മലയാളത്തിന് ഇത് വിഷുകൈനീട്ടം; തിയറ്ററുകളിൽ ഹിറ്റായി വിഷു റിലീസുകൾ
Friday, April 12, 2024 3:27 PM IST
വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ്...തിയറ്ററുകളിലേയ്ക്ക് വിഷു റിലീസായി എത്തിയ ഈ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ മനസും നിറച്ചാണ് മടക്കുന്നത്. റിലീസ് ചെയ്ത ഓരോ ചിത്രത്തിനും അതിന്റേതായ മേന്പൊടി വിതറി കാഴ്ചക്കാരെ ആവോളം ആസ്വദിപ്പിക്കാൻ മലയാളസിനിമയ്ക്കറിയാം എന്നതിന്റെ ഉദാഹരമാണ് ഈ മൂന്നു ചിത്രങ്ങളും.
"ഫീൽഗുഡ്' വർഷങ്ങൾക്ക് ശേഷം

ഫീൽഗുഡ് ചിത്രങ്ങളുടെ തോഴനെന്നാണ് വിനീത് ശ്രീനിവാസനെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല വിനീത് തന്റെ പുതിയ ചിത്രത്തിലും. ആസ്വാദകരെ കൈയടിപ്പിക്കാനുള്ള എല്ലാ ചേരുവയും പാകത്തിന് ചേർത്ത് ആവോളം വിളന്പാനും ഏതു സമയത്താണ് അടുത്ത ചേരുവ ചേർക്കേണ്ടതെന്ന് കൃത്യമായി ബോധ്യമുള്ള സംവിധായകൻ.
ആ മികവിലും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വർഷങ്ങൾക്ക് ശേഷം തിയറ്ററിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഇന്റർവ്യൂ സ്റ്റാർ എന്ന പദവി അലങ്കരിച്ച ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ ഗംഭീര അഭിനയമാണ് ഈ ചിത്രത്തിലേതെന്ന് നിസംശയം പറയാം.
ഓരോ ഭാവങ്ങളും അത്രമാത്രം പക്വതയോടെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിനായി. ഒപ്പം പ്രണവും നിവിൻ പോളിയും അജു വർഗീസും ബേസിലുമെല്ലാം ചിത്രത്തിന്റെ നട്ടെല്ലായി മാറി.
ആവേശത്തോടെ ഫഹദും പിള്ളേരും

എടാ മോനേ...ഫഹദിന്റെ ആ ഒരൊറ്റ വിളി മാത്രം മാത്രം യൂത്ത് മുഴുവനായി തിയറ്ററിലേയ്ക്കൊഴുകാൻ. രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ആവേശം ഇപ്പോൾ തിയറ്ററുകളിൽ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്.
യൂത്തിനെ ആകർഷിക്കാനുള്ള എല്ലാ തന്ത്രങ്ങളും കൃത്യമായി പ്ലേസ് ചെയ്ത് ഫഹദിനെ അഴിച്ചുവിട്ടിരിക്കുകയാണ് ആവേശത്തിലൂടെയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫഹദിന്റെയും പിള്ളേരുടെയും ആവേശവും ആഘോഷവും അഴിഞ്ഞാട്ടവും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടും മടിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാം. ആവേശം നിങ്ങളെ അത്രത്തോളം ആവേശം കൊള്ളിക്കും. ഉറപ്പ്.
അത്ഭുതമല്ല, അതിശയമാണ് ജയ്ഗണേഷ്

ഉണ്ണി മുകുന്ദൻ-രഞ്ജിത്ത് ശങ്കർ ചിത്രം ജയ്ഗണേഷാണ് വിഷു റിലീസായി പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രം. സസ്പെന്സും ത്രില്ലറും മിസ്റ്ററിയും ഉൾക്കൊള്ളിച്ച് വൈകാരികതയും നല്ല നിമിഷങ്ങളും കോർത്തിണക്കിയ പക്കാ ഫാമിലി ചിത്രം. വീൽചെയറിലായിപ്പോയ ജീവിതത്തെ തന്റെ കഴിവുകൾക്കൊണ്ട് തിരിച്ചുപിടിക്കുന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രമാണ് ചിത്രം പറയുന്നത്.