സിനിമയാണു താരം: സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ
Wednesday, August 28, 2019 3:27 PM IST
“ഒ​രു ഫി​ലിംമേ​ക്ക​ർ​ക്ക് ആ​കെ ഒ​രു ക​ഥ​യേ പ​റ​യാ​നു​ള്ളൂ. ആ ​ക​ഥ​യു​ടെ പ​റ​ഞ്ഞു​വ​ച്ച​തി​ന​പ്പു​റത്തേ​ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്നു​ നോ​ക്ക​ലാ​യി​രി​ക്കും അയാൾ ഒ​രു സി​നി​മ ക​ഴി​ഞ്ഞ് അ​ടു​ത്തു ചെ​യ്യു​ന്ന​ത്. വേ​റൊ​രു രീ​തി​യി​ൽ, വേ​റൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലാത്ത ഒ​രു സം​ഗ​തി​യു​ടെ കൂട്ടിച്ചേർക്കലായിട്ടാണ് അ​തു പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം അ​തു പ​രി​പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ സം​ഗ​തി​യാ​ണെന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നുമില്ല. എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ മുത​ൽ എ​സ് ദു​ർ​ഗ​യു​മാ​യി വ​രെ ചോ​ല​യ്ക്കു സാ​മ്യമുണ്ടെ​ന്നു തോ​ന്നു​ന്നു... ”

ജോജു ജോർജ്, നിമിഷ സജയൻ, അഖിൽ വിശ്വനാഥ് എന്നിവർ മുഖ്യവേഷ ങ്ങളിലെത്തുന്ന ‘ചോ​ല’ വെ​നീ​സ് ചലച്ചിത്രമേ​ള​യി​ലേ​ക്കു തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​സാ​രി​ക്കു​ന്നു...അ​ടൂ​ർ സി​നി​മ​ക​ൾ​ക്കു ശേ​ഷം വെ​നീ​സ് മേ​ള​യി​ൽ വീ​ണ്ടും ഒ​രു മ​ല​യാ​ള സി​നി​മ...?

ഇ​ത്ര​യും വ​ർ​ഷ​ത്തിനു​ശേ​ഷം വീണ്ടും മ​ല​യാ​ള​ത്തി​ൽ നി​ന്നു വെനീസിലേക്കു പോ​കു​ന്ന സി​നി​മ​ ‘ചോല’യാണ് എന്നതിൽ വളരെ അ​ഭി​മാ​ന​മുണ്ട്. പ്ര​ത്യേ​കി​ച്ചും സ്വ​ത​ന്ത്ര​മാ​യി ചെ​യ്യു​ന്ന ഒ​രു സി​നി​മ, ചെ​റി​യ മു​ത​ൽ​മു​ട​ക്കി​ൽ ചെ​യ്യു​ന്ന ഒ​രു സി​നി​മ, വാണിജ്യ സി​നി​മ​യി​ൽ നി​ന്നു വേ​റി​ട്ടു ചെ​യ്യു​ന്ന ഒ​രു സി​നി​മ ലോ​ക​സി​നി​മ​യു​ടെ ശ്ര​ദ്ധ​യി​ലേ​ക്കു പോ​കു​ന്നു എ​ന്ന​ത് ഇ​ത്ത​രം സി​നി​മ​ക​ൾ ചെയ്യാൻ ആ​ഗ്ര​ഹി​ക്കു​ന്നവർക്ക് ഒ​രു​ പ്ര​ചോ​ദ​നം കൂ​ടി​യാ​വും. ആ ​രീ​തി​യി​ൽ വലിയ ചാ​രി​താ​ർ​ഥ്യ​മു​ണ്ട്.

താ​ങ്ക​ൾ സി​നി​മ ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് എ​പ്പോ​ഴാ​ണ്...‍?

സി​നി​മ എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ്. കു​റേ​ക്കാ​ല​മാ​യി അ​ങ്ങ​നെ​യാ​ണു ജീ​വി​ക്കു​ന്ന​ത്. വേ​റൊ​ന്നും ചെ​യ്യു​ന്നി​ല്ല. സി​നി​മ​യെ​പ്പ​റ്റി​ത്ത​ന്നെ​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​രു സി​നി​മ ചെ​യ്തു കു​റ​ച്ചു​ദി​വ​സം ക​ഴി​യു​ന്പോ​ൾ മു​ന്നോ​ട്ടു ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നു തോ​ന്നും. ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ഉ​റ​ങ്ങു​ക​യു​മൊ​ക്കെ ചെ​യ്താ​ൽ മാ​ത്രം ന​മു​ക്കു ജീ​വി​ച്ചി​രി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ.

ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ജീ​വി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മു​ള്ളൂ എ​ന്നു തോ​ന്നും. ഓ​ർ​മ​വ​ച്ച കാ​ലം മു​ത​ലേ സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​സാ​നം സി​നി​മ​യി​ലേ​ക്ക് എ​ത്തിയ​ത്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു പ്ര​ക്രി​യ​യാ​ണ്.‘ചോ​ല’ എ​ന്ന സി​നി​മ ചെ​യ്യാ​നു​ള്ള പ്രേ​ര​ണ എ​ന്താ​യി​രു​ന്നു...?

ന​മ്മു​ടെ ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന വിഷയങ്ങളാണ് എ​ന്‍റെ മി​ക്ക​വാ​റും സി​നി​മ​ക​ളി​ൽ വ​രു​ന്ന​ത്. സൂ​ര്യ​നെ​ല്ലി, വി​തുര തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്താ​ണ് വാ​സ്ത​വ​ത്തി​ൽ ഞാ​ൻ ഈ വിഷയം ആലോചിക്കുന്നത്. ഈ ​സി​നി​മ​യെ​പ്പ​റ്റി​യ​ല്ലായിരുന്നു ആലോചന. പ​ല​പ്പോ​ഴും സി​നി​മ​യ്ക്കു​വേ​ണ്ടി ആ​ലോ​ചി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള​ല്ല സി​നി​മ​യാ​വു​ന്നത്. വേ​റെ​ എന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്പോ​ൾ അതിൽ സിനിമയുണ്ടെന്നു തോന്നും.

