സിനിമാ നിര്‍മാണരംഗത്ത് കോഴിക്കോട്ടുകാരന്‍റെ അരങ്ങേറ്റം സൂപ്പര്‍ ഹിറ്റ്
Monday, June 6, 2022 12:38 PM IST
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അഭിജിത്ത് ജോസഫ് തന്‍റെ സിനിമാ കഥയുമായി പതിനെട്ട് നിര്‍മാതാക്കളെയാണ് സമീപിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കഥയാണെങ്കിലും പുതുമുഖ എഴുത്തുകാരനായതിനാല്‍ ഇത് സിനിമയാക്കാന്‍ അവരെല്ലാം വിസമ്മതിച്ചു. അങ്ങിനെയാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി തോമസ് പി. മാത്യു പൊട്ടനാനിക്കലിന്‍റെ അടുത്ത് അഭിജിത്ത് ജോസഫ് എത്തുന്നത്.

ഒരു സിനിമ നിര്‍മിക്കണമെന്നുള്ള അതിയായ മോഹം ചെറുപ്പം മുതലേ മനസില്‍ കൊണ്ടു നടക്കുകയായിരുന്നു തോമസ് പി. മാത്യു. ഇതിനിടയില്‍ മൂന്നു കഥകള്‍ അദ്ദേഹം കേട്ടിരുന്നുവെങ്കിലും അതൊന്നും ഇഷ്ടപ്പെടാത്തതിനാല്‍ ഏറ്റെടുത്തില്ല.



അഭിജിത്തിന്‍റെ കഥ കേട്ടപ്പോള്‍ തോമസ് പി. മാത്യുവിന് ഏറെ സന്തോഷമായി. നല്ല കഥ. ഒരു സിനിമ കാണും പോലെ അഭിജിത്ത് കഥ അവതരിപ്പിച്ചതോടെ ഇതാകട്ടെ തന്‍റെ ആദ്യ സിനിമാസംരംഭമെന്ന് അദ്ദേഹം തീരുമാനിച്ചു.

കഥയില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു തോമസിന്. ആ പ്രതീക്ഷ തെറ്റിയില്ലെന്ന് സിനിമ ഇറങ്ങിയശേഷമുള്ള പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍ക്കും നവാഗതര്‍ക്കും എന്നും മുന്‍ഗണന കൊടുക്കുന്ന നടന്‍ ജയസൂര്യയ്ക്കും കഥ ഇഷ്ടമായതോടെ മലയാള സിനിമാലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന ‘ജോണ്‍ ലൂഥര്‍ ' സിനിമ പിറന്നു. അലോന്‍സ ഫിലിംസ് ബാനറില്‍ നിര്‍മിച്ച ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടികഴിഞ്ഞു.



നിര്‍മാതാവും സംവിധായകനും പുതുമുഖം

ജോണ്‍ ലൂഥറിന്‍റെ നിര്‍മാതാവ് തോമസ് പി. മാത്യുവും കഥാകൃത്ത് കൂടിയായ സംവിധായകന്‍ അഭിജിത്ത് ജോസഫും പുതുമുഖങ്ങളാണ്.രണ്ടു പേരുടെയും ആദ്യ ഉദ്യമം. സിനിമ നിര്‍മിക്കുന്ന കാര്യം വീട്ടുകാരോടും സുഹൃത്തുക്കളോടും തോമസ് പി. മാത്യു പറഞ്ഞു. വീട്ടുകാര്‍ പിന്തുണച്ചുവെങ്കിലും ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ നിരുല്‍സാഹപ്പെടുത്തി. പുതുമുഖമായ സംവിധായകനെ വച്ച് സിനിമയെടുത്താന്‍ വിജയിപ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു അവരുടെ ഭയം.

