ലോക്ഡൗണ് സാധ്യതകൾ വിനിയോഗിച്ചോ, വെറുതെ ഇരുന്നു ബോറടിച്ചതുകൊണ്ടോ ചെയ്ത സിനിമയല്ല സണ്ണി. ഇപ്പോൾ മാത്രം നടക്കുന്ന ഒരു കഥാപശ്ചാത്തലമുണ്ടതിന്. ചിലപ്പോൾ മറ്റൊരു സാഹചര്യത്തിൽ പറയാനാൻ ധൈര്യപ്പെടാത്ത ഒരു സബ്ജക്ട്. അതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം ചെയ്യാമെന്നു ഞാനും നടൻ ജയസൂര്യയും തീരുമാനിച്ചത്. ചിലപ്പോൾ പിന്നീടിതു എനിക്കു സാധിച്ചെന്നു വരില്ല. അതു ജയസൂര്യയുടെ 100-ാം ചിത്രമായന്നെത് വളരെ ആകസ്മികമായി. കുറച്ചേറെ പ്രത്യേകതകളുള്ള സിനിമയായിരിക്കും സണ്ണി.
തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുകയാണ്. പുണ്യാളൻ, സുസു സുധീ വാൽമീകം, ഞാൻ മേരിക്കുട്ടി, പ്രേതം തുടങ്ങിയ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ട് ഇക്കുറി സണ്ണിയെന്ന കഥാപാത്രവുമായാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. ചിത്രീകരണം 25 ദിവസംകൊണ്ട് പൂർത്തീകരിച്ചു. പരിമിതിയും പ്രശ്നങ്ങളും പരിധിയായി മാറുന്പോൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനും മുന്നിലുണ്ടായ വെല്ലുവിളികളെ മറികടക്കുകയാണ് സണ്ണിയിലൂടെ...
ലോക്ഡൗണു ശേഷം സണ്ണിയുമായി എത്തുന്പോൾ?
അടുത്ത പ്രോജക്്ടായി ചിന്തിച്ചിരുന്ന ചിത്രം ഇതായിരുന്നില്ല. ലോക്ഡൗണിൽ കുറേ സിനിമകൾ കണ്ടു. കുറച്ചു വായിച്ചു. തിരക്കഥകൾ എഴുതി. അതിലൊന്നായിരുന്നു സണ്ണി. ഷൂട്ടിംഗ് പ്ലാൻ ചെയ്തു കഴിഞ്ഞപ്പോൾ വെല്ലുവിളിയുണ്ടായിരുന്നു. കൊച്ചി ഗ്രാന്റ് ഹയറ്റ് ഹോട്ടലാണ് ചിത്രത്തിൽ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ വശം നോക്കുന്പോൾ അതു വളരെ ചെലവുള്ള കാര്യമായിരുന്നു. മറ്റെന്തിലും വഴി കണ്ടെത്തിയാൽ കോവിഡ് ഭീഷണിയിൽ ഷൂട്ടിംഗ് നിർത്തിവെയ്ക്കേണ്ടുന്ന സാഹചര്യം സൃഷ്ടിക്കുന്ന നഷ്ടം ചിലപ്പോൾ ഇതിലും വലുതായിരിക്കും. അങ്ങനെയാണ് എന്റെ ക്രൂ ഹോട്ടലിൽ താമസിച്ചുകൊണ്ട് തന്നെ ഷൂട്ടിംഗ് നടത്തിയത്.
ബിസി, എഡി എന്നു കാലഘട്ടത്തെ തിരിക്കുന്നതുപോലെ ഇനി കോവിഡിനു മുന്പും ശേഷവും എന്നൊരു തരംതിരിവ് എല്ലാ മേഖലയിലും ഉണ്ടാകും. പുതിയ രീതിയിലുള്ള കാര്യങ്ങളാണ് ഇനിയുണ്ടാകാൻ പോകുന്നത്. അങ്ങനെ ചിന്തിച്ചുകൊണ്ടാണ് സണ്ണി ഒരുക്കിയത്. എല്ലാവരും ഒരിടത്തു താമസിച്ചു ഒരുപോലെയുള്ള ഭക്ഷണം കഴിക്കുന്നു. മുന്പ് അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. സമയം നമ്മുടെ സൗകര്യാർഥം വിനിയോഗിക്കാൻ സാധിച്ചു. ആദ്യമായി സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്തു.
നിയന്ത്രണങ്ങളുടെ ഇടയിൽ ഷൂട്ടിംഗ് വെല്ലുവിളിയായിരുന്നില്ലേ?