ആ സമയത്ത് മാധവിക്കുട്ടി ഏതോ ഒരു ഇന്‍റർവ്യൂവിൽ പറഞ്ഞ ഒരു കാര്യമുണ്ട്. മാനഭംഗകേസുകളിൽ പെൺകുട്ടികൾക്കു ന​ഷ്ട​പ്പെടുന്നത് എന്താണ്. ക​ഴു​കി​ക്ക​ള​ഞ്ഞാ​ൽ പോകുന്ന ഒ​രു പ്ര​ശ്നമാണത്. മാ​ന​സി​ക​മാ​യി അ​തി​നെ കൊ​ണ്ടു​ന​ട​ക്ക​രു​ത്. ജീവിതം മുഴുവൻ അത് ഒരു ഭാരമായി​ മാ​റ​രു​ത്...​എ​ന്നൊ​ക്കെ​യാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അതു കേട്ടപ്പോൾ അതിൽ സത്യമുണ്ടല്ലോ എന്നു തോന്നി. പ​ക്ഷേ, എ​ന്തു​കൊ​ണ്ടാ​ണ് ഇരകളാകുന്ന ​പെ​ണ്‍​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്, ഭ്രഷ്ടരാകുന്നത്, പി​ന്നീട് ഒരിക്കലും സാധാരണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ത്ത​ത് എ​ന്നൊ​ക്കെ ഞാ​ൻ ആ​ലോ​ചി​ച്ചു. ആ ആലോചനകളാണ് ഈ സിനിമയ്ക്കു കാരണമായത്.ആദ്യം മുരിക്കിൻ പൂക്കൾ എന്ന പേരിൽ ഞാനും കെ.വി.മണികണ്ഠനും ചേർന്ന് 2008 ലൊ മറ്റോ എഴുതിയ തിരക്കഥ ഒരുപാടു മാറ്റങ്ങൾക്കുശേഷമാണ് ചോല എന്ന സിനിമയായി പരുവ പ്പെടുന്നത്. ഒരു ക്രി​മി​ന​ൽ അയാളുടെ മാനസിക വൈകല്യം കൊണ്ട് മറ്റൊരാൾക്കുമേൽ ശാരീരികമായ അതിക്രമം നടത്തുന്നു. അതു പക്ഷേ തീരാത്ത അപമാനമായി നമ്മൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കൊ​ണ്ടു​ന​ട​ക്കു​ന്നി​ല്ല​ല്ലോ. പ​ക്ഷേ, എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു സ്ത്രീ ​അ​ങ്ങ​നെ ഭ്രഷ്ട‍യായി ജീ​വി​ക്കേണ്ടി വരുന്നത് എന്ന ആ​ലോ​ച​നയാണ് ചോ​ല എ​ന്ന സി​നി​മ​. ഒരാൾപ്പൊക്കമൊക്കെ ചെ​യ്യു​ന്ന​തി​നു വ​ള​രെ മുന്നേയാണ് ഈ ​സി​നി​മ​യു​ടെ ചിന്ത മനസിൽ വരുന്നത്.

ഇ​പ്പോ​ൾ ഈ ​സി​നി​മ ചെ​യ്ത​ത് ആ ​വി​ഷ​യം പ​റ​യാ​ൻ കാ​ലം കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ​തു​കൊ​ണ്ടാ​ണോ..?

95-96 കാ​ല​ത്തു നി​ന്നു ന​മ്മ​ൾ ഒ​ട്ടും മാ​റി​യി​ട്ടി​ല്ലെ​ന്നു കി​ളി​രൂ​ർ പോ​ലെ പി​ന്നീ​ടു ന​മ്മു​ടെ ചു​റ്റി​നു​മു​ണ്ടാ​യി​ട്ടു​ള്ള ധാ​രാ​ളം സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. വാ​സ്ത​വ​ത്തി​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഇക്കാര്യത്തിൽ ഒ​രു മാ​റ്റ​വു​മി​ല്ല. അ​തു കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പോ​ലെയാണ്. ഒ​രു കാ​ല​ത്തും അ​തു മാ​റി​യി​ട്ടേ​യി​ല്ല. മാ​റി​യി​ട്ടു​ണ്ട്, കാ​ലം ചെ​ല്ലു​ന്ന​തി​ന​നു​സ​രി​ച്ചു പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട് എ​ന്നൊ​ക്കെ ന​മ്മ​ൾ വി​ചാ​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

വേ​റൊ​രു സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചപ്പോൾ പ​ണ്ട് എ​ഴു​തി​വ​ച്ച ഒരു തി​ര​ക്ക​ഥ​യെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ക​യും അ​ത് ഇ​പ്പോ​ഴും പ്രസക്തമാ​ണ​ല്ലോ എ​ന്നു ചി​ന്തി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ചോ​ല എന്ന സിനിമ ഉണ്ടായത്.ചോ​ല പ​ങ്കു​വ​യ്ക്കു​ന്ന​ത് ആ​ഗോ​ള​പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​മാ​ണോ....?

പു​രു​ഷ​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ലാ​ണ് ലോ​കത്തെവിടെയും സ​മൂ​ഹം നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്, നെ​യ്തെ​ടു​ത്തി​ട്ടു​ള്ള​ത്. അ​തി​ന്‍റെ കാ​ര​ണം, ന​മ്മു​ടെ ലോ​കം ഭ​രി​ക്കു​ന്ന​തു മ​ത​ങ്ങ​ളാ​ണ്. ഈ ​മ​ത​ങ്ങ​ളെ​ല്ലാം ത​ന്നെ പു​രു​ഷ​ന് അ​നു​കൂ​ല​മാ​കു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​ത്തി​ന്‍റെ സദാചാരബോധം നി​ർ​മി​ച്ചു​കൊ​ണ്ടാ​ണ് ഒ​രു പൊ​തു ബോ​ധം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്. അ​ന്നും ഇ​ന്നും... ഈ ​അ​ടു​ത്ത കാ​ല​ത്തെ​ങ്ങും അ​തു മാ​റാ​ൻ പോ​കു​ന്നി​ല്ല.

സ്ത്രീ​ക്ക് എ​തി​രാ​യി അ​ല്ലെ​ങ്കി​ൽ, സ്ത്രീ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും ജീവിതത്തിനും എ​തി​രാ​യി ഈ ​ധാർമികബോധം പ​ര​ത്തു​ന്ന​തു സ്ത്രീ​ക​ൾ ത​ന്നെ​യാ​ണ് എ​ന്ന​താ​ണു പ്ര​ധാ​ന പ്ര​ശ്നം. അ​തു പു​രു​ഷ​ൻ ഉ​ണ്ടാ​ക്കു​ന്നു. പ​ക്ഷേ, പു​രു​ഷ​ൻ പ​ര​ത്തു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ​യാ​ണ് അ​തു പ​ര​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും അ​തു മാ​റാ​ൻ​പോ​കു​ന്നില്ല.

96 ലു​ണ്ടാ​യ ഒ​രു ഒ​രു സം​ഭ​വ​ത്തി​ന്‍റെ അ​തേ കാ​ലാ​വ​സ്ഥ​യും അ​തേ മാ​ന​സി​കാ​വ​സ്ഥ​യും അ​തേ സാമൂഹിക സംഭവങ്ങളും സാമൂഹി ക സാഹചര്യങ്ങളും ത​ന്നെ​യാ​ണ് ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത്.ചോ​ല​ മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന സി​നി​മ​യ​ല്ലേ..?

