നിൽ തന്നെ രാധികയുടെ ചിത്രവും വച്ചിരുന്നു. ഇതിൽ വലം വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് ദേവിക മണ്ഡപത്തിലേയ്ക്ക് എത്തിയത്.
ബംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെവരൻ. അഭിഭാഷകനാണ് അരവിന്ദ്. ദേവികയും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങി കാതിനിന്പമേകുന്ന നിരവധി ഗാനങ്ങൾ പാടിയ ഗായികയായിരുന്നു രാധിക. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.
ഗായികയായി മികവ് തെളിയിച്ച മകൾ ദേവിക സുരേഷ് അമ്മ രാധികയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെലഡികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.