രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
Tuesday, May 9, 2023 1:52 PM IST
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ സീക്രട്ട് ഓഫ് വിമൻ. ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നിവയ്ക്കുശേഷം പ്രജേഷ് ഒരുക്കിയ ചിത്രം. ഷീല, ജീന എന്നിവരുടെ ജീവിതം പറയുന്ന സ്ത്രീപക്ഷ സിനിമയാണിത്.

തുരുത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെയും ഫ്ളാറ്റില്‍ തനിച്ചു താമസിക്കുന്ന പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവമാണ്. തുല്യപ്രാധാന്യമുള്ള നായികമാരായി നിരഞ്ജനയും സുമാദേവിയും സ്ക്രീനിലെത്തുന്നു- പ്രജേഷ് സെന്‍ പറഞ്ഞു.ഷീലയും ജീനയും

രണ്ടു ഭൂപ്രദേശങ്ങളില്‍ രണ്ടു സാഹചര്യങ്ങളില്‍ ഒറ്റയ്ക്കു ജീവിക്കുന്ന രണ്ടു സ്ത്രീകള്‍. തുരുത്തില്‍ താമസിക്കുകയും മീന്‍പിടിത്തം നടത്തുകയും വീട്ടുജോലിക്കു പോവുകയും മറ്റും ചെയ്യുന്ന, മൊബൈല്‍ ഉപയോഗിക്കാത്ത സാധാരണ സ്ത്രീ. അതാണു സുമാദേവിയുടെ കഥാപാത്രം ഷീല. ആ തുരുത്തിനു ചുറ്റുമാണ് അവരുടെ ജീവിതം.

ഐടി പ്രഫഷണലായ, ബോള്‍ഡായ, ടൗണിലെ ഫ്ളാറ്റിൽ തനിച്ചു താമസിക്കുന്ന, ഏറെ മോഡേണായ, ബോക്സിംഗ് പരിശീലിക്കുന്ന പെണ്‍കുട്ടി. അതാണു നിരഞ്ജനയുടെ കഥാപാത്രം ജീന ജോര്‍ജ്. അവളുടെ ജീവിതത്തിലെ ഒരു സംഭവവുമായി ബന്ധപ്പെടുത്തിയാണ് കഥാസഞ്ചാരം.നിരഞ്ജനയും സുമാദേവിയും

വീട്ടില്‍ കാഷ്വലായി ഇരിക്കുന്ന കൗതുകമുള്ള ഒരു ഫോട്ടോ നിരഞ്ജന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചോദിച്ചപ്പോള്‍ അമ്മയെടുത്ത പടമാണെന്നു പറഞ്ഞു.

ജീനയെന്ന കഥാപാത്രം നിരഞ്ജനയിൽ ഭദ്രമാണെന്നുതോന്നി. കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്തവിധം കരുത്താര്‍ന്ന വേഷം. അങ്ങനെ നിരഞ്ജന ഈ സിനിമയിലെത്തി.ഷൂട്ടിംഗ് തുടങ്ങിയശേഷമാണ് സുമാദേവിയെ കാസ്റ്റ് ചെയ്തത്. അപ്പോഴും തുരുത്തിന്‍റെ ലൊക്കേഷന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്താണ് സുമ ഓഡിഷനു വന്നത്. കഥയില്‍പറയുംപോലെയുള്ള ആളെ കിട്ടി എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

ഞാറയ്ക്കലില്‍ കായലിനു നടുവിലുള്ള ആള്‍താമസമില്ലാത്ത തുരുത്തിലാണ് സുമയുടെ സീനുകൾ ചിത്രീകരിച്ചത്. അവിടെയുള്ള പഴകിപ്പൊളിഞ്ഞ കെട്ടിടം ഷീലയുടെ വീടായി സെറ്റ് ചെയ്തു.അന്ന് ഡ്യൂപ്പ്, ഇന്ന് നായിക

സുമാദേവി 15 വര്‍ഷം നിരവധി സിനിമകളില്‍ ഡ്യൂപ്പായിരുന്നു. അഭിനയമോഹവുമായാണു വന്നതെങ്കിലും മുഖ്യധാരയില്‍ അവസരം കിട്ടിയില്ല. ഞാന്‍ ആദ്യമായി അസിസ്റ്റന്‍റായ ഭാസ്കര്‍ ദ റാസ്കലിൽ സുമ ഡ്യൂപ്പായി വർക്ക് ചെയ്തിരുന്നു.

