‘സി യു സൂണി’ൽ ഞാൻ പോയത് മഹേഷേട്ടന്‍റെ വഴികളിലൂടെ: ദർശന രാജേന്ദ്രൻ
Saturday, September 12, 2020 4:56 PM IST
മാ​യാ​ന​ദി​യി​ൽ ‘ബാ​വ് രാ മ​ൻ...’പാ​ടി മ​ന​സി​ൽ നി​ലാ​വു​നി​റ​ച്ച ആ ​പെ​ണ്‍​കു​ട്ടി. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും അ​ഭി​നേ​ത്രി​യു​ടെ പേ​രും ഒ​ന്നുത​ന്നെ​യാ​യി​രു​ന്നു - ദ​ർ​ശ​ന. പി​ന്നീ​ടു ദ​ർ​ശ​ന​യെ ക​ണ്ട​തു വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും, വൈ​റ​സ് സി​നി​മ​ക​ളി​ൽ. സ്ക്രീ​ൻ സ്പേ​സ് ചെ​റു​തെ​ങ്കി​ലും ഏ​തു വേ​ഷ​ത്തി​ലും സൂ​പ്പ​റാ​ണെ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി​യ അഭിനയദ്യുതി.

ഈ ​കോ​വി​ഡ്കാ​ല​ത്ത് സി​നി​മാ​ലോ​ക​ത്തി​നാ​കെ പ്ര​തീ​ക്ഷ പ​ക​ർ​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം സി​ യു സൂ​ണി​ലേ​ക്ക് ഫ​ഹ​ദ് ദ​ർ​ശ​ന​യെ വി​ളി​ച്ചു. ദ​ർ​ശ​ന റോ​ഷ​ന്‍റെ നാ​യി​ക​യാ​യി, അ​നു സെ​ബാ​സ്റ്റ്യ​നാ​യി, ‘തു​ന്പീ വാ...​’ പാ​ടി, കൈ​യ​ടി നേ​ടി. ദ​ർ​ശ​ന​യു​ടെ സി​നി​മ​ക​ളി​ൽ ഇ​നി വ​രാ​നു​ള്ള​ത് രാ​ജീ​വ് ര​വി, ആ​ഷി​ക് അ​ബു, വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്ര​ങ്ങ​ൾ - തു​റ​മു​ഖം, പെ​ണ്ണും ചെ​റു​ക്ക​നും, ഹൃ​ദ​യം. ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ന്‍റെ അ​ഭി​ന​യ​വ​ഴി​ക​ളി​ലൂ​ടെ, ഇ​ഷ്ട​ങ്ങ​ളി​ലൂ​ടെ...ലീ​ഡ്റോ​ളി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പിലായി​രു​ന്നോ...?

വാ​സ്ത​വ​ത്തി​ൽ ലീ​ഡ് റോ​ളി​ലേ​ക്കു വ​ര​ണം എ​ന്നൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​പ്പോ​ഴും ന​ല്ല കാ​ര​ക്ടേ​ഴ്സ് ചെ​യ്യ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​തി​നു​മു​ന്പും ലീ​ഡ് റോ​ൾ​സ് വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, കാ​ര​ക്ട​റി​നോ​ടും സ്റ്റോ​റി​യോ​ടും അ​ത്ര​മേ​ൽ താ​ത്പ​ര്യം തോ​ന്നി​യാ​ലേ വ​ർ​ക്ക് എ​ടു​ക്കാ​റു​ള്ളൂ.

ചെ​റി​യ കാ​ര​ക്ടേ​ഴ്സ് ആ​ണെ​ങ്കി​ലും അ​തു മ​തി. ആ ​സ്പേ​സി​ൽ എ​ങ്ങ​നെ എ​നി​ക്കു വ​ർ​ക്ക് ചെ​യ്യാ​നാ​വും എ​ന്നു നോക്കും. സി യു സൂണിലെ വേഷത്തിലൂടെ എ​നി​ക്ക് ഏ​റെ എ​ക്സ്പ്ലോ​ർ ചെ​യ്യാ​ൻ ഇടം കി​ട്ടി​യ​തു ഭാ​ഗ്യ​മെ​ന്നു ക​രു​തു​ന്നു.നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും എ​ത്തി​യ​ത്...?

പ​ഠി​ച്ച​തു ഗ​ണി​ത​ശാ​സ്ത്രം, ഡ​ൽ​ഹി ലേ​ഡി ശ്രീ​റാം കോ​ള​ജി​ൽ. തു​ട​ർ​ന്നു ല​ണ്ട​നി​ൽ ഫൈ​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് പ​ഠി​ച്ചു. പി​ന്നീ​ടു ചെ​ന്നൈ​യി​ൽ മൂ​ന്ന​ര നാ​ലു കൊ​ല്ലം മൈ​ക്രോ ഫി​നാ​ൻ​സി​ൽ ജോ​ലി​ചെയ്തു. അക്കാലത്ത് അവിടെ തി​യ​റ്റ​ർ ചെ​യ്യു​ന്ന ഒ​രു സു​ഹൃ​ത്ത് എന്നെ ഒ​രു മ്യൂ​സി​ക്ക​ൽ തി​യ​റ്റ​റി​ൽ ഓ​ഡി​ഷ​നു കൊണ്ടുപോയി. അ​തി​ൽ കാ​സ്റ്റാ​യി. വേ​റൊ​രു ലോ​ക​മാ​യി​രു​ന്നു അത്. എ​നി​ക്കതു വളരെ ഇ​ഷ്ട​മാ​യി.

