കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ ഷമ്മി തിലകൻ. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണെന്നും അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകമാണെന്നും ഷമ്മി പറയുന്നു.
സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഷമ്മിയേട്ടാാാ എന്ന് നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ടെന്നും ഷമ്മി തിലകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
""കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.. അനിതരസാധാരണമായ നടന ചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്. അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും.
‘ഷമ്മിയേട്ടാാാാ’ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു. സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്.
ഒപ്പം അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ.
വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു.’’–ഷമ്മി തിലകൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.