മൂ​ന്നു​പേ​രി​ലൂ​ടെ എ​ന്നു പ​റ​യു​ന്പോ​ൾ അ​വ​ർ വെ​റും വ്യ​ക്തി​ക​ള​ല്ല. പ്രാ​തി​നി​ധ്യ​സ്വ​ഭാ​വ​മു​ള്ള മൂ​ന്ന് ആ​ളു​ക​ളാ​ണ് അ​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ മൂ​ന്നു​പേ​രി​ലൂ​ടെയാണെങ്കിലും 3,000 പേ​രു​ടെ ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. അ​തി​ൽ നി​മി​ഷ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നു മാ​ത്ര​മേ പേ​രു​ള്ളൂ - ജാ​നു. ബാ​ക്കി​ ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പേ​രി​ല്ല.

ചോ​ല​യു​ടെ ക​ഥാ​പ​ശ്ചാ​ത്ത​ലം...?

ക​ഥാ​പ​ശ്ചാ​ത്ത​ലം വ​ള​രെ സിം​പി​ളാ​ണ്, ന​മ്മു​ടെ ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന സം​ഗ​തി ത​ന്നെ​യാ​ണ്. ഒ​രു പെ​ണ്‍​കു​ട്ടി അ​വ​ൾ​ക്കി​ഷ്ട​മു​ള്ള ഒ​രാ​ളി​ന്‍റെ കൂ​ടെ ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കാ​ൻ പോ​കു​ന്നു. അ​തി​ൽ ആ ​ദി​വ​സ​മു​ണ്ടാ​കു​ന്ന ചി​ല സാ​ധ്യ​ത​ക​ളു​ണ്ട​ല്ലോ... ന​മ്മു​ടെ നാ​ട്ടി​ൽ​ത്ത​ന്നെ ഒ​രു പെ​ണ്‍​കു​ട്ടി ഒ​രു പ​യ്യ​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യാ​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ, കൂ​ടെ നി​ൽ​ക്കു​ന്ന ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം എ​ന്താ​യി​രി​ക്കും എ​ന്നതാ​ണ് ഈ ​സി​നി​മ കാ​ണി​ക്കു​ന്ന​ത്. അ​ല്ലാ​തെ, അ​തി​ൽ വേ​റൊ​രു​ത​രം അ​നാ​ദൃ​ശ്യ​മാ​യ സം​ഭ​വ​മൊ​ന്നു​മി​ല്ല. ന​മ്മ​ളും ന​മ്മു​ടെ ചു​റ്റു​പാ​ടു​മു​ള്ള ആ​ളു​ക​ളും അ​ങ്ങ​നെ​ത​ന്നെ​യാ​വും പെ​രു​മാ​റു​ക.ഒ​രു പെ​ണ്‍​കു​ട്ടി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​പ്പോ​യാ​ൽ അ​വ​ൾ ന​മ്മു​ടെ ക​ണ്ണി​ൽ എ​ന്താ​യി​രി​ക്കും, അ​വ​ളോ​ട് എ​ങ്ങ​നെ​യാ​യി​രി​ക്കും നമ്മൾ പ്ര​തി​ക​രി​ക്കു​ക, അ​വ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ ന​മ്മ​ൾ ഏ​തു​രീ​തി​യി​ലാ​യി​രി​ക്കും രൂപപ്പെടുത്തിയെടുക്കുക ... എ​ന്നു​ള്ള​തൊ​ക്കെ​യാ​ണ് ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. മൂ​ന്നു ദി​വ​സ​ത്തെ സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. കൊ​മേ​ഴ്സ്യ​ൽ സി​നി​മ കാ​ണു​ന്നവരെയും പി​ടി​ച്ചി​രു​ത്തു​ന്ന സി​നി​മ ത​ന്നെ​യാ​ണിത്.

ജോ​ജു​വും നി​മി​ഷ​യും... കൂ​ടു​ത​ൽ പോ​പ്പു​ല​റാ​യ താ​ര​ങ്ങ​ളെ​യാ​ണ​ല്ലോ ഇ​ത്ത​വ​ണ സെ​ല​ക്ട് ചെ​യ്ത​ത്..? ജോ​സ​ഫും ഈ​ട​യു​മാ​ണോ ആ ​സെ​ല​ക്‌ഷ​നു പ്രേ​ര​ക​മാ​യ​ത്...?

ര​ണ്ടു​പേ​രും വ​ള​രെ അഭിനയപാടവമുള്ള ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. ഇ​രു​വ​രും ഞാ​ൻ പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​വ​രാ​ണ്. അ​വ​ർ ര​ണ്ടു​പേ​രും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു വ​ള​രെ കൃത്യമായി​രു​ന്നു. അ​വ​രെ​ല്ലാം വ​ള​രെ സെ​ൻ​സി​ബി​ളാ​യ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. വ​ള​രെ തി​ടു​ക്ക​പ്പെ​ട്ട് അ​വ​രെ ഞാ​ൻ സ​മീ​പി​ക്കു​ക​യോ അ​വ​ർ എ​ന്നോ​ടു സം​സാ​രി​ക്കു​ക​യോ ആ​യി​രു​ന്നി​ല്ല. എ​ന്‍റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​രെ​ല്ലാം എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ജോ​ജു​വും നി​മി​ഷ​യും ആ​ദ്യം​ത​ന്നെ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​വു​ക​യാ​ണു ചെ​യ്ത​ത്. അ​വ​ർ എ​ന്‍റെ സി​നി​മ​ക​ൾ കാ​ണു​ക​യും എ​ന്നെ വി​ളി​ക്കു​ക​യും ആ ​സി​നി​മ​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യും അ​ങ്ങ​നെ അ​വ​ർ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​വു​ക​യും ഞാൻ അവരുടെ സിനിമകൾ കാണുകയും അ​വ​രോ​ട് എ​നി​ക്കു വ​ള​രെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഇ​ട​പെ​ടാ​മെ​ന്നു തോ​ന്നു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു സി​നി​മ വ​ന്ന​പ്പോ​ൾ അ​വ​രെ കാ​സ്റ്റ് ചെ​യ്യാ​ൻ ആ​ലോ​ചി​ച്ച​ത്.വ​ള​രെ ക​ഴി​വു​ള​ള ഒ​രു​പാ​ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ മ​ല​യാ​ള​ത്തി​ലു​ണ്ട്. മ​ല​യാ​ള​ത്തി​ലു​ള്ള​ത്ര​ പ്രാഗൽഭ്യമുള്ള അഭിനേതാക്കൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ​ത്ത​ന്നെ ഒരുപക്ഷേ കുറവായിരിക്കും. പ​ക്ഷേ, താ​നാ​ണ് സിനിമയിൽ വലുതെന്നും താനാണ് സിനി​മയെ ന​യി​ക്കു​ന്ന​തെന്നുമുള്ള ധാ​ര​ണ പലപ്പോഴും പലരിലും മുഴച്ചു നിൽക്കുന്നതു കണ്ടിട്ടുണ്ട്. പലരും ഈഗോയുടെ സിംഹാസന ത്തിലാണു ജീവിക്കുന്നതു തന്നെ. അങ്ങനെയുള്ളവർക്കൊപ്പം നമുക്ക് നമ്മുടെ സിനിമ ചെയ്യാൻ കഴിയില്ല.