പ​ക​ൽ ഓ​ഫീ​സി​ൽ. രാ​ത്രി ഏ​ഴു മു​ത​ൽ റി​ഹേ​ഴ്സ​ൽ. അ​ങ്ങ​നെ​യാ​യി​രു​ന്നു മൂ​ന്ന​ര​ക്കൊ​ല്ലം. ക്ര​മേ​ണ കൂ​ടു​ത​ൽ വ​ർ​ക്ക് വ​ന്നു​തു​ട​ങ്ങി. കു​റേ​ക്കൂ​ടി സ​മ​യം നാ​ട​ക​ത്തി​നു ന​ല്ക​ണ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ ജോ​ലി വി​ടാ​ൻ തീ​രു​മാ​നി​ച്ചു.​ എ​പ്പോ​ഴെ​ങ്കി​ലും ബ്രേ​ക്കെ​ടു​ത്ത് ഓ​ഫീ​സി​ൽ തി​രി​കെ ക​യ​റാം എ​ന്നു ക​രു​തി​. പ​ക്ഷേ, ഇ​തു​വ​രെ തി​രി​ച്ചു​പോ​യി​ട്ടി​ല്ല.തി​യ​റ്റ​ർ മാ​ത്ര​മാ​യി ജീ​വി​ച്ചു​പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. അ​തു​വ​രെ സ​ന്പാ​ദി​ച്ച പൈ​സ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ എ​നി​ക്ക് തി​യ​റ്റ​റി​ൽ തു​ട​രാ​നാ​വി​ല്ലാ​യി​രു​ന്നു. വേറെ എ​ന്തൊ​ക്കെ ചെ​യ്തു​കൊ​ണ്ട് തി​യ​റ്റ​റി​ൽ തു​ട​രാം എ​ന്ന് ആ​ലോ​ചി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഡ​ബ്ബിംഗും സ്റ്റോ​റി ടെ​ല്ലിം​ഗും സി​നി​മ​യു​മെ​ല്ലാം വ​രു​ന്ന​ത്. അ​വ ഓ​രോ​ന്നും വ്യ​ത്യ​സ്ത രീ​തി​ക​ളി​ൽ എ​ൻ​ജോ​യ് ചെ​യ്തു തു​ട​ങ്ങി. ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തു മാ​യാ​ന​ദി​യി​ൽ. ത​മി​ഴി​ൽ ചെ​യ്ത​ത് കെ.​വി. ആ​ന​ന്ദി​ന്‍റെ ക​വ​ൻ, ഇ​രു​ന്പു​ തി​രൈ.

കോ​വി​ഡ്കാ​ല പ​രി​മി​തി​ക​ളി​ൽ നി​ന്ന് സി ​യു സൂ​ണി​ലേ​ക്ക് എ​ത്തി​യ​ത്...?

എ​ല്ലാ​വ​രും ഡൗ​ണാ​യി​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. സുഹൃത്തുക്കൾക്കിടയിലെ ഓൺലൈൻ നാടക പരീക്ഷണങ്ങളൊ​ഴി​ച്ചാ​ൽ തി​ക​ച്ചും ശൂ​ന്യ​മാ​യ ദി​വ​സ​ങ്ങ​ൾ. ആ ​സ​മ​യ​ത്താ​ണ് ഫ​ഹ​ദി​ന്‍റെ കോ​ൾ. ഒ​രു പ​രീ​ക്ഷ​ണ പ്രോ​ജ​ക്ടു​ണ്ട്. എ​വി​ടെ​യാ​യി​രി​ക്കു​മെ​ന്നോ എ​ന്തി​നു വേ​ണ്ടി​യാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​തെ​ന്നോ എ​ങ്ങ​നെ​യാ​ണെ​ന്നോ അ​റി​യി​ല്ല. താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ സ്ക്രി​പ്റ്റ് കേ​ൾ​ക്കാം, ഒ​ന്നി​ച്ചു വ​ർ​ക്ക് ചെ​യ്യാം.

കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ എ​നി​ക്ക് താ​ത്പ​ര്യ​മാ​യി. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മ​ഹേ​ഷേ​ട്ട​ന്‍റെ സ്ക്രി​പ്റ്റു​മാ​യി എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​കൂ​ടി. ദി​വ​സ​ങ്ങ​ൾ​ക്ക​കം ഷൂ​ട്ടും തു​ട​ങ്ങി. ലോ​ക്ഡൗ​ണ്‍ പ​രി​മി​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​രും ഫ​ഹ​ദി​ന്‍റെ കൊ​ച്ചി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കൂ​ടി. ആ ​ബി​ൽ​ഡിം​ഗി​ലെ കു​റ​ച്ച് അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് അ​വി​ടെ താ​മ​സി​ച്ച് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി.

