വെള്ളക്കയില്‍ നിന്നു സിനിമയുണ്ടായ കഥ
Tuesday, December 6, 2022 3:28 PM IST
വിനോദത്തിന്‍റെ പുതിയ രസക്കൂട്ടുകൾ കണ്ടെത്തി സിനിമയൊരുക്കുന്ന സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവയ്ക്കുശേഷം തരുണ്‍ പറയുന്നത് ഒരു വെള്ളക്കയില്‍ നിന്നുണ്ടായ കഥയാണ്. അതാണ് ഉര്‍വശി തിയറ്റേഴ്സിന്‍റെ സൗദി വെള്ളക്ക.

"ഒരു വെള്ളക്കയാണ് ഇതിലെ താരം. ആ വെള്ളക്കയെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ഇരുപതോളം കഥാപാത്രങ്ങളാണ് മറ്റു താരങ്ങള്‍. കൊച്ചിയില്‍ തേവരപ്പാലത്തിനപ്പുറമുള്ള സൗദിയെന്ന പ്രദേശത്തെ ഒരു കേസിനു കോടതിയില്‍ കിട്ടിയ വിളിപ്പേരാണ് സൗദി വെള്ളക്ക. 12 വര്‍ഷത്തെ വിസ്താരത്തിനൊടുവില്‍ 2016 ല്‍ അതിന്‍റെ വിധിയെത്തി. ആ വാര്‍ത്ത വന്ന പത്ര കട്ടിംഗില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം - തരുണ്‍ മൂര്‍ത്തി പറയുന്നു.



ജാവയ്ക്കു മുന്നേ

പത്രവാര്‍ത്തയിലെ കഥതേടി സൗദിയില്‍ പോവുകയും ആ കഥയില്‍ ഭാഗമായവരെ നേരില്‍ കാണുകയും ചെയ്തു. 2016 ല്‍ കണ്ട ഒരു വാര്‍ത്ത 2021 വരെ ആവേശം കെടാതെ മനസില്‍ തുടര്‍ന്നപ്പോഴാണ് ഈ സിനിമ സംഭവിച്ചത്. പ്രേക്ഷകരെ രസിപ്പിക്കാനായി കുറച്ചു ഫിക്ഷണലായ കാര്യങ്ങളും ചേര്‍ത്തു. പക്ഷേ, ഇതിന്‍റെ കാതല്‍ അന്നു പേപ്പര്‍ കട്ടിംഗില്‍ വായിച്ച അതേ വിഷയം തന്നെ.

ഇത്തരം വിഷയങ്ങളുടെ വിനോദ മൂല്യം മനസിലാക്കുന്ന നിര്‍മാതാവ് സന്ദീപ് സേനന്‍ സിനിമ ചെയ്യാമെന്നു സമ്മതിച്ചതോടെ ജാവയ്ക്കുശേഷം ഞാൻ ചില വലിയ താരങ്ങളുമായി സംസാരിച്ചുവന്ന പ്രോജക്ടുകള്‍ മാറ്റിവച്ചു. ആരോടു പറഞ്ഞാലും ഉറപ്പായും ചെയ്യണമെന്നു പറയുന്ന കഥയും തിരക്കഥയുമൊക്കെയാണ് ഈ സിനിമയുടേത്.



സുഗന്ധദ്രവ്യങ്ങള്‍ വാങ്ങാന്‍ പണ്ട് അറബിനാട്ടില്‍ നിന്നു കൊച്ചിയിലെത്തിയവര്‍ താമസിച്ചിരുന്ന സ്ഥലമാണ് സൗദി. എല്ലാ മതസ്ഥരും സന്തോഷത്തോടെ ജീവിക്കുന്ന, അങ്ങനെയാരും അറിയാത്ത ഒരു ചെറിയ പ്രദേശം.

ഒരു വശത്തു കായലും ഒരുവശത്തു കടലും. അവിടത്തെ ജീവിതവും മനുഷ്യരുടെ കഥയുമാണു പറയുന്നത്. തേങ്ങയുടെ ഏറ്റവും ചെറിയ രൂപമാണു വെള്ളയ്ക്ക. സൗദിയിലെ തെങ്ങിലുണ്ടായിരുന്ന ഒരു വെള്ളയ്ക്ക കുറേ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ.



സത്യന്‍ അന്തിക്കാട് പറഞ്ഞത്

സത്യന്‍ അന്തിക്കാടിന്‍റെയും ശ്രീനിവാസന്‍റെയും പ്രിയദര്‍ശന്‍റെയും വലിയ ഫാനാണ് എന്‍റെ അച്ഛന്‍ . വീട്ടുകാര്‍ക്കൊപ്പം കുട്ടിക്കാലത്തു കണ്ടതൊക്കെയും ഇവരുടെ സിനിമകൾ. ബ്ലെസിയുടെ കാഴ്ച കണ്ടിട്ടാണ് സിനിമാക്കാരനാവണമെന്നു ഞാനുറപ്പിച്ചത്. ജാവ കഴിഞ്ഞ് ഒരുപാടു പേര്‍ വിളിച്ചെങ്കിലും എനിക്കു വഴികാട്ടിയ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ കോളുകള്‍ വലിയ സന്തോഷമേകി.