ന​മ്മ​ളോ​ട് മ​നു​ഷ്യ​നെ​പ്പോ​ലെ പെ​രു​മാ​റു​ന്ന, സു​ഹൃ​ത്താ​യി പെ​രു​മാ​റു​ന്ന ആ​ളു​ക​ളോ​ടൊ​പ്പം സ​ഹ​ക​രി​ക്കു​ക എ​ന്ന​ത് ഒ​രു സ്വാ​ഭാ​വി​ക ചോ​ദ​ന​യാ​ണ​ല്ലോ. ഇ​ന്നയാ​ൾ ന​ന്നാ​യി അഭിനയിക്കും, ന​ന്നാ​യി മ്യൂ​സി​ക് ചെ​യ്യും, ക്യാമറ കൈകാര്യം ചെയ്യും എന്നതൊക്കെ ര​ണ്ടാ​മ​ത്തെ കാ​ര്യം. അ​യാ​ൾ മ​നു​ഷ്യ​നെ​പ്പോ​ലെ പെ​രു​മാ​റു​മോ എ​ന്നതാണ് പ്രധാനപ്പെട്ട കാ​ര്യം. അ​ങ്ങ​നെ മ​നു​ഷ്യ​രെപ്പോലെ പെ​രു​മാ​റു​ന്ന ആ​ളു​ക​ൾ​ക്കൊ​പ്പം ഞാ​ൻ സിനിമ ചെ​യ്യു​ന്നു.നി​മി​ഷ​യും ജോ​ജു​വും അ​ഖി​ലും കാ​മ​റ ചെ​യ്ത അ​ജി​ത്തു​മൊ​ക്കെ ഒ​രേ​പോ​ലെ ത​ന്നെ ഈ ​സി​നി​മ​യു​ടെ ഭാഗമാണ്. ഈ ​സി​നി​മ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​നാ​ണു സം​വി​ധാ​നം ചെ​യ്ത​ത് എ​ന്നു പ​റ​യു​ന്പോ​ഴും ഈ ​സി​നി​മ​യിൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ പ​ങ്കു​ണ്ട്. അവരെല്ലാം അ​വ​ര​വ​രു​ടേ​താ​യ നിക്ഷേപങ്ങൾ ന​ല്കി​യി​ട്ടു​ണ്ട്. അ​വ​രോ​രോ​രു​ത്ത​രും ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി താ​ൻ വേ​റൊ​രാ​ളെ​ക്കാ​ളും വ​ലു​താ​ണെ​ന്നു വി​ചാ​രി​ക്കാ​തെ സി​നി​മ​യു​ടെ താ​ഴെ നി​ന്നു വ​ർ​ക്ക് ചെ​യ്ത​വ​രാ​ണ്. അ​ങ്ങ​നെ മാ​ത്ര​മേ എ​നി​ക്കു സി​നി​മ ചെ​യ്യാ​ൻ പ​റ്റു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ളെ​ല്ലാം ഒ​രു​മി​ച്ചു വ​ർ​ക്ക് ചെ​യ്ത​തും ഇ​പ്പോ​ഴും ഒ​രു​മി​ച്ച് ഒ​രേ​പോ​ലെ ത​ന്നെ ആ ​സി​നി​മ​യു​ടെ ഭാ​ഗ​ഭാ​ക്കു​ക​ളാ​കു​ന്ന​തും.

അ​ഖി​ൽ വി​ശ്വ​നാ​ഥി​ലേ​ക്ക് എ​ത്തി​യ​ത്...?

എ​ഴു​നൂ​റു പേരെ ഓ​ഡി​ഷ​ൻ ന​ട​ത്തി​യാ​ണ് അ​ഖി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. അ​ഖി​ൽ ഒ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ണ്. ചോ​ല​യി​ൽ മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളേ​യു​ള്ളൂ. മൂ​ന്നു​പേ​ർ​ക്കും വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ജോ​ജു​വി​നും നി​മി​ഷ​യ്ക്കും അ​ഖി​ലി​നും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണു ചോ​ല. ഇ​തി​ൽ ഹീ​റോ, ഹീ​റോ​യി​ൻ ...അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. സം​വി​ധാ​യ​ക​നോ ആ​ക്ടേ​ഴ്സോ ഒ​ന്നു​മ​ല്ല, സി​നി​മ​യാ​ണ് ഇ​തി​ൽ ഹീ​റോ.ധാരാളം റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ൾ വ​രു​ന്ന കാ​ല​മാ​ണ​ല്ലോ ഇ​ത്. ചോ​ല റി​യ​ലി​സ്റ്റി​ക് സി​നി​മ​യാ​ണോ..?

എ​ന്‍റെ ഒ​രു സി​നി​മ​യും റി​യ​ലി​സ്റ്റി​ക് അ​ല്ല. ഞാ​ൻ റി​യ​ലി​സ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളു​മ​ല്ല. ഒ​രു മൊ​ബൈ​ൽ കാ​മ​റ തു​റ​ന്നു​വ​ച്ചാ​ൽ ന​മ്മു​ടെ സമൂഹത്തിൽ കാ​ണു​ന്ന​തെ​ല്ലാം സി​നി​മ​യാ​ണ്. ഞാ​ൻ അ​തി​ല​ല്ല വി​ശ്വ​സി​ക്കു​ന്ന​ത്. അ​തി​ന​പ്പു​റം എ​നി​ക്ക് അ​തി​ന​ക​ത്തേ​ക്കു കൊ​ടു​ക്കാ​നാ​കുന്ന നുള്ളലു​ക​ളെ​യാ​ണ്, എ​നി​ക്ക് അ​തി​ലേ​ക്കു കൊ​ടു​ക്കാ​നാ​കുന്ന എന്‍റേ​താ​യ കു​റേ പ്രഹരങ്ങളെ​യാ​ണ് ഞാ​ൻ സി​നി​മ​യാ​യി കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ന​ക​ത്ത് റി​യ​ലി​സ​ത്തി​നു വി​രു​ദ്ധ​മാ​യി​ട്ടു​ള്ള, പ​ല​ർ​ക്കും ദ​ഹി​ക്കാ​ത്ത, പ​ല​ർ​ക്കും മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള പ​ല കാ​ര്യ​ങ്ങ​ളു​മു​ണ്ട്. അ​ങ്ങ​നെ​ ത​ന്നെ​യാ​ണു ന​മ്മു​ടെ സമൂഹവും എ​ന്നതാ​ണ് വേ​റൊ​രു ത​മാ​ശ.

