‘ജനഗണമന’യുടെ രാഷ്‌ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകൻ? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി: സംവിധായകൻ ഡിജോ ജോസ് ആന്‍റണി പറയുന്നു
Wednesday, April 13, 2022 3:48 PM IST
അരവിന്ദ് എന്ന കനൽ ദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ‘ജനഗണമന’ സംവിധായകൻ ഡിജോ ജോസ് ആന്‍റണി ചിത്രീകരിച്ചത് കോവിഡിന്‍റെ ആരോഹണ അവരോഹണ ദിനങ്ങളിലാണ്.

ഒരു ഫ്രെയിമിൽ പോലും കോവിഡ് പരിമിതികൾ നിഴലിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് പൂർത്തിയാക്കാനെടുത്തത് ഒന്നരവർഷം. ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയിൽ ഒരു കോംപ്രമൈസും ചെയ്യാതെ ഡിജോ സംവിധാനം ചെയ്ത ജനഗണമന ഏപ്രിൽ 28നു തിയറ്ററുകളിലെത്തുകയാണ്.

“ഞാൻ സിനിമ ചെയ്യുന്നതു പ്രേക്ഷകർക്കു വേണ്ടിയാണ്. അല്ലാതെ എനിക്കിഷ്ടമുള്ള സിനിമ മാത്രം ചെയ്യാൻ വേണ്ടിയല്ല. എഴുത്തുകാരന്‍റെയോ സംവിധായകന്‍റെയോ രാഷ്‌ട്രീയം കുത്തിക്കയറ്റാൻ വേണ്ടി ഒരു സിനിമ ചെയ്തതല്ല. ഒരു കമേഴ്സ്യൽ എന്‍റർടെയ്നർ കൊടുക്കുക എന്നതു മാത്രമാണ് എന്‍റെ ലക്ഷ്യം ”- ഡിജോ ജോസ് ആന്‍റണി പറയുന്നു.ക്വീനിനു നാലു വർഷങ്ങൾക്കു ശേഷം രണ്ടാമത്തെ സിനിമ ജനഗണമന. ഷാരിസിന്‍റെ സ്ക്രിപ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നോ..‍?

ക്വീനിനുശേഷം ടോവിനോ പ്രോജക്ട് പള്ളിച്ചട്ടന്പി ഉൾപ്പെടെ മൂന്നു സിനിമകൾ റെഡിയായിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ടും ഒന്നും തുടങ്ങാനായില്ല. അതിനിടെ ഒരു ദിവസം ക്വീനിന്‍റെ എഴുത്തുകാരിൽ ഒരാളായ ഷാരിസ് മുഹമ്മദ് അഞ്ചു മിനിറ്റിൽ ഒരു കഥയുടെ പ്ലോട്ട് പറഞ്ഞത് എന്നെ ആവേശംകൊള്ളിച്ചു. വാസ്തവത്തിൽ ആ നിമിഷത്തിലാണ് ജനഗണമന എന്ന സിനിമ തുടങ്ങുന്നത്.

പിന്നീടു ഞങ്ങൾ പലതവണ സംസാരിച്ചും ചർച്ചചെയ്തും സിനിമ വലുതാക്കുകയായിരുന്നു. പ്രധാന വേഷങ്ങളിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹൻദാസ്...എന്നിവർ മനസിൽ തെളിഞ്ഞു. സുരാജേട്ടനെയും മംമ്തയെയും കണ്ടു സംസാരിച്ചു. അവർക്ക് കഥ ഇഷ്ടമായി. ആടുജീവിതത്തിന്‍റെ ഷൂട്ടിംഗിനായി ജോർദാനിലായിരുന്ന പൃഥ്വിക്കു സിനോപ്സിസ് അയച്ചു.അതിനിടെ കോവിഡ് രൂക്ഷമായി, സിനിമകളൊക്കെ മുടങ്ങി. നാട്ടിലെത്തിയ പൃഥ്വിയെ സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിച്ചു. ‘ഇതൊരു വലിയ സിനിമയല്ലേ, എന്താണ് ഉദ്ദേശിക്കുന്നത്’ എന്നു പൃഥ്വി. കോവിഡ് സാഹചര്യം നോക്കി പല ഷെഡ്യൂളുകളായി ഷൂട്ട് ചെയ്യാമെന്നു ഞാൻ. അപ്പോഴും, സ്ക്രിപ്റ്റിലെ വലിയ സീനുകൾ ഒഴിവാക്കാം എന്നു ഞാൻ പറഞ്ഞില്ല.

നേരത്തേ ഓണ്‍ ആയ എന്‍റെ പല പ്രോജക്ടുകളുടെയും നിർമാതാക്കൾ സിനിമ തുടങ്ങാൻ മടിച്ചുനിന്നപ്പോൾ എന്നെ വിശ്വസിച്ച് പൃഥിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും നിർമാതാക്കളായതാണ് ടേണിംഗ് പോയന്‍റ്.കോവിഡ് കാലത്തെ ഷൂട്ടിംഗ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു..‍?

