ഷിമിലിയാകാന്‍ വെയില്‍കൊണ്ട് കറുത്തു: ഐശ്വര്യ അനില്‍കുമാര്‍
Monday, February 6, 2023 2:30 PM IST
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്‍റ് അനില്‍കുമാറിന്‍റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂടിയ കാലത്താണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തിയറ്ററുകളിലെത്തിയത്.

ഓഡീഷനുകളിലെല്ലാം നിരാസം മാത്രമായപ്പോള്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറും, അന്ന് നായകനായി വിഷ്ണു ഉണ്ണികൃഷ്ണനൊക്കെ ഉണ്ടാവും എന്നൊക്കെ പറഞ്ഞ് ഐശ്വര്യ സ്വയം ബൂസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ആറു വര്‍ഷങ്ങൾക്കു ശേഷം ആ സ്വപ്നം സഫലമായി. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത വെടിക്കെട്ടില്‍ ബിബിന്‍റെ നായികയായി ഐശ്വര്യയ്ക്കു ഗംഭീര തുടക്കം.



‘ഞാന്‍ സ്വപ്നം കണ്ട ടീമിനൊപ്പം സിനിമ ചെയ്യാനായി. അവരുടെ സ്ക്രിപ്റ്റുകളില്‍ സാധാരണക്കാരുടെ കഥകളാണല്ലോ പറയുന്നത്. ഇതും അങ്ങനെ തന്നെ. എറണാകുളത്തെ മഞ്ഞപ്ര, കറുങ്കോട്ട എന്നീ കരക്കാരുടെ പ്രശ്നങ്ങളും അവര്‍ തമ്മിലുണ്ടാകുന്ന ചില തര്‍ക്കങ്ങളും മറ്റുമാണ് പശ്ചാത്തലം. നിറത്തിന്‍റെ രാഷ്‌ട്രീയം പറയുന്ന സിനിമ കൂടിയാണിത്’ - ഐശ്വര്യ പറഞ്ഞു.

മൂന്നു വ്യവസ്ഥകള്‍

സ്കൂള്‍ ദിനങ്ങള്‍ തൊട്ടേ അച്ഛന്‍ അനില്‍കുമാറും അമ്മ റീജയും വലിയ സപ്പോര്‍ട്ടാണ്. മോണോ ആക്ട്, ഡാന്‍സ്, പ്രസംഗം, ഓട്ടന്‍തുള്ളൽ...ഓരോ സ്റ്റേജിലും അവര്‍ കൂടെയുണ്ടാവും. എന്നെ ബിഗ് സ്ക്രീനില്‍ കാണാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഓഡീഷനുകള്‍ക്കു മുന്നിട്ടിറങ്ങിയിരുന്നതും അവരാണ്.



ഏഷ്യാനെറ്റിലെ ചന്ദ്രിക താരോദയം ന്യൂഫേസ് ഹണ്ട് റിയാലിറ്റി ഷോയില്‍ വിജയിച്ചതോടെ ആത്മവിശ്വാസമായി. ഷോര്‍ട്ട് ഫിലിംസും വെബ് സീരീസും ചെയ്തുതുടങ്ങി. 2019ൽ കുഞ്ഞിരാമന്‍ എന്ന ഷോര്‍ട്ട്ഫിലിമിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ സ്പെഷല്‍ ജൂറി പരാമർശം. ഉപ്പും മുളകും ഫെയിം ശിവാനിക്കൊപ്പം ചെയ്ത ഷോര്‍ട്ട് ഫിലിമിലും മികച്ച നടിക്കുള്ള ജൂറി പുരസ്കാരം.

നാന്‍ പെറ്റ മകനാണ് ആദ്യ സിനിമ. അതില്‍ ശ്രീനിവാസന്‍റെയും സീമാ ജി. നായരുടെയും മകളുടെ വേഷം. ജനഗണമനയില്‍ കോളജ് വിദ്യാര്‍ഥി. പിന്നീടു കാണെക്കാണെ, മകൾ, നിഴല്‍ ... സിനിമകളില്‍ ചെറിയ വേഷങ്ങള്‍.



ബികോമിനു ശേഷം ഡാന്‍സിനോടുള്ള ഇഷ്ടം കൂടി പ്രൈവറ്റായി ബിഎ ഭരതനാട്യത്തിനു ചേര്‍ന്നു. ഡാന്‍സ് ക്ലാസും തുടങ്ങി. കൊറോണ വന്നതോടെ എല്ലാം നിന്നു. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ സജീവമായി ഡാന്‍സ് റീല്‍സ് ചെയ്തുതുടങ്ങി. സഹോദരന്‍ മണികണ്ഠനാണ് റീല്‍സിന്‍റെ വീഡിയോഗ്രാഫര്‍.