തിയറ്ററുകൾ അടഞ്ഞു കിടക്കുന്പോൾ ഇപ്പോൾ തന്നെ ഈ സിനിമ ഷൂട്ട് ചെയ്യണമെന്നില്ല. പക്ഷേ, സണ്ണിയുടെ കഥ ഇപ്പോൾ ചെയ്യണമെന്ന തോന്നലാണ് ഈ സിനിമ സാധ്യമാക്കിയത്. സാഹചര്യത്തെ വെല്ലുവിളിയായി കാണാതെ ഇപ്പോൾ പറയേണ്ട പ്രമേയമായി തോന്നിയതുകൊണ്ട്, അതിനു പ്രസക്തിയുണ്ടെന്നു തോന്നിയപ്പോഴാണ് സണ്ണി ഒരുക്കാൻ തീരുമാനിച്ചത്. പരിമിതികൾ സാധ്യതകളായും മാറുകയായിരുന്നു. മുന്പ് ആലോചിക്കാൻ കഴിയാത്ത സിനിമകളും ഇനി ഒരുക്കാമെന്നുള്ള സാധ്യതകളുണ്ടായെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ജയസൂര്യ സണ്ണിയായി എത്തുന്നത്?
ഈ സിനിമ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ കുറച്ചേറെ സമയമെടുത്തു. അപ്പോൾ ഒരു നടനെ സംബന്ധിച്ച് ഇതു കൃത്യമായി എത്തിക്കാൻ അതിനേക്കാൾ ചലഞ്ചിംഗായി തോന്നി. പുതിയൊരു നടനെ പറഞ്ഞു ബോധ്യപ്പെടുത്തി സിനിമ ഒരുക്കുക എന്നത് അതിലും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. തിരക്കഥയിൽ എഴുതിവെച്ചതിനപ്പുറം ദൃശ്യവൽക്കരിക്കുക എന്നതു ഈ സബ്ജക്ടിനെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള സംഗതിയാണ്. ജയസൂര്യയാകുന്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ശ്രമിച്ചാൽ പ്രതീക്ഷിച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാമെന്നു ചിന്തിച്ചു. അങ്ങനെയാണ് ജയനോട് പറയുന്നത്. സണ്ണിയെ മനസിലാക്കിയെടുക്കാൻ ജയനും കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ച് ആശങ്കയോടെ അധികം ശ്രദ്ധ കൊടുത്താണ് ഷൂട്ട് പൂർണമാക്കിയത്. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു തലേ ദിവസം പോലും ഇതെങ്ങനെയാകുമെന്ന ആശങ്ക ഞങ്ങൾ രണ്ടു പേർക്കുമുണ്ടായിരുന്നു. എന്തായാലും സിനിമ ചെയ്യാമെന്നുള്ള ശ്രമം നടത്തുകയായിരുന്നു. എഴുതി ഫലിപ്പിക്കുന്നതിനപ്പുറം ചെയ്തു പൂർത്തിയാക്കിയാൽ എങ്ങനെയാകുമെന്നുറപ്പു പറയാനാകാത്ത ചില സബ്ജക്ടുകളുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു സണ്ണി.
കൂട്ടുകെട്ട് വീണ്ടും എത്തുന്പോൾ പ്രേക്ഷകർക്കു വളരെ പ്രതീക്ഷ കൂടുതലാണ്?
ശരിക്കും സുധി വാൽമീകത്തിലോ മേരിക്കുട്ടിയിലോ എന്നപോലെ പെർഫോം ചെയ്യാനുള്ള സാധ്യത ഇവിടില്ല. നമുക്കെല്ലാം പരിചിതനായ വളരെ സിന്പിളായ ഒരു കഥാപാത്രമാണ് സണ്ണി. വളരെ കഴിവുണ്ടായിട്ടും ഭാഗ്യമില്ലെന്നു സ്വയം കരുതി ഒന്നുമാകാതെ പോകുന്ന ഒരാൾ. കഥാപാത്രമാവുക എന്നതിനേക്കാളുപരി തിരക്കഥയിൽ വ്യത്യസ്തമായി നരേറ്റ് ചെയ്യുന്ന രീതിയിൽ പ്രകടമാക്കുക എന്നതാണ് ജയസൂര്യ എന്ന നടൻ ഇവിടെ ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഒരു സിനിമ ഒരുക്കുന്നതാണ് പ്രയാസം. അയാളുടെ മാനസികാവസ്ഥയെ പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കുന്നു എന്നതാണ് ജയസൂര്യയെന്ന നടനെ സംബന്ധിച്ചിടത്തോളമുള്ള വെല്ലുവിളി.
സിനിമയ്ക്കൊരു ഫോർമാറ്റുണ്ട്. സങ്കീർണമായ കഥയാണെങ്കിൽ ലളിതമായ ആഖ്യാനമാണ് നല്ലത്. ലഘുവായ കഥയാണെങ്കിൽ സങ്കീർണമായ ആഖ്യാനവും. ഇവിടെ രണ്ടാമത്തെ രീതിയിലാണ് സണ്ണി ഒരുക്കിയിരിക്കുന്നത്. ആഖ്യാനത്തിനനുസൃതമായി കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്കെത്തെണം. അതിനുള്ള മുന്നൊരുക്കം ജയനും നടത്തിയിരുന്നു. മൂന്നുമാസം ആ കഥാപാത്രത്തെ ഉൾക്കൊണ്ട് ശരീര ഭാരം കൂട്ടി താടി വളർത്തിയാണ് ജയൻ ഷൂട്ടിനെത്തിയത്. വളരെ നിരാശയിലേക്കു കൂപ്പുകുത്തി ലഹരിയിലേക്കു വീണു പോകുന്ന സാഹചര്യത്തിലൂടെയാണ് സണ്ണിയെന്ന കഥാപാത്രം കടന്നു പോകുന്നത്.
