നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
Tuesday, June 27, 2023 2:14 PM IST
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേക്ക്. മര്‍ഫി ദേവസി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ത്രില്ലറാണ്. ആറു സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഷിമോഗയില്‍ ഒത്തുകൂടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണു സിനിമ.

ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ജിനു ജോസഫ്, ബാബുരാജ്, ഗണപതി, റോണി ഡേവിഡ് രാജ്, സജിന്‍ ചെറുകയിൽ, നിതിന്‍ ജോർജ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ. സംവിധായകനും പ്രഫുൽ സുരേഷും ചേർന്നാണ് തിരക്കഥയൊരുക്കിയത്. വിതരണം ജോബി ജോർജിന്‍റെ ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സ്.ആദ്യ സിനിമയിലേക്ക് എത്തിയത്...

പതിനൊന്നു വര്‍ഷങ്ങളായി സിനിമ ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. ചെന്നൈയിൽ ഇലക്‌ട്രോണിക് മീഡിയ പഠനത്തിനുശേഷം ചാനലില്‍ ജോലി. പിന്നീട് പരസ്യചിത്രങ്ങള്‍ ചെയ്തു. ഇതിനിടയിലും സിനിമ തന്നെയായിരുന്നു ആഗ്രഹം.

സാന്ദ്രയും ഞാനും കോളജില്‍ സഹപാഠികളായിരുന്നു. എന്‍റെ മനസിലുള്ള കഥകള്‍ സാന്ദ്രയോടു പറയാറുണ്ട്. അതിലൊന്ന് സാന്ദ്രയ്ക്ക് ഇഷ്ടമായി. അതുമായി മുന്നോട്ടുപോയി. അതിനിടെയാണ് ഇതിന്‍റെ വണ്‍ലൈന്‍ സാന്ദ്രയോടും ഭര്‍ത്താവ് വില്‍സനോടും പറഞ്ഞത്. അവര്‍ക്ക് ഈ കഥ ഏറെ ഇഷ്ടപ്പെട്ടു. നിര്‍മിക്കാന്‍ സമ്മതിച്ചു.

ഏറെ റിസ്ക്കുള്ള സിനിമയാണിത്. ചെറിയ ബജറ്റില്‍ തീരില്ല. വലിയ നായകനടന്‍റെ സിനിമയുമല്ല. എന്നാല്‍, ഏറെ നടന്മാരുണ്ടുതാനും. അപ്പോഴും ഈ സിനിമയില്‍ വിശ്വസിച്ച് സാന്ദ്ര ഒപ്പമുണ്ടായിരുന്നു.യഥാര്‍ഥ സംഭവത്തില്‍ നിന്നാണോ കഥ..?

ഒരു യഥാർഥ സംഭവം ഈ കഥ എഴുതിയപ്പോൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ചില ഭാവനകളും.

സുഹൃത്തുക്കള്‍ക്കിടയില്‍ ഒരാള്‍ക്ക് മറ്റൊരാളോട് അസൂയ ഉണ്ടാവാം, ദേഷ്യമുണ്ടാവാം, മറ്റൊരാളെ സംശയമുണ്ടാവാം. അങ്ങനെ മനസുകളിലെ നിഗൂഢതകളിലൂടെ പറയുന്ന കഥയാണിത്.പേരിനു പിന്നിൽ...

ത്രില്ലര്‍ സിനിമകള്‍ക്ക് ത്രില്ലർ സ്വഭാവം സൂചിപ്പിക്കുന്ന പേരുകളാണ് പൊതുവെ വന്നു കണ്ടിട്ടുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായ ഒരു പേരിലേക്കു പോകാം എന്നു തീരുമാനിച്ചു. നല്ല നിലാവുള്ള രാത്രിയിൽ കുറച്ചു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് ഈ പേരിലേക്കുവന്നത്.

ട്രെയിലറിനൊപ്പം പേരിലെ കൗതുകവും ചര്‍ച്ചയാകുന്നതു സിനിമയ്ക്കു പോസിറ്റീവായി മാറിയിട്ടുണ്ട്. ഡോണ്‍ മാക്സാണ് ട്രെയിലര്‍ കട്ട് ചെയ്തത്.കഥാപശ്ചാത്തലം...

ഒരേ കോളജില്‍ സഹപാഠികളായിരുന്ന സീനിയേഴ്സും ജൂനിയേഴ്സുമായ സുഹൃത്തുക്കളുടെ പുനഃസമാഗമം. അതുമായി ബന്ധപ്പെട്ട ചെറിയ പാര്‍ട്ടി. അതിനുള്ളില്‍ ഉണ്ടാകാവുന്ന കുറേയേറെ പ്രശ്നങ്ങൾ.

കോളജിൽ അന്നു കണ്ടതിനും ലൈഫിൽ ഇപ്പോള്‍ നില്‍ക്കുന്നതിനും ഇടയില്‍ എന്തൊക്കെയോ കുറച്ചു കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാവാം. ഓരോരുത്തരുടെയും സ്വഭാവം, സ്ഥാനമാനങ്ങള്‍ എന്നിവയൊക്കെ മാറിയിട്ടുണ്ടാവാം. അത്തരം ഒരുപാടുകാര്യങ്ങള്‍ ഇതിലൂടെ പറഞ്ഞുപോകുന്നുണ്ട്.ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തിയത്...