ഷൂട്ടിംഗ് തുടങ്ങി 12 ദിവസമായപ്പോഴേക്കും പൃഥ്വിക്കും എനിക്കും ക്രൂവിലെ 40 പേർക്കും കോവിഡായി. അതിഭീകരമായ ടെൻഷന്‍റെ നാളുകൾ. അതിനിടെ ലോക്ഡൗണായി. രണ്ടാമത്തെ ഷെഡ്യൂൾ മൂന്നു ദിവസം. തുടർന്നു മംഗലാപുരത്ത് 28 ദിവസത്തെ ഷെഡ്യൂൾ. ജൂണിയർ ആർട്ടിസ്റ്റുകൾ പറ്റില്ല എന്നൊക്കെപ്പറഞ്ഞ് അവിടെയും നിയന്ത്രണങ്ങൾ.

മംഗലാപുരത്തേക്കു പോയതു തന്നെ ഈ കഥ സംഭവിക്കുന്നതു കേരളത്തിലല്ല എന്നതുകൊണ്ടാണ്. കോവിഡ് വ്യാപനം കൂടിയും കുറഞ്ഞും പിന്നെയും എട്ടു മാസങ്ങൾ. അതിനിടെ ഷൂട്ടിംഗ് നടന്നത് നാല്പതു ദിവസം. പിന്നെയും അത്രയും തന്നെ ദിവസങ്ങൾ വേണ്ടിവന്നു സിനിമ പൂർത്തിയാക്കാൻ. ആൾക്കൂട്ട സീനുകളാണു പിന്നീടു ചെയ്യാനുണ്ടായിരുന്നത്. അവിടെയും ഈ സിനിമ ചുരുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.

രണ്ടാമത്തെയും മൂന്നാമത്തെയും ലോക്ഡൗണിനു ശേഷം മൈസൂരുവിൽ 14 ദിവസം. ലക്നോവിൽ ആറു ദിവസം. പിന്നെ കേരളത്തിൽ. ഏപ്രിൽ രണ്ടിനാണ് ഷൂട്ടിംഗ് അവസാനിച്ചത്. സ്ക്രിപ്റ്റിലുള്ളതും എനിക്കാവശ്യമുള്ളതും ഈ 80 ദിവസത്തിനുള്ളിൽ ഞാൻ ഷൂട്ട് ചെയ്തു. ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത സീനുകളിലൊന്നാണ് ജനുവരി 26ന് ടീസറായി പുറത്തുവിട്ടത്.ജനഗണമന ഒരു പൃഥ്വിരാജ് സിനിമയാണോ..?

ഇതു പൃഥ്വിരാജിന്‍റെ മാത്രം സിനിമയല്ല. സുരാജേട്ടന്‍റെയും മംമ്തയുടെയും ശാരിയുടെയുമൊക്കെ കഥാപാത്രങ്ങൾ വളരെ പ്രാധാന്യമേറിയതാണ്. ഇവർക്കെല്ലാം അതിന്‍റേതായ ഇടമുണ്ട് ഈ സിനിമയിൽ. മറ്റു ഭാഷകളിൽ നിന്നുള്ള ചില പ്രധാന താരങ്ങളും ഈ സിനിമയിലുണ്ട്.

ബ്ലാസ്റ്റ് സീനിൽ രാഷ്‌ട്രീയക്കാരനായി വരുന്നതു ദയാളൻ എന്ന തമിഴ് നടനാണ്. ക്വീനിലെ ധ്രുവനും ഇതിൽ വേഷമുണ്ട്. ഇതിൽ വേഷമിട്ട ഓരോരുത്തരും ഇതുവരെ ചെയ്യാത്ത വേഷമാവും ഇതിൽ ചെയ്തിരിക്കുന്നത്.ടീസറിലെയും ട്രെയിലറിലെയും സീനുകൾ ജനഗണമനയുടേതല്ല, ജനഗണമന 2 ലേതാണെന്നു ട്രെയിലർ ലോഞ്ചിൽ പൃഥ്വിരാജ്. ജനഗണമന സിനിമയുടെ ട്രെയിലർ ഇനി വരാൻ സാധ്യതയുണ്ടോ..?

ടീസറിലെയും ട്രെയിലറിലെയും സീനുകൾ ജനഗണമന പാർട്ട് 1 ൽ ഇല്ലെന്നു ഞാൻ തീർത്തും പറയുന്നില്ല. എന്തെങ്കിലുമൊക്കെയുണ്ടാവും. സിനിമയിലെ ഒരു സീൻ അതുപോലെ ട്രെയിലറിൽ ഉപയോഗിച്ചതിനാൽ ഇനി അതെടുത്തു സിനിമയിലിടാൻ പരിമിതികളുണ്ട്. അതു വരേണ്ടതു രണ്ടാം ഭാഗത്തിലാണ് എന്നാണ് ഉദ്ദേശിച്ചത്.

പൃഥിയുടെ കഥാപാത്രം ഒരു ബ്ലാസ്റ്റ് നടത്തി. ഇനി മറ്റൊരിടത്തു പൊട്ടിക്കുന്നതായിരിക്കും സിനിമ എന്നു പലരും ചിന്തിക്കാനിടയുണ്ട്. എന്നാൽ, അതല്ല ഈ സിനിമ. അതുകൊണ്ടാണ് ഇതു പൃഥ്വിരാജിൽ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ലെന്നു പറഞ്ഞത്. അതു പൃഥ്വിക്കു വളരെ നന്നായിട്ടറിയാം. സുരാജിനുമറിയാം. മമ്തയ്ക്കും അറിയാം.എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീൻ ട്രെയിലറാക്കി എന്നതാണു ചോദ്യം. ടീസറോ ട്രെയിലറോ ഇറക്കാതെയാണ് അൽഫോണ്‍സ് പുത്രൻ പ്രേമം റിലീസ് ചെയ്തത്. എന്നുകരുതി ഇത് എന്‍റെ പ്രേമമൊന്നുമല്ല.