എ​ല്ലാ ദി​വ​സ​വും നാം കേ​ൾ​ക്കു​ന്ന കൊ​ല​പാ​ത​ങ്ങ​ൾ, ഒ​ളി​ച്ചോ​ട്ട​ങ്ങ​ൾ, ആ​ളു​ക​ളെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടു​ന്ന​ത്....​ഇ​തൊ​ക്കെ റി​യലി​സ​മാ​ണോ, ഇ​ങ്ങ​നെ​യൊ​ക്കെ ന​ട​ക്കു​മോ എ​ന്നൊ​ക്കെ ന​മു​ക്കു തോ​ന്നും. ചി​ല പ​ത്ര​വാ​ർ​ത്ത​ക​ൾ... ​അ​മ്മ മ​ക​നെ കൊ​ന്നു, അ​മ്മ മ​ക​ളെ കൊ​ന്നു, അ​ച്ഛ​ൻ മ​ക​നെ കൊ​ന്നു, അ​ച്ഛ​ൻ മ​ക​ളെ റേ​പ്പ് ചെ​യ്തു... ​ഇ​തൊ​ക്കെ റി​യ​ലി​സ​മാ​ണോ. ഇ​തൊ​ക്കെ ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ള​ല്ലേ‍? ഒ​ര​ച്ഛ​ന് എ​ങ്ങ​നെ മ​ക​ളെ റേ​പ്പ് ചെ​യ്യാ​നാ​വും. ഇ​തൊ​ന്നും റി​യ​ലി​സ​മ​ല്ല. പ​ക്ഷേ, ഇ​തൊ​ക്കെ ന​മ്മു​ടെ ജീവിതമാ​ണ്.

ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ് എ​ന്‍റെ സി​നി​മ​യും. എ​ന്‍റെ സി​നി​മ സാധാരണയായി ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന ത​ല​ത്തി​നപ്പുറത്ത് ജീവിതത്തിൽ ന​ട​ക്കു​ന്ന ചില സംഗതികളാണ്. അത് റിയലിസമാണെങ്കിൽ അങ്ങനെ, ആരുടെയെങ്കിലുമൊക്കെ ഫാന്‍റസികളാണെങ്കിൽ അങ്ങനെ.അതിനെ താ​ങ്ക​ളു​ടേ​താ​യ ആ​വി​ഷ്കാ​ര​ശൈ​ലി​യെ​ന്നു പ​റ​യാ​നാ​കു​മോ..?

ന​മ്മ​ൾ റി​യ​ലി​സം എ​ന്നു പ​റ​യു​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് ന​മ്മു​ടെ ലൈ​ഫ് നീ​ണ്ടു​കി​ട​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യൊ​രു സ​ത്യ​മു​ണ്ട്. ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​ന​പ്പു​റ​ത്തേ​ക്കാ​ണ് ന​മ്മു​ടെ ലൈ​ഫി​ന്‍റെ നീ​ട്ടം. അ​തു​കൊ​ണ്ട് കൃ​ത്യ​മാ​യി ഇ​ത് എ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മാ​ണ് എ​ന്നൊ​ന്നും പ​റ​യാ​നാ​വി​ല്ല. ന​മ്മു​ടെ ലൈ​ഫ് അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. പ​ക്ഷേ, പ​ല​പ്പോ​ഴും ന​മ്മ​ൾ അ​ത് തിരിച്ചറിയുന്നില്ല അ​ല്ലെ​ങ്കി​ൽ ന​മ്മു​ടെ സി​നി​മ അ​ത് തിരിച്ചറിയുന്നില്ലെന്നു മാ​ത്രം.

താ​ങ്ക​ളു​ടെ സി​നി​മ സ​മൂ​ഹ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാറ്റം വ​രു​ത്തു​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു​ണ്ടോ..?​ അ​തോ ആ​ത്മ​സം​തൃ​പ്തി​ക്കു വേ​ണ്ടി​യാ​ണോ താ​ങ്ക​ൾ സി​നി​മ​യെ​ടു​ക്കു​ന്ന​ത്..?

ന​മ്മ​ൾ മീ​ൻ​ക​റി ക​ഴി​ക്കു​ന്പോ​ൾ അ​തി​ന്‍റെ രുചി ഇ​ഷ്ട​പ്പെ​ട്ടി​ട്ടാ​ണു ക​ഴി​ക്കു​ന്ന​ത്. അ​ല്ലാ​തെ, അ​തു ക​ഴി​ച്ചി​ട്ട് എ​ന്‍റെ മ​സി​ൽ കരുത്തുള്ളതാവും എ​ന്നു വി​ചാ​രി​ച്ചി​ട്ട​ല്ല​ല്ലോ. ന​മ്മ​ൾ ഒ​രു കാ​ര്യം ചെ​യ്യു​ന്പോ​ൾ വ​ള​രെ​പ്പെ​ട്ടെ​ന്നു ന​മു​ക്കു​കി​ട്ടു​ന്ന ഒ​രു സ​ന്തോ​ഷ​ത്തി​ലാ​ണ് നാം ​അ​തു ചെ​യ്യു​ന്ന​ത്. പ​ക്ഷേ, ആത്യന്തികമായി അ​തു ന​മ്മു​ടെ ശ​രീ​ര​വളർച്ചയ്ക്കു ഗുണകരമായിരിക്കാം. അതു ന​മ്മു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​മാ​യി​രി​ക്കും. അ​തൊ​ക്കെ വേ​റെ കാ​ര്യ​ങ്ങ​ൾ.​

അ​തു​പോ​ലെ, ന​മ്മ​ൾ സി​നി​മ ചെ​യ്യു​ന്ന​ത് അത് ന​മു​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ട്ടാ​ണ്. അ​തു ചെ​യ്യു​ന്പോ​ൾ കി​ട്ടു​ന്ന ആ​ത്മ​സം​തൃ​പ്തികൊ​ണ്ടു മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​ത്. അ​ല്ലാ​തെ, അ​തു ക​ഴി​ഞ്ഞി​ട്ട് ഇ​നി എ​ന്തു​ണ്ടാ​കും എ​ന്നു​ള്ള​തൊ​ക്കെ ര​ണ്ടാ​മ​ത്തെ കാ​ര്യം. ന​മ്മ​ൾ ചെ​യ്യു​ന്ന സി​നി​മ മാ​റ്റം ഉ​ണ്ടാ​ക്കി​യാ​ൽ അ​തു കൊ​ള്ളാം, ഇ​ല്ലെ​ങ്കി​ലും കൊ​ള്ളാം. അ​ത്രേ​യു​ള്ളൂ.താ​ങ്ക​ളു​ടെ സി​നി​മ​ക​ളെ അ​വാ​ർ​ഡു​ക​ൾ തേ​ടി​വ​രു​ന്നു​ണ്ട​ല്ലോ. തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ ഒ​രു സം​ഗ​തി​ എന്നു മാത്രമാണോ അതിനെ കാണുന്നത്..?