ദു​ബാ​യി​യും അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ എ​ല്ലാം അ​വി​ടെ​ത്ത​ന്നെ ചെ​യ്തു. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു. എ​ല്ലാം കാ​ര്യ​ങ്ങ​ളും പെ​ട്ടെ​ന്നു മു​ന്നോ​ട്ടു നീ​ങ്ങി​യ​തും സി​നി​മ പു​റ​ത്തു​വ​ന്ന​തും ആ​ളു​ക​ൾ കാ​ണു​ന്ന​തും ആ​ദ്യ​ത്തെ അ​നു​ഭ​വം.സി​ യു സൂ​ണ്‍ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ത്ര​ത്തോ​ളം പ്ര​സ​ക്ത​മാ​ണ്...

ഈ ​സ​മ​യ​ത്ത് ഇ​ങ്ങ​നെയൊരു സി​നി​മ വ​രു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ക്കും പ്ര​തീ​ക്ഷ പ​ക​രു​ന്ന കാ​ര്യ​മാ​ണ്. ഇ​തു കു​റേ​പ്പ​രെ ക​ണ​ക്ട് ചെ​യ്യു​ന്നു. പ്രൈം ​എ​ന്ന പ്ലാ​റ്റ്ഫോ​മി​ൽ സി​നി​മ വ​രു​ന്നു.

ഫ​ഹ​ദി​ന്‍റെ​യും റോ​ഷ​ന്‍റെ​യും ഉ​ൾ​പ്പെ​ടെ ഭാ​ഷ​ക​ൾ​ക്ക​പ്പു​റം വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ നി​ന്നു സി​നി​മ കാ​ണു​ന്ന വി​വി​ധ​ത​രം പ്രേ​ക്ഷ​ക​ർ. ഈ ​സി​നി​മ കാ​ണാ​ൻ തു​ട​ങ്ങി​യ ശേ​ഷം ഇ​തി​ൽ ഞാ​നു​ണ്ടെ​ന്ന് അ​റി​യു​ന്ന എ​ന്‍റെ പ​ഴ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യ്ക്കു ശേ​ഷം അ​ങ്ങ​നെ കു​റേ​പ്പേ​ർ അ​നു​ഭ​വം പ​ങ്കു​വ​ച്ച​തൊ​ക്കെ എ​നി​ക്കു വ​ള​രെ സ്പെ​ഷ​ൽ ആ​യി​രു​ന്നു.

ചെ​യ്ത​തി​ൽ മി​ക​ച്ച വേ​ഷ​മ​ല്ലേ സി​ യു സൂ​ണി​ലേ​ത്..?

ചെ​യ്ത എ​ല്ലാ വേ​ഷ​ങ്ങളും മി​ക​ച്ച​താ​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ സ്ക്രീ​ൻ സ്പേ​സ് ഉ​ള്ള​തി​നാ​ൽ എ​നി​ക്കു കു​റേ​ക്കൂ​ടി എ​ക്സ്പ്ലോ​ർ ചെ​യ്യാ​നാ​യി. അ​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ മ​നോ​ഹ​ര​മാ​യി എ​ഴു​ത​പ്പെ​ട്ടി​രു​ന്നു. അ​തു തു​റ​ന്ന് അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ജോ​ലി.

മ​ഹേ​ഷേ​ട്ട​ൻ കൊ​ണ്ടു​വ​ന്ന വ​ഴി​ക​ളി​ലൂ​ടെ എ​നി​ക്കു പോ​യാ​ൽ മ​തി​യാ​യി​രു​ന്നു. മ​ഹേ​ഷേ​ട്ട​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നാ​യ​തു ത​ന്നെ വ​ലി​യ കാ​ര്യം. ഞാ​ൻ വ​ലി​യ ഭാ​ര​മെ​ടു​ക്കു​ക​യാ​ണ് എ​ന്നൊ​ന്നും തോ​ന്നി​യി​ല്ല. വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. മ​ഹേ​ഷേ​ട്ട​നെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ച് ഒ​പ്പം സ​ഞ്ച​രി​ക്കു​ക മാ​ത്ര​മാ​ണു ഞാ​ൻ ചെ​യ്ത​ത്.അന്ന് ബാവ് രാ മൻ. ഇന്ന് തുന്പീ വാ. പാ​ട്ടി​നോ​ട് ഇ​ഷ്ടം നേ​ര​ത്തേ​യു​ണ്ടോ..?