ഇരുമ്പനെ കാണുന്പോൾ പെരുമാറ്റത്തിലും ശരീരഘടനയിലും രൂപത്തിലുമെല്ലാം അയാള്‍ ഇരുമ്പനാണെന്ന് ആളുകള്‍ക്കു തോന്നണം. അതിന് ഏറ്റവും കൃത്യമായ ആള്‍ ചെമ്പനാണ്. ഡൊമിനിക്കായി ജിനു ജോസഫും ജോഷിയായി ബിനു പപ്പുവും പീറ്ററായി റോണിയും കുര്യനായി ബാബുരാജും രാജീവനായി നിതിൻ ജോർജും സ്ക്രീനിലെത്തുന്നു.

ഇവരുടെ ഗ്യാംഗിലേക്കു വന്നുചേരുന്ന കഥാപാത്രങ്ങളാണ് ഗണപതിയുടെയും സജിന്‍റെയും. കുടിലചിത്തനായ കച്ചവടക്കാരനും നാട്ടുപ്രമാണിയുമാണ് സായികുമാറിന്‍റെ കഥാപാത്രം. എട്ടുപേരും വരുന്ന ഫ്രെയിമുകളില്‍ ഒന്നിച്ചുനിര്‍ത്തി പെര്‍ഫോം ചെയ്യിക്കുക ചലഞ്ചിംഗ് ആയിരുന്നു. മറ്റാരുടെയും പ്രാധാന്യം കുറയാതെ ഓരോരുത്തരെയും എങ്ങനെ പെര്‍ഫോം ചെയ്യിക്കാം എന്നതിലായിരുന്നു ശ്രദ്ധ. രാജശേഖറാണ് ഫൈറ്റ് കൊറിയോഗ്രാഫര്‍.തുടക്കം ത്രില്ലര്‍ ജോണറില്‍...

ത്രില്ലര്‍ സിനിമകളോട് എനിക്കു പ്രത്യേക താത്പര്യമുണ്ട്. എന്നാൽ, വേറൊരു സിനിമയാണ് ആദ്യം പ്ലാനിട്ടിരുന്നത്. അതു മുഴുനീള കോമഡിയാണ്. അതു പിന്നീടുണ്ടാവും.

ബിസിനസിലെ ചതിയും വഞ്ചനയുമൊക്കെയാണോ പ്രമേയം..?

അത്യാഗ്രഹം, ചതി, വഞ്ചന, ഈഗോ എന്നിവയൊക്കെയാണു സിനിമ പറയുന്നത്. ഇന്ന് നന്മ എന്നൊക്കെ പറയുന്നത് എഴുതിവച്ചിരിക്കുന്നതു മാത്രമേ കാണാനാവൂ.ബാക്കിയെല്ലാം പൊതിഞ്ഞുവച്ചിരിക്കുന്ന നന്മകളാണ്. അതിനുള്ളിൽ ഈ പറഞ്ഞ നന്മകൾ ആവണമെന്നില്ല. എല്ലാവരും അത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടാവും. ഇവിടെ ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കളുടെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണു പറയുന്നത്.

ഈ സിനിമയിൽ നായികയില്ലേ..?

ഇത് അങ്ങനെയൊരു കഥയല്ല. രണ്ടു സീനുകളില്‍ മാത്രമേ സ്ത്രീ കഥാപാത്രങ്ങള്‍ വരുന്നുള്ളൂ.മേക്കിംഗിലെ വെല്ലുവിളി...

ഭൂരിഭാഗവും രാത്രി സീനുകളാണ്. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സീനുകളാണ് കൂടുതലും. ഫൈറ്റ് സീക്വന്‍സുകള്‍ ഏറെയുണ്ട്.

ചില ഷോട്ടുകളിൽ എട്ടു പേരുമുണ്ടാവും. ഒരു ഫ്രെയിമിൽ എല്ലാവർക്കും ഒരുപോലെ പെർഫോമൻസും ഉണ്ടാവും. അതുപോലെ റൗണ്ട് ടേബിൾ സീക്വൻസുകൾ....ഇതെല്ലാം ചലഞ്ചിംഗ് ആയിരുന്നു.പതിവു ത്രില്ലറുകളില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നത്...

സീറ്റ് എഡ്ജ് ത്രില്ലര്‍ തന്നെയാണ്. ത്രില്ലിംഗ് ചേരുവകളും ത്രില്ലിംഗ് സീനുകളും കുറച്ചു ഫൈറ്റ്സും മാത്രമല്ല ഈ സിനിമ. കരുത്തുള്ള കൃത്യമായ കഥയുണ്ട്. എട്ടുപേരുടെയും കഥാപാത്രങ്ങള്‍ സമൂഹത്തില്‍ നമുക്കു റിലേറ്റ് ചെയ്യാനാകും. ഇതില്‍ ആരെങ്കിലും ഒരാള്‍ നമ്മളാവാം. ഇതു പൂർണമായും തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. വിഷ്വലിനും ശബ്ദത്തിനും അത്രയും പ്രാധാന്യമുണ്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.