മാര്‍ത്താണ്ഡനും മഹാറാണിയും
Friday, June 9, 2023 9:10 AM IST
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍.

ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസില്‍ സ്വതന്ത്രസംവിധായകനായ അദ്ദേഹം ഒരു ദശകം പിന്നിടുമ്പോള്‍ പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം മഹാറാണിയുടെ റിലീസിംഗ് ഒരുക്കങ്ങളിലാണ്.



മഹാറാണിയിലേക്ക് എത്തിയത്...

ഇഷ്ക് സിനിമയ്ക്കു തിരക്കഥയൊരുക്കിയ രതീഷ് രവി, സുഹൃത്തിന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പറഞ്ഞു. പക്ഷേ, മറ്റൊരു സംവിധായകനോടും രതീഷ് ആ കഥ പറഞ്ഞിരുന്നു.

അങ്ങനെ ഞങ്ങള്‍ വേറൊരു കഥ പ്ലാന്‍ ചെയ്യുന്നതിനിടെ ആ സംവിധായകനില്‍ നിന്ന് ആ കഥ വീണ്ടും എന്‍റെയടുത്തെത്തി. അതാണു മഹാറാണി. ലോക്ക്ഡൗണ്‍ സമയത്ത് സ്ക്രിപ്റ്റ് റെഡിയായി. പുതുതലമുറയില്‍നിന്നു കഥയ്ക്കിണങ്ങിയ താരങ്ങളെയും കിട്ടി.



ഷൈന്‍ ടോമിലേക്കും റോഷനിലേക്കും എത്തിയത്...

ഷൈനും റോഷനുമായിരുന്നു ആദ്യമേ മനസില്‍. കഥയില്‍ ഇവര്‍ ജ്യേഷ്ഠാനുജന്മാരാണ്, അജീഷും വിജീഷും. ഇവരുടെ കോംബിനേഷന്‍ ആസ്വാദ്യകരമായി വന്നിട്ടുണ്ട്. ഷൈനിന്‍റേതു രസകരമായ കഥാപാത്രമാണ്. ഇത്തരത്തില്‍ ഷൈന്‍ മുന്പു കോമഡി ചെയ്തു കണ്ടിട്ടില്ല.

ഒതുങ്ങിനില്‍ക്കുന്ന കഥാപാത്രവും പെര്‍ഫോമന്‍സുമാണ് റോഷനില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് റോഷന്‍ കുറച്ചുകൂടി ഇളകിയാടുന്ന രീതി ഇതിലുണ്ട്. റോഷന്‍ എന്ന സ്റ്റാറിനപ്പുറം റോഷന്‍ എന്ന നടന്‍റെ സത്യസന്ധമായ പ്രകടനം. ജോണി ആന്‍റണിയും നിഷ സാരംഗുമാണ് ഇവരുടെ അച്ഛനമ്മമാരായി വേഷമിടുന്നത്.



എന്താണ് ഈ സിനിമയിലെ മഹാറാണി..?

ഇതിലെ മഹാറാണി സസ്പെന്‍സാണ്. അത് ഈ സിനിമയുടെ ആത്മാവാണ്. അതു സിനിമ കണ്ടുതന്നെയറിയണം. പക്ഷേ, മഹാറാണിയുടെ കഥയാണ് സിനിമ പറയുന്നത്. ഈ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്.

നമ്മള്‍ കണ്ടുമറന്ന, കേട്ടുമറന്ന, നമ്മുടെ തൊട്ടടുത്ത് അറിയാവുന്ന ഒരുപാടു സത്യസന്ധരായ കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. അവര്‍ ഒരനുഭവത്തിനു പിന്നാലെ പായുന്നു. അവരുടെ ആത്മസംഘര്‍ഷങ്ങള്‍. അതാണു സിനിമ. ഇതിലെ നായികയും സസ്പെന്‍സാണ്.



യഥാര്‍ഥ സംഭവം സിനിമയാകുന്പോൾ...

രസകരമായ ഒരു സംഭവമാണത്. അതില്‍ ഉള്‍പ്പെട്ടവരെ നൊമ്പരപ്പെടുത്തിയതും ടെന്‍ഷനടിപ്പിച്ചതുമായ കാര്യങ്ങള്‍ തന്നെയായിരുന്നു അന്നു നടന്നത്.

അന്നു ടെന്‍ഷനടിച്ചവരൊക്കെ ഇന്നു സിനിമ കാണുമ്പോള്‍ ചിരിച്ചു റിലാക്സാകാന്‍ സാധ്യതയുണ്ട്. ഹ്യൂമര്‍ ജോണറിലുള്ള മാസ് സിനിമയാണിത്.



മുന്‍ സിനിമകളില്‍ നിന്നു മഹാറാണി വേറിട്ടുനില്‍ക്കുന്നത്...

ഇതിന്‍റെ കഥാംശവും അവതരണരീതിയും മുൻ സിനിമകളിൽനിന്നു വേറിട്ടുനില്‍ക്കുന്നു. പൊട്ടിച്ചിരിയാണ് ഈ സിനിമയില്‍ പൊതിഞ്ഞുവച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മെ ചിരിപ്പിക്കും. കഥാപാത്രങ്ങള്‍ കരയുമ്പോഴൊക്കെ നമുക്കു ചിരിക്കേണ്ടിവരുന്ന അവസ്ഥ!

ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, അശ്വത് ലാല്‍ , കൈലാഷ്, തിരക്കഥാരചയിതാക്കളായ രഘുനാഥ് പലേരി, ബിപിന്‍ ചന്ദ്രന്‍ എന്നിവരും വിവിധ വേഷങ്ങളിലുണ്ട്.