തി​യ​റ്റ​ർ സം​ഭ​വി​ക്കു​ന്ന​തി​നു മു​ന്പ് പാ​ട്ടു ത​ന്നെ​യാ​യി​രു​ന്നു താ​ത്പ​ര്യം. കു​റ​ച്ചേ പ​ഠി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും പാ​ട്ട് കൂ​ടെ​യു​ണ്ട്. കോ​ള​ജി​ൽ മ്യൂ​സി​ക് സൊ​സൈ​റ്റി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. കോ​ള​ജി​ലൊ​ക്കെ ആ​ര് എ​ന്നോ​ടു പാ​ടാ​ൻ പ​റ​ഞ്ഞാ​ലും ആ​ദ്യം പാ​ടു​ന്ന പാ​ട്ടാ​ണു ബാ​വ് രാ മ​ൻ.

മാ​യാ​ന​ദി സം​ഭ​വി​ക്കു​ന്ന​തി​നു ര​ണ്ടു കൊ​ല്ലം മു​ന്പ് ഒ​രു ഫ്ര​ണ്ടി​ന്‍റെ വീ​ട്ടി​ൽ​പ്പോ​യി ത​മാ​ശ​യ്ക്കു റി​ക്കോ​ർ​ഡ് ചെ​യ്ത ആ ​ക​വ​ർ സോം​ഗ് എ​ന്‍റെ ഒ​രു സു​ഹൃ​ത്തു വ​ഴി ലി​യോ​ണ കേ​ട്ടി​രു​ന്നു. മാ​യാ​ന​ദി സെ​റ്റി​ൽ ലി​യോ​ണ അ​തു പ്ലേ ​ചെ​യ്ത് എ​ല്ലാ​വ​രെ​യും കേ​ൾ​പ്പി​ച്ചു. സി​നി​മ​യി​ലെ ഒ​രു സീ​നി​ൽ ഈ ​പാ​ട്ടു പാ​ട​ണ​മെ​ന്നു ശ്യാ​മേ​ട്ട​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ അ​തു സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.സി​ യു സൂ​ണി​ലാവട്ടെ, ഒ​രു സീ​നി​ൽ അ​നു ഒ​രു പാ​ട്ട് പാ​ടു​ന്നു എ​ന്ന് എ​ഴു​തി​യി​രു​ന്നു. ഏ​റെ ആകർഷകമായതും എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന​തു​മാ​യ ഒ​രു പാ​ട്ടാ​യി​രി​ക്ക​ണമെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. കു​റ​ച്ചു​മാ​ത്രം ഗി​റ്റാ​ർ അ​റി​യു​ന്ന ഒ​രാ​ൾ​ക്കു യൂ​ട്യൂ​ബി​ൽ നോ​ക്കി പ​ഠി​ച്ചു പാടാ​ൻ പ​റ്റു​ന്ന ഒ​രു പാ​ട്ട്. അ​ങ്ങ​നെ​യാ​ണ് തു​ന്പീ വാ... ​എ​ടു​ത്ത​ത്.

ഈ ​ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തു തു​ട​ങ്ങി​യ ഒ​രു താ​ത്പ​ര്യ​മാ​ണ് ഗി​റ്റാ​ർ. കു​റ​ച്ചേ എ​നി​ക്ക​റി​യു​മാ​യി​രു​ന്നു​ള്ളൂ. അ​റി​യു​ന്ന​തു വ​ച്ച് ഈ ​പാ​ട്ട് മാ​നേ​ജ് ചെ​യ്യാം എ​ന്നു സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന സു​ഷി​നും പ​റ​ഞ്ഞു.റോ​ഷ​നു​മാ​യി അ​തി​സു​ന്ദ​ര​മാ​യ ഒ​രു കെ​മി​സ്ട്രി​യു​ണ്ട​ല്ലോ. നാ​ട​ക​ത്തി​ലൂ​ടെ​യ​ല്ലേ അ​തു സം​ഭ​വി​ച്ച​ത്..?

കു​റേ​ക്കൊ​ല്ലം മു​ന്പ് അ​ഭി​ന​യം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ചെ​ന്നൈ​യി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അവിടത്തെ ചെറിയ തി​യ​റ്റ​ർ സ​ർ​ക്കി​ളിൽ ഞങ്ങൾ സുഹൃത്തുക്കളായി. റോ​ഷ​ൻ മും​ബൈ​യി​ൽ തി​യ​റ്റ​ർ ചെ​യ്യാ​ൻ പോ​യി.

ഞാ​ൻ ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രി​ലു​മൊ​ക്കെ​യാ​യി തി​യ​റ്റ​ർ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചു കൊ​ച്ചി​യി​ലേ​ക്കു ഫി​ലിം വ​ർ​ക്കു​മാ​യി വ​രു​ന്പോ​ഴും അ​വി​ടെ ഒ​രു നാ​ട​കം ചെ​യ്യ​ണ​മെ​ന്നു ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ങ്ങ​നെ കു​റ​ച്ചു പേ​രെ ചേ​ർ​ത്താ​ണ് ‘എ വെരി നോ​ർ​മ​ൽ ഫാ​മി​ലി’ ചെ​യ്യു​ന്ന​ത്.ഞ​ങ്ങ​ൾ പ​ര​സ്പ​രം ഓ​രോ വ​ർ​ക്കും ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണ്. എ​നി​ക്കു റോ​ഷ​നു​മാ​യു​ള്ള വ​ർ​ക്കിം​ഗ് ഇ​ക്വേ​ഷ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. വ്യക്തിപരമായി ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്യാ​നു​ള്ള ശ്ര​മ​വു​മു​ണ്ട്.