പ്രേമത്തിൽ നിന്ന് ഒരു ട്രെയിലർ കട്ട് ചെയ്യാൻ എന്താണു ബുദ്ധിമുട്ട് എന്നു ചോദിക്കുന്നവരുണ്ട്. അദ്ദേഹം അതു വേണ്ട എന്നു തീരുമാനിച്ചു; പ്രേമം അദ്ദേഹത്തിന്‍റെ സർഗസൃഷ്ടിയാണ്. അതേപോലെ എനിക്ക് ഇതിൽ നിന്ന് ഇതു രണ്ടും മാത്രമേ പുറത്തുവിടണമെന്നുണ്ടായിരുന്നുള്ളൂ. റിലീസിനു മുന്നേ എനിക്കു മറ്റൊന്നും ഇതിൽ നിന്നു പോകണമെന്നില്ല. ഒരു സിനിമയ്ക്കു നാലു മിനിറ്റ് ട്രെയിലർ ചരിത്രത്തിൽ ആദ്യമാവാം. ഇതിന്‍റെ എഡിറ്റർ ശ്രീജിത്ത് സാരംഗാണു ട്രെയിലർ കട്ട് ചെയ്തതും.ജനഗണമനയ്ക്കു രണ്ടു പാർട്ടുകൾ ഉണ്ടാകുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നോ..?

ജനഗണമനയുടെ കഥ എഴുതിക്കഴിഞ്ഞപ്പോൾ അത് ഒരു സിനിമയിൽ ഒതുങ്ങുമെന്നു തോന്നിയില്ല. ഒരു സിനിമയ്ക്കുമപ്പുറം പറയാൻ എനിക്കുമുണ്ട്, കഥയെഴുതിയ ഷാരിസിനുമുണ്ട്. കഥയുമായി രാജുവിന്‍റെയും സുരാജേട്ടന്‍റെയും അടുത്തു ചെന്നപ്പോൾ ഈ സ്ക്രിപ്റ്റ് പൂർണമായിരുന്നു.

സുരാജാണോ രാജുവാണോ സെക്കൻഡ് പാർട്ടിൽ ഉണ്ടാവുക എന്നൊന്നും ഇപ്പോൾ പറയാനാവില്ല എന്നൊക്കെ തുടക്കത്തിലേ അവരോടു പറഞ്ഞിട്ടാണ് ഞാൻ സിനിമ തുടങ്ങിയത്.ലൂസിഫർ പോലെ ധാരാളം ലെയറുകളുള്ള വലിയ സിനിമയാണു ജനഗണമന എന്നു തോന്നുന്നു..?

അങ്ങനെ തോന്നിയെങ്കിൽ അത് എന്‍റെ ഭാഗ്യം. ഏപ്രിൽ 28 നു പടം സക്സസായാൽ ലൂസിഫറുമായി താരതമ്യം ചെയ്യാം. ലൂസിഫർ ചെയ്ത പൃഥ്വിരാജ് പോലും പറയുന്നത് അതൊരു ചെറിയ സിനിമയാണെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭീകര സിനിമയാണ്.

ആ സിനിമ 100 -115 ദിവസം ഷൂട്ട് ചെയ്തതാണ്. 80 ദിവസം കൊണ്ടാണ് ഞാൻ ജനഗണമന തീർത്തത്. ലൂസിഫറിനെക്കാളും ലെയേഴ്സുള്ള ഒരു സോളിഡ് കഥയാണ് ഇതിൽ. പക്ഷേ, ഇതു പൃഥ്വിയിൽ മാത്രം ഒതുങ്ങുന്ന ഒരു കഥയല്ല.

ജനഗണമന എന്നു കേൾക്കുന്ന ഏതൊരാൾക്കും അയാളുടെ മതവും രാഷ്‌ട്രീയവും ഏതുമാവട്ടെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ തോന്നുന്നില്ലേ. അതേപോലെ തന്നെ ഈ സിനിമയും ആവണം എന്നാണ് എന്‍റെ ആഗ്രഹം. ഈ സിനിമ കാണുന്ന ഏതൊരാൾക്കും...അയാൾ ലെഫ്റ്റോ റൈറ്റോ ബിജെപിയോ ഏതുമാവട്ടെ അതു കണക്ട് ചെയ്യാനാവണം. അത്രേയുള്ളൂ. അല്ലാതെ ഇതിൽ വലിയ രാഷ്‌ട്രീയമൊന്നും പറയുന്നില്ല.ഗാന്ധിയെ കൊന്നതിനു രണ്ടു പക്ഷമുള്ള നാടാ സാറേ ഇത് എന്നു ടീസറിൽ. ഇവിടെ നോട്ടു നിരോധിക്കും. വേണ്ടിവന്നാൽ വോട്ടും നിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയല്ലേ എന്നു ട്രെയിലറിൽ. ഇന്ത്യ ഭരിക്കുന്ന, ഭരിച്ചിരുന്ന പാർട്ടികൾക്കെതിരേയുള്ള സൂചനകളില്ലേ ജനഗണമനയിൽ..‍?

അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. പൃഥ്വിരാജിന്‍റെ കഥാപാത്രം നീതി നിഷേധിക്കപ്പെട്ട ഒരാളാണെന്നു ട്രെയിലർ കാണുന്പോൾ തോന്നുന്നില്ലേ. അയാൾ ചിലപ്പോൾ അത്തരം സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുടെയൊക്കെ വേദനകൾ വേറെവേറെയാണ്. ഓരോരുത്തരും അവരുടെ വേദനകളിൽ പറയുന്ന രാഷ്‌ട്രീയത്തിനും വ്യത്യസ്തതയുണ്ടാവും.

ഇവിടെ പൃഥ്വിരാജിന്‍റെ കഥാപാത്രം അയാളുടെ വേദനയിൽ പറയുന്ന രാഷ്‌ട്രീയമാണ് ആ ഡയലോഗുകളിൽ. പക്ഷേ, അതു നമ്മുടെ സിനിമയുടെ രാഷ്‌ട്രീയമല്ല. ഇതു മറ്റേ സംഭവമാണോ, ഇത് അന്നു നടന്ന ആ പ്രശ്നമല്ലേ... അങ്ങനെയൊക്കെ ഫീൽ ചെയ്താൽ അതിലൊന്നും പ്രചോദിതമായല്ല ഈ സിനിമ ചെയ്തിരിക്കുന്നതെന്ന് പടം കാണുന്പോൾ വ്യക്തമാവും.

അങ്ങനെ തോന്നിയാൽത്തന്നെ അതിൽ തെറ്റുപറയാനുമാവില്ല. എല്ലാവരും പത്രം വായിക്കുന്നവരല്ലേ. ഇങ്ങനെ കുറേ കാര്യങ്ങൾ അറിയാം. എന്നുകരുതി ഈ സിനിമ പറയുന്നത് അതൊന്നുമല്ല. അതാണ് ഈ സിനിമയുടെ മാജിക്. ആ വിഷ്വലും ആ ഭംഗിയും ആ സംഭവം പോലെയെന്നു തോന്നിപ്പിക്കുന്ന മാജിക്.ലൂസിഫർ പോലെ ഒരു മാസ് സിനിമയാണോ ജനഗണമന..‍? സ്ഫോടനം സംഭവിച്ചുകഴിഞ്ഞ് ഓഫീസിനു പുറത്തേക്കു വരുന്ന പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ മുഖത്തു കണക്കു തീർത്തതിന്‍റെ ചിരി പതിയെ തെളിയുന്നുണ്ട്...

എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ ഒരു മാസുമില്ല. നിങ്ങൾക്കു മാസ് ഫീൽ ചെയ്തെങ്കിൽ ഞാൻ ഹാപ്പിയാണ്. എന്‍റെ മാസിന്‍റെ അളവ് ഇങ്ങനെയായിരിക്കും എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ലൂസിഫറിലുള്ളതുപോലെ അടി, സ്റ്റൈലിഷായ ഇടി...അത്തരം മാസൊന്നും ഇതിലില്ല. പക്ഷേ, നിങ്ങളെ കയ്യടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരുപാടു സീനുകളുണ്ട്. അതൊന്നും അത്തരം മാസല്ല. വേറൊരു പാറ്റേണിലാണു ചെയ്തിരിക്കുന്നത്. അത് ബ്ലാസ്റ്റ് സീൻ മട്ടിലുമല്ല.

ഗാന്ധിയെ കൊന്നതിനു രണ്ടു പക്ഷമുള്ള നാടാ സാറേ ഇത് എന്ന ഡയലോഗ് പറയുന്ന രീതി, അതിന്‍റെ കൂടെയുള്ള ചിരി...അതാണു ടീസറിനെ തീവ്രമാക്കുന്നത്. അല്ലാതെ, ആ ഡയലോഗല്ല. പൃഥ്വിയുടെ കഥാപാത്രം അയാളുടെ ഉള്ളിലെ വേദനയിൽ ഡയലോഗു പറഞ്ഞശേഷം ചിരിക്കുകയാണ്. അവിടെയാണ് പൃഥ്വിയിൽ, ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം നമ്മൾ കാണുന്നത്.പൊളിറ്റിക്കൽ ത്രില്ലർ എന്ന വിശേഷണത്തിൽ ഒതുങ്ങുമോ ജനഗണമന..?

സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ എന്നു പറയാം. പക്ഷേ, അതിലും ഒതുങ്ങില്ല. അതേസമയം ഡ്രൈവിംഗ് ലൈസൻസുമായോ അയ്യപ്പനും കോശിയുമായോ യാതൊരു ബന്ധവുമില്ല. ടീസർ കണ്ടപ്പോൾ പൃഥ്വിയുടെയും സുരാജേട്ടന്‍റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പൊളിറ്റിക്കൽ ഈഗോ എന്ന് ആളുകൾ കരുതി. ട്രെയിലർ വന്നപ്പോൾ അതു മാറിയിട്ടുണ്ട്.

