അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് കാത്തു നിന്നവർക്ക് എന്റെ വാക്കുകൾ ഒരു കാരണമായി: വിവാദത്തില്‍ ഷെയ്ന് നിഗം
Thursday, May 23, 2024 10:46 AM IST
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന് ഉണ്ണി മുകുന്ദനെക്കുറിച്ച് ഷെയ്ന് നിഗം നടത്തിയ ചില പരാമർശങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
മഹിമ നന്പ്യാരും ഉണ്ണി മുകുന്ദനുമായുള്ള കോംന്പോയെക്കുറിച്ചു പറഞ്ഞു തുടങ്ങിയ സംസാരമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന് നിഗം.
താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെക്കുറിച്ച് പറയുന്നത് ഖേദകരമാണെന്നും ഷെയ്ൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്.
മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.
പിന്നെ അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്.
അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം.. ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്.
റിലീസിനൊരുങ്ങുന്ന "ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെയിനിന്റെ പരാമർശങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചാരം നേടിയത്.
ഉണ്ണി മുകുന്ദൻ മഹിമാ നമ്പ്യാർ കോമ്പോയെ പരിഹസിക്കും വിധത്തിലുളള പരാമര്‍ശമായിരുന്നു ഷെയ്നിന്റേത്. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചെന്നും മഹിമാ നമ്പ്യരെ ഷെയ്ൻ പരിഹസിച്ചുമെന്നുമാണ് പ്രതികരണങ്ങള്‍. പരാമർശത്തിന് പിന്നാലെ നിരവധി പേരാണ് ഷെയ്നെ വിമർശിച്ച് രംഗത്തെത്തിയത്.