തീ​ർ​ച്ച​യാ​യും. ഈ ​അ​വാ​ർ​ഡു​ക​ളി​ലൊ​ന്നും വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. ചി​ല സ​മ​യ​ത്ത് അ​വാ​ർ​ഡ് കി​ട്ടും. ചി​ല​പ്പോ​ൾ ചി​ല​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​വി​ല്ല. അ​വാ​ർ​ഡ് കി​ട്ടി​ല്ല. ചി​ല സ​മ​യ​ത്ത് ആ ​സി​നി​മ ത​ന്നെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കും. ചി​ല സ​മ​യ​ത്ത് സി​നി​മ​യെ ഏ​റെ പു​ക​ഴ്ത്തി​പ്പാ​ടും. അ​തു​ക​ഴി​ഞ്ഞ് എ​ടു​ത്തു താ​ഴോ​ട്ടി​ടും. ഇ​തൊ​ന്നും ന​മ്മ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​തൊ​ക്കെ ഓ​രോ ആ​ളി​ന്‍റെ​യും മാ​ന​സി​കാ​വ​സ്ഥ അ​നു​സ​രി​ച്ചി​രി​ക്കും.

ഒ​രു സി​നി​മ നി​ല​നി​ൽ​ക്കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​തു ര​ണ്ടു മൂ​ന്നു വ​ർ​ഷം കൊ​ണ്ടു മ​ന​സി​ലാ​കു​ന്ന കാ​ര്യ​മ​ല്ല. ഒ​രു​പ​ക്ഷേ, ന​മ്മ​ൾ മ​രി​ച്ചു​പോ​യ​തി​നു ശേ​ഷ​മാ​വും ആ ​സി​നി​മ സ​മൂ​ഹ​ത്തി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​നു​ര​ണ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക. അ​ഗ്ര​ഹാ​ര​ത്തി​ൽ ക​ഴു​തൈ എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ക​മ​ന്‍റ് ഒ​രാ​ൾ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​തു വായിച്ചു. 1977ൽ ​ഉ​ണ്ടാ​ക്കി​യ സി​നി​മ​യാ​ണ​ത്. 42 വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​ക്കി​യ ഒ​രു സി​നി​മ കാ​ലി​ക​പ്ര​സ​ക്ത​മെ​ന്നു പ​റ​ഞ്ഞ് ഇ​ന്ന് ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്നു. ആ ​സ​മ​യ​ത്ത് ആ ​സി​നി​മ​യ്ക്ക് അ​വാ​ർ​ഡ് കി​ട്ടി​യ​തു​കൊ​ണ്ടൊ​ന്നു​മാ​യി​രി​ക്കി​ല്ല അ​ത്.

ഈ ​കാ​ല​ത്ത് ആ ​സി​നി​മ പ്ര​സ​ക്ത​മാ​യ​തു​കൊ​ണ്ട് ജോ​ണ്‍ അ​ബ്ര​ഹാ​മി​നെ​യും അ​ഗ്ര​ഹാ​ര​ത്തി​ൽ ക​ഴു​തൈ​യെ​യും നാം ​ഓ​ർ​മി​ക്കു​ന്നു. ഇ​നി 40 വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ന്‍റെ സി​നി​മ ഓ​ർ​മി​ക്ക​പ്പെ​ടു​മോ ഇ​ല്ല​യോ എ​ന്നൊ​ന്നും ന​മു​ക്ക​റി​യി​ല്ല. അ​ന്നൊ​ന്നും ന​മ്മ​ൾ ജീ​വി​ച്ചി​രി​ക്കു​ക​പോ​ലു​മു​ണ്ടാ​വി​ല്ല. അ​തി​നെ​പ്പ​റ്റി ന​മ്മ​ൾ വിഷമിച്ചിട്ടു കാ​ര്യ​വുമില്ല.സ​ന്ദേ​ശം ന​ല്കു​ന്ന​താ​വ​ണം സി​നി​മ എ​ന്നും താ​ങ്ക​ൾ വി​ശ്വ​സി​ക്കു​ന്നു​ണ്ടാ​വി​ല്ല​ല്ലോ..?

ഉ​റ​പ്പാ​യും ഇ​ല്ല. കേ​വ​ല​മാ​യ ന​മ്മു​ടെ ധാ​ര​ണ​ക​ളു​ടെ പു​റ​ത്തു നി​ന്നാ​ണ് സന്ദേശം എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത്. ന​മ്മ​ൾ ന​മ്മു​ടെ മ​ക്ക​ളെ പ​റ​ഞ്ഞു​പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​ത്തെ പ​റ​ഞ്ഞു പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്! നി​ങ്ങ​ൾ പ​ഠി​ച്ച​തൊ​ന്നു​മ​ല്ല ഞ​ങ്ങ​ൾ​ പ​ഠി​ക്കു​ന്ന​ത്, ഇ​തു വേ​റെ കാ​ല​മാ​ണെ​ന്നു നാലു വർഷം കഴിയുന്പോൾ അവർ പ​റ​ഞ്ഞാ​ൽ ന​മ്മ​ൾ വെ​റു​തേ​യി​രി​ക്കും.