അതുപോലെ തന്നെ സിനിമ കണ്ടു കഴിയുന്പോൾ എല്ലാവരുടെയും കാഴ്ചപ്പാടുകളും കണ്‍ഫ്യൂഷനുകളും മാറും. ജനഗണമന എന്ന ടൈറ്റിലിൽ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ ക്ലാഷ് പറയാൻ എനിക്കാവില്ലല്ലോ.മൈക്ക് കിട്ടിയാൽ ഇപ്പോഴും സുരാജ് കോമഡി പറയും. പക്ഷേ, സ്ക്രീനിൽ അഭിനയത്തിന്‍റെ അളവും ആഴവും പ്രവചനങ്ങൾക്കതീതം; പലപ്പോഴും നായകനാണോ വില്ലനാണോ എന്നൊന്നും പറയാനാകാത്തവിധം. ഈ സിനിമയിൽ നായകൻ, വില്ലൻ എന്നൊക്കെയുണ്ടോ. പൃഥ്വിയാണോ സുരാജാണോ നായകൻ..?

ജനഗണമന എന്ന ടൈറ്റിലുള്ള, ദേശീയ സ്വഭാവമുള്ള ഈ സിനിമയിൽ ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. അവരുടെയെല്ലാം കഥാപാത്രങ്ങളുടെ വേദനകളാണു സിനിമ പറയുന്നത്. പൃഥ്വിരാജ് നായകനാണോ വില്ലനാണോ എന്നു തീരുമാനിക്കേണ്ടതു പ്രേക്ഷകരാണ്.

അയാൾ ചെയ്തതു ശരിയാണെന്ന് ഒരാൾക്കു തോന്നിയാൽ പൃഥ്വി നായകനാണ്. നേരേമറിച്ച് അയാൾ ചെയ്തതു ശരിയല്ല എന്നു ചിന്തിച്ചാൽ അയാൾ വില്ലനാണ്. ഇതേപോലെ തന്നെയാണ് ഈ സിനിമയിലെ പല കഥാപാത്രങ്ങളുടെയും കാര്യം.പൃഥ്വിരാജിനൊപ്പമുള്ള സിനിമ ഏതൊരു സംവിധായകന്‍റെയും സ്വപ്നമാണ്. സുരാജിലേക്ക് എത്തിയത് എങ്ങനെയാണ്..?

സുരാജിന്‍റെ കഥാപാത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ആ എസിപി കഥാപാത്രം സുരാജിനല്ലാതെ വേറെയാർക്കും ചെയ്യാൻ പറ്റില്ല. പൃഥ്വിയോടു കഥ പറഞ്ഞപ്പോൾ എസിപി വേഷം ആരാണു ചെയ്യുന്നതെന്ന് ചോദിച്ചു. സുരാജേട്ടന്‍റെ പേരു പറഞ്ഞപ്പോൾ ആ റോളിനു സുരാജേട്ടൻ ഓകെയാണോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം.

സുരാജേട്ടൻ തന്നെ അതിനു പറ്റിയ ആൾ എന്നു ഞാൻ തീർത്തു പറഞ്ഞു. പിന്നീടു പൃഥ്വി സുരാജേട്ടനെ വിളിച്ചപ്പോൾ ചോദിച്ചത് ഇങ്ങനെ: - ‘ ഈ സിനിമയിൽ നിങ്ങളാണോ പൃഥ്വിരാജ്, അതോ ഞാനാണോ പൃഥ്വിരാജ്!’

പൃഥ്വിരാജ് ചെയ്യേണ്ട ഒരു പോലീസ് വേഷമാണ് സുരാജ് വെഞ്ഞാറമൂട് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. സുരാജേട്ടൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണത്.ജനഗണമന ഒരു കാന്പസ് മൂവി കൂടിയല്ലേ..?

കാന്പസിന്‍റെ ഫയർ ഏറെയുള്ള സിനിമയാണ്. ക്വീൻ ചെയ്തപ്പോൾ എനിക്ക് ആർട്ടിസ്റ്റുകളൊന്നുമില്ല. എനിക്കു പറയാനുണ്ടായിരുന്നതു കാന്പസ് മാത്രമാണ്. പക്ഷേ, ജനഗണമന നിരവധി ആർട്ടിസ്റ്റുകളുള്ള സിനിമയാണ്. കാന്പസിനു വളരെ പ്രസക്തിയുളള സിനിമയാണ്. പക്ഷേ, നല്ല ആർട്ടിസ്റ്റുകൾ ഉള്ളപ്പോൾ ഞാൻ ഇതിൽ കാന്പസ്, കാന്പസ് എന്നു പറയേണ്ടതില്ലല്ലോ.

പക്ഷേ, എല്ലാ കാന്പസുകൾക്കും ഈ സിനിമ കണക്ടാവും. കോളജും കാന്പസും ഈ സിനിമയുടെ കഥയിൽ വളരെ പ്രധാനമാണ്. ലക്നോവിലാണ് കോളജ് സീനുകളെടുത്തത്.സീനെടുക്കുന്പോൾ പൃഥ്വിയിലെ ഡയറക്ടറിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ..?

