ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട്: തന്‍വി റാം
Monday, February 20, 2023 3:37 PM IST
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിനയാകുന്നതിന് അതു തുണച്ചതായി തന്‍വി പറയുന്നു. അമ്പിളിക്കുശേഷം കപ്പേളയിലും കുമാരിയിലും മുകുന്ദനുണ്ണി അസോസിയേറ്റ്സിലും ശ്രദ്ധേയ വേഷങ്ങള്‍ക്ക് തന്‍വി ജീവന്‍നല്കി.

‘എങ്കിലും ചന്ദ്രികേ’യില്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ നായികയാണ്. ‘സെലക്ട് ചെയ്തതെല്ലാം ചെറുതോ സ്ക്രീന്‍ സ്പേസ് കുറഞ്ഞതോ ആയ കഥാപാത്രങ്ങളാണെങ്കിലും അവയെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടു ഹാപ്പിയായി ചെയ്തതാണ് ’- തന്‍വി പറഞ്ഞു.



എങ്കിലും ചന്ദ്രികേ...

നാട്ടിന്‍പുറത്തു സംഭവിക്കുന്ന, വളരെ സിംപിളായി ഹാപ്പിയായി ഏറെയും നർമത്തിലൂടെ പോകുന്ന കഥയാണിത്. ചന്ദ്രികയുടെ ജീവിതത്തിലെ ഒരു സംഭവം അന്നാട്ടിലെ കുറേ ആളുകളെ ബാധിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു സിനിമ. സിനിമയില്‍ വന്ന കാലം തൊട്ടേ ഫ്രൈഡേ ഫിലിംസിന്‍റെ പടം ചെയ്യണമെന്നുണ്ടായിരുന്നു.

സുരാജ്, സൈജു കുറുപ്പ്, ബേസില്‍, അഭിറാം, അശ്വിന്‍, കരിക്കിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍, കാമറാമാന്‍ ജിതിന്‍ ...ക്രൂവും കാസ്റ്റുമാണ് ഈ സിനിമയിൽ എത്തിച്ചത്. ഈ കഥയിൽ എന്‍റേതായ ഇടം കിട്ടുമെന്ന് അറിയാമായിരുന്നു.

നിരഞ്ജനയാണു ചന്ദ്രികയാകുന്നത്. അഭിനേത്രിയായും നര്‍ത്തകിയായും നിരഞ്ജനയെ അറിയാമായിരുന്നു. ചന്ദ്രികയുടെ സഹോദരിയുടെ വേഷമാണെനിക്ക്. ആ ഒരടുപ്പം ഇപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ട്.



സുരാജിനൊപ്പം

സുരാജിന്‍റെ കഥാപാത്രം കോടതിയില്‍ വാദിക്കുന്ന സീനില്‍ ഞാനും അവിടെയുണ്ട് എന്നതിനപ്പുറം മുകുന്ദനുണ്ണിയില്‍ എനിക്ക് അദ്ദേഹത്തിനൊപ്പം സീനുകളില്ലായിരുന്നു. അദ്ദേഹം മുന്പു ചെയ്ത ഒരു സീന്‍ കുറച്ചുകൂടി നന്നാക്കാനുണ്ട്, ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞ് വന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്.

മൂന്നു നാലു മാസങ്ങൾക്കുശേഷമാണ് ഈ സിനിമയില്‍ സുരാജാണ് പെയര്‍ എന്നറിഞ്ഞത്. ആദ്യത്തെ സീന്‍ അദ്ദേഹത്തിന്‍റെ കൂടെയായിരുന്നു. ഞാനും തിരക്കഥാകൃത്ത് അര്‍ജുൻ നാരായണനും സ്ക്രിപ്റ്റ് ചര്‍ച്ചചെയ്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തന്‍റെ ഡയലോഗ് പറഞ്ഞശേഷം എന്‍റെ ഡയലോഗ് ഇങ്ങനെ പറഞ്ഞാല്‍ നന്നാവും എന്നുള്ള മോഡുലേഷനും മറ്റും പറഞ്ഞുതന്നു. ഈ സിനിമയില്‍ അവസാനംവരെ അത്തരം നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി അദ്ദേഹം കൂടെയുണ്ടായിരുന്നു.

എന്‍റെ സീനുകളിലേറെയും സുരാജിനും നിരഞ്ജനയ്ക്കുമൊപ്പമാണ്. പാല്‍ സൊസൈറ്റിയില്‍ ജോലിചെയ്യുന്ന കഥാപാത്രമാണ് സുരാജിന്‍റേത്. ഇതിലെ കഥാപാത്രങ്ങളെല്ലാം നാട്ടിന്‍പുറങ്ങളില്‍ പരിചിതരായവരാണ്.



കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്സ്

അനന്തഭദ്രം കണ്ടപ്പോള്‍ മിത്ത് ആധാരമായ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഥയില്‍ ഇടം കുറവാണെങ്കിലും പ്രാധാന്യമുള്ള വേഷമായതിനാലാണ് കുമാരി ചെയ്തത്. കഥയും കഥാപാത്രവും ബാക്ക് സ്റ്റോറിയുമൊക്കെ ആകര്‍ഷകമായി തോന്നി.

രണ്ടുമൂന്നു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളു. ഒടിഞ്ഞു നീരുവന്ന കാലില്‍ ബാന്‍ഡേജിട്ടാണ് അതില്‍ നങ്ങക്കുട്ടിയായി അഭിനയിച്ചത്. അതായിരുന്നു അതിലെ ചലഞ്ച്.



അമ്പിളിക്കുശേഷം സീനുകള്‍ കൂടുതല്‍ കിട്ടിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. അഡ്വ. ജ്യോതിലക്ഷ്മിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായിട്ടുണ്ട്. അതില്‍ നേര്‍വഴിക്കു ചിന്തിക്കുന്നത് എന്‍റെ കഥാപാത്രം മാത്രമാണ്. അത് കുറേ ആളുകള്‍ക്കു റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

ക്ലൈമാക്സിനെക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളാണ്. ഒരു പ്രായത്തിനപ്പുറമുള്ള ആളുകള്‍ക്ക് അങ്ങനെയൊരു ക്ലൈമാക്സ് സ്വീകരിക്കാന്‍ പറ്റിയിട്ടില്ല. വിജയിക്കണമെങ്കില്‍ നേര്‍വഴിക്കല്ലാതെ ചിന്തിക്കണം എന്നു പറയുന്നതു സ്വീകരിക്കാത്തവരുമുണ്ട്. പെര്‍ഫോം ചെയ്ത രീതിയില്‍ എല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞത്. ഒടിടിയിലും കുറേ ആളുകള്‍ ആ സിനിമ കണ്ടിട്ടുണ്ട്.



കുറേ സിനിമകള്‍ ചെയ്തെങ്കിലും ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് അമ്പിളി സിനിമയിലൂടെയും അതിലെ ടീനയിലൂടെയുമാണ്. അഭിനേത്രി എന്ന നിലയില്‍ ഇപ്പോൾ കുറച്ചുകൂടി ഡീറ്റയില്‍സ് മനസിലാകുന്നുണ്ട്. ഞാന്‍ പൊതുവെ സ്പീഡില്‍ സംസാരിക്കുന്നയാളാണ്. ഡയലോഗുകള്‍ മെല്ലെ നിര്‍ത്തിനിര്‍ത്തി പറയുമ്പോള്‍ വരുന്ന വ്യത്യാസം തിരിച്ചറിയുന്നു.

സംസാരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ കൂടുതലായി ചിമ്മാറുണ്ടെന്ന് അറിഞ്ഞതു സ്ക്രീനിലെത്തിയപ്പോഴാണ്. ഓരോ അക്ഷരവും ഉച്ചരിക്കുന്നതിലെ വ്യത്യാസം മനസിലായതു ഡബ്ബ് ചെയ്തപ്പോഴാണ്. സിനിമയില്‍ വന്നതുകൊണ്ടു മാത്രം മനസിലായതും മാറ്റാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളാണ് ഇവയൊക്കെ.



2018

ഓഫറുകള്‍ വരുമ്പോള്‍ എന്‍റെ കഥാപാത്രത്തിന് ആ സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നു നോക്കും. പിന്നെ, കാസ്റ്റും ക്രൂവും ശ്രദ്ധിക്കും.

ഇനി ഇറങ്ങാനുള്ളത് പ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018. നൃത്തവുമായി ബന്ധപ്പെട്ട വേഷവും നെഗറ്റീവ് കഥാപാത്രവും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.



സെന്‍സിബിളായ സ്ക്രിപ്റ്റും മറ്റും നോക്കിയാണ് ഇതുവരെ സിനിമകള്‍ ചെയ്തിരുന്നത്. ഇനി സ്ക്രിപ്റ്റിൽ എന്തെങ്കിലും പൊരുത്തമില്ലായ്മ തോന്നിയാല്‍ വ്യക്തത വരുത്തിയേ മുന്നോട്ടുപോകൂ.

മുകുന്ദനുണ്ണിയിലേതുതന്നെ കണ്‍ഫ്യൂഷനു സാധ്യതയുള്ള ക്ലൈമാക്സായിരുന്നു. പക്ഷേ, പ്രായോഗികമായി നോക്കിയാല്‍ സത്യമായ ഒരു കാര്യം അതിലൂടെ പറഞ്ഞുവെന്നല്ലേയുള്ളൂ.



അത് അംഗീകരിച്ചാലും ഇല്ലെങ്കിലും പലയിടങ്ങളിലും നടക്കുന്ന കാര്യമായതിനാല്‍ കുഴപ്പമില്ലെന്നു തോന്നി ആ സിനിമ ചെയ്യുകയായിരുന്നു- തന്‍വി പറഞ്ഞു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.