നാ​യ​ക​നാ​യി ദേ​വ​ദാ​സി​ന്‍റെ ര​ണ്ടാം​വ​ര​വ്
Wednesday, March 6, 2019 6:52 PM IST
വി​ന​യ​ന്‍റെ അ​തി​ശ​യ​ൻ, ജ​യ​രാ​ജി​ന്‍റെ ആ​ന​ന്ദ​ഭൈ​ര​വി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ വേ​ഷ​പ്പ​ക​ർ​ച്ച​ക​ളി​ലൂ​ടെ ഒരു വ്യാഴവട്ടം മുന്പ് പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ച ബാ​ല​താ​രം ദേ​വ​ദാ​സ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റുന്ന ചി​ത്ര​മാ​ണ് ‘ക​ളി​ക്കൂ​ട്ടു​കാ​ർ’. അച്ഛനും നടനുമായ രാ​മു തി​ര​ക്ക​ഥ​യൊ​രു​ക്കിയ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ര​ണ്ടാം ​വ​ര​വ്. പി.​കെ.​ബാ​ബു​രാ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ നാ​യി​ക യു​വ​താ​രം പാ​ർ​വ​തി അ​രു​ണ്‍. മും​ബൈ​യി​ൽ സു​ഭാ​ഷ് ഘൈ​യു​ടെ വി​സ്‌ലിംഗ് വു​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ബി​എ​സ്‌സി ഫി​ലിം മേ​ക്കിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ദേ​വ​ദാ​സി​ന്‍റെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...



അ​തി​ശ​യ​നും ആ​ന​ന്ദ​ഭൈ​ര​വി​യും...?

ഗോ​കു​ലം ഗോ​പാ​ല​ൻ അ​ങ്കി​ൾ എ​ന്‍റെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണ്. അ​തി​ശ​യ​ന്‍റെ ക​ഥ വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​മാ​ണ് വി​ന​യ​ൻ അ​ങ്കി​ളി​നോ​ട് എ​ന്‍റെ പേ​രു നി​ർ​ദേ​ശി​ച്ച​ത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വിനയൻ അങ്കിൾ എന്നെ ദേ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി സെ​ല​ക്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തി​ശ​യ​ൻ ക​ഴി​ഞ്ഞ് ഉ​ട​നെ ത​ന്നെ​യാ​യി​രു​ന്നു ജ​യ​രാ​ജ് അ​ങ്കി​ൾ സം​വി​ധാ​നം ചെ​യ്ത ആ​ന​ന്ദ​ഭൈ​ര​വി​യു​ടെ ചി​ത്രീ​ക​ര​ണം. പ​ക്ഷേ, ആ​ദ്യ​മി​റ​ങ്ങി​യ​ത് ആ​ന​ന്ദ​ഭൈ​ര​വി ആ​യി​രു​ന്നു. ഗ്രാ​ഫി​ക്സ് വ​ർ​ക്കു​ക​ൾ തീ​ർ​ത്ത് അ​തി​ശ​യ​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്താ​ൻ ഒ​രു വ​ർ​ഷ​ത്തി​ന​ടു​ത്തു സ​മ​യം വേ​ണ്ടി​വ​ന്നു. അ​തി​ശ​യ​ൻ ക​മേ​ഴ്സ്യ​ലി വി​ജ​യ​മാ​യി; ആ​ന​ന്ദ​ഭൈ​ര​വി ക്രി​ട്ടി​ക്ക​ലി​യും. ആ​ന​ന്ദ​ഭൈ​ര​വി​യി​ലെ പെ​ർ​ഫോ​മ​ൻ​സി​ന് എ​നി​ക്കു ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ചു.​ (ഏറെ നാളുകൾക്കു ശേഷം ക​ഴി​ഞ്ഞ​ദി​വ​സം വി​ന​യ​ൻ അ​ങ്കി​ളി​നെ​യും ജ​യ​രാ​ജ് അ​ങ്കി​ളി​നെ​യും നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടി​യി​രു​ന്നു.)



അതിശയന്‍റെ റിലീസിംഗിനുശേഷം സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നിന്നത്...?