എന്നാല്‍ തോമസ് പി. മാത്യുവിന്‍റെ ആത്മവിശ്വാസം വലുതായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായ അദ്ദേഹം വെല്ലുവിളികളെ അതിജീവിക്കാന്‍ മനസ് പാകപ്പെടുത്തി. പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സിനിമ നിര്‍മിക്കണമെന്ന മോഹം ചെറുപ്പകാലം മുതല്‍ തോമസ് പി. മാത്യുവിനെ ഭരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്ത് കിട്ടിയ പണം കൈയിലുള്ളതിനാല്‍ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. 2019 ജൂലായ് അവസാനത്തില്‍ നടന്‍ ജയസൂര്യയ്ക്ക് അഡ്വാന്‍സ് നല്‍കി സിനിമാ വര്‍ക്കിന് തുടക്കമിട്ടു.



വെല്ലുവിളിയായി കോവിഡും പേമാരിയും

ജോണ്‍ ലൂഥര്‍ സിനിമയുടെ ഷൂട്ടിംഗിനു വെല്ലുവിളി ഉയര്‍ത്തിയത് കോവിഡും പേമാരിയുമാണ്. 2020 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയി. പ്രൊജക്ട് റദ്ദാക്കുന്ന കാര്യം വരെ ആലോചിച്ചു. എന്നാല്‍ തോമസ് പി. മാത്യുവിന്‍റെ മനസു തളര്‍ന്നില്ല. സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പത്താം നാള്‍ നായകന്‍ ജയസൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സംവിധായകന്‍ അഭിജിത്തും കോവിഡ് ബാധിച്ച് കിടിപ്പിലായി. ഒരു മാസം ഷൂട്ടിംഗ് നടന്നില്ല.

വാഗമണ്‍, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, വാളാടി, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. കുട്ടിക്കാനത്ത് ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് പേമാരിയും ഉരുള്‍പൊട്ടലും ഉണ്ടായത്. ഇതുകാരണം കുറച്ചു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. 64 ദിവസംകൊണ്ടാണ് ജോണ്‍ ലൂഥറിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എട്ടര കോടിയാണ് നിര്‍മാണ ചെലവ്.



ദേവികുളം പോലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ജോണ്‍ ലൂഥര്‍ എന്ന മിടുക്കനായ പോലീസ് ഓഫീസര്‍ നടത്തുന്ന ഒരു കൊലക്കേസ് അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. കൊലപാതകത്തിന്‍റെ നിഗൂഡതകളിലേക്കിറങ്ങി അന്വേഷണം പുരോഗമിക്കുന്നിനിടയില്‍ ഒരപകടത്തില്‍ ജോണ്‍ ലൂഥറിന് കേള്‍വി നഷ്ടപ്പെടുന്നു. ശ്രവണശേഷി നഷ്ടപ്പെട്ടിട്ടും കേസന്വേഷണമായി ജോണ്‍ ലൂഥര്‍ മുന്നോട്ടുപോകുന്നതാണ് കഥ.

ഷൂട്ടിംഗും വളരെ ശ്രമകരമായിരുന്നു. എസ്റ്റേറ്റ് ബംഗ്ളാവാണ് പോലീസ് സ്റ്റേഷനാക്കി മാറ്റിയിരുന്നത്. രാവിലെ ശ്രവണശേഷിയുള്ള പോലീസ് ഓഫീസറായാണ് ജയസൂര്യ അഭിനയിച്ചത്. ഉച്ചയ്ക്ക് ശേഷം ശ്രവണശേഷി നഷ്ടപ്പെട്ട പോലീസ് ഓഫീസറായും.



നല്ല കഴിവുള്ള നടനായതിനാല്‍ തന്‍മയത്വത്തോടുകൂടിയാണ് ജയസൂര്യ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് തോമസ് പി.മാത്യു പറഞ്ഞു. ക്രൈംതില്ലറായ ഈ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

2016-ലാണ് അഭിജിത്ത് ജോസഫ് ഈ കഥ എഴുതുന്നത്. അഞ്ചാം പ്രമാണം എന്നായിരുന്നു കഥയുടെ പേര്. അഞ്ചാം പാതിര എന്ന പേരില്‍ ഒരു സിനിമ ഇതിനിടയില്‍ പുറത്തിറങ്ങിയിരുന്നു. അതിനാല്‍ പേരു മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.അങ്ങിനെ നടന്‍ ജയസൂര്യ തന്നെയാണ് സിനിമയ്ക്ക് ജോണ്‍ ലൂഥര്‍ എന്ന പേര് നിര്‍ദേശിച്ചത്.