രതീഷ് ഈ കഥ പറഞ്ഞപ്പോള്‍ എന്‍റെ കോളജ്കാലത്ത് നാട്ടിൽ നടന്ന ഒരു സംഭവം ഓര്‍മവന്നു. എന്‍റെ അച്ഛന്‍റെ ആത്മകഥാംശം ഹരിശ്രീ അശോകനിലുണ്ട്. ജോണി ആന്‍റണി നടനായശേഷം അദ്ദേഹത്തെ ഡയറക്ട് ചെയ്യാനുള്ള അവസരം ഇതിലാണുണ്ടായത്.

സിനിമയിൽ നാലു പാട്ടുകളുണ്ട്. ഗാനരചന രാജീവ് ആലുങ്കൽ, അൻവർ അലി. സംഗീതം ഗോവിന്ദ് വസന്ത, ഗോപിസുന്ദർ. ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഗോപിസുന്ദർ.



പതിനെട്ടു വര്‍ഷം അസോസിയേറ്റ്...

രാജീവ്നാഥ്, നിസാർ, അന്‍വര്‍ റഷീദ്, ഷാഫി, രഞ്ജിത്ത്, രഞ്ജിപണിക്കർ, ടി. കെ. രാജീവ് കുമാർ, ലാല്‍, ഷാജികൈലാസ്...തുടങ്ങിയവർക്കൊപ്പം വര്‍ക്ക് ചെയ്യാനായതു ഭാഗ്യം. അന്‍വര്‍ റഷീദിനെ മെന്‍ററായി കാണുന്നു. അവര്‍ക്കൊപ്പം ഇടപെടാനായത് വലിയ അനുഭവമാണ്.

പല കാര്യങ്ങളിലും സംശയമില്ലാതെ എനിക്കു സിനിമയെടുക്കാനാകുന്നത് അതിന്‍റെ പിന്‍ബലത്തിലാണ്. ഈ അടിത്തറയുള്ളതുകൊണ്ടാണ് എന്‍റെ സിനിമകളില്‍ പ്രഗല്ഭരായ അഭിനേതാക്കളെത്തിയത്.



ഇന്ന് അസിസ്റ്റ് ചെയ്യാതെ നേരിട്ടു സംവിധായകരാകുന്നവരാണ് പലരും...

അവരെ കുറ്റം പറയാനാവില്ല. അവര്‍ നല്ല കഴിവുള്ളവര്‍ തന്നെയാണ്. അന്നത്തെപ്പോലെ അലയേണ്ട അവസ്ഥ അവര്‍ക്കില്ല. അവര്‍ക്കു ഷോര്‍ട്ട് ഫിലിം ചെയ്തു കാണിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍ ഇന്നുണ്ട്. അങ്ങനെ ആര്‍ട്ടിസ്റ്റുകളുടെ അടുത്തെത്താം.

ആരെയൊക്കെ അസിസ്റ്റ് ചെയ്തു എന്നു നോക്കിയായിരുന്നു മുമ്പ് താരങ്ങള്‍ ഡേറ്റ് പോലും നല്കിയിരുന്നത്. ഇന്ന് അങ്ങനെയല്ല. അവരുടെ പ്രോഡക്ടിലോ സ്ക്രിപ്റ്റിലൊ ഒക്കെയാണ് നടന്മാര്‍ വിശ്വസിക്കുന്നത്. അവര്‍ മിടുക്കു തെളിയിക്കുന്നുമുണ്ട്.



പത്തുവര്‍ഷത്തിനിടെ ചെയ്തത് അഞ്ചു സിനിമകള്‍...

വലിച്ചുവാരി ചെയ്യാതെ നല്ല സിനിമകള്‍ ചെയ്യുന്നതിലല്ലേ കാര്യം. കൊമേഴ്സ്യല്‍ സിനിമകളാണ് ഇഷ്ടം. മോശം സിനിമ എന്നില്‍ നിന്നു വന്നിട്ടില്ലെന്നാണു വിശ്വാസം.

ചാനലുകളില്‍ വരുമ്പോഴും ആളുകള്‍ നല്ല അഭിപ്രായം പറയുന്നുണ്ട്. തിയറ്ററില്‍ എത്തുന്നവര്‍ സംതൃപ്തിയോടെ ഇറങ്ങിപ്പോകുന്നതാണ് എന്‍റെ ലക്ഷ്യം.



ക്ലീറ്റസും അച്ഛാദിനും...മമ്മൂട്ടിക്കൊപ്പം രണ്ടു സിനിമകള്‍ ...

അസോസിയേറ്റെന്നു പറഞ്ഞാല്‍ നാട്ടില്‍ ആളുകള്‍ക്ക് അറിയില്ലായിരുന്നു. സിനിമ കളിച്ചുനടക്കുകയാണെന്നു പറഞ്ഞ ആളുകളുടെ മുന്നിലേക്ക് ഒറ്റ വെള്ളിയാഴ്ചകൊണ്ട് അദ്ദേഹം എന്നെ സംവിധായകനാക്കി.

പാവാടയ്ക്കുശേഷം പൃഥ്വിയുമായി സിനിമ വന്നില്ലല്ലോ...

ഞാനും പാവാട എഴുതിയ ബിപിന്‍ ചന്ദ്രനും പൃഥ്വിരാജുമായി രണ്ടു മൂന്നു കഥകള്‍ ചര്‍ച്ചചെയ്തിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല. മറ്റൊരു കഥ റെഡിയായി വരുന്നുണ്ട്. ഉറപ്പായും അദ്ദേഹവുമായി സിനിമ ചെയ്യും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.