ആയിടെയാണ് ശോഭയുടെ സ്വന്തം ദിനേശേട്ടന്‍ എന്ന വെബ് സീരീസ് കണ്ടിട്ട് ബിബിന്‍ ജോര്‍ജ് വിളിച്ച് അഭിനനന്ദനം അറിയിച്ചത്. സിനിമയെടുക്കാന്‍ പ്ലാനുണ്ടെന്നും അപ്പോള്‍ ഓഡീഷനില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ ഫേക്ക് ഓഡിഷനുകള്‍ക്കു പോയി മടുത്തിരിക്കുന്ന സമയത്താണ് വെടിക്കെട്ടിന്‍റെ കാസ്റ്റിംഗ് കോള്‍ വന്നത്. ഞാനതു ശ്രദ്ധിച്ചില്ല. പക്ഷേ, ഓഡീഷനില്‍ പങ്കെടുക്കാന്‍ മാറ്റിനിയില്‍ നിന്നു കോള്‍ വന്നു.



രണ്ട് ഓഡിഷന്‍ കഴിഞ്ഞപ്പോഴേക്കും സെലക്ടായി എന്ന് അറിയിച്ചു. മൂന്നു വ്യവസ്ഥകളും പറഞ്ഞു - വണ്ണം കുറയ്ക്കണം, നിറം കുറയ്ക്കണം, വഞ്ചി തുഴയാന്‍ പഠിക്കണം. സിനിമയിലെത്താന്‍ അത്രമേല്‍ മോഹിച്ചിരുന്നതിനാല്‍ ദിവസവും ടെറസില്‍ കയറി വെയില്‍ കൊണ്ട് ശരീരം കറുപ്പിച്ചു. സെറ്റില്‍ കുടയുടെ അടുത്തുപോലും നില്‍ക്കില്ലായിരുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ ആളുകള്‍ക്ക് എന്നെ മനസിലാകുമോ എന്നൊരു പേടിയുണ്ട്. അത്രയ്ക്കു നിറവ്യത്യാസം വന്നു. ഭക്ഷണക്രമത്തിലും നിയന്ത്രണമുണ്ടായിരുന്നു.

ഈ കാലഘട്ടത്തിന്‍റെ കഥയാണെങ്കിലും പരിഷ്കാരങ്ങളിലേക്ക് എത്തിപ്പെടാത്ത തനി നാട്ടിന്‍പുറത്തു ജീവിക്കുന്ന കുറേ ആളുകളുടെ ജീവിതമാണ്. അവരുടെ യാത്രാമാര്‍ഗം വഞ്ചിയാണ്. അതിനാല്‍ വേമ്പനാട്ടു കായലില്‍ പോയി വഞ്ചി തുഴയാനും പഠിച്ചു.



ചിത്തുവും ഷിബൂട്ടനും ഷിമിലിയും

ചിത്തുവെന്ന ചിത്തിരേശ് - അതാണ് ബിബിന്‍റെ കഥാപാത്രം. ചായക്കടയുടെ പശ്ചാത്തലത്തിലുള്ള വേഷം. ഷിബൂട്ടൻ- അതാണു വിഷ്ണുവിന്‍റെ കഥാപാത്രം. ഇതുവരെ ചെയ്യാത്ത വേഷമാണ് വിഷ്ണു ചെയ്തിരിക്കുന്നത്. ലുക്കില്‍ തന്നെ വലിയ മാറ്റമാണ്.

ഷിമിലി... അതാണ് എന്‍റെ കഥാപാത്രം. സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. "ചേട്ടനുണ്ടാക്കുന്ന പഴംപൊരി ഡെയ്‌ലി കഴിക്കുന്നുവെന്ന് പറഞ്ഞ് ചേട്ടനെ പ്രേമിക്കണമെന്നൊക്കെ പറഞ്ഞാല്‍..' അത്തരത്തില്‍ നായകനോടു തിരിച്ചു സംസാരിക്കുന്ന ചട്ടമ്പി ടൈപ്പ് തനി നാട്ടിന്‍പുറത്തുകാരി.



മിക്കപ്പോഴും അനുഭവപരിചയമുള്ളവരെ നായികയാക്കാനാണു നിര്‍മാതാക്കള്‍ക്കു താത്പര്യം. പക്ഷേ, ഇതിൽ ഞാനുള്‍പ്പെടെ 230 പുതുമുഖങ്ങള്‍ക്ക് അവസരം നല്കി. വിഷ്ണുവും ബിബിനും മാത്രമാണ് ഇതിലെ പരിചിത മുഖങ്ങൾ.

