സെന്നയും പദ്മിനിയും
Tuesday, July 11, 2023 3:57 PM IST
തിങ്കളാഴ്ച നിശ്ചയത്തിന്‍റെ സംവിധായകന്‍ സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്‍റെ എഴുത്തുകാരന്‍ ദീപു പ്രദീപും ചേര്‍ന്നൊരുക്കുന്ന പദ്മിനി തിയറ്ററുകളിലേക്ക്. കുഞ്ചാക്കോ ബോബനാണു നായകന്‍. വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍, അപര്‍ണ ബാലമുരളി എന്നിവരാണു നായികമാർ.

ചില ജീവിതസാഹചര്യങ്ങളില്‍ ചെന്നുപെടുന്ന ചാക്കോച്ചന്‍റെ കഥാപാത്രം രമേശന്‍ അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണു സിനിമ. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമഡി ഫാമിലി എന്‍റര്‍ടെയ്നറാണ് പദ്മിനിയെന്നു സെന്ന ഹെഗ്ഡെ.ദീപു പ്രദീപിന്‍റെ സ്ക്രിപ്റ്റിലേക്ക് എത്തിയത്...

തിങ്കളാഴ്ച നിശ്ചയം ചെയ്യുന്നതിനു മുന്‍പേ ദീപുവിനെ അറിയാം, അടുത്ത സുഹൃത്താണ്. അതിന്‍റെ സ്ക്രിപ്റ്റ് ദീപുവിന് അയച്ച് അഭിപ്രായം ചോദിച്ചിരുന്നു. മറ്റൊരാള്‍ ചെയ്യാനിരുന്നതാണ് ഈ സിനിമ. ചില കാരണങ്ങളാല്‍ അതു വൈകിയപ്പോള്‍ ഇതു സംവിധാനം ചെയ്യാമോ എന്ന് ദീപു എന്നോടു ചോദിച്ചു.

സ്ക്രിപ്റ്റ് വായിച്ചശേഷം ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ പറഞ്ഞു, സ്ക്രിപ്റ്റില്‍ കുറച്ചു മാറ്റങ്ങള്‍ ചോദിച്ചു. ദീപു ആ മാറ്റങ്ങള്‍ ചെയ്തുതന്നു. പക്ഷേ, കഥയുടെ കാതലായ ചിന്തയും അതിന്‍റെ സത്യസന്ധതയും ആ സ്ക്രിപ്റ്റിനോട് ഇഷ്ടം തോന്നാനുള്ള കാര്യങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. എഴുത്തും ഡയലോഗും സ്ക്രീന്‍ പ്ലേയുമെല്ലാം ദീപുവിന്‍റേതുതന്നെയാണ്.എന്താണ് പദ്മിനി...

പദ്മിനി എന്താണെന്നു സിനിമ കണ്ടുതന്നെയറിയണം. ചിലപ്പോള്‍ അതു കാര്‍ ആയിരിക്കാം. എന്തിന്‍റെയെങ്കിലും ടൈറ്റില്‍ ആയിരിക്കാം.

ചിലപ്പോള്‍ ഏതെങ്കിലും നടിയുടെ കഥാപാത്രമായിരിക്കാം.കുഞ്ചാക്കോ ബോബനിലേക്ക്...

ഈ സ്ക്രിപ്റ്റ് റെഡിയായി രണ്ടു വര്‍ഷത്തിനു ശേഷമാണ് എന്‍റെയടുത്ത് എത്തിയത്. കുഞ്ചാക്കോബോബനെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനവുമായാണ് ദീപു വന്നത്. എനിക്കും അത് ഓകെ ആയിരുന്നു.

എന്‍റെടെയ്നിംഗ് ചാക്കോച്ചനെ ഇതില്‍ കാണാം. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളിലും എന്തെങ്കിലും പുതുമ ഉണ്ടാകുമല്ലോ. എല്ലാവര്‍ക്കും ഇഷ്ടം തോന്നിക്കുന്ന ചാക്കോച്ചനാണ് ഇതില്‍. ഏറെ സിംപിളാണു ചാക്കോച്ചന്‍. ഒന്നിച്ചു വർക്ക് ചെയ്തത് വളരെ ആസ്വാദ്യമായ അനുഭവമായിരുന്നു.ഫീല്‍ഗുഡ് ചേരുവകള്‍ ചേര്‍ത്താണോ മേക്കിംഗ്...

ഇതൊരു സ്മോള്‍ ടൗണ്‍ സ്റ്റോറിയാണ്. സ്ക്രിപ്റ്റിനോടു നീതിപുലര്‍ത്തുംവിധമാണു ചെയ്തിരിക്കുന്നത്. അല്ലാതെ ആളുകള്‍ക്ക് ഇതിഷ്ടമാവും അതിഷ്ടമാവും എന്നൊക്കെ നോക്കിയല്ല സിനിമ ചെയ്തത്.