അ​തി​ശ​യ​നി​ൽ എ​നി​ക്കു വ​ള​രെ ന​ല്ല റോ​ൾ ആ​യി​രു​ന്നു. അ​തി​നു​ശേ​ഷം എ​നി​ക്ക് അ​ത്ര​യും ന​ല്ല ഒ​രു റോ​ൾ വേ​റെ വ​ന്നി​ല്ല. പ​ഠ​ന​ത്തി​നു​ശേ​ഷം അ​ഭി​ന​യ​ത്തി​ലേ​ക്കു വ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ കാ​ഴ്ച​പ്പാ​ട്. അ​ന്ന് ഡ​യ​റ​ക്ട​റും മ​റ്റും പ​റ​യു​ന്ന​തു​പോ​ലെ വെ​റു​തേ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും അ​ക്കാ​ല​ത്തു​ത​ന്നെ സി​നി​മ​യോ​ടു താ​ത്പ​ര്യം തോ​ന്നി​യി​രു​ന്നു. അ​തു ഞാ​ൻ പി​ന്നീ​ടു തി​രി​ച്ച​റി​യു​ക​യും ഹോ​ളി​വു​ഡ് സി​നി​മ​ക​ൾ ധാ​രാ​ളം കാ​ണു​ക​യും ചെ​യ്തു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ നാ​ട്ടി​ലാ​യി​രു​ന്നു പ​ഠ​നം.

പുതിയ ട്രെൻഡിലുള്ള മലയാളം സിനിമകൾ കണ്ടപ്പോൾ തി​രി​ച്ചു​വ​ര​ണ​മെ​ന്നു തോ​ന്നി​യി​ട്ടു​ണ്ടോ...?

പു​തി​യ പ​ട​ങ്ങ​ളി​ലെ ഓ​രോ​രോ ഹീ​റോ​സി​നെ കാ​ണു​ന്പോ​ൾ അ​ടി​പൊ​ളി ആ​യി​ട്ടു​ണ്ട​ല്ലോ എ​ന്നൊ​ക്കെ തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​നും ഒ​രു പ്രേ​ക്ഷ​ക​നാ​ണ്, ഫാ​ൻ ബോ​യ് ആ​ണ്. അ​പ്പോ​ൾ എ​ല്ലാ​വ​രെ​യും പോ​ലെ ക​യ്യ​ടി​ക്കും. ഓ​രോ​രോ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ണു​ന്പോ​ൾ എ​നി​ക്കും സി​നി​മ ചെ​യ്യ​ണ​മെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്.



അ​ച്ഛ​ന്‍റെ സി​നി​മ​യി​ലൂ​ടെ ര​ണ്ടാം​വ​ര​വ്.....?

അ​ടു​ത്തി​ടെ ഞാ​ൻ കു​റ​ച്ചു ക​ഥ​ക​ൾ കേ​ട്ടി​രു​ന്നു. അ​തൊ​ന്നും എ​നി​ക്ക് അ​ത്ര ന​ന്നാ​യി തോ​ന്നി​യി​ല്ല. പി​ന്നീ​ടാ​ണ് അ​ച്ഛ​ൻ എ​ന്നോ​ടു ര​ണ്ടു മൂ​ന്നു ക​ഥ​ക​ൾ പ​റ​ഞ്ഞ​ത്. അ​തി​ൽ ഈ ​സി​നി​മ​യു​ടെ സ്ക്രി​പ്റ്റ് എ​നി​ക്കി​ഷ്ട​മാ​യി. ഇ​തി​ൽ ഫൈ​റ്റു​ണ്ട്, ഡാ​ൻ​സു​ണ്ട്, ഫ്ര​ണ്ട്ഷി​പ്പു​ണ്ട്, ഇ​മോ​ഷ​ണ​ൽ സീ​നു​ണ്ട്....​ഒ​രു ആ​ക്ട​ർ എ​ന്ന നി​ല​യി​ൽ എ​നി​ക്കു പെ​ർ​ഫോം ചെ​യ്യാ​ൻ പ​റ്റി​യ സ്ക്രി​പ്റ്റാ​ണെ​ന്നു തോ​ന്നി. എ​ല്ലാം തി​ക​ഞ്ഞ ഒ​രു സ്ക്രി​പ്റ്റ് വ​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മ​ല്ലേ!