ലോകോത്തര സിനിമകളും വെബ് സീരിസുകളും ഇടം പിടിച്ചപ്പോൾ പ്രേക്ഷകരുടെ അഭിരുചികൾ മാറിയെന്നു തോന്നുന്നുണ്ടോ?
ആളുകൾ വീണ്ടും തിയറ്ററിലെത്തി സിനിമകൾ കണ്ടു തുടങ്ങിയാൽ മാത്രമേ അവരുടെ അഭിരുചികളെക്കുറിച്ച് ഇനി മനസിലാക്കാൻ സാധിക്കൂ. മുൻ കാലങ്ങളിലെ പോലെ മാസ് സിനിമകൾ സ്വീകരിക്കുമോ, റിയലിസ്റ്റിക് സിനിമകൾ ആസ്വദിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെ അതിനു ശേഷമാണ് വിലയിരുത്തേണ്ടത്. എന്താണ് വാണിജ്യ ചേരുവകൾ എന്നുള്ള ധാരണകൾ മാറിത്തുടങ്ങിയിരുന്നു. പോയ വർഷത്തെ തമിഴിലെ ബ്ലോക്ബസ്റ്ററായ കൈദി പാട്ടുകളൊന്നുമില്ലാതെ വേറിട്ടൊരു പാതയിലൂടെ ഒരുക്കിയ ചിത്രമാണ്. ലോക്ഡൗണിനു മുന്പ് ഷൂട്ട് തുടങ്ങിയ മഹേഷ് ബാബുവിന്റെ പുതിയ തെലുങ്ക് ചിത്രത്തിൽ പാട്ടുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിൽ പോയ വർഷം സൂപ്പർസ്റ്റാർ ചിത്രങ്ങൾ വലിയ ഹിറ്റുകളായിരുന്നില്ല. ഇത്തരത്തിൽ പ്രേക്ഷകർ മാറിച്ചിന്തിച്ചു തുടങ്ങിയ സമയത്താണ് ലോക്ഡൗണ് എത്തുന്നതും സിനിമ വ്യവസായം അനിശ്ചിതത്വത്തിലാകുന്നതും. ഈ കാലങ്ങളിൽ പ്രേക്ഷകരുടെ കാഴ്ചാ ശീലങ്ങളിലുണ്ടായ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിയേണ്ടതാണ്. ആമസോണ് പ്രൈം, നെറ്റ്ഫ്ളിക്സ് ഇവയിലൊക്കെ പ്രേക്ഷകർ കാണുന്നത് പുതുമുള്ളതും വേറിട്ടതുമായ പശ്ചാത്തലത്തിലുള്ള കാഴ്ചകളാണ്. അതു വലിയൊരു വിഭാഗം പ്രേക്ഷകർ കാണുന്നില്ല. ഇത്തരം പ്ലാറ്റ്ഫോമുകൾ ഒന്നുമറിയാതെ ടിവിയിലെ സിനിമകൾ കാണുന്നവരാണ് കൂടുതൽ പ്രേക്ഷകരും. സിനിമാ വ്യവസായത്തിൽ വിപ്ലവം സംഭവിക്കുന്നത് ഇനിയെങ്ങനെ എന്നു കാത്തിരുന്നു കാണാം.
ചിത്രം പ്രേക്ഷകരിലേക്കു എത്തിക്കുന്നതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു?
നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മലയാളത്തിൽ മാത്രം റിലീസാകാനായി 60-ൽ അധികം ചിത്രങ്ങളുണ്ട്. എന്നാൽ, ഇപ്പോഴും അസ്ഥിരതയാണ് നമ്മുടെ മുന്നിൽ. തിയറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് സിനിമാ സംഘടനകളും സർക്കാരും തീരുമാനിച്ചിരിക്കുന്നത്. ഇനി തിയറ്ററുകൾ തുറന്നാലും പ്രേക്ഷകർ അവിടേക്കെത്തണം. തിയറ്ററുകളല്ലാതെ പ്രേക്ഷകരിലേക്കു സിനിമ എത്തിക്കാൻ മറ്റൊരു സാധ്യതകളും നമ്മുടെ മുന്പിലില്ല. ഒടിടി പ്ലാറ്റ്ഫോമുകൾ പോലും വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് എടുക്കുന്നത്. ഈ സിനിമ നിർമിച്ചിരിക്കുന്നത് ഞാനും ജയനും ചേർന്നാണ്. അതിനാൽ മറ്റാരോടും ഉത്തരം പറയേണ്ടതില്ല. എങ്കിലും പ്രതീക്ഷയോടെയാണു മുന്നോട്ടു പോകുന്നത്. പുതിയ കഥകളും കഥാപാത്രങ്ങളൊക്കെ വളരെയധികം ആലോചനയിലുണ്ട്.
-ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.