ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
Thursday, August 31, 2023 1:12 PM IST
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെഴുതിയത്. ആക്ഷന്‍ ചിത്രമാണിത്. ക്ലാസി മാസ് ഫിലിം എന്നും പറയാം. കഥയ്ക്കും ഇമോഷന്‍സിനും വളരെ പ്രാധാന്യമുണ്ട് - അഭിലാഷ് പറയുന്നു.



മാസ് മൂവിയായി പ്ലാന്‍ ചെയ്ത് എഴുതിയതാണോ..?

പൊറിഞ്ചു മറിയം ജോസിനു ശേഷമുള്ള പ്രോജക്ട് ആലോചിച്ച സമയം സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അങ്ങനെ ഈ കഥ അഭി വഴി ദുല്‍ഖറിലെത്തുകയും കഥയില്‍ താത്പര്യമറിയിച്ച ദുല്‍ഖര്‍ സ്ക്രിപ്റ്റ് വര്‍ക്ക് തുടങ്ങാന്‍ പറയുകയുമായിരുന്നു.

മാസ് മൂവി എഴുതണം എന്നു പ്ലാന്‍ ചെയ്ത് എഴുതിയതല്ല. പക്ഷേ, ഈ കഥാബീജം മനസില്‍ വന്നപ്പോള്‍ത്തന്നെ മാസ് സിനിമയ്ക്കുള്ള ഇടം അതിലുണ്ടെന്നുതോന്നി. കഥയ്ക്കാവശ്യമായ മാസാണ് ഇതിലുള്ളത്. അതായത്, ഈ കഥ രൂപപ്പെട്ടു വന്നപ്പോള്‍ ഉണ്ടായ മാസ്.



കിംഗ് ഓഫ് കൊത്തയും ദുൽഖറും...

കൊത്ത ഞാന്‍ രൂപപ്പെടുത്തിയ സാങ്കല്പിക ടൗണാണ്. ക്രിമിനല്‍ പ്രവൃത്തികൾ നടക്കുന്ന ഒരിടം. അവിടത്തെ കുറേ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്ന കഥ. ഗ്യാംഗ്സ്റ്റര്‍ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ലീഡിംഗ് കഥാപാത്രമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. രാജുവെന്നാണ് കഥാപാത്രത്തിന്‍റെ പേര്. അച്ഛനെപ്പോലെ പേരെടുത്ത റൗഡിയാകണമെന്നു ചെറുപ്പത്തിലേ ആഗ്രഹിക്കുന്നയാൾ.

എണ്‍പതുകളുടെ പകുതിയും തൊണ്ണൂറുകളുടെ പകുതിയുമാണ് കഥാപശ്ചാത്തലമാകുന്ന കാലഘട്ടങ്ങൾ. ദുല്‍ഖറിനു രണ്ടു ഗെറ്റപ്പുണ്ട്. മുടി റോ ആയി കാണുന്ന ഗെറ്റപ്പാണ് എണ്‍പതുകളിലേത്. ഐശ്വര്യലക്ഷ്മിയാണ് ദുല്‍ഖറിന്‍റെ നായിക.



കൊത്തയിലെ വില്ലൻ...

നമ്മുടെ ജീവിതത്തില്‍ ഉള്ളതുപോലെതന്നെ ഇതില്‍ എല്ലാവര്‍ക്കും ഏറിയും കുറഞ്ഞുമൊക്കെ ഗ്രേ ഷേഡ്സുണ്ടാവും. ഡാന്‍സിംഗ് റോസ് എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ ഷെബീര്‍ കല്ലറയ്ക്കലാണ് പ്രതിനായകവേഷത്തിൽ.

കെജിഎഫ് പോലെ പാന്‍ ഇന്ത്യന്‍ സിനിമയാണോ..?

കെജിഎഫ് വളരെ നല്ല സിനിമ തന്നെയാണ്. പക്ഷേ, കൊത്തയ്ക്കു കെജിഎഫുമായി താരതമ്യമില്ല. കാരണം, ഇതില്‍ ഒരുപാടു ജീവിതമുഹൂര്‍ത്തങ്ങളുണ്ട്. ഏറെ കഥാപാത്രങ്ങളിലൂടെയാണ് കഥാസഞ്ചാരം.



സാഹചര്യങ്ങളാണ് കഥാപാത്രങ്ങളെ നയിക്കുന്നത്. സൗഹൃദം, പ്രണയം, പ്രതികാരം... എല്ലാത്തരം വികാരങ്ങളെയും സമ്മേളിപ്പിക്കാനുള്ള പ്രയത്നം ഈ സ്ക്രിപ്റ്റിലുണ്ട്.