തൃ​ശൂ​ർ ഐ​ഇ​എ​സ് പ​ബ്ളി​ക് സ്കൂ​ളി​ലാ​ണ് എ​ൽ​കെ​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ ഞാ​ൻ പ​ഠി​ച്ച​ത്. പ്ലേ ​സ്കൂ​ൾ മു​ത​ൽ കോ​ള​ജ് വ​രെ ഒ​രേ കാ​ന്പ​സി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ച ആ​റു കൂ​ട്ടു​കാ​രു​ടെ ക​ഥ​യാ​ണി​ത്. അ​ത്ത​ര​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യും ഈ ​ക​ഥ​യു​ടെ ത്ര​ഡു​മാ​യി എ​നി​ക്ക് അ​ടു​പ്പം തോ​ന്നി​യി​രു​ന്നു.



ക​ളി​ക്കൂ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്......?

എ​ൽ​കെ​ജി മു​ത​ൽ കോ​ള​ജ് വ​രെ ഒ​ന്നി​ച്ചു​പ​ഠി​ച്ച ആ​റ് ക​ളി​ക്കൂ​ട്ടു​കാ​രു​ടെ ക​ഥ​യാ​ണി​ത്. അ​വ​രി​ലേ​ക്കു പു​റ​ത്തു​നി​ന്നു വ​രു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളും ആ​ന​ന്ദ് എ​ന്ന എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ബാ​ക്ക് സ്റ്റോ​റി​യും സ്പ​ർ​ശി​ച്ചാ​ണ് ക​ഥാ​സ​ഞ്ചാ​രം. ഇ​തി​ൽ ഒ​രു പ്ര​ണ​യ​ക​ഥ​യു​ണ്ട്. സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​ണ്ട്. കോ​ള​ജ് സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ കു​സൃ​തി​ക​ളും ത​മാ​ശ​ക​ളു​മൊ​ക്കെ നി​റ​യു​ന്ന കോ​ള​ജ് ലൈ​ഫുണ്ട്. പി​ന്നീ​ടു കു​റ​ച്ച് സീ​രി​യ​സാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണു ക​ഥാ​സ​ഞ്ചാ​രം.

ഫ​ണ്‍ സ്റ്റോ​റി എ​ന്ന​തി​ലു​പ​രി ഇ​തി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന്, പോ​ക്സോ നി​യ​മ​ത്തി​ന്‍റെ ദു​രു​പ​യോ​ഗം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഒ​രു സാ​മൂ​ഹി​ക സ​ന്ദേ​ശ​വും ന​ല്കു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും എ​ൻ​ജോ​യ് ചെ​യ്യാ​നാ​കു​ന്ന പ​ട​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു.



കളിക്കൂട്ടുകാരിലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ..‍?

എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ന​ന്ദ്. ബാ​ല​ച​ന്ദ്രമേ​നോ​ൻ സാ​റി​ന്‍റെ എ​ന്നാ​ലും ശ​ര​ത്തി​ൽ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട പാ​ർ​വ​തി അ​രു​ണാ​ണ് നാ​യി​ക. അ​ഞ്ജ​ലി എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​സ്‌ലിംഗ് വു​ഡ്സി​ൽ ബി​ബി​എ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​യും എ​ന്‍റെ സു​ഹൃ​ത്തു​മാ​യ ആ​ൽ​വി​ൻ ഷാ​ജി ഇ​തി​ൽ എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് അ​ല​ക്സാ​യി അ​ഭി​ന​യി​ക്കു​ന്നു. ഐ​ഷ എ​ന്ന ക​ഥാ​പാ​ത്ര​മാ​കു​ന്ന​തു സ്നേ​ഹ സു​നോ​ജ്. അ​ൻ​വ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​കു​ന്ന​തു ക്വീ​ൻ ഫെ​യിം ജെ​ൻ​സ​ണ്‍ ആ​ല​പ്പാ​ട്ട്. ആ​ൻ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അവതരിപ്പിക്കുന്നത് ഭാ​മ അ​രുൺ. ഇ​വ​രാ​ണ് ആ​റു സു​ഹൃ​ത്തു​ക്ക​ൾ.



തി​രി​ച്ചു​വ​ര​വി​ലെ അനുഭവങ്ങളിലൂടെ...?