പൊന്മുട്ടയിടുന്ന താറാവു കണ്ടശേഷം അതിലെ കഥാപാത്രങ്ങള്‍ക്കു ജീവനുണ്ടെന്നും അതു നഷ്ടപ്പെടുത്തരുതെന്നും പദ്മരാജന്‍ പറഞ്ഞ കാര്യം സത്യന്‍ അന്തിക്കാട് സൂചിപ്പിച്ചു. അതു തന്നെയാണ് എന്നോടു പറയാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.



ഏതു കഥ ആലോചിക്കുന്പോഴും അതിലെ കഥാപാത്രങ്ങൾ നമുക്കറിയാവുന്ന ഒരമ്മാവനോ ഒരമ്മയോ ഒരച്ഛനോ പെങ്ങളോ ആവണം എന്ന രീതിയില്‍ പ്രേക്ഷകരോട് അടുപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.

പ്ലസ് ടുവിനു ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു- ജീവിതം കാണുക, ജീവിതം അനുഭവിക്കുക. അതാണു സിനിമ ചെയ്യാനുള്ള ഏറ്റവും വലിയ പഠനം. ഇതൊക്കെ മനസിലുള്ളതുകൊണ്ടാവാം എന്‍റെ കഥാപാത്രങ്ങള്‍ സാധാരണക്കാരാവുന്നത്. സന്തോഷം കിട്ടുന്നതിനാണു ഞാന്‍ സിനിമ ചെയ്യുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അവരുടെ ഉള്ളില്‍ സന്തോഷവും നൊമ്പരവും നിറയ്ക്കുന്നതും അവരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമൊക്കെ എന്‍റെ സന്തോഷമാണ്.



കോടതി സിനിമയല്ല

ഇതൊരു കോടതി സിനിമയല്ല. തൊണ്ടിമുതലും ദൃക്സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ എന്നിവ പോലെ സോഷ്യല്‍ഡ്രാമയാണ്. അതില്‍ വരുന്ന ഒരു കഥാപാത്രം മാത്രമാണ് കോടതി. അടുത്ത കാലത്ത് ധാരാളം കോടതി സിനിമകള്‍ വന്നെങ്കിലും അതിലൊന്നുമില്ലാത്ത കാഴ്ചയുണ്ട് ഇതിലെ കോടതിയില്‍.

ലുക്മാന്‍ തന്നെയാണ് നായകന്‍. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോള്‍ ഇതില്‍ പതിനഞ്ചിനടുത്തു നായകന്മാരും അത്ര തന്നെ നായികമാരും ഉണ്ടാവും. നല്ലൊരു രസച്ചരട് ഒരുക്കി ഞങ്ങൾ അതില്‍ നല്ല മുത്തുകള്‍ കോര്‍ത്തു. അങ്ങനെ വന്നവരാണ് ഇവരെല്ലാം. യഥാർഥ നായകർ ഇതിന്‍റെ ക്രൂവും ടെക്നീഷന്‍ ടീമും നിര്‍മാതാവുമാണ്.



കയ്യടിച്ച് ഗോവ

ഐഎഫ്എഫ്ഐയില്‍ പോയാല്‍ സീരിയസ് പടമെന്ന് ആളുകള്‍ വിചാരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. സിനിമയെ സീരിയസായി കാണുന്നവര്‍ക്കു മുന്നില്‍ ഇതിലെ തമാശകള്‍ വര്‍ക്കൗട്ടാകുമോ എന്ന ടെന്‍ഷനിലാണു പോയത്.

പക്ഷേ, വളരെ സൂക്ഷ്മമായ തമാശകള്‍ക്കു പോലും ആളുകള്‍ കയ്യടിക്കുന്നു. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റിനു കയ്യടിക്കുന്നു. അവര്‍ക്കുണ്ടാകുന്ന വീര്‍പ്പുമുട്ടലുകള്‍ക്കൊടുവില്‍ ആശ്വാസം കൊടുക്കുന്പോഴും കയ്യടിക്കുന്നു. സിനിമയെ സിനിമയായി കാണുന്ന പ്രേക്ഷകരെയാണു കിട്ടിയത്.



ജാവ ഇറങ്ങുമ്പോള്‍ ഞാനും ഞാന്‍ അവതരിപ്പിച്ച കഥയും കഥാപാത്രങ്ങളും അതിലെ അഭിനേതാക്കളും തീര്‍ത്തും അപരിചിതരായിരുന്നു. നിങ്ങള്‍ നല്ലതു തന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും എന്നു പ്രേക്ഷകർ തന്ന സ്നേഹത്തിലാണു മുന്നോട്ടുപോകുന്നത്.

സിനിമകള്‍ തിയറ്ററില്‍ കണ്ടു മറക്കുന്ന പ്രവണതയാണ് കുറേനാളുകളായി നിലനില്‍ക്കുന്നത്. പക്ഷേ, തിയറ്ററില്‍ നിന്ന് ഇറങ്ങിയാലും ഈ സിനിമയെപ്പറ്റി സംസാരിക്കാനുള്ള കാര്യങ്ങള്‍ സൗദി വെളളക്കയില്‍ ഒരുക്കിയിട്ടുണ്ട്. - തരുണ്‍ പറയുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.