കഥയ്ക്കുപിന്നില്‍ യഥാര്‍ഥ സംഭവങ്ങളുണ്ടോ..?

എല്ലാം സാങ്കല്പികമാണ്. ഇല്ലാത്തതിനെ സൃഷ്ടിക്കുക എന്നതാണല്ലോ ക്രിയേറ്റിവിറ്റി. അതിന്‍റെ ലഹരിയാണ് എഴുത്തില്‍ ഉടനീളമുണ്ടായത്. കൊത്ത എന്ന സാങ്കല്പിക ടൗണും അവിടത്തെ ജീവിതവും ഭാവനയില്‍കണ്ട് അവിടെ ജീവിച്ച് എഴുതുന്നതുപോലെയാണ് എനിക്കു തോന്നിയത്.



അഭിലാഷ് ജോഷിയുമായുള്ള കെമിസ്ട്രി...

സംവിധായകന്‍ ജോഷി എനിക്കു ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തിന്‍റെ മകന്‍ സഹോദരനെപ്പോലെയാണ്, നല്ല സുഹൃത്തുമാണ്. ഈ സിനിമയുടെ ഓരോഘട്ടത്തിലും പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്തത്.

ഓരോ ഡ്രാഫ്റ്റ് കഴിയുമ്പോഴും ഞാനും അഭിലാഷും ദുൽഖറും ചർച്ച ചെയ്യുമായിരുന്നു. അവരുടെ നിർദേശങ്ങൾ പരിഗണിച്ച് ഞാൻ സ്ക്രിപ്റ്റിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അങ്ങനെ അഞ്ചോ ആറോ ഡ്രാഫ്റ്റ് വരെ ചെയ്തു.



എഴുത്തിലെ വെല്ലുവിളി...

ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളിലൊന്നുപോലും വെറുതേയായിരുന്നുവെന്ന് പ്രേക്ഷകർക്ക് തോന്നരുത്. അതുകൊണ്ടാണ് ഇത്രയും ഡ്രാഫ്റ്റുകളിലേക്കു പോയത്.

എല്ലാ കഥാപാത്രങ്ങള്‍ക്കും തികവും കഥയില്‍ പ്രാധാന്യവുമുണ്ടാവണം. ആളുകള്‍ ഇതു കണ്ട് ഇഷ്ടപ്പെടണം, മാസും ക്ലാസും ഒരുമിക്കുന്ന സിനിമയാണെന്നു പറയണം. അതായിരുന്നു ചലഞ്ച്.



ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ പരിവേഷം എഴുത്തിനെ സ്വാധീനിച്ചോ..?

ഈ സിനിമയുടെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. മൊഴിമാറ്റം ചെയ്യപ്പെടുമെന്നു മനസില്‍ കണ്ടുതന്നെയാണ് ഇതെഴുതിയത്.

യൂണിവേഴ്സല്‍ സിനിമയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. കാരണം, ലോകത്ത് എവിടെയുമുള്ളയാള്‍ക്കും ഇതു മനസിലാകും. അതുകൊണ്ടാണ് ഇതിനു നാലു ഭാഷകളിലേക്കു പോകാനാകുന്നത്.



വാണിജ്യസിനിമയ്ക്ക് എഴുതുന്നതിന്‍റെ സമ്മര്‍ദങ്ങൾ..

എല്ലാ രീതിയിലും സപ്പോര്‍ട്ടീവായിരുന്നു വേഫാറെർ ഫിലിംസ്. ആരിൽനിന്നും എഴുത്തിൽ സമ്മര്‍ദങ്ങളുണ്ടായിട്ടില്ല. മലയാളത്തിലെ തന്നെ വലിയ ബജറ്റുള്ള പടമാണിത്. പൊറിഞ്ചു പോലെ ഇതും റിപ്പീറ്റ് വാല്യു ഉള്ള സിനിമയാകുമെന്നാണു പ്രതീക്ഷ.

ദുല്‍ഖറിന്‍റെ ഇംപ്രോവൈസേഷന്‍...

ഒരു വേഷം ഏതൊരു നടന്‍ ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റേതായ സ്റ്റൈല്‍ അതിലുണ്ടാവും. ദുല്‍ഖറും അതു ചേര്‍ത്തിട്ടുണ്ട്. താരവും നടനും സമ്മേളിക്കുന്ന ഒരു വ്യക്തിയാണു ദുല്‍ഖര്‍.



അദ്ദേഹത്തിന്‍റെ അനുഭവപരിചയവും മുമ്പു ചെയ്യാത്ത ജോണറിലുള്ള വേഷമെന്ന രീതിയില്‍ നടത്തിയ കഠിനാധ്വാനവും കൊത്തയിലെ രാജുവിനെ മനോഹരമാക്കി.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.