ബാ​ല​താ​ര​മാ​യി വേ​ഷ​മി​ട്ട കാ​ല​ത്ത് ഞാ​ൻ അ​നു​സ​ര​ണ​യു​ള്ള ന​ല്ല ഒ​രു പ​ട്ടി​ക്കു​ട്ടി​യെ​പ്പോ​ലെ ആ​യി​രു​ന്നു! ഇ​പ്പോ​ൾ ഞാ​ൻ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചും സി​നി​മ​യെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ പ​ഠി​ക്കാ​നും അ​റി​യാ​നും ശ്ര​മി​ക്കു​ന്നു. ഓ​രോ ത​വ​ണ​യും കാ​മ​റ സെ​റ്റ് ചെ​യ്യു​ന്പോ​ൾ ഫ്രെ​യിം എ​ങ്ങ​നെ​യാ​വും വ​രി​ക എ​ന്നൊ​ക്കെ സം​വി​ധാ​യ​ക​നും സി​നി​മാ​റ്റോ​ഗ്ര​ഫ​റു​മെ​ല്ലാം പ​റ​ഞ്ഞു​ത​ന്നി​രു​ന്നു.

ആ​ദ്യ​ത്തെ ദി​വ​സം എ​ന്‍റെ മു​ട്ടി​ടി​ച്ചു. എ​ത്ര​യൊ​ക്കെ സി​നി​മാ​പ​ശ്ചാ​ത്ത​ലം ഉ​ണ്ടെ​ങ്കി​ലും ടെ​ൻ​ഷ​ൻ ഉ​ണ്ടാ​വി​ല്ലേ. അ​തി​ശ​യ​ൻ ചെ​യ്ത​കാ​ല​ത്ത് കു​ട്ടി​യാ​യ​തി​നാ​ൽ എ​നി​ക്ക് സി​നി​മ​യെ​ക്കു​റി​ച്ച് അ​റി​യി​ല്ല, ടെ​ൻ​ഷ​നി​ല്ല. ഇ​പ്പോ​ൾ ഇ​തി​നെ​ക്കു​റി​ച്ച് കു​റ​ച്ചൊ​ക്കെ അ​റി​യു​ന്ന​തു​കൊ​ണ്ട് ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. ന​ന്നാ​യി ചെ​യ്യ​ണ​മെ​ന്ന് എ​ത്ര​ത്തോ​ളം വി​ചാ​രി​ക്കു​ന്നു​വോ ടെ​ൻ​ഷ​നും അ​ത്ര​ത്തോ​ളം കൂ​ടും. ഇ​തെ​ല്ലാം കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ഞാ​ൻ പ​ഠി​ക്കു​ന്ന​തു​കൂ​ടി ആ​യ​തി​നാ​ൽ എ​ല്ലാ​റ്റി​നെ​പ്പ​റ്റി​യും കൂ​ടു​ത​ൽ അ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യും എ​നി​ക്കു​ണ്ട്.



ക​ളി​ക്കൂ​ട്ടു​കാ​ർ...​മ​റ്റു വി​ശേ​ഷ​ങ്ങ​ൾ...?

ര​ഞ്ജി​പ​ണി​ക്ക​ർ സാ​ർ എ​ന്‍റെ അ​ച്ഛ​നാ​യി വേ​ഷ​മി​ടു​ന്നു. സ​ലിം​കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, കു​ഞ്ച​ൻ അ​ങ്കി​ൾ, സു​നി​ൽ സു​ഖ​ദ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ. വി​നു തോ​മ​സ് സംഗീതം നല്കി നജിം അർഷാദും ശ്വേത മോഹനും ചേർന്നു പാടിയ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം... എന്ന പ്രണയഗാനം ഏറെ ഹിറ്റാണ്. ഗാനരചന ബി.കെ. ഹരിനാരായണൻ. വിഷ്ണു മോഹൻ സിതാരയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പഞ്ചാരിമേളം.. എന്ന പാട്ട് കാന്പസ് പശ്ചാത്തലത്തിലുള്ളതാണ്. ഛായാഗ്രഹണം പ്രദീപ് നായർ. പശ്ചാത്തലസംഗീതം ബിജിബാൽ. എഡിറ്റിംഗ് അയൂബ് ഖാൻ.



ക​രി​യ​റി​ൽ അ​ച്ഛ​ന്‍റെ സ്വാ​ധീ​നം എ​ത്ര​ത്തോ​ളം...?