അ​തു​പോ​ലെ, കാ​ലം ക​ഴി​ഞ്ഞു പോ​യി, നീ ​വെ​റു​തേ​യി​രു​ന്നോ എ​ന്ന് അ​ഞ്ചു വ​ർ​ഷം ക​ഴി​യു​ന്പോ​ൾ സമൂഹം പ​റ​യും. അ​തി​നാ​ൽ സ​മൂ​ഹ​ത്തി​നു സ​ന്ദേ​ശം കൊ​ടു​ക്കാ​നൊ​ന്നും ന​മ്മ​ളെ​ക്കൊ​ണ്ടു പ​റ്റി​ല്ല. കാ​ര​ണം, ന​മ്മ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ന്‍റെയും ന​മ്മു​ടെ അ​റി​വി​ന്‍റെയും ന​മ്മു​ടെ വൈദഗ്ധ്യത്തിന്‍റെയും പ​രി​മി​തി​ക​ൾ ന​മ്മു​ടെ സി​നി​മ​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കും. അ​തു​കൊ​ണ്ട് സന്ദേശം കൊ​ടു​ക്കാ​ൻ സി​നി​മ​യെ​ടു​ക്കു​ന്ന​വ​ൻ മ​ര​മ​ണ്ട​നാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.സ്വ​ത​ന്ത്ര​മാ​യി സി​നി​മ ചെ​യ്യു​ന്പോ​ൾ പ്ര​തി​സ​ന്ധി​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ. അ​തു ത​ര​ണം ചെ​യ്യാ​ൻ ‘കാ​ഴ്ച ച​ല​ച്ചി​ത്ര​വേ​ദി’ സ​ഹാ​യ​ക​മാ​യോ..?

‘കാ​ഴ്ച ച​ല​ച്ചി​ത്ര​വേ​ദി’ ഞാ​ൻ സി​നി​മ​യു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യു​ണ്ടാ​ക്കി​യ ഒ​രു കു​റു​ക്കു​വ​ഴി​യാ​ണെ​ങ്കി​ലും അ​തി​ന​പ്പു​റ​ത്തേ​ക്കു വ​ള​ർ​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​ണത്. ധാ​രാ​ളം ആ​ളു​ക​ൾ അ​തി​ന​ക​ത്ത് അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ആ ​രീ​തി​യി​ൽ അ​തു വ​ള​ർ​ന്നി​ട്ടു​ണ്ട്. ഒ​രു​പാ​ട് ആ​ളു​ക​ളെ അ​തു പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നൊ​ന്നും ക്രെ​ഡി​റ്റെ​ടു​ക്കാ​ൻ ഞാ​ൻ അ​ർ​ഹ​ന​ല്ല. അ​തൊ​രു വ​ലി​യ പ്ര​സ്ഥാ​ന​മാ​ണ്. എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ൾ​ക്കും അ​തി​ന്‍റെ സ​പ്പോ​ർ​ട്ടു​ണ്ട്.

ക​ള​ക്‌ഷ​നെ​ടു​ത്തു സി​നി​മ ചെ​യ്യു​ന്ന രീ​തി​യു​ടെ തു​ട​ർ​ച്ച​യാ​ണോ ചോ​ല​യു​ടെ നി​ർ​മാ​ണ​വും..?

ഇ​തി​നു പ്രൊ​ഡ്യൂ​സ​ർ ഉ​ണ്ട്. ആ​വ​ശ്യ​ത്തി​നു പ​ണ​മി​ല്ലാ​തെ വ​രു​ന്പോ​ഴാ​ണ​ല്ലോ ന​മ്മ​ൾ ക​ള​ക്‌ഷ​നെ​ടു​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​നു വിഭവങ്ങൾ ഉ​ണ്ടെങ്കിൽ വേ​റൊ​രാ​ളെ എ​ന്തി​നു ബു​ദ്ധി​മു​ട്ടി​ക്ക​ണം. സി​നി​മ എ​ന്ന​ത് അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണെ​ന്നും പ്ര​ത്യേ​കി​ച്ചും വ്യാവസായിക വിജയം നേടിത്തരാത്ത ഒ​രു സി​നി​മ വ​ള​രെ വ​ലി​യ അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണെ​ന്നും മ​ന​സി​ലാ​ക്കു​ന്പോ​ൾ ന​മ്മ​ൾ ആ​ളു​ക​ളോ​ടു ചോ​ദി​ക്കി​ല്ല. പ​ക്ഷേ, ന​മ്മ​ൾ വ​യറു മു​റു​ക്കി​യു​ടു​ക്കും. വിമാനത്തിൽ പോ​കാ​വു​ന്ന സ്ഥ​ല​ത്തു ന​മ്മ​ൾ ട്രെ​യി​നി​ൽ പോ​കും. ട്രെ​യി​നി​ൽ പോ​കാ​വു​ന്ന സ്ഥ​ല​ത്ത് ന​മ്മ​ൾ ന​ട​ന്നു​പോ​കും. അ​തൊ​ക്കെ ഒ​രു സി​നി​മ​യ്ക്കു​വേ​ണ്ടി ന​മ്മ​ൾ ന​മ്മ​ളെ​ത്ത​ന്നെ മ​ന​സി​ലാ​ക്കു​ന്ന​തി​ന്‍റെ ഒ​രു രീ​തി​യാ​ണ്.

അ​ത് ഒ​രാ​ളു​ടെ മാ​ത്രം രീ​തി​യ​ല്ല. അ​തി​ന​ക​ത്തു പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന സം​ഗ​തി​യാ​ണത്. ജോജു ജോർജിന്‍റെ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസാണ് ചോല നിർമിച്ചിരിക്കുന്നത്. നിവ് ആർട്ട് മൂവീസ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ചോല തമിഴിലും മലയാളത്തിലും ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുക. തമിഴിലെ റിലീസ് കാർത്തിക് സുബ്ബരാജിന്‍റെ സ്റ്റോൺ ബെഞ്ച് ആണ് നിർവഹിക്കുന്നത്.ചോ​ല​യ്ക്കു ‘ഷാ​ഡോ ഓ​ഫ് വാ​ട്ട​ർ’ എ​ന്നു ത​ർ​ജ​മ ന​ല്കി​യ​തി​നു പി​ന്നി​ൽ..?

വെ​ള്ളം അ​ന​ങ്ങാ​ത്ത​പ്പോ​ൾ അ​തി​ൽ നി​ഴ​ലു​ണ്ടാ​വി​ല്ല. അ​തി​ൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്പോൾ... അതായത് വെ​ള്ളം ഓ​ളം​വെ​ട്ടു​ന്പോ​ൾ മാ​ത്ര​മേ നി​ഴ​ലു​ണ്ടാ​വു​ക​യു​ള്ളൂ. അ​തു​പോ​ലെ ഒ​രു സം​ഗ​തി ഈ ​സി​നി​മ​യി​ലു​ണ്ട്. ന​മ്മ​ൾ ശല്യം ചെ​യ്യു​ന്പോ​ൾ മാ​ത്ര​മേ ആ​ളു​ക​ളു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം വെ​ളി​വാകുക​യു​ള്ളൂ.

പോ​സ്റ്റ​റി​ലെ ടൈ​റ്റി​ൽ ചോ​ല​യെ​ന്നും ചോ​ര​യെ​ന്നു​മൊ​ക്കെ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. ആ ​ടൈ​റ്റി​ലി​നു പി​ന്നി​ൽ...?