ആ​ക്ട​ർ എ​ന്ന രീ​തി​യി​ൽ താ​ൻ ചെ​യ്യു​ന്ന​തി​ൽ റോ​ഷ​ൻ സം​തൃ​പ്ത​നാ​യി​രു​ന്നി​ല്ല. ഇ​നി​യും ന​ന്നാ​ക്കാ​ൻ എ​ന്തെ​ങ്കി​ലും വ​ഴി​ക​ളു​ണ്ടോ എ​ന്നു ശ്രദ്ധി​ച്ചിരുന്നു. ആ ​എ​ന​ർ​ജി എ​നി​ക്കും ടീ​മി​നു മൊ​ത്ത​ത്തി​ലും വ​ള​രെ സ​ഹാ​യ​ക​മാ​യി. ഇ​ത്ര​യും കൊ​ല്ല​മാ​യി​ട്ടും ഞാ​ൻ റോ​ഷ​നി​ൽ നി​ന്നു പ​ഠി​ച്ചു​കൊ​ണ്ടു​ത​ന്നെ​യി​രി​ക്കു​ന്നു.മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന എ​ഡി​റ്റ​ർ - ഡ​യ​റ​ക്ട​റു​ടെ സ​പ്പോ​ർ​ട്ട് എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു..?

വാ​സ്ത​വ​ത്തി​ൽ ഈ ​പ​ട​ത്തി​ൽ മ​ഹേ​ഷേ​ട്ട​നാ​ണ് എ​ല്ലാം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് എ​ന്‍റെ പെ​ർ​ഫോ​മ​ൻ​സൊ​ക്കെ ഇ​ങ്ങ​നെ വ​ന്ന​ത്. ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ഇ​തി​ലെ അ​നു സെ​ബാ​സ്റ്റ്യ​ൻ.

സി​നി​മ​യി​ൽ എ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​ണ്. ര​ണ്ടു ടേ​ക്ക്എ​ടു​ക്കു​ന്പോ​ഴേ​ക്കും അ​തു ക​ഴി​യും. നാ​ട​ക​ത്തി​ൽ ഒ​രേ​യൊ​രു സീ​ൻ ര​ണ്ടു മാ​സ​മൊ​ക്കെ ചെ​യ്തു​ചെ​യ്താ​ണ് എ​പ്പോ​ഴെ​ങ്കി​ലും എ​ന്തെ​ങ്കി​ലു​മൊ​ക്കെ ക​ണ്ടു​പി​ടി​ക്കു​ന്ന ഒ​രു ഫീ​ലിം​ഗി​ൽ എ​ത്തു​ക. സി​നി​മ ചെ​യ്യു​ന്പോ​ൾ ഞാ​ൻ ചെ​യ്ത​തി​ലും എ​ന്തൊ​ക്കെ​യോ​കൂ​ടി ഉ​ണ്ട​ല്ലോ എ​ന്ന് എ​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. അ​ത് എ​ന്താ​ണെ​ന്നൊ​ന്നും അ​റി​യി​ല്ലെ​ങ്കി​ലും അ​ത് ഏ​ക്സ്പ്ലോ​ർ ചെ​യ്യാ​നു​ള്ള സമയവും ഇടവും കു​റ​വാ​ണെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്.

ഈ ​പ​ട​ത്തി​ൽ എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യി​ല്ല. കൂ​ടു​ത​ൽ എ​ക്സ​പ്ലോ​ർ ചെ​യ്യാ​നു​ള്ള സ​മ​യ​മു​ണ്ടാ​യി​രു​ന്നു. മ​ഹേ​ഷേ​ട്ട​നും അ​ക്കാ​ര്യ​ത്തി​ൽ സൂ​ക്ഷ്മ​ദ​ർ​ശിയാണ്. എ​നി​ക്ക് അ​ത്ത​രം ഒ​രു ഐ​ഡി​യ ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടു​പേ​രും അ​തിലേ​ക്ക് എ​ത്തും​വ​രെ അ​തു ചെ​യ്യാ​നു​ള്ള ഇടവുമു​ണ്ടാ​യി​രു​ന്നു. ആ ​ഇ​ക്വേ​ഷ​ൻ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി.

