നെയ്മറാണ് ഹീറോ!
Tuesday, May 2, 2023 12:23 PM IST
നെയ്മറിന്‍റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വിജയരാഘവനും ഷമ്മി തിലകനും ജോണി ആന്‍റണിയും മാത്യുവും നസ്‌ലനുമുള്‍പ്പെടെ ആഗ്രഹിച്ച നിമിഷങ്ങൾ. സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മര്‍ സിനിമയിലെ നായകനാണ് നെയ്മര്‍ എന്ന നാടന്‍നായ.

‘ബ്രസീല്‍ ഫാൻസുകാരാണ് മാത്യുവിന്‍റെയും നസ്‌ലന്‍റെയും കഥാപാത്രങ്ങൾ. അവരുടെ ഇടയിലേക്ക് നെയ്മര്‍ എന്ന നായ വരുന്നതും അന്നാട്ടിലും അവരുടെ ജീവിതത്തിലും അതുണ്ടാക്കുന്ന പ്രശ്നങ്ങളും രസകരമായ സംഭവങ്ങളുമാണ് സിനിമ. വി സിനിമാസിന്‍റെ ബാനറിൽ പദ്മ ഉദയ് നിർമിച്ച നെയ്മറിനു തിരക്കഥയൊരുക്കിയത് ആദര്‍ശും പോള്‍സണുമാണ്’ - സുധി പറഞ്ഞു.തുടക്കം ജില്ലയിൽ

ജില്ല സിനിമയുടെ അസിസ്റ്റന്‍റ് എഡിറ്ററായി തുടക്കം. ഹാപ്പി വെഡ്ഡിംഗ്, ഗപ്പി, അമ്പിളി തുടങ്ങി പതിനെട്ടു സിനിമകളില്‍ അസി. എഡിറ്ററും സ്പോട്ട് എഡിറ്ററുമായി. ഓപ്പറേഷന്‍ ജാവയില്‍ കോ ഡയറക്ടറായി.

സ്വന്തമായി സിനിമ ചെയ്യാൻ ആത്മവിശ്വാസം നേടിയപ്പോള്‍ രൂപപ്പെടുത്തിയ കഥയാണു നെയ്മര്‍. നാടന്‍നായ തന്നെ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഫോറിന്‍ ബ്രീഡിനെയാണ് സാധാരണ ഇത്തരം സിനിമകളിൽ കാണാറുള്ളത്. പക്ഷേ, നാടന്‍നായ വന്നു കയ്യടി നേടുന്നതിലല്ലേ രസം.നെയ്മര്‍ ദിനങ്ങള്‍

നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അഭിലാഷ് എന്ന സുഹൃത്തിന്‍റെ വീട്ടില്‍നിന്നാണ് നെയ്മറിനെ കിട്ടിയത്. നാടന്‍ ബ്രീഡുകള്‍ക്ക് ആളുകള്‍ അടുത്തുചെല്ലുന്നതു പേടിയാണ്. പക്ഷേ, നെയ്മർ അങ്ങനെ ആയിരുന്നില്ല. മൂന്നുമാസം പ്രായമുള്ള നെയ്മറിനെ കോയമ്പത്തൂരുള്ള പാര്‍ഥസാരഥി എന്ന പരിശീലകനു കൈമാറി. ഫുള്‍ സ്ക്രിപ്റ്റും കൊടുത്തു.

ഫുഡ് ക്രേസുളള നായ ആണ് നെയ്മർ. ആയതിനാൽ കാര്യങ്ങള്‍ അതിവേഗം പഠിക്കുമെന്നു പരിശീലകന്‍റെ ഉറപ്പ്. ഒപ്പംനിന്ന് ഭക്ഷണം കഴിപ്പിച്ച് അതിനെ കംഫർട്ടാക്കിയശേഷം സീന്‍ ചെയ്യുന്നതിന് ആവശ്യമായ പരിശീലനം. ഒമ്പതു മാസം പ്രായമുള്ളപ്പോൾ പരിശീലനം പൂർത്തിയാക്കി ഇതിന്‍റെ സെറ്റിലെത്തി.സിനിമയില്‍ ഉപയോഗിക്കുന്ന എല്ലാ പ്രോപ്പർട്ടിയും നെയ്മറിനു പരിചിതമാവേണ്ടതു പ്രധാനമായിരുന്നു. അല്ലെങ്കിൽ മുന്നില്‍ പെട്ടെന്ന് ഒരാൾ ബാഗ് തൂക്കി അല്ലെങ്കില്‍ ക്യാപ് ധരിച്ച് വന്നുനിന്നാല്‍ അവന്‍ പേടിക്കും. പ്രൊഡക്ഷന്‍ സമയത്തു വാങ്ങേണ്ട സാധനങ്ങള്‍ പ്രീ പ്രൊഡക്ഷന്‍ സമയത്തുതന്നെ വാങ്ങി അവയുടെ ഗന്ധവും മറ്റും പരിചിതമാക്കിയശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്.

