കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു, എളുപ്പത്തിൽ മാറ്റമായിരുന്നു അസുഖം; പക്ഷേ, സലിംകുമാർ പറയുന്നു
Saturday, April 20, 2024 10:09 AM IST
നടനും ഉറ്റമിത്രവുമായിരുന്ന കലാഭവൻ മണിയുടെ വേർപാടിനെക്കുറിച്ചും രോഗത്തെക്കുറിച്ചും തുറന്നു പറഞ്ഞ് സലിംകുമാർ. മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും യാഥാർഥ്യത്തിന്റെ പാതയിൽ പോയിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ എന്നും സലിം കുമാർ പറയുന്നു.
തനിക്ക് വന്ന അതേ അസുഖമാണ് മണിക്കും വന്നതെന്നും ഡോക്ടർമാർ നിർബന്ധിച്ചിട്ടും മണി ചികിത്സ എടുക്കാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ മണിയെ നിർബന്ധിച്ച് ചികിത്സ്ക്കു കൊണ്ടുവരണമെന്ന് മണിയുടെ ഡോക്ടർ തന്നോട് പറഞ്ഞിരുന്നുവെന്ന് സലിം കുമാർ പറഞ്ഞു.
മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപ്രതീക്ഷിതമായി വിടപറഞ്ഞ സുഹൃത്തിനെപ്പറ്റിയുള്ള ഓർമകൾ സലിം കുമാർ പങ്കുവച്ചത്.
മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കിൽ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു.
ഡോക്ടറെ കണ്ടു ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചിട്ട് മണിയോടൊന്നു വന്ന് ചികിത്സ എടുക്കാൻ പറ എന്നു പറഞ്ഞു. എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്.
സിംപിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. അവൻ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും സ്റ്റേജ് ഷോകൾ ചെയ്തിരുന്നു.
അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാൻ തയാറായിരുന്നില്ല. ജനങ്ങൾ എന്തുവിചാരിക്കും, സിനിമാക്കാർ അറിഞ്ഞാൽ അവസരങ്ങൾ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാർഥ്യത്തിന്റെ പാതയിൽ പോയിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ. സലിം കുമാർ പറയുന്നു.
2016ലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിടപറയുമ്പോൾ മണിക്ക് പ്രായം നാൽപ്പത്തിയഞ്ച് വയസായിരുന്നു.