അ​ദ്ദ​ഹം ഏ​റെ സ്ട്രെ​യി​റ്റ് ഫോ​ർ​വേ​ഡാ​ണ്. തോ​ന്നു​ന്ന​തു പ​റ​യും. അ​തി​ൽ കൂ​ടു​ത​ലൊ​ന്നും ന​മു​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രാ​റി​ല്ല. അ​ങ്ങ​നെ സ്വാ​ഭാ​വി​ക​മാ​യി വ​ള​ർ​ന്ന സീ​നു​ക​ളാ​ണു ചെ​യ്ത​ത്.ഫ​ഹ​ദ് എ​ന്ന ന​ട​നൊ​പ്പം വ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ തോ​ന്നി​യ​ത്..?

ഒ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​യാ​ളാ​ണു ഫ​ഹ​ദ്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ കൂ​ടെ​യാ​ണ​ല്ലോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചി​ട്ടാ​ണ് സെറ്റിലേക്കു പോയത്. സി​നി​മ തു​ട​ങ്ങി​യ​തി​ൽ​പ്പി​ന്നെ ഒ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ ഒ​രാ​ൾ എ​ന്ന പോ​ലെ​യാ​യി ഫ​ഹ​ദും. എ​ല്ലാ​വ​രെ​യും കം​ഫ​ർ​ട്ട​ബി​ൾ ആ​ക്കു​ന്ന​തി​ൽ ഫ​ഹ​ദ് ശ്ര​ദ്ധി​ച്ചി​രു​ന്നു.

ഫ​ഹ​ദ് പെ​ർ​ഫോം ചെ​യ്യു​ന്ന​തു ക​ണ്ടു​ത​ന്നെ കു​റേ പ​ഠി​ക്കാ​നു​ണ്ട്. ഫ​ഹ​ദു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും എ​ല്ലാ ദി​വ​സ​വും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ​യും റോ​ഷ​ന്‍റെ​യും ഒ​രു സീ​ൻ എ​ടു​ത്താൽ ഉ​ട​നെ​ത​ന്നെ ഫ​ഹ​ദ് അ​തു കാ​ണു​മാ​യി​രു​ന്നു. ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ആ​ദ്യാ​വ​സാ​നം എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.സി​നി​മ ഷൂ​ട്ട് ചെ​യ്ത​തു മൊ​ബൈ​ൽ​ഫോ​ണി​ലാ​ണോ...?

മൊ​ബൈ​ൽ മാ​ത്ര​മ​ല്ല ഉ​പ​യോ​ഗി​ച്ച​ത്. വീ​ഡി​യോ കോ​ളു​ക​ൾ ഐ ​ഫോ​ണി​ലാ​യി​രു​ന്നു. ഡെ​സ്ക് ടോ​പ്പ് സ്ക്രീ​ൻ കാ​ണി​ക്കു​ന്ന​തു ഷൂ​ട്ട് ചെ​യ്യാ​ൻ ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​മി​തി​ക​ളെ സാ​ങ്കേ​തി​ക​ത കൊ​ണ്ട് അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മം റി​സ്കി ആ​യി​രു​ന്നോ..?

സ്ക്രീ​നും ടെ​ക്കു​മാ​യും എ​നി​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത​തി​നാ​ൽ എ​നി​ക്ക് അ​തി​ന്‍റേ​താ​യ പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഇ​ങ്ങ​നെ​യൊ​രു ടീ​മി​ന്‍റെ കൂ​ടെ ചെ​യ്യു​ന്പോ​ൾ ഞാ​ൻ ഏ​റെ എ​ഗ്സൈ​റ്റ​ഡ് ആ​യി​രു​ന്നു. എല്ലാം കൃ​ത്യ​മാ​യി വ​രാ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു ചി​ന്തി​ച്ചു ചെ​യ്യു​ന്ന രീ​തി എ​നി​ക്ക് ഇ​ഷ്ട​മാ​യി.സി​നി​മ​യി​ലെ​ത്തി​യ​ശേ​ഷ​വും നാ​ട​ക​ങ്ങ​ൾ ചെ​യ്യു​ന്നു. അ​തു സി​നി​മ ചെ​യ്യു​ന്പോൾ കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​ണോ..?

ര​ണ്ടും എ​നി​ക്ക് ഒ​രു​പോ​ലെ താ​ത്പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. എ​നി​ക്കു ര​ണ്ടും ചെ​യ്യ​ണ​മെ​ന്നു​ണ്ട്. പു​റ​മേ കു​റ​ച്ചു മോ​ഡി​ഫൈ ചെ​യ്യും, മെ​ഥേ​ഡ്സ് കു​റ​ച്ചു മാ​റ്റും എ​ന്നൊ​ക്കെ​യ​ല്ലാ​തെ ഉ​ള്ളി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ ഒ​രേ​പോ​ലെ​യാ​ണ്. തി​യ​റ്റ​റി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കു ക​യ​റി എ​ന്ന ചി​ന്ത​യി​ല്ല.