ഗംഭീര ടെക്നീഷനും ഡയറക്ടറുമാണ് പൃഥ്വിരാജ്. പക്ഷേ, സെറ്റിൽ വരുന്പോൾ അദ്ദേഹം അഭിനയിക്കുന്നു, പോകുന്നു. എല്ലാവരോടും അദ്ദേഹത്തിനു വലിയ ബഹുമാനമാണ്. പൃഥ്വി എനിക്കു തന്ന സ്പേസ് വളരെ വലുതായിരുന്നു. ഈ സിനിമയുടെ ഒരു സീനിലും അദ്ദേഹത്തിൽ നിന്ന് ഒരു സജഷനും ഉണ്ടായിരുന്നില്ല.

ഞങ്ങൾ ആദ്യം കഥ പറഞ്ഞപ്പോൾ കഥാഗതിയിൽ രണ്ടുമൂന്നു കാര്യങ്ങൾ....അത് അങ്ങനെ പോകണോ, ഇങ്ങനെയാണെങ്കിൽ നല്ലതാവില്ലേ... എന്ന് ചോദിച്ചിരുന്നു. അതു ഗംഭീരമായിരുന്നു. ഫുൾ സ്ക്രിപ്റ്റ് വായിച്ചശേഷം അദ്ദേഹം പറഞ്ഞ രണ്ടു പോയന്‍റുകൾ ഏറെ യുക്തിസഹമായി തോന്നി.സ്ക്രിപ്റ്റിൽ ഇത്ര സീൻ വെട്ടണം എന്നൊന്നും പൃഥ്വി പറഞ്ഞിട്ടില്ല. മറിച്ചായിരുന്നുവെങ്കിൽ ഒരുപക്ഷേ, സുരാജേട്ടന്‍റെ മൊത്തം സീനുകളും അദ്ദേഹം വെട്ടേണ്ടതാണ്! സിനിമ കാണുന്പോൾ അതു നിങ്ങൾക്കു മനസിലാകും. തന്‍റെ പ്രാധാന്യം കുറയുമെന്നൊന്നും ചിന്തിക്കുന്ന ആളല്ല പൃഥ്വിരാജ്.

തന്‍റെ കാരക്ടർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നു ചിന്തിക്കുന്ന ഒരാളായിരുന്നു പൃഥ്വി എങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഈ സിനിമ മാത്രമല്ല അയ്യപ്പനും കോശിയും പോലും നടക്കില്ലായിരുന്നു. കാരണം, അതിൽ പൃഥ്വി നായകനാണോ വില്ലനാണോ എന്നു ചോദിച്ചാൽ നമുക്കു പറയാനാവില്ല. നല്ല സിനിമകൾ തെരഞ്ഞുപിടിച്ചു കമിറ്റ് ചെയ്യുന്ന ആളാണു പൃഥ്വിരാജ്. സ്ക്രിപ്റ്റ്, റൈറ്റർ, ഡയറക്ടർ, ഡയറക്ടറുടെ വിഷൻ.... ഓവറോൾ പാക്കേജിംഗാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്..നീതി നിഷേധിക്കപ്പെടുന്ന പൃഥ്വിയുടെ കഥാപാത്രം അരവിന്ദ് പോലീസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നശിച്ച് തന്‍റേതായ വഴികളിലൂടെ നീതി കണ്ടെത്താൻ ശ്രമിക്കുന്നതിന്‍റെ പിന്നിലെ കഥ തേടുകയാണോ ജനഗണമന പാർട്ട് വണ്‍..?

അങ്ങനെ ഏതെങ്കിലുമൊരു ലെയറായിരിക്കാം ജനഗണമന. പൂർണമായും അങ്ങനെ ആവണമെന്നുമില്ല. ടീസറും ട്രെയിലറും കണ്ടതിന്‍റെ അടിസ്ഥാനത്തിലല്ലേ സിനിമ ഊഹിക്കാൻ പറ്റുകയുള്ളു. നിങ്ങൾ പറഞ്ഞതു ചിലപ്പോൾ ഒരാളുടെ കഥ ആയിരിക്കാം. എന്നുകരുതി ഇതാവണം എല്ലാവരുടെയും കഥ എന്നു പറയാനാവില്ല. ഇത് ഒരു നായകന്‍റെ കഥയല്ല. ഒരുപാടു നായകന്മാരുടെ കഥയാണ്. അതുകൊണ്ടുമാണ് ജനഗണമന എന്ന ടൈറ്റിലിൽ എത്തിയത്.

വാസ്തവത്തിൽ ഇതായിരുന്നില്ല സിനിമയുടെ ആദ്യ ടൈറ്റിൽ. ഷാരിസ് എന്നോടു പറഞ്ഞ ടൈറ്റിലാണു ജനഗണമന. ഇതിൽ വയലൻസോ അതിഭീകരമായ മറ്റു കാര്യങ്ങളോ ഇല്ല. ഒരു സ്ഫോടനത്തിനപ്പുറം ചോര തെറിക്കുന്ന മറ്റൊന്നും ഇതിലില്ല.ഈ സിനിമയുടെ പ്രമേയത്തിൽ രാഷ്‌ട്രീയപരമായ വിവാദസാധ്യത കാണുന്നുണ്ടോ..?

