മലയാളത്തിന്റെ യുവതാരങ്ങളുടെ അമ്മമുഖമാണ് ശ്രീലക്ഷ്മിയുടേത്. ഒരു വടക്കൻ സെൽഫിയിൽ നിവിൻ പോളി അവതരിപ്പിച്ച മകനെ കണ്ണടച്ചു വിശ്വസിക്കുന്ന പാവം അമ്മ വേഷത്തിലൂടെയാണ് ശ്രീലക്ഷ്മിയെ അടുത്തകാലത്തായി പ്രേക്ഷകർ കണ്ടു തുടങ്ങുന്നത്. പിന്നീട് നിവിനൊപ്പം സഖാവ്, വിനീത് ശ്രീനിവാസനൊപ്പം മനോഹരം, ആസിഫ് അലിക്കൊപ്പം അണ്ടർവേൾഡ് എന്നിങ്ങനെ മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം അമ്മ വേഷത്തിൽ സജീവ സാന്നിധ്യമായി മാറി.
ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്ന ശ്രീലക്ഷ്മി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് അമ്മ വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു കടന്നു വന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്തത്തിലുമെല്ലാം തന്റെ കലാജീവിതം ആസ്വദിക്കുന്ന ശീലക്ഷ്മി സംസാരിക്കുന്നു...
അമ്മ വേഷങ്ങളിൽ തിളക്കമാർന്ന വിജയം നേടുകയാണല്ലോ?
എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. മലയാളത്തിലെ മുൻനിര യുവതാരങ്ങളുടെയൊക്കെ അമ്മയായി അഭിനയിക്കാൻ സാധിച്ചു. എന്നാൽ അമ്മ വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നതായും തോന്നാറുണ്ട്. ചിലപ്പോൾ അമ്മ വേഷം ചെയ്യാൻ ഇന്ന് ആളു കുറവായതിനാലാകാം അത്തരം വേഷത്തിലേക്കു മാത്രം എന്നെ പരിഗണിക്കുന്നതിനു കാരണം. എങ്കിലും നല്ല കഥാപാത്രങ്ങൾ ഇനിയുമെന്നെ തേടിവരും എന്ന പ്രതീക്ഷയുണ്ട്. പിന്നെ, അഭിനയം എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് സിനിമയിലേക്കു തിരികെ എത്താനായത്. അപ്പോൾ ഏതു കഥാപാത്രമായാലും നല്ല കഥയും ടീമും ആണെങ്കിൽ തീർച്ചയായും ആ സിനിമ ചെയ്യാൻ ശ്രമിക്കും.
സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല. കുടുംബമായി ഞങ്ങൾ ദുബായിലായിരുന്നു. നാലു വർഷം മുന്പാണ് തിരുവനന്തപുരത്തു വന്നു സ്ഥിരതാമസമാകുന്നത്. സിനിമയിലേക്ക് അവസരം കിട്ടുന്നത് അപ്രതീക്ഷിതമായിട്ടാണ്. ആ സമയത്താണ് വിനീത് ശ്രീനിവാസൻ ഒരു ദിവസം ഫോണിൽ വിളിച്ച് നിവിന്റെ അമ്മ വേഷത്തെപ്പറ്റി പറയുന്നത്. അപ്പോൾ കെ.കെ രാജീവിന്റെ സീരിയലുകൾ ഞാൻ ചെയ്യുന്നുണ്ടായിരുന്നു. ഏഴെട്ടു ദിവസത്തെ വർക്കു മാത്രമേ കാണുകയുള്ളു എന്ന് പറഞ്ഞപ്പോൾ സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യമായി. വടക്കൻ സെൽഫിക്കു ശേഷം നിരവധി സിനിമകളുടെ ഭാഗമാകാൻ സാധിച്ചു.
കരിയിറിന്റെ തുടക്കത്തിൽ മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചത്?
ആറു സിനിമകൾ മാത്രമാണ് തുടക്കകാലത്ത് ഞാൻ ചെയ്തത്. മമ്മൂക്കയ്ക്കൊപ്പം ഭൂതക്കണ്ണാടി, ലാലേട്ടനൊപ്പം ഗുരു, ജയറാമേട്ടനൊപ്പം ദി കാർ, മുരളിയേട്ടനും സുരേഷ് ഗോപിച്ചേട്ടനുമൊപ്പം താലോലം, മുകേഷേട്ടനൊപ്പം മാട്ടുപ്പെട്ടി മച്ചാൻ എന്നിങ്ങനെ അന്നത്തെ എല്ലാ നായകന്മാർക്കൊപ്പം ഓരോ സിനിമ വീതം ചെയ്യാൻ സാധിച്ചു.
എന്റെ ആദ്യ ചിത്രം മുരളിച്ചേട്ടനൊപ്പം പൊരുത്തമായിരുന്നു. പഠിക്കുന്ന സമയത്ത് കലാതിലകമായപ്പോൾ പത്രത്തിൽ വന്ന ഫോട്ടോസ് കണ്ടിട്ടാണ് പൊരുത്തത്തിലേക്ക് അവസരം കിട്ടുന്നത്. പതിനാറ്-പതിനേഴ് വയസ് പ്രായമുള്ളപ്പോഴാണത്. പൊരുത്തത്തിനു മുന്പ് പല സിനിമകളിലേക്കും വിളിച്ചിരുന്നെങ്കിലും കലാക്ഷേത്രത്തിൽ പോയി പഠിക്കണമെന്ന ആഗ്രഹത്താൽ അവയൊന്നും ചെയ്തിരുന്നില്ല. പിന്നീട് പഠനം കഴിഞ്ഞു വെക്കേഷൻ സമയത്ത് വീട്ടിൽ വന്നു നിന്നപ്പോഴാണ് പൊരുത്തം ചെയ്യുന്നത്. അതിനുശേഷം ദൂരദർശനുവേണ്ടി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘മരണം ദുർബലം’ എന്ന പരന്പര ചെയ്തു. അതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും തേടിയെത്തി.
