കുടിയാന്‍മലയിലെ പാല്‍തൂ ജാന്‍വര്‍ വിശേഷങ്ങള്‍.!
Wednesday, August 31, 2022 3:17 PM IST
ഓണത്തിനു കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ഹാപ്പിയാക്കുന്ന നല്ല ഒരു എന്‍റര്‍ടെയ്നറായിരിക്കും പാല്‍തൂജാന്‍വര്‍ - പറയുന്നത് പടത്തിന്‍റെ സംവിധായകന്‍ സംഗീത് പി.രാജൻ. ഈ ഉറപ്പിനു പിന്നില്‍ വികെപി, അമല്‍നീരദ്, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരുടെയൊക്കെ കളരികളില്‍ പയറ്റിത്തെളിഞ്ഞ ഒരു കണ്ണൂരുകാരന്‍റെ ചങ്കൂറ്റമുണ്ട്.

ദിലീഷ് പോത്തന്‍റെയും ശ്യാം പുഷ്കരന്‍റെയും ഫഹദിന്‍റെയും ഭാവന സ്റ്റുഡിയോസ് ഒന്നും കാണാതെ ഇങ്ങനെയൊരു പടത്തിനു പണമെറിയില്ലെന്ന സാമാന്യയുക്തിയുണ്ട്. അഭിനയവും നന്നായി വഴങ്ങുമെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ബേസില്‍ ജോസഫിന്‍റെ നായകനടനമുണ്ട്. പിന്നെ, ഇന്ദ്രന്‍സും ജോണി ആന്‍റണിയും ഷമ്മി തിലകനും ദിലീഷുമൊക്കെയുള്ള കുടിയാന്‍മലയിലെ ഒന്നാംതരം രസക്കൂട്ടും.



ഗായ് എക് പാല്‍തൂ ജാന്‍വര്‍ ഹെ

ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അനീഷ് അഞ്ജലിയാണ് പാല്‍തൂ ജാന്‍വര്‍ എന്ന ടൈറ്റിലിനു പിന്നിലെന്ന് സംഗീത്. "വളര്‍ത്തുമൃഗങ്ങള്‍ എന്നു പേരിട്ടാല്‍ ക്ലാസ് മൂഡിലേക്കു പോകും. സിനിമ കൊമേഴ്സ്യലി ആളുകള്‍ അറിയണം. എല്ലാവര്‍ക്കും അറിയുന്ന ടൈറ്റില്‍ ആയിരിക്കണം. ഗായ് എക് പാല്‍ തൂ ജാന്‍വര്‍ ഹെ എന്നൊക്കെ പഠിച്ചിട്ടുണ്ടല്ലോ.

അനീഷിന്‍റെ അച്ഛനു മുമ്പുണ്ടായ ഒരു സംഭവത്തില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം. വിനോയ് തോമസും അനീഷും ചേർന്നാണ് തിരക്കഥയൊരുക്കിയത്. അസിസ്റ്റന്‍റും അസോസിയേറ്റുമായിരുന്ന കാലത്തു തന്നെ ഭാവന സ്റ്റുഡിയോസിലെ എല്ലാവരെയും അറിയുന്നതുകൊണ്ട് ആ കഥ ഷെയര്‍ ചെയ്തുവെന്നുമാത്രം. ചലഞ്ചിംഗ് സബ്ജക്ടായി തോന്നിയതുകൊണ്ടാവാം അവര്‍ ഓകെ പറഞ്ഞത്. ആദ്യമായിട്ടാണു ഭാവന പുറത്തുനിന്ന് ഒരു സബ്ജക്ട് ചെയ്യുന്നത്.'



ഇയോബിന്‍റെ പുസ്തകത്തില്‍ നിന്ന്...

പാല്‍തൂ ജാന്‍വര്‍ ഒരു കണ്ണൂര്‍ പടമാണ്. സംഗീത് പടിയൂരുകാരന്‍ ആയതുകൊണ്ടുമാത്രം പറയുന്നതല്ല. ഈ പടം മൊത്തം ഷൂട്ട് ചെയ്തത് കണ്ണൂരാണ്. രണദിവെയാണ് കുടിയാന്‍മലകാഴ്ചകള്‍ കാമറയിലാക്കിയത്. അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്തതുകൊണ്ടാണ് ഇത്തരം ബന്ധങ്ങള്‍ സ്വന്തമായതെന്ന് സംഗീത് ഓര്‍ക്കുന്നു.