സ്ക്രി​പ്റ്റ് കേ​ൾ​ക്കു​ന്പോ​ൾ അ​ച്ഛ​ൻ എ​നി​ക്കൊ​പ്പം ഇ​രി​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹം 40 വ​ർ​ഷ​മാ​യി ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ള്ള ആ​ളാ​ണ​ല്ലോ. അ​ത്ര​ത്തോ​ളം അ​നു​ഭ​വ​പ​രി​ച​യം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഓ​രോ ഷോ​ട്ടും എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും മ​റ്റുമു​ള്ള കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​രാ​റു​ണ്ട്. സ്ക്രി​പ്റ്റ് റൈ​റ്റ​ർ കൂ​ടി ആ​യ​തി​നാ​ൽ എ​ങ്ങ​നെ​യാ​ണു സീ​ൻ ചെ​യ്യേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ വ്യൂ​സ് ഉ​ണ്ടാ​വും. അ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​നി​ക്കു ത​ന്നി​രു​ന്നു.

ആ​രൊ​ക്കെ എ​ന്തൊ​ക്കെ സ​പ്പോ​ർ​ട്ട് ത​ന്നാ​ലും ചെ​യ്യു​ന്ന വ​ർ​ക്കി​നോ​ട് ന​മു​ക്ക് ആ​ത്മാ​ർ​ഥ​ത വേ​ണ​മ​ല്ലോ. എ​പ്പോ​ഴും അ​തു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. പ​ക്ഷേ, എ​പ്പോ​ഴും അ​ച്ഛ​ൻ സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ എ​പ്പോ​ഴും പേ​ടി​യു​ണ്ടാ​യി​രു​ന്നു.



അ​ച്ഛ​നും ന​ട​നു​മാ​യ രാ​മു അ​ഭി​ന​യ​ത്തി​ൽ അ​ത്ര സ​ജീ​വ​മ​ല്ല​ല്ലോ....?

ബി​സി​നി​ന​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി മി​ക്ക​പ്പോ​ഴും അ​ച്ഛ​ൻ വി​ദേ​ശ​ത്താ​യി​രി​ക്കും. ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​ച്ഛ​ൻ ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല. കളിക്കൂട്ടുകാരിലെ ഐ​ഷ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​ച്ഛ​ൻ വ​ള​രെ പ്ര​മാ​ണി​യാ​യ ഒ​രു ഹാ​ജി​യാ​രാ​ണ്. ത​ട്ട​ത്തി​ൻ മ​റ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളി​ലെ അ​ച്ഛ​ന്‍റെ ഹാ​ജി​യാ​ർ വേ​ഷം ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. ഇ​തി​ന്‍റെ സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നും നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​തി​ലും അ​ച്ഛ​ൻ ഹാ​ജി​യാ​ർ വേ​ഷം ചെ​യ്ത​ത്.

അ​ഭി​ന​യ​രം​ഗ​ത്തു തു​ട​രാ​ന​ല്ലേ പ്ലാ​ൻ...?

കോ​ഴ്സ് പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി ഒ​രു വ​ർ​ഷം കൂ​ടിയുണ്ട്. അ​തി​നു​ശേ​ഷം അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മാ​കും. സെ​മ​സ്റ്റ​ർ ബ്രേ​ക്കി​ൽ കി​ട്ടി​യ ഒ​രു മാ​സം കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​പ​ടം ചെ​യ്ത​ത്. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണം, ന​ല്ല പ​ട​ങ്ങ​ൾ ചെ​യ്യ​ണം - അ​താ​ണ് ആ​ഗ്ര​ഹം. ന​ല്ല ക​ഥ​ക​ൾ വ​ന്നാ​ൽ ഇ​തു​പോ​ലെ വെ​ക്കേ​ഷ​നി​ൽ ചെ​യ്യാ​ൻ ഞാ​ൻ ത​യാ​റാ​ണ്.



വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ..‍.?

സ്വദേശം തൃശൂർ. അ​മ്മ ര​ശ്മി രാ​മു. ചേ​ച്ചി അ​മൃ​ത ബി​കോം ഫൈ​ന​ലി​നു പ​ഠി​ക്കു​ന്നു. ചേ​ച്ചി​ക്കു പ​ഠി​ത്ത​ത്തി​ലാ​ണു ശ്ര​ദ്ധ. പ​ക്ഷേ, ഞാ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​പ്പോ​ഴും അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.