അഭിനന്ദനവുമായി മോഹന്‍ലാല്‍

ജോണ്‍ ലൂഥര്‍ കണ്ട് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ജയസൂര്യയെ വിളിച്ച് അഭിനന്ദിച്ചത് സിനിമാ ടീമിന് ഏറെ ആഹ്ലാദം പകരുന്നു. ‘കൊള്ളം മോനെ.. കലക്കി' എന്നായിരുന്നു മോഹന്‍ലാലിന്‍റെ കമന്‍റ്. കാമറ നന്നായിട്ടുണ്ടെന്നും അദ്ദേഹം അഭിനന്ദിച്ചു. നിര്‍മാതാവായ തോമസ് പി. മാത്യുവും അഭിനന്ദനത്തില്‍ ആവേശം കൊള്ളുകയാണ്.

സംസ്ഥാനത്തെ 152 തിയറ്ററുകളിലാണ് ജോണ്‍ ലൂഥര്‍ ഇപ്പോള്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്നത്. ജയസൂര്യ സിനിമകള്‍ക്ക് അടുത്ത കാലത്ത് ലഭിച്ചതില്‍ ഏറ്റവും മികച്ച കളക്ഷനാണ് ജോണ്‍ ലൂഥറിനു ലഭിച്ചത്. ഒടിടിയില്‍ സിനിമ കാണിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് തോമസ് പി. മാത്യു പറഞ്ഞു. സാറ്റലൈറ്റ് സംപ്രേഷണത്തിന് ഏഷ്യാനെറ്റ്, സൂര്യടിവി, മനോരമ എന്നിവയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ഫാര്‍സ് ആണ് ഓവര്‍സീസ് ചുമതലക്കാര്‍.



കുടുംബം

തിരുവമ്പാടിയിലെ പൊട്ടനാനിക്കല്‍ പരേതനായ പി.വി. മാത്യുവിന്‍റെയും അന്നക്കുട്ടി മാത്യുവിന്‍റെയും മകനാണ് തോമസ് പി. മാത്യു. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ പഠനത്തിനുശേഷം പാലക്കാട് ഗവ.പോളി ടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമയെടുത്തു.

1998 മുതല്‍ കിര്‍ലോസ്കര്‍ കമ്പനിയില്‍ ലാര്‍ജ് എന്‍ജിന്‍ ഡിവിഷനില്‍ എന്‍ജിനീയറായി ജോലി ചെയ്തശേഷം 2003 -ല്‍ തന്നെ കുവൈറ്റിലേക്ക് പോയി. അവിടെ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. 2020 ജൂലായില്‍ കുവൈത്ത് വിട്ട് നാട്ടില്‍ എത്തി.



ജോണ്‍ ലൂഥര്‍ സിനിമയുടെ കോ-പ്രൊഡ്യൂസര്‍ കൂടിയായ ക്രിസ്റ്റീന തോമസ് ആണ് ഭാര്യ. കുവൈത്ത് മിനിസ്ട്രിയില്‍ നഴ്സായിരുന്നു ഇവര്‍. മക്കള്‍: അലോന്‍സ(ദേവഗിരി സിഎംഐ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അക്സ, അന്ന (ഇരുവരും ചോയ്സ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികൾ)‍. ജോണ്‍ ലൂഥറില്‍ പാട്ട് സീനില്‍ രണ്ടു കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ നിര്‍മാണവുമായി മുന്നേട്ടുപോകാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

എം. ജയതിലകന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.