"ഇയോബിന്‍റെ പുസ്തകം സിനിമയാണ് അതിന്‍റെ ഒരു കാരണം. അന്ന് അമലേട്ടന്‍റെ മെയിന്‍ അസോസിയേറ്റായിരുന്നു രണദിവെ. വെറുതേയൊരു സിനിമ ചെയ്യാന്‍ ഇറങ്ങിയാല്‍പ്പോരാ അതില്‍ എന്തെങ്കിലുമൊക്കെ വേണം എന്നൊക്കെ തോന്നിത്തുടങ്ങിയത് അമലേട്ടന്‍റെയൊക്കെ കൂടെ വര്‍ക്ക് ചെയ്തതുകൊണ്ടാണ്.

രണദിവെ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തന്‍, ഫഹദ്.. ഇത്രയുംപേര്‍ ഇയോബിന്‍റെ പുസ്തകത്തില്‍ നിന്ന് എനിക്കു കിട്ടിയതാണ്. അന്നു തൊട്ടേയുള്ള ബന്ധങ്ങളാണ്. ഞങ്ങള്‍ ഇടയ്ക്കു കാണാറുണ്ട്, സിനിമാകാര്യങ്ങള്‍ സംസാരിക്കാറുണ്ട്. അങ്ങനെ പോയപോക്കാണ് ഇവിടെയെത്തിച്ചത്.'



ആ ഇഷ്ടം മുതലെടുക്കാന്‍

ഇരിട്ടിക്കടുത്തുള്ള ചാലിശേരി സ്കൂളിലെ റിട്ട. മ്യൂസിക് അധ്യാപകന്‍ പി. രാജന്‍റെ മകന്‍ കൊച്ചിയിലെത്തിയതു സിനിമയോടുള്ള പിരാന്ത് മൂത്തിട്ടാണെന്നു പറഞ്ഞാല്‍ സംഗീതിനെ അറിയുന്നവര്‍ നിഷേധിക്കില്ല. പ്ലസ് ടു കഴിഞ്ഞ് കൊച്ചിന്‍ മീഡിയ സ്കൂളില്‍ ഡിപ്ലോമ കോഴ്സിനു പോയതു മാത്രമാണ് തിയറി പഠനം. പ്രായോഗികപാഠങ്ങളെല്ലാം അമല്‍നീരദ്, മിഥുന്‍മാനുവല്‍ സ്കൂളുകളില്‍ നിന്ന്.

ബേസിലിനെ വച്ചു തന്നെ പ്ലാന്‍ ചെയ്ത സിനിമയാണിതെന്നു സംഗീത് പറയുന്നു. 'ബേസിലിനു ഫാന്‍സില്‍ നിന്നു നെഗറ്റീവ്സ് ഒന്നുമില്ല. അവനോട് ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ട്. ആളുകള്‍ക്ക് എന്തോ ഒരിഷ്ടമുണ്ട്. ആ ഇഷ്ടം മുതലെടുക്കുക എന്നതു തന്നെയാണ് ഉദ്ദേശിച്ചത്. അവനില്‍ ഒരു കുട്ടിത്തം സ്വാഭാവികമായുണ്ട്. കുടിയാന്‍മലയിലെ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ പ്രസൂണ്‍ - അതാണു വേഷം.'



സ്റ്റാര്‍ട്ടും ആക്ഷനും അവയ്ക്കറിയില്ലല്ലോ!

"സീനുകളില്‍ മൃഗങ്ങള്‍ കൂടിയുള്ളതിനാല്‍ നമ്മള്‍ പ്ലാന്‍ ചെയ്യുന്നതുപോലെ ഷൂട്ട് പോകണമെന്നില്ല. മൃഗത്തിനു തോന്നിയാല്‍ മാത്രമേ അത് റിയാക്ട് ചെയ്യുകയുള്ളൂ. നമുക്കു പറഞ്ഞു മനസിലാക്കാന്‍ പറ്റില്ലല്ലോ. സ്വാഭാവികമായി കിട്ടുന്നതുവരെ വെയ്റ്റ് ചെയ്യണം. അതായിരുന്നു ചലഞ്ച്. മൃഗങ്ങളുടെ കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്നതിന് നടനും അസിസ്റ്റന്‍റുമായ ജോജിയുടെ സഹായമുണ്ടായി'. - സംഗീത് ഓര്‍ക്കുന്നു.

"ഒരു ചെരുവില്‍ സംഭവിക്കുന്ന കഥയാണിത്. ഇങ്ങനെയൊക്കെയുള്ള ഒരു സിനിമ ആയതിനാല്‍ നാട്ടുകാരുടെ സപ്പോര്‍ട്ട് ആവശ്യമായിരുന്നു. കണ്ണൂരിലെ ഹൈറേഞ്ചിലായിരുന്നു ചിത്രീകരണം. മട്ടന്നൂർ, കേളകം, ഇരിട്ടി ഭാഗങ്ങളിൽ. പടിയൂരിലെ സുഹൃത്ത് പ്രീനുവായിരുന്നു ലൊക്കേഷന്‍ മാനേജര്‍. സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളൊക്കെ നാട്ടുകാരായ ആളുകൾ. അതിന്‍റേതായ ഫ്രഷ്നസ് ഉണ്ടായിരുന്നു.'