ഒരു വിവാദസാധ്യതയുമില്ല. പൊളിറ്റിക്കൽ സിനിമ കൂടിയാകുന്പോൾ ഏതെങ്കിലും ഒരു പാർട്ടിയെ കാണിച്ചേ പറ്റൂ. അല്ലാതെ ആരെയും വെള്ളപൂശാൻ എടുത്ത സിനിമയല്ല. ‘ഇവിടെ നോട്ടു നിരോധിക്കും. വേണ്ടിവന്നാൽ വോട്ടും നിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം ഇത് ഇന്ത്യയല്ലേ...’ എന്ന ഡയലോഗ് ഉൾപ്പെടുത്തി എന്നുകരുതി അവിടെ പൊളിറ്റിക്സല്ല സംസാരിക്കുന്നത്.

ആ ഡയലോഗു പറഞ്ഞതു സിനിമയിലെ ഒരു കഥാപാത്രമാണ്. അല്ലാതെ നമുക്ക് ഒരു വിവാദം വേണം എന്നു ഞാൻ ഷാരിസിനോടു പറഞ്ഞതിൻപ്രകാരം കിട്ടിയ ഡയലോഗല്ല. പൃഥ്വിയുടെ കഥാപാത്രത്തോടു മോശമായി സംസാരിച്ച ഒരു രാഷ്‌ട്രീയക്കാരനോട് ഇത് ഇന്ത്യയല്ലേ എന്നു മാത്രം പറഞ്ഞാൽ സീനിനു പൊലിപ്പുണ്ടാവില്ല. അതിനു തൊട്ടു മുന്പ് രണ്ടു വാചകം കൂടിയിട്ടു. അത്രേയുള്ളൂ. പക്ഷേ, ആളുകൾക്ക് അതു കണക്ട് ചെയ്യാനാവും. ഇതൊക്കെ സംഭവിച്ച കാര്യങ്ങളല്ലേ. അല്ലാതെ, ഒരു രാഷ്‌ട്രീയവും അതിൽ പറയുന്നില്ല.ഏതു സമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം എന്നൊരു കോടതി ഡയലോഗുണ്ട് ക്വീനിൽ. അതിന് ഒരു രാഷ്‌ട്രീയവുമായും ബന്ധമില്ലായിരുന്നു. അതുപോലെ ഇതിലും പല കഥാപാത്രങ്ങളിൽ നിന്നായി കുറച്ചു ചോദ്യങ്ങൾ ഉണ്ടാകുമായിരിക്കും. അവയെ ഒരു പാർട്ടിയുമായും ബന്ധപ്പെടുത്തേണ്ടതില്ല.

എല്ലാവർക്കും അവരവരുടേതായ രാഷ്‌ട്രീയം ഉണ്ടാകുമല്ലോ. പക്ഷേ, എന്‍റെ രാഷ്‌ട്രീയമല്ല ഈ സിനിമ പറയുന്നത്. ഓരോ കഥാപാത്രത്തിന്‍റെയും രാഷ്‌ട്രീയമാണു പറയുന്നത്. ഇതിൽ ഫാമിലിയുണ്ട്. കാന്പസിനു വലിയ പ്രാധാന്യമുണ്ട്. സൂപ്പർ സ്റ്റാർഡത്തിനു പ്രാധാന്യമുണ്ട്. ഒരു കാലഘട്ടവുമായും ബന്ധിതമല്ല ഈ സിനിമ. സിനിമയിൽ രണ്ടുമൂന്നിടത്ത് ഈ കഥ സംഭവിക്കുന്ന വർഷം പറയുന്നുണ്ട്.സിനിമ റിലീസാകുന്പോൾ അതിൽ സ്ത്രീവിരുദ്ധതയുണ്ടോ, ബോഡി ഷെയിമിംഗ് ഉണ്ടോ, പൊളിറ്റിക്കൽ കറക്ട്നെസുണ്ടോ എന്നിങ്ങനെ ചോദ്യങ്ങളുമായി ചിലർ രംഗത്തുവരാറുണ്ട്..?

ക്വീൻ ഇറങ്ങിയപ്പോൾ ഇതേപോലെ പല കാര്യങ്ങളും പലരും പറഞ്ഞു. പക്ഷേ, സിനിമ വിജയിച്ചു. 60-70 ശതമാനം പ്രേക്ഷകർക്കാണു പലപ്പോഴും സിനിമ ഇഷ്ടമാകുന്നത്. ബാക്കി 30-35 ശതമാനം പേർക്കു സിനിമ ഇഷ്ടമാകണമെന്നു നിർബന്ധമില്ല. അവരിൽ ചിലരായിരിക്കാം ഇത്തരം പോയിന്‍റുകളുമായി വരുന്നത്.അതു പറയാൻ സാധ്യതയുള്ളതു സിനിമ ഇഷ്ടപ്പെടാത്തവരാണ്. അവർ ചെറിയ ഗ്രൂപ്പായിത്തന്നെ നിൽക്കുകയാണെങ്കിൽ അതു സിനിമയെ ബാധിക്കില്ല. റിവ്യൂ ചെയ്യാൻ അവർക്കു സ്വാതന്ത്ര്യമുണ്ടല്ലോ. അവർ അവരുടെ കാഴ്ചപ്പാടല്ലേ പറയുന്നത്.അതുപോലെ തന്നെ എന്‍റെ സ്വാതന്ത്ര്യമാണ് എന്‍റെ സിനിമ.

