32 വർഷമായി, പലരുടെയും അടുത്ത് പോയി കെഞ്ചിയിട്ടുണ്ട്, അവസാനം നല്ല വേഷം തരാന് മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്
Thursday, February 29, 2024 1:09 PM IST
മഞ്ഞുമ്മൽ ബോയ്സിലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. 32 വർഷത്തോളം തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് വിജയ് മുത്തു പറഞ്ഞു.
സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരഞ്ഞുകൊണ്ട് വിജയ് മുത്തു ഇക്കാര്യം പങ്കുവച്ചത്.
മഞ്ഞുമ്മൽ ബോയ്സിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് മുത്തു എത്തുന്നത്. ഗുണ കേവ്സിൽ സുഹൃത്ത് വീണുവെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് പോലീസ് സ്റ്റേഷനിലെത്തുന്ന സംഘത്തെ സംശയത്തോടെ നേരിടുന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല. ഒരുപാടു പേരുടെ സിനിമകളിൽ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല.
ഇതിപ്പോൾ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ കിട്ടുന്ന അംഗീകാരമില്ലേ. ഈ സിനിമയിലൂടെ പ്രേക്ഷകർ എന്നെ നല്ല നടനെന്നു വിശേഷിപ്പിക്കുന്നു.
12 -ാം വയസിൽ മനസിൽ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. എന്റെ കുടുംബത്തോട് എത്രമാത്രം സ്നേഹമുണ്ടോ അതുപോലെയാണ് എനിക്ക് സിനിമയും. ഈ സിനിമ തന്നെയാണ് എന്റെ മക്കൾക്ക് പഠിപ്പും ജീവിതവും നൽകിയത്.
പക്ഷേ, സിനിമയിൽ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്. 32 വർഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാൻ! അതിനായി, എത്രയോ കഷ്ടപ്പാടുകൾ, വേദനകൾ.
പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാൻ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ ഇമോഷനൽ ആകും. വിജയ് മുത്തുവിന്റെ വാക്കുകൾ