ദീലീഷ് പോത്തനും ശ്യാം പുഷ്കരനും

പ്രൊഡ്യൂസേഴ്സായ ദീലീഷ് പോത്തനും ശ്യാം പുഷ്കരനും വലിയ സപ്പോര്‍ട്ടായിരുന്നുവെന്ന് സംഗീത് ഓര്‍ക്കുന്നു.' ഇരുവരും സെറ്റിലുണ്ടായിരുന്നു. ഇത് ഇങ്ങനെയാണു ചേട്ടാ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞ് അവര്‍ക്കതു ബോധ്യമായാല്‍ പൂര്‍ണമായ സപ്പോര്‍ട്ട് തന്നിരുന്നു.

പിന്നെ, എന്നെ കുറച്ചുനാളായി ഇവര്‍ക്ക് അറിയാം. ഞാനെന്താണു ചെയ്യാന്‍ പോകുന്നതെന്നും അറിയാം. നിനക്കിഷ്ടമുള്ള സിനിമ നീ ചെയ്യ്, റിസള്‍ട്ട് നമുക്കു പിന്നീടു നോക്കാം എന്നാണു പറഞ്ഞത്. കണ്ടന്‍റില്‍ അവര്‍ ഹാപ്പിയായിരുന്നു.'

ഇന്ദ്രന്‍സിന്‍റേത് ഇത്തിരി കോമഡിയായ കഥാപാത്രമാണെന്നു സംഗീത് പറയുന്നു. 'പക്ഷേ, കോമഡിയായിട്ടല്ല അദ്ദേഹത്തെ ഇതില്‍ ഡീല്‍ ചെയ്തിരിക്കുന്നത്. മാക്സിമം ജെനുവിനായി അദ്ദേഹം അതു ചെയ്തിട്ടുമുണ്ട്.'



മൂവ് ചെയ്യുന്ന ഡമ്മികള്‍

ജുറാസിക് പാര്‍ക്കിലും മറ്റും ചെയ്തിട്ടുള്ളതുപോലെ മൂവ് ചെയ്യുന്ന ഡമ്മികള്‍ ഇതില്‍ ഉപയോഗിച്ചതായി സംഗീത്. 'ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ദാസാണ് അതിനു പിന്നിൽ. ജല്ലിക്കെട്ട് അടക്കമുള്ള പടങ്ങളിലെ ടെക്നിക്കല്‍ ക്രൂവൊക്കെയാണ് സ്പെഷല്‍ ഇഫക്ടസിനു വന്നത്.

ഗോകുലേട്ടനു വേണ്ട ഫൈനല്‍ സപ്പോര്‍ട്ടു നല്കിയതു തൗഫീക്കിന്‍റെ എഗ്വൈറ്റ് വിഎഫ്എക്സ് സ്റ്റുഡിയോ. തൊണ്ടി മുതലും ദൃക്സാക്ഷിയും, ജോജി, ജാനേമന്‍ തുടങ്ങിയ പടങ്ങളില്‍ വര്‍ക്ക് ചെയ്ത കിരണ്‍ദാസാണ് എഡിറ്റർ. മേക്കപ്പ് റോണക്സ് സേവ്യർ'. പാട്ടും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുമൊരുക്കിയതു ജസ്റ്റിന്‍ വര്‍ഗീസ്.

"ഗ്രാമീണമായ പാട്ടാണ് വേണ്ടിയിരുന്നത്. കുറേപ്പേര്‍ അത്തരം പാട്ടുകള്‍ ചെയ്തിട്ടുണ്ട്. യൂത്തിന് ഇഷ്ടപ്പെടുന്ന പുതിയൊരു ടെമ്പോ ടോണ്‍ കിട്ടുമെന്നുള്ളതുകൊണ്ടാണ് ജസ്റ്റിന്‍റെയടുത്തു പോയത്. വളരെ രസമായി രണ്ടു പാട്ടുകള്‍ക്കും സുഹൈല്‍ വരികളെഴുതി. സന്തോഷ് വര്‍മയെഴുതിയ മറ്റൊരു പാട്ടുമുണ്ട്.'