ആ​ദ്യം തൊ​ട്ടു​ത​ന്നെ തി​യ​റ്റ​ർ എ​നി​ക്കു താ​ത്പ​ര്യ​മാ​ണ്. എ​നി​ക്ക് എ​പ്പോ​ഴും തി​യ​റ്റ​റി​ൽ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. ഇ​പ്പോ​ഴും ഒ​രു സ്റ്റേ​ജി​ൽ ക​യ​റു​ന്പോ​ൾ കി​ട്ടു​ന്ന ഫീ​ൽ വേ​റെ ഒ​ന്നി​ലും കി​ട്ടാ​റി​ല്ല. അ​തേ​പോ​ലെ ത​ന്നെ സി​നി​മ​യി​ൽ ചെ​യ്യു​ന്ന വ​ർ​ക്ക് എ​നി​ക്കു വേ​റെ ഒ​ന്നി​ലും കി​ട്ടുകയുമില്ല.

വ​ർ​ക്ക് ചെ​യ്ത സി​നി​മ​ക​ളി​ലെ സം​വി​ധാ​യ​ക​രു​മാ​യി മി​ക​ച്ച കെ​മി​സ്ട്രി നി​ല​നി​ർ​ത്താ​നാ​കു​ന്നു​ണ്ട​ല്ലോ..?

അ​ക്കാ​ര്യ​ത്തി​ൽ ഞാൻ ലക്കിയാണ്. ഞാ​ൻ വ​ർ​ക്ക് ചെ​യ്ത സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ർ...​രാ​ജീ​വേ​ട്ട​ൻ, ആ​ഷി​ക് ഏട്ട​ൻ, വി​നീ​തേ​ട്ട​ൻ... ​ഇ​വ​ർക്കൊപ്പം വ​ർ​ക്കി​ന​പ്പു​റം ഒ​രു ഇ​ക്വേ​ഷ​ൻ രൂ​പ​പ്പെ​ടു​ത്താ​നാ​യി.

വീ​ണ്ടും ആ​ഷി​ക് അ​ബു​വി​ന്‍റെ സി​നി​മ​യി​ൽ..?

നാ​ലു ഭാ​ഗ​ങ്ങ​ളു​ള്ള ആ​ന്തോ​ള​ജി​യി​ലെ ഒ​രു ഭാ​ഗ​മാ​ണ് ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത ‘പെ​ണ്ണും ചെ​റു​ക്ക​നും’. അ​തി​ലാ​ണ് ഞാ​നും റോ​ഷ​നു​മു​ള്ള​ത്. ഷൂ​ട്ടിം​ഗ് നേരത്തേ ക​ഴി​ഞ്ഞു.

രാ​ജീ​വ് ര​വി​ക്കൊ​പ്പം ‘തു​റ​മു​ഖം’ സിനിമയിൽ...?

രാ​ജീ​വേ​ട്ട​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ക എ​ന്ന​ത് എ​ല്ലാ ആ​ക്ടേ​ഴ്സി​ന്‍റെ​യും ടോ​പ് ലി​സ്റ്റി​ലു​ള്ള കാ​ര്യ​മാ​ണ്. അ​വ​സ​രം കി​ട്ടി​യ​തു ഭാ​ഗ്യമാണ്. മു​ന്പു ചെ​യ്ത വ​ർ​ക്കു​ക​ളി​ൽ നി​ന്നൊ​ക്കെ ഏ​റെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം. രാ​ജീ​വേ​ട്ട​ൻ ന​മ്മ​ളെ ന​മ്മു​ടെ ലോ​ക​ത്തു​നി​ന്ന് അ​ട​ർ​ത്തി അ​ദ്ദേ​ഹ​മു​ണ്ടാ​ക്കി​യ വ​ള​രെ സ​ത്യ​സ​ന്ധ​മാ​യ മ​റ്റൊ​രു ലോ​ക​ത്തി​ൽ എ​ത്തി​ക്കും. അ​വി​ടെ ന​മ്മ​ൾ ഒ​ഴു​കി​ന​ട​ക്കും.

‌എ​ല്ലാ ദി​വ​സ​വും കു​റേ സ​മ​യ​മെ​ടു​ത്താ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ഓ​രോ ദി​വ​സ​വും പോ​യ ദി​വ​സ​ത്തേ​ക്കാ​ൾ വ​ള​രെ സ്പെ​ഷ​ലാ​യി തോ​ന്നി. "തു​റ​മു​ഖം’ നാ​ട​ക​ത്തെ ബേ​സ് ചെ​യ്താ​ണ് ഈ ​സി​നി​മ​.വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്രം ‘ഹൃ​ദ​യ’​ത്തി​ൽ...‍?

ചെ​ന്നൈ​യി​ൽ ‘ഹൃ​ദ​യം’ ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. വി​നീ​തേ​ട്ട​ൻ ആ​ക്ട​റി​നെ ഏ​റെ കം​ഫ​ർ​ട്ട​ബി​ളാ​ക്കും. ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്നു നമുക്കു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ വി​നീ​തേ​ട്ട​ന് ഏ​റെ ഷു​വ​റാ​ണ്.