എന്‍റെ ആദ്യ കന്നട പടം മുതല്‍ കാമറ ചെയ്യുന്ന ശ്രീരാജ് രവീന്ദ്രനാണ് ഇതിലും സിനിമാറ്റോഗ്രഫര്‍. മനു മഞ്ജിത്തിന്‍റെ വരികള്‍ക്കു സംഗീതമൊരുക്കിയതു ജേക്സ് ബിജോയ്. എഡിറ്റിംഗ് മനു ആന്‍റണി.തിങ്കളാഴ്ച നിശ്ചയത്തിന്‍റെ ജോണറിലുള്ള സിനിമയാണോ..?

തിങ്കളാഴ്ച നിശ്ചയം ഞാനറിയുന്ന കാഞ്ഞങ്ങാട്ടെ നാട്ടിന്‍പുറത്തുള്ള കഥയാണ്. അതും ഫാമിലി കോമഡി എന്‍റര്‍ടെയ്നറായിരുന്നു. മൊത്തത്തില്‍ നോക്കിയാല്‍ ഇതും അങ്ങനെതന്നെ. പക്ഷേ, കുറച്ചുകൂടി എന്‍റര്‍ടെയ്നിംഗാണിത്.

ഒരു നാട്ടിന്‍പുറത്ത് ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ ജീവിതത്തില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ്. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. നിര്‍മാണം ലിറ്റില്‍ ബിഗ് ഫിലിംസ്, പ്രശോഭ് കൃഷ്ണ, സുവിന്‍ കെ. വര്‍ക്കി.തിങ്കളാഴ്ച നിശ്ചയത്തിലൂടെ കാസര്‍ഗോഡിനെ പരിചയപ്പെടുത്തി. ഇപ്പോള്‍ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണല്ലോ കാസര്‍ഗോഡ്...

കാസര്‍ഗോട്ടു പോയി ഷൂട്ട് ചെയ്താല്‍ വ്യത്യസ്തമായ, പുതുമയുള്ള സ്ഥലങ്ങളും കുറേ ആളുകളെയും കിട്ടുമെന്ന് എല്ലാ സിനിമാക്കാര്‍ക്കും മനസിലായി.

കാസര്‍ഗോട്ടുനിന്നു ചില പുതിയ കാരക്ടര്‍ ആക്ടേഴ്സ് മലയാള സിനിമയിൽ കയറിയിട്ടുണ്ട്. ഇവിടം സിനിമയ്ക്കു പറ്റിയതാണ്. ഇതു പണ്ടേ നടക്കേണ്ടതായിരുന്നു.തിയറ്ററിലേക്ക് ജനത്തിന്‍റെ വരവു കുറഞ്ഞതു വെല്ലുവിളിയല്ലേ...

ഒരു സിനിമ പറയുന്ന വിഷയത്തോട് ആളുകള്‍ക്ക് അടുപ്പം തോന്നിയാല്‍ അവര്‍ തിയറ്ററില്‍ കയറും. പോസിറ്റീവായി ചിന്തിച്ചുതന്നെയാണ് ഈ പടവും ചെയ്തിരിക്കുന്നത്.

ആളുകള്‍ വന്നാല്‍ നമ്മുടെ ഭാഗ്യം. വന്നില്ലെങ്കില്‍ അടുത്ത പടം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യാന്‍ ശ്രമിക്കും.തിങ്കളാഴ്ച നിശ്ചയത്തിനു പാര്‍ട്ട് രണ്ട് വരുമോ..?

തിങ്കളാഴ്ച നിശ്ചയത്തിന്‍റെ രണ്ടാം ഭാഗം എഴുതുകയാണ്. അടുത്ത വര്‍ഷം ആ സിനിമ ചെയ്യും. ആദ്യഭാഗത്തിലെ വളരെ കുറച്ചു കഥാപാത്രങ്ങള്‍ അടുത്ത പാര്‍ട്ടിലും ഉണ്ടാവും. മിക്ക കഥാപാത്രങ്ങളും പുതിയതായിരിക്കും.

ആദ്യ ഡ്രാഫ്റ്റ് എഴുതി. അതിനിടയില്‍ പദ്മിനിയുടെ തിരക്കുകളിലായി. ഇപ്പോള്‍ ഞാന്‍ വേറൊരു സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. റെഡിയായാല്‍ പദ്മിനിക്കുശേഷം അതു സംവിധാനം ചെയ്യും. ദീപു എഴുതി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയും അടുത്ത വര്‍ഷം പ്ലാനുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.