അവർ റിവ്യൂ ഇട്ടോട്ടെ. അവർക്കു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാരണമാവാം. പക്ഷേ, സിനിമ കാണാൻ നേരത്തേ തീരുമാനിച്ചിരുന്നവർ റിവ്യൂ കണ്ടിട്ട് ഓ, ഇതു തല്ലിപ്പൊളി പടമാണ്, കാണുന്നില്ല എന്നു പറയുന്നതു മണ്ടത്തരമാണ്. റിവ്യു കണ്ട ശേഷം സിനിമ കാണാനുള്ള മനസ് നഷ്ടപ്പെടുത്തരുത്.ജനഗണമന പാൻ ഇന്ത്യൻ സിനിമയാണോ...‍?

മലയാളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ സിനിമ - അങ്ങനെ പറയാം. ഈ കഥ സംഭവിക്കുന്നതു കേരളത്തിൽ മാത്രമല്ല. ഈ സിനിമയ്ക്കു പാൻ ഇന്ത്യൻ റിലീസാണ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്...റിലീസുണ്ട്. ഏതു സംസ്ഥാനത്തുള്ളവർക്കും ഈ കഥ കണക്ടാവും. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതിന്‍റെ ട്രെയിലർ വ്യൂവ്സ് 12 ദിവസത്തിനകം 10 മില്യണ്‍ കടന്നു എന്നത്.

ഇത്രയും വ്യൂവ്സ് പല സംസ്ഥാനങ്ങളിലെ ജനങ്ങൾ ഒന്നിച്ചു നല്കിയ പ്രോത്സാഹനമല്ലേ. ഒരു ഇന്ത്യൻ സിനിമയായി മനസിൽ കണ്ടുതന്നെയാണ് ജനഗണമന എന്ന ടൈറ്റിലിട്ടതും.ഈ സിനിമയിൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിവ സംസാരിക്കുന്നുണ്ട്. ട്രെയിലറിൽ ആകെ രണ്ടു ഡയലോഗേ ഉള്ളൂ മലയാളം. ബാക്കി തമിഴാണ്. ആ സീൻ സംഭവിക്കുന്നതു കർണാടകയിലാണ്. പക്ഷേ, കഥാപാത്രങ്ങൾ സംസാരിക്കുന്നതു തമിഴും. അതു മലയാളികൾക്കും തമിഴർക്കും കന്നടിഗർക്കുമെല്ലാം ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ ഈ സിനിമയും എല്ലാവർക്കും കണക്ട് ചെയ്യാനാവും.

കേരളത്തിലെ ഒരു സർക്കാർ ഓഫീസിലായിരുന്നു ബ്ലാസ്റ്റ് സീൻ കാണിച്ചിരുന്നതെങ്കിൽ ഇവിടെ ഇങ്ങനെയൊക്ക നടക്കുമോ എന്നു നമ്മൾ ചിന്തിക്കും. സിനിമ ആർക്കും കണക്ടാവില്ല. സിനിമയ്ക്ക് ഇപ്പോൾ ഉള്ള വലുപ്പം കിട്ടുകയുമില്ല. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ ലെയറുകളും ആഴവും പരപ്പുമുള്ളതാണ്. പക്ഷേ, ലൂസിഫർ, ആർആർആർ, കെജിഎഫ് എന്നിവയുമായി ഈ സിനിമയെ താരതമ്യം ചെയ്യരുത്.ജനഗണമനയ്ക്ക് ഒടിടി റിലീസ് ആലോചിച്ചിരുന്നോ..‍?

ജനഗണമന തിയറ്റർ പടമാണ്. ഇത്രയും വലിയ പടം ഒടിടിക്കു വേണ്ടി ആരെങ്കിലും ചെയ്യുമോ. കഥ കേട്ടപ്പോഴേ തിയറ്റർ റിലീസെന്നു നിർമാതാക്കളും ഞങ്ങളും തീരുമാനിച്ചതാണ്. ഈ സിനിമ തിയറ്ററുകളിലെത്തി ഒരു പ്രത്യേക ദിവസം കഴിയുന്പോൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ നെറ്റ്ഫ്ളിക്സുമായി കരാർ ആയിട്ടുണ്ട്. ഏപ്രിൽ 28 ന് ഇതു തിയറ്ററിൽ മാത്രമേ കാണാൻ പറ്റൂ.

പരസ്യചിത്രം ഹിറ്റായതോടെ മോഹൻലാലിന്‍റെ ഡേറ്റ് കിട്ടിയതായി വാർത്തകൾ കണ്ടു. വാസ്തവമെന്താണ്..?ലാലേട്ടന്‍റെ ഡേറ്റ് കിട്ടാൻ കൊതിച്ചു നടക്കുന്ന ഒരു യുവ സംവിധായകനാണു ഞാൻ. ലാലേട്ടനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടൻ മാത്രമല്ല മമ്മൂക്കയുമൊക്കെ എന്‍റെ സ്വപ്നങ്ങളിലുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.