മാത്യുവും നസ്‌ലനും ഉള്‍പ്പെടെയുള്ള ആര്‍ട്ടിസ്റ്റുകളും നായയ്ക്കു പരിചിതരാവണം. അതിനായി വർക്ഔട്ട് സമയത്തെ അവരുടെ വിയര്‍പ്പ് തൂവാലകളില്‍ ഒപ്പിയെടുത്ത് വായുസഞ്ചാരമില്ലാത്ത ബോട്ടിലുകളിലാക്കി പരിശീലകനെ ഏല്‍പ്പിച്ചു. പരിശീലകൻ ഈ തൂവാലകള്‍ അവനെക്കൊണ്ടു മണപ്പിച്ചു. പിന്നീടു സെറ്റിലെത്തിയപ്പോൾ നെയ്മർ അവരുടെ ഗന്ധം കൃത്യമായി തിരിച്ചറിഞ്ഞു.

ഷൂട്ടിംഗ് കാണാനെത്തിയവർക്കും സംവിധായകൻ, സാങ്കേതിക വിദഗ്ധർ, നിർമാതാവ് എന്നിവർക്കും നെയ്മറിന് ഭക്ഷണം നൽകാൻ അനുവാദം ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അടുത്താല്‍ ഷോട്ടിന്‍റെ സമയത്ത് അവന്‍ അടുത്തേക്കു വരാനിടയുണ്ടെന്ന അറിവിലായിരുന്നു നിയന്ത്രണം.അഡ്വഞ്ചര്‍ സിനിമ

കേരളവും തമിഴ്നാടുമാണു കഥാപശ്ചാത്തലമെങ്കിലും ഇതു റോഡ് മൂവിയല്ല. നായ കേന്ദ്രകഥാപാത്രമായ മിക്ക സിനിമകളിലും കണ്ടിട്ടുള്ളത് അതും ഉടമയും തമ്മിലുള്ള ഇമോഷനുകളാണ്.

നെയ്മറിലും ഇമോഷനുകളുണ്ട്. പക്ഷേ, സിനിമയുടെ എൺപത് ശതമാനവും എന്‍റര്‍ടെയ്നറാണ്. നെയ്മറിന്‍റെ കുരുത്തക്കേടുകളും അതില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും അഡ്വഞ്ചറുമാണു സിനിമ. ഒപ്പം, ഫൈറ്റും കോമഡിയുമുണ്ട്. ഫാമിലി, യൂത്ത്, കുട്ടികള്‍... എല്ലാവര്‍ക്കുമുള്ള രസക്കൂട്ടുകളുണ്ട്.നെയ്മറിന്‍റെ മാസ് സീക്വന്‍സുകളും വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്‍റണി, മാത്യു, നസ്‌ലന്‍ എന്നിവരുടെ പ്രകടനങ്ങളും നെയ്മറിനെ മാസ് എന്‍റര്‍ടെയ്നറാക്കുന്നു. ഒപ്പം, തമിഴിൽനിന്നുള്ള ഒരു നടനും പ്രധാന വേഷത്തിലുണ്ട്.

തുഷാര പിള്ളയാണ് മാത്യുവിന്‍റെ അമ്മവേഷത്തിൽ. മണിയന്‍പിള്ള രാജു, രശ്മി ബോബന്‍, ദേവനന്ദ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ.ഷാന്‍ റഹ്മാന്‍ - ഗോപിസുന്ദര്‍

അഞ്ച് മലയാളം പാട്ടുകളും നാല് തമിഴ്പാട്ടുകളും ഉള്‍പ്പെടെ ഷാന്‍ റഹ്മാന്‍ ഈണമിട്ട ഒമ്പതു പാട്ടുകളുണ്ട് നെയ്മറില്‍. കബാലിയിലെ ഞെരിപ്പെടാ പാടിയ അരുണ്‍രാജ കാമരാജ്, ആന്‍റണി ദാസന്‍, കെജിഎഫിലും വാരിസിലും പാടിയ ദീപക് ധില്ലന്‍, നാട്ടു നാട്ടു പാടിയ യാസിന്‍ നിസാര്‍ എന്നിവരുള്‍പ്പെട്ട ഗായകനിര.

വിക്രമിലെ നായകന്‍ മീണ്ടും വരാ, പൊര്‍ക്കണ്ട സിംഗം, മാസ്റ്ററിലെ പൊളക്കട്ടും പറ... പാട്ടുകളെഴുതിയ വിഷ്ണു എടവാനാണു തമിഴ് ഗാനരചന. മലയാളത്തില്‍ വിനായക് ശശികുമാര്‍. ബാക്ക് ഗ്രൗണ്ട് സ്കോര്‍ ഗോപിസുന്ദര്‍. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കാമറ ആല്‍ബി ആന്‍റണി.ഏതു നാട്ടിലുള്ളവര്‍ക്കും ഈ സിനിമ രസിക്കും. നായ എന്ന കണ്ടന്‍റിനു ഭാഷയില്ല. നായ ഒരു യൂണിവേഴ്സല്‍ ഹീറോയാണ് - സുധി പറഞ്ഞു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.