എഴുത്തിന്റെ തിരക്കിലായിരുന്നു അനൂപ് മേനോൻ. കോവിഡിനു ശേഷം മലയാള സിനിമ ഉയർത്തെഴുന്നേൽക്കുന്പോൾ താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിനൊപ്പം മൂന്നു ചിത്രങ്ങളുമായാണ് അനൂപ് മേനോൻ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത്. അനൂപ് മേനോന്റെ കരിയറിൽ ഹിറ്റുകൾ നൽകിയിട്ടുള്ള സംവിധായകൻ വി.കെ. പ്രകാശിനൊപ്പമുള്ള ചിത്രമാണ് അതിൽ ആദ്യത്തേത്. നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്നു പേരിട്ടിരിക്കുന്ന ചിത്രം വേറിട്ട ഒരു പ്രണയ പശ്ചാത്തലമാണ് പറയാനൊരുങ്ങുന്നത്. അനൂപ് മേനോനും ഒരു അഡാർ ലൗവ് ഫെയിം പ്രിയ വാര്യരുമാണ് ഇതിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിനു പിന്നാലെ തന്റെ സൗഹൃദ കൂട്ടായ്മയിൽ ഒരുക്കുന്ന മറ്റു രണ്ടു ചിത്രങ്ങളുടെ കഥയും തിരക്കഥയും ഈ കാലയളവിൽ അനൂപ് മേനോൻ ഏകദേശം പൂർത്തിയാക്കി. സർവോപരി പാലാക്കാരൻ ഒരുക്കിയ വേണു ഗോപന്റെയും ചാണക്യതന്ത്രം, മടര് എന്നീ ചിത്രങ്ങൾക്കു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും അനൂപ് മേനോനാണ് കഥയും തിരക്കഥയും. ഈ ചിത്രങ്ങളിലും നായകനാകുന്നതും അനൂപ് മേനോൻ തന്നെയാണ്. ഇതിനു പിന്നാലെ മറ്റു സംവിധായകരുടെ ചിത്രങ്ങളും ഈ നടനെ തേടിയെത്തുന്നു.
ചലച്ചിത്ര മേഖല വീണ്ടും സജീവമാകുന്പോൾ അതിനൊപ്പമാണ് താൻ എന്ന് അനൂപ് മേനോൻ പറയുന്നു. "കാമറക്കു മുന്നിലെത്തിയില്ലെങ്കിലും ഈ കാലഘട്ടത്തിൽ സിനിമകളുടെ ചർച്ചകളും എഴുത്തും വായനയും പുരോഗമിക്കുകയായിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന ചിത്രം തിയറ്ററിൽ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ കാത്തിരിക്കുകയാണ്. ഞാനും സംവിധായകൻ രഞ്ജിത്തുമാണ് അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് പ്ലാൻ ചെയ്തപ്പോഴാണ് തിയറ്ററുകൾ അടച്ചത്. പിന്നീട് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിനു ശേഷം ലാലേട്ടൻ നല്ല അഭിപ്രായം ഫേസ്ബുക്കിൽ കുറിച്ചത് ഏറ്റവും ആനന്ദം നിറഞ്ഞ നിമിഷങ്ങളായിരുന്നു’ അനൂപ് മേനോൻ പറയുന്നു. കിംഗ് ഫിഷ് എന്ന സിനിമയിൽ രഞ്ജിത്ത് അവതരിപ്പിച്ച ദശരഥ വർമ എന്ന കഥാപാത്രമായി മോഹൻലാലിനെയാണ് ആദ്യം ആലോചിച്ചിരുന്നതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർക്കുന്നു.
തിയറ്ററുകൾ തുറന്നു പ്രേക്ഷകർ വീണ്ടും അവിടേക്ക് ഇരച്ചു കയറുന്ന കാലം എത്രയും വേഗം സംഭവിക്കട്ടെ എന്ന പ്രതീക്ഷയിലാണ് അനൂപ് മേനോൻ ഇപ്പോൾ. സമൂഹത്തിന്റെ വിവിധ ഇടങ്ങളിലുള്ളവർ ഒത്തുകൂടുന്ന ഒരു കളക്ടീവ് സോഷ്യൽ മൂവ്മെന്റ് ഇടമാണ് സിനിമാ തിയറ്ററുകൾ. അതിന്റെ ഭാഗമാകാൻ ഞാനും കൊതിക്കുന്നു, അനൂപ് മേനോൻ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.