ഈ ​സി​നി​മ​യു​ടെ മൊ​ത്തം ക്രെ​ഡി​റ്റും ഒ​രാ​ളി​ന്‍റെ​യല്ല; അ​തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യു​മാ​ണ്. ആ ​സി​നി​മ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യാ​യാ​ലും ഏ​റ്റ​വും മോ​ശം സി​നി​മ​യാ​യാ​ലും അ​തി​ന്‍റെ ക്രെ​ഡി​റ്റ് കൂ​ടെ നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രി​ലേ​ക്കു​മാ​ണ് പ​ങ്കു​വ​ച്ചു പോ​കു​ന്ന​ത്. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് എ​നി​ക്കു കി​ട്ടി​യാ​ലും മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് വേ​റൊ​രാ​ൾ​ക്കു കി​ട്ടി​യാ​ലും അ​തെ​ല്ലാം ആ ​ടീ​മി​ന്‍റെ ഗു​ണ​മാ​ണ്.

ചോ​ര​യെ​ന്നും ചോ​ലയെ​ന്നു​മു​ള്ള സം​ഗ​തി​ക​ളെ​ല്ലാം ആ ​ടീ​മി​ന്‍റെ വ​ർ​ക്കാ​ണ്. അതിൽ ആ ​പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത ദി​ലീ​പി​ന് വ​ള​രെ​യ​ധി​കം പ​ങ്കു​ണ്ട്. ഒ​രാ​ൾ​പ്പൊ​ക്കം മു​ത​ലു​ള്ള സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ ദീ​ലീ​പ് ചെ​യ്തി​ട്ടു​ണ്ട്.‘ഉന്മാ​ദി​യു​ടെ മ​ര​ണം’ എ​ന്നൊ​രു സി​നി​മ കൂ​ടി ചെ​യ്ത​താ​യി കേ​ട്ടി​രു​ന്നു..?

അതൊരു പൊളിറ്റിക്കൽ സിനിമയാണ്. സെ​ൻ​സ​ർ ചെ​യ്തി​ട്ടി​ല്ല. തി​യ​റ്റ​റി​ൽ വ​ന്നി​ട്ടുമില്ല. സെക്സി ദുർഗയ്ക്കുശേഷം വന്ന സിനിമയാണ്. ‘ഉന്മാദി​യു​ടെ മ​ര​ണം’ ക​ഴി​ഞ്ഞാ​ണു ചോ​ല ചെ​യ്യുന്നത്. നാ​നൂ​റി​ന​ടു​ത്ത് ആ​ളു​ക​ൾ അതിൽ അഭിനയിച്ചിട്ടുണ്ട്. മാരി എന്ന നടനാണ് ഉന്മാദിയെ അവതരിപ്പിച്ചിരിക്കുന്നത്. ന​മ്മു​ടെ ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ സം​ബ​ന്ധി​ച്ചും സ്വ​പ്നം കാ​ണു​ന്ന മ​നു​ഷ്യ​രു​ടെ സ്വ​പ്നം തന്നെ സെ​ൻ​സ​ർ ചെ​യ്യു​ന്ന സ​മൂ​ഹ​ത്തെക്കുറിച്ചുമൊക്കെ‍യാണ് ആ സിനിമ പറയുന്നത്.

സെൻസർ ബോർഡ് അല്ല യഥാർഥത്തിൽ സെൻസറിംഗ് ചെയ്യുന്നത്. നമ്മുടെ സമൂഹമാണ് യഥാർഥ സെൻസർ ബോർഡ്. അ​താ​യ​ത്, ന​മ്മ​ൾ വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ ന​മു​ക്ക് ഒ​രു​കാ​ര്യം പ​റ​യാ​മോ, ഒന്നു മിണ്ടാമോ ഒരു ശബ്ദം പു​റ​പ്പെ​ടു​വി​ക്കാ​മോ എന്നൊക്കെ നമ്മുടെ മനസിൽ ആശങ്കകളായാണ് ആ സെൻസറിംഗ് നടക്കുന്നത്.

ആദ്യം നമുക്ക് പറയാൻ തോന്നണം. പിന്നയേ പറയാൻ കഴിയുമോ എന്നുള്ള ചോദ്യം വരുന്നുള്ളൂ. അങ്ങനെയൊരു സമൂഹമായി നമ്മുടേത് മാറുകയാണ്. നമ്മൾ പറഞ്ഞുകഴിഞ്ഞ് സെൻസർ ചെയ്യുന്നതിനേക്കാൾ ഭീതിദമാണ് നമുക്ക് ചിന്തിക്കാൻ തന്നെ പറ്റാത്ത അവസ്ഥ. അത്തരമൊരവസ്ഥയാണ് ആ സിനിമ കാണിക്കുന്നത്.സിനിമാ സെ​ൻ​സ​റിം​ഗ് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ മു​റു​കി​വ​രു​ന്ന കാ​ലം കൂ​ടി​യാ​ണ​ല്ലോ ഇ​ത്..?

അ​ത് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. ഇ​പ്പോ​ൾ അ​തു വ​ള​രെ കൂ​ടു​ത​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​ത് ഇ​നി​യും കൂ​ടും. ഒ​രു ഘ​ട്ടം ക​ഴി​യു​ന്പോ​ൾ ആ​ളു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കും. മ​നു​ഷ്യ​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് അവനു പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​യാ​ൻ പ​റ്റ​ണം. പ​റ​യാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ൽ അ​വ​ൻ അ​ത് അമർത്തി വച്ച് അ​വ​സാ​നം ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കും​പോ​ലെ പൊ​ട്ടി​ത്തെ​റി​ക്കും.

ന​മ്മു​ടെ സമൂഹത്തിന്‍റ അ​നി​വാ​ര്യ​മാ​യ ഒ​രു പ​രി​ണാ​മ​മാ​യി​രി​ക്കും അ​ത്. ഒ​രു​പ​ക്ഷേ, പ​ത്തി​രു​പ​തു വ​ർ​ഷം ക​ഴി​യു​ന്പോ​ഴാ​യി​രി​ക്കും ആ ​പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കു​ന്ന​ത്.അടുത്ത സി​നി​മ​യെ​ക്കു​റി​ച്ച്..?

അടുത്ത സിനിമ മഞ്ജുവാര്യർ അഭിനയിക്കുന്ന ‘കയറ്റം’. ഹിമാചൽ പ്രദേശിൽ അതിന്‍റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിലെ ചിത്രീകരണത്തിനിടെ ഓഗസ്റ്റ് 18ന് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി. അതിനെ അതിജീവിച്ചാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.