സാധാരണ സെറ്റുകളില്‍ നമ്മുടെ കഥാപാത്രത്തെക്കുറിച്ചു മാത്രമേ പറഞ്ഞു തരികയുള്ളൂ. ഇവിടെ, എല്ലാ പുതുമുഖങ്ങളെയും ഒന്നിച്ചിരുത്തി ഫുള്‍ സ്ക്രിപ്റ്റ് വായിച്ചുകൊടുത്തു.



എല്ലാവര്‍ക്കും ഇതിലെ ഓരോ സീനും അറിയാം. ചായ കൊണ്ടുവരുന്ന ചേട്ടനാണെങ്കില്‍ക്കൂടി അത് ഇങ്ങനെ ചെയ്താല്‍ കുറച്ചുകൂടി നന്നായിരുന്നു എന്നു പറഞ്ഞാല്‍ അതും സ്വീകരിക്കപ്പെട്ടിരുന്ന സെറ്റ്.

കഥ ആവശ്യപ്പെടുന്ന കോമഡി, ആക്ഷന്‍, ഫൈറ്റ്, റൊമാന്‍സ്, ഇമോഷൻ...അങ്ങനെ എല്ലാം കൂടിച്ചേര്‍ന്ന സംഭവമാണ് വെടിക്കെട്ട്. ചെറിയ പടക്കങ്ങളില്‍ നിന്നു തുടങ്ങി വലിയ പൂത്തിരിയിലേക്കും വെടിക്കെട്ടിലേക്കും പോകുന്നതുപോലെ ചെറിയ ചെറിയ സംഭവങ്ങളില്‍ തുടങ്ങി ഇടിക്ക് ഇടി, പാട്ടിനു പാട്ട്.... അങ്ങനെ നാടന്‍രീതിയില്‍ ട്രീറ്റ് ചെയ്തിരിക്കുന്ന സാധാരണക്കാരുടെ പടമാണിത്.



എല്ലാം അവരുടെ കഴിവ്

വെടിക്കെട്ടിലേക്കു സെലക്ടായപ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. ഏറെ അനുഭവസമ്പന്നരായ രണ്ടുപേര്‍ സംവിധാനം ചെയ്യുന്ന പടം. അവര്‍ വഴക്കു പറയുമോ എന്നൊക്കെയുള്ള പേടി. പക്ഷേ, അവിടെ എന്നെ ഏറ്റവുമധികം കംഫര്‍ട്ടബിളാക്കിയതു ബിബിനും വിഷ്ണുവുമാണ്.

വിഷ്ണു ചിലപ്പോള്‍ സീന്‍ അഭിനയിച്ചു കാണിക്കും. ബിബിന്‍ കുറച്ചുകൂടി ലൗഡാണ്, ഫ്രണ്ട്‌ലിയാണ്. എനിക്കിതില്‍ 100 ശതമാനം ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് അവരുടെ കഴിവുതന്നെയാണ്.



എനിക്കു കൂടുതല്‍ കോംബിനേഷന്‍ ബിബിനുമായിട്ടാണ്. അപ്പോള്‍ ഡയറക്ഷന്‍ വിഷ്ണുവാണ് ചെയ്തിരുന്നത്. പക്ഷേ, രണ്ടുപേര്‍ക്കും ഓകെ ആണെങ്കില്‍ മാത്രമേ ഏതു സീനും ഓകെ ആവുകയുള്ളൂ.

ചെയ്തതു തെറ്റിപ്പോയി എന്നും മറ്റും മൈക്കിലൂടെ അവര്‍ ഒരിക്കലും വിളിച്ചുപറഞ്ഞിട്ടില്ല. മോണിട്ടറില്‍ നിന്ന് എത്ര ദൂരെയാണെങ്കിലും അടുത്തുവന്ന് മനസിലാകും വരെ കൃത്യമായി പറഞ്ഞുതന്ന് ചെയ്യിപ്പിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു.



ഇടയ്ക്കിടെയുണ്ടായ മഴയും വിഷ്ണുവിന്‍റെ കൈ പൊള്ളിയതും ചിലര്‍ക്കു ഷോക്കേറ്റതും കൈകാലുകള്‍ ഒടിഞ്ഞതുമൊക്കെ പലപ്പോഴും ഷൂട്ടിംഗ് മുടക്കി. അത്തരത്തില്‍ പേടിപ്പെടുത്തുന്ന സെറ്റായിരുന്നു. അതൊക്കെ മറികടന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യും. നായികതന്നെയാവണം എന്നില്ല - ഐശ്വര്യ പറഞ്ഞു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.