ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന് സത്യന് അന്തിക്കാട്.
മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് കിഷ്കിന്ധാ കാണ്ഡം കണ്ടതെന്നും വിജയഫോര്‍മുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയ ചിത്രം ഒരുക്കാമെന്ന് സംവിധായകന് ദിന്‍ജിത്തും തിരക്കഥാകൃത്തും കാമറാമാനുമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ആസിഫ് അലി, വിജയരാഘവന്, അപര്‍ണ ബാലമുരളി തുടങ്ങി ചിത്രത്തിലെ താരങ്ങളെയും സംവിധായകന് പ്രശംസിക്കുന്നുണ്ട്.
സത്യന് അന്തിക്കാടിന്റെ കുറിപ്പ്
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്.
വിജയഫോര്‍മുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയ ചിത്രം ഒരുക്കാമെന്ന് സംവിധായകന് ദിന്‍ജിത്തും തിരക്കഥാകൃത്തും കാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോട് ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസില്‍ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍.
അഭിനയ സാധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന് മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്!
സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ജോബി ജോര്‍ജിനും സ്നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. ‘കിഷ്കിന്ധാ കാണ്ഡം’ തീര്‍ച്ചയായും ഒരു മറുപടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.