ആക്ഷന്‍ പറയുമ്പോള്‍ ദേഹത്തു കയര്‍ കെട്ടി വെള്ളത്തിലേക്ക് എടുത്തെറിയുന്നതൊക്കെ കൗതുകത്തോടെ കണ്ടിട്ടുണ്ട് എന്നതിനപ്പുറം സുമയെ അന്ന് പരിചയമില്ലായിരുന്നു.കണ്‍ട്രോളര്‍ ജിത്തുവാണ് സുമയെ പരിചയപ്പെടുത്തിയത്. അവരുടെ പ്രകൃതവും പെരുമാറ്റവും ഷീലയ്ക്കിണങ്ങുമെന്നു തോന്നി. തുരുത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒറ്റയ്ക്ക് വള്ളം തുഴയണം. കാമറ വൈഡായിരിക്കും. അതിനാല്‍ തള്ളിക്കൊണ്ടുപോകാനുമാവില്ല. ആദ്യമായിട്ടാണു വള്ളം തുഴഞ്ഞതെങ്കിലും കൃത്യമായിത്തന്നെ സുമ സീന്‍ ചെയ്തു.

ഡല്‍ഹി ദാദാ സാഹിബ് ഫാല്‍ക്കെ ചലച്ചിത്രമേളയില്‍ സുമ മികച്ച നടിയായി. സിനിമയിലുടനീളം ഷീലയെ സ്വാഭാവികമായി അവതരിപ്പിച്ചുവെന്നാണ് ജൂറി വിലയിരുത്തിയത്.ഇമോഷണല്‍ ത്രില്ലര്‍

തുരുത്തില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയെക്കുറിച്ച് മുമ്പു പത്രത്തില്‍ വായിച്ച ഫീച്ചറാണ് ഈ കഥയുടെ ചിന്തയ്ക്ക് ആധാരം. സുഹൃത്തായ മാധ്യമപ്രവർത്തകൻ പ്രദീപ്കുമാർ പറഞ്ഞ കഥയിൽ നിന്നാണു സിനിമ രൂപപ്പെടുത്തിയത്. ലെബിസണ്‍ ഗോപി ഛായാഗ്രഹണവും കണ്ണന്‍ എഡിറ്റിംഗും ജോഷ്വ സംഗീതവും നിര്‍വഹിച്ച ചിത്രം ഇമോഷണല്‍ ത്രില്ലറാണ്. നിധീഷ് നടേരിയും ജാനകി ഈശ്വറുമാണ് ഗാനരചന.

മോഡേണ്‍ സൊസൈറ്റിയില്‍ താമസിച്ചാലും ലോക്കല്‍ സെറ്റപ്പില്‍ താമസിച്ചാലും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അത്തരം കാര്യങ്ങളും പറയുന്നുണ്ട്. അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, മിഥുന്‍ വേണുഗോപാല്‍, അധീഷ്, ഉണ്ണി ചെറുവത്തൂര്‍ തുടങ്ങിവരാണു മറ്റു വേഷങ്ങളിൽ.സിങ്ക് സൗണ്ട്

സാധാരണ സിങ്ക് സൗണ്ടില്‍ സിനിമ ചെയ്യുമ്പോള്‍ പുറമേനിന്നുള്ള ശബ്ദങ്ങള്‍ കടന്നുവരാറുണ്ട്. ഇതില്‍ അങ്ങനെയില്ല. റിസേര്‍ച്ച് നടത്തി പെര്‍ഫക്ടായ മൈക്കുകളാണ് ഉപയോഗിച്ചത്.

തുരുത്തിനു നടുവില്‍ ഷൂട്ട് ചെയ്യുമ്പോള്‍ നാലുപാടുനിന്നും കാറ്റടിക്കും. ഫൈറ്റ് സീനില്‍ മൈക്ക് കൃത്യമായി വയ്ക്കാനാവില്ല. വെല്ലുവിളികള്‍ മറികടന്നാണ് ജിതേന്ദ്രൻ ശബ്ദലേഖനം നടത്തിയത്. ബയോപിക് സിനിമകളില്‍നിന്നു മാറി ഇതുവരെ ചെയ്യാത്ത പാറ്റേണിലുള്ള സിനിമയാണ് ഇനി ചെയ്യുന്നത് - പ്രജേഷ് പറഞ്ഞു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.