വീ​നീ​തേ​ട്ട​ന്‍റെ ആശയങ്ങ​ളി​ലും അ​വ​ത​ര​ണ​ത്തി​ലെ വ്യ​ക്ത​ത​യി​ലും ന​മ്മ​ളി​ലു​ള്ള അദ്ദേഹത്തിന്‍റെ വി​ശ്വാ​സ​ത്തി​ലു​മാ​ണ് ഞാ​ൻ ആ സിനിമ ചെ​യ്ത​ത്. അ​തി​ലെ കോ​ള​ജ് സീ​നു​ക​ളൊ​ക്കെ ഞാ​ൻ എ​റെ എ​ൻ​ജോ​യ് ചെ​യ്താ​ണ് ചെ​യ്ത​ത്. ഞാ​ൻ കോ​ള​ജി​ൽ ആ​യ പോ​ലെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

കാ​ന്പ​സ് മൂ​വി മാ​ത്ര​മ​ല്ല ഹൃ​ദ​യം. അ​തി​ലെ കു​റ​ച്ചു ഭാ​ഗം മാ​ത്ര​മാ​ണു കാ​ന്പ​സി​ലു​ള്ള​ത്. സി ​യു സൂ​ണ്‍ ക​ണ്ട് വി​നീ​തേ​ട്ട​ൻ ഇ​ഷ്ട​മാ​യി എ​ന്നു പ​റ​ഞ്ഞ​തു ത​ന്നെ എ​നി​ക്കു വ​ലി​യ സ​ന്തോ​ഷ​മാ​ണ്. ഇ​നി​യും വ​രു​ന്നു​ണ്ട് വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ എ​ന്നൊ​ക്കെ ‘ഹൃ​ദ​യ’​ത്തി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ​ത്ത​ന്നെ എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തു മു​ത​ൽ സ്വ​ന്ത​മാ​യ ഇ​ഷ്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ​ല്ലോ യാ​ത്ര. സി​നി​മ എ​ഴു​തി ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...?

ഇ​പ്പോ​ൾ എ​ഴു​താ​നോ സം​വി​ധാ​ന​മോ സി​നി​മ​യി​ലെ മ​റ്റു പ​ണി​ക​ൾ ചെ​യ്യാ​നോ എ​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ല. ഞാ​ൻ മ​ന​സി​ലാ​ക്കി​യ അ​ഭി​ന​യം വ​ച്ച് ഇ​പ്പോ​ൾ ചെ​യ്യു​ന്ന വ​ർ​ക്ക് ത​ന്നെ തു​ട​ര​ണം. ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ കു​റേ​ക്കൂ​ടി എ​ക്സ്പ്ലോ​ർ ചെ​യ്യ​ണം. ഈ​യൊ​ര​വ​സ്ഥ​യി​ൽ എ​ത്ര​കാ​ലം ചെ​യ്യാ​ൻ പ​റ്റു​മോ അ​ത്ര​യുംകാ​ലം ചെ​യ്യ​ണം. ഒപ്പം തി​യ​റ്റ​റും ഇ​ന്ത്യ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പോ​യി കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ചെ​യ്യു​ന്ന സ്റ്റോ​റി ടെ​ല്ലി​ങ്ങും തു​ട​ര​ണം.അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​യും അ​ഭി​ന​യ​രം​ഗ​ത്തു ത​ന്നെ​യാ​ണ​ല്ലോ. കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ എ​ത്ര​ത്തോ​ള​മാ​ണ്..‍?

എ​ന്‍റെ ചേ​ച്ചി​യും ഞാ​നും ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ എ​ക്സ്പ്ലൊ​റേ​ഷ​നും എ​ന്‍റെ അ​മ്മ​യും അ​ച്ഛ​നും കാ​ര​ണ​മാ​ണ്. ഇ​പ്പോ​ഴും ആ ​ഒ​രു സ്പേ​സി​ലാ​ണു മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ഫാ​മി​ലി​യി​ൽ ഒ​രാ​ൾ പെ​ർ​ഫോം ചെ​യ്യു​ന്പോ​ൾ ബാ​ക്കി മൂ​ന്നു​പേ​രും അ​തി​നു സ​പ്പോ​ർ​ട്ടാ​യി ഉ​ണ്ടാ​വും.

ഇ​തു​വ​രെ എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യോ ഞാ​ൻ എ​ന്തൊ​ക്കെ ചെ​യ്യു​ന്നു എ​ന്ന​തി​നെ​യോ ആ​രു ചോ​ദ്യം ചെ​യ്താ​ലും ആ​രു മ​ന​സി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും എ​നി​ക്കു പ്ര​ശ്ന​മു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം, എ​ന്‍റെ ഫാ​മി​ലി​യും പി​ന്നെ കു​റേ സു​ഹൃ​ത്തു​ക്ക​ളും... ​അ​വ​ർ എ​പ്പോ​ഴും എ​ല്ലാ​ത്തി​ലും കൂ​ടെ​യു​ണ്ടാ​വും. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​തൊ​ക്കെ ചെ​യ്യു​ന്ന​ത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.