മോളിക്കുട്ടി

മൃഗാശുപത്രിയുമായി ബന്ധപ്പെട്ട കഥയായതിനാല്‍ പല കാര്യങ്ങളും മൃഗങ്ങളിലൂടെയാണ് കണക്ട് ചെയ്തിരിക്കുന്നതെന്ന് സംഗീത് പറയുന്നു. 'ഒരു നോര്‍മല്‍ ഹോസ്പിറ്റലില്‍ ഇന്നയാള്‍ക്കു പ്രശ്നമുണ്ടെന്നു പറയുന്നതുപോലെ ഇതില്‍ അവിടെയൊരു എരുമയ്ക്കു പ്രശ്നമുണ്ടല്ലോ എന്ന മട്ടിലാണ് ഇതില്‍ മൃഗങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളും മറ്റും കയറിവന്നിട്ടുള്ളത്.

പാല്‍തൂജാന്‍വര്‍ കാറ്റഗറിയില്‍ കന്നുകാലി വിഭാഗത്തിലെ എല്ലാ മൃഗങ്ങളുമുണ്ടാകുമല്ലോ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളില്‍ ആര്‍ക്കാണു പ്രാധാന്യം എന്ന ചിന്തയില്‍ നിന്നുണ്ടായ കഥയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കും അതിന്‍റേതായ സ്വാതന്ത്ര്യവും മറ്റുമുണ്ടല്ലോ. മോളിക്കുട്ടി എന്ന പശു ഇതില്‍ ഒരു കാരക്ടറായിത്തന്നെ വരുന്നുണ്ട്.'



ആ ഗ്ലോ കണ്ടാലറിഞ്ഞൂടേ കുട്ടാ..

ആ ഗ്ലോ കണ്ടാലറിഞ്ഞൂടേ കുട്ടാ എന്ന ഡയലോഗൊക്കെ ഷമ്മിതിലകന്‍ വിളയാട്ടത്തിന്‍റെ ഇങ്ങേയറ്റം മാത്രം. ഇത് ആ സിനിമയിലെ തിലകനല്ലേ എന്നു തോന്നിപ്പിക്കുന്ന രൂപസാദൃശ്യവും മാനറിസങ്ങളും. അതേക്കുറിച്ച് സംഗീത് പറയുന്നു- 'തിലകന്‍ ചേട്ടനോടു നമുക്ക് എന്താണോ തോന്നുന്നത് അതിന്‍റെ മറ്റൊരു ഫീലാണ് അദ്ദേഹത്തിന്‍റെ മകനോടും തോന്നുന്നത്.

മൊട്ടയടിക്കാനുള്ള പ്ലാനില്ലായിരുന്നു. സ്ഥിരം ഗെറ്റപ്പൊന്നു മാറ്റിപ്പിടിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. തൊട്ടുമുമ്പൊരു സിനിമ ചെയ്തതു കുറ്റിമുടിയുമായിട്ടാണ്. ആ ഗെറ്റപ്പ് എന്തായാലും പിടിക്കുന്നില്ലെന്നുറപ്പിച്ചു. വിഗ് വച്ചാലും ശരിയാവില്ല. ഒടുവില്‍ മൊട്ടയടിച്ചു. ഇതില്‍ ഇത്തിരി ഫണ്‍ ആണ്, ഹൈപ്പറാണ്.'



റിപ്പീറ്റ് വാച്ച്

തൊണ്ണൂറുകളിലെ പല പടങ്ങളും എത്ര തവണ ടിവിയില്‍ വന്നാലും കഥയറിയാമെങ്കിലും മടുക്കാതെ നമ്മള്‍ കണ്ടിരിക്കും. റിപ്പീറ്റ് വാച്ചബിള്‍ മൂവി എന്നു പറയും. ആ സബ്ജക്ട് കാണാനുള്ള ഒരിഷ്ടം. കണ്ടിരിക്കാനുള്ള ഒരു സുഖം. അതു തിരിച്ചുപിടിക്കാനുള്ള ശ്രമം പാല്‍ത്തൂ ജാന്‍വറില്‍ നടത്തിയതായി സംഗീത്.

"അത്തരം മൂഡില്‍ ഇപ്പോള്‍ എന്തുകൊണ്ട് സിനിമ കാണാന്‍ പറ്റുന്നില്ലെന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. ഈ കഥയില്‍ വീണ്ടും കണ്ടിരിക്കാന്‍ ഇഷ്ടം തോന്നുന്ന നല്ലൊരു ഡ്രാമ ഫീല്‍ ചെയ്തു. ഒട്ടും ഗിമ്മിക്സ് കലര്‍ത്താതെ പറ്റുന്നിടത്തോളം ക്ലീനായി അതു ചെയ്തിട്ടുണ്ട് ' - സംഗീത് പറയുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.