സൂപ്പർതാരങ്ങളുടെ നായികയായുള്ള തുടക്കം?
ഭൂതക്കണ്ണാടിയിൽ 15 വയസുള്ള കുട്ടിയുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്. സരോജിനി എന്ന ശക്തമായ ഒരു പുള്ളുവത്തി കഥാപാത്രമായിരുന്നു അത്. നിർമാതാവ് കിരീടം ഉണ്ണിച്ചേട്ടനാണ് ഫോണ് വിളിച്ചു ലോഹിതദാസ് സാറിന്റെ ചിത്രത്തെക്കുറിച്ച് പറയുന്നത്. മുന്പ് ഒന്നോ രണ്ടോ ആർട്ടിസ്റ്റുകൾ വന്നു ചെയ്തെങ്കിലും ലോഹിതദാസ് സാറിന് അതൊന്നും ഇഷ്ടപ്പെടാത്തതിനാൽ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയായിരുന്നു അപ്പോൾ. മമ്മൂട്ടിയാണ് നായകൻ എന്നു പറഞ്ഞപ്പോൾ തന്നെ എനിക്കു പൂർണ സമ്മതമായിരുന്നു. ഷൊർണൂരിൽ ലൊക്കേഷനിലെത്തിക്കഴിഞ്ഞാണ് കഥാപാത്രത്തെക്കുറിച്ച് ഞാൻ അറിയുന്നതു തന്നെ. 20 വയസുള്ള എനിക്ക് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുന്നതു ചലഞ്ചായി തോന്നി. കഥാപാത്രത്തെക്കുറിച്ച് വളരെ വിശദമായി ലോഹിതദാസ് സാറ് പറഞ്ഞു തന്നു. അതു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിത്തരുകയും ചെയ്തു.
പിന്നീടുള്ള സിനിമ യാത്രകൾ എങ്ങനെയായിരുന്നു?
രാജീവ് അഞ്ചലിന്റെ ഗുരുവായിരുന്നു പിന്നീടു ചെയ്തത്. ഭൂതക്കണ്ണാടിയിൽ നിന്നും നേർവിപരീതമായ ഒരു നാടൻ പെണ്കുട്ടിയുടെ വേഷം. അന്ന് അതെനിക്കൊരു പ്ലസ് പോയിന്റായി മാറി. പതിനഞ്ചു വയസുള്ള കുട്ടിയുടെ അമ്മയിൽ നിന്നും പാവാടയും ബ്ലൗസുമിട്ടു നടക്കുന്ന പതിനെട്ടുകാരി പെണ്കുട്ടിയുടെ കഥാപാത്രം ആകർഷിച്ചു. പിന്നീട് ദി കാർ, താലോലം, കോമഡി ട്രാക്കിലുള്ള മാട്ടുപ്പെട്ടി മച്ചാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതിനു ശേഷം വിവാഹത്തോടെ കുടുംബമായി ദുബായിൽ സെറ്റിലായി.
മിനിസ്ക്രീനിലൂടെ വീണ്ടും അഭിനയ രംഗത്തേക്കു തിരികെ എത്തുന്നത്?
തിരിച്ചു വരവിൽ ആദ്യം ചെയ്യുന്നത് അമൃത ടിവിയിൽ സുധീഷ് ശങ്കർ സംവിധാനം ചെയ്ത അർധചന്ദ്രന്റെ രാത്രി എന്ന പരന്പരയാണ്. സുധീഷ് ശങ്കറിന്റെ ഭാര്യ അഞ്ചിത എന്റെ സുഹൃത്താണ്. ആ ബന്ധത്തിലൂടെയാണ് വീണ്ടും അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. മെഗാ പരന്പരയല്ലാതെയുള്ള ഒരു നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു. അതു ചെയ്തതിലൂടെ ആ വർഷത്തെ സ്റ്റേറ്റ് അവാർഡും കിട്ടി. പിന്നീടാണ് പെണ്ണിന്റെ കഥ, അമ്മമനസ് എന്നീ പരന്പരകൾ. സിനിമയുടെ ഇടവേളകളിൽ കുറച്ച് എപ്പിസോഡുകളുള്ള പരന്പരകളിൽ ഇപ്പോഴും അഭിനയിക്കാറുണ്ട്.
കുടുംബ വിശേഷങ്ങൾ?
അനന്ദ്, അക്ഷിത് എന്നീ രണ്ടു ആണ്കുട്ടികളാണ്. ഇരുവരും പഠിക്കുന്നു. ഹസ്ബൻഡ് രതീഷ് ദുബായിൽ വർക്ക് ചെയ്യുന്നു. ടെന്പിൾ ഓഫ് ആർട്സ് എന്ന നൃത്ത വിദ്യാലയം തിരുവനന്തപുരത്ത് ഉണ്ട്. ഏഴു വർഷമായി അത് പ്രവർത്തിക്കുന്നു.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.