സെൻഗേനിയിൽ നിന്നു പുറത്തുവന്നത് ജീനയിലൂടെ: ലിജോമോൾ
Sunday, September 18, 2022 3:00 PM IST
സെൻഗേനി തന്ന മെന്‍റൽ സ്ട്രെസിൽ നിന്നു പുറത്തുവരാൻ സഹായിച്ച കഥാപാത്രമാണ് വിശുദ്ധ മെജോയിലെ ജീനയെന്ന് ലിജോമോൾ. "ജയ് ഭീമിനു ശേഷം എനിക്കു വന്ന സ്ക്രിപ്റ്റായിരുന്നു ഇത്. വായിച്ചപ്പോൾ ജീന നല്ല രസമുള്ള കഥാപാത്രമെന്നു തോന്നി. സെൻഗേനിയുമായി ഒരു തരത്തിലും റിലേറ്റ് ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രം.

എനിക്കു കുറച്ചധികം സ്ട്രെയിൻ ചെയ്യേണ്ടിവന്ന കഥാപാത്രമാണ് സെൻഗേനി. പിന്നെ, തണ്ണീർമത്തൻ ദിനങ്ങൾ ടീമിൽ നിന്നു വരുന്ന സിനിമയുടെ ഒരു ഭാഗമാവാൻ പറ്റുക എന്ന എഗ്സൈറ്റ്മെന്‍റും' - വിശുദ്ധ മെജോയിലെ നായിക ലിജോമോൾ പറയുന്നു.



വിശുദ്ധ മെജോയിലെ കഥാപാത്രം ജീനയെക്കുറിച്ച്..

ഈ കഥ സംഭവിക്കുന്നതു കൊച്ചി വൈപ്പിനിലാണ്. എല്ലാ കഥാപാത്രങ്ങളും വൈപ്പിൻകാരാണ്. ജീനയും കൊച്ചിക്കാരിയാണ്, വൈപ്പിൻകാരിയാണ്.

പക്ഷേ, അവൾ ചെന്നൈയിൽ പോയി ഡിഗ്രിയൊക്കെ കഴിഞ്ഞ് തിരികെ നാട്ടിലെത്തി വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്. നല്ല സ്മാർട്ടാണ് ജീന. എല്ലാവരോടും പെട്ടെന്ന് ഇടപഴകുന്ന, വളരെ ഇൻഡിപെൻഡന്‍റ് ആയ ഒരു പെണ്‍കുട്ടി.



സംവിധായകൻ കിരണ്‍ ആന്‍റണി, എഴുത്തുകാരൻ ഡിനോയ് എന്നിവരുടെ സപ്പോർട്ടിനെക്കുറിച്ച്...

ജീന ഉൾപ്പെടെ ഇതിലെ ഓരോ കഥാപാത്രവും ഓരോ സന്ദർഭത്തിലും എങ്ങനെയാവണം പെരുമാറേണ്ടത് എന്നതിലൊക്കെ ഇതിന്‍റെ റൈറ്റർ കൂടിയായ ഡിനോയ്ക്കു വ്യക്തമായ ഐഡിയയുണ്ടായിരുന്നു. സീനെടുക്കുന്പോഴും ഡയലോഗ് ഡെലിവറിയുടെ സമയത്തുമൊക്കെ ഇത് ഇങ്ങനെ ചെയ്തുനോക്ക്, അങ്ങനെയൊന്നു ചിന്തിച്ചുനോക്ക്...എന്ന രീതിയിലൊക്കെ ഡിനോയ് കറക്ട് ചെയ്തു തന്നിട്ടുണ്ട്.

ഓരോ സീനിലും ഞാൻ ജീനയായി മാറേണ്ടത് എങ്ങനെയാണ്, ജീനയുടെ മാനറിസങ്ങൾ എന്തൊക്കെയായിരിക്കും എന്നുള്ള കാര്യങ്ങളൊക്കെ കിരണ്‍ചേട്ടൻ വ്യക്തമായി പറഞ്ഞുതന്നിരുന്നു.



ആളുകൾക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന കഥാപാത്രങ്ങൾ ചെയ്യാനാണോ ശ്രദ്ധിക്കാറുള്ളത്.? സോണിയ, കനി, കണ്‍മണി...ആ നിരയിലുള്ള കഥാപാത്രമല്ലേ ജീനയും...?

ആളുകൾക്കു പെട്ടെന്ന് ഇഷ്ടമാകുന്ന കഥാപാത്രങ്ങൾ...അങ്ങനെ നോക്കി സെലക്ട് ചെയ്തിട്ടില്ല. ഇതിനുമുന്നേ ചെയ്തതിൽ നിന്നു വളരെ വ്യത്യസ്തമായ അല്ലെങ്കിൽ അത്രയും ഇന്‍ററസ്റ്റിംഗ് ആയ കഥാപാത്രങ്ങളാണു സെലക്ട് ചെയ്യാറുള്ളത്.

സോണിയ, കനി, കണ്‍മണി....ഏതാണ്ട് അതുപോലെ ആയിരിക്കും ജീന. പക്ഷേ, ആ കഥാപാത്രങ്ങളുമായി ജീനയെ നമുക്കു റിലേറ്റ് ചെയ്യാനാവില്ല. എന്നാൽ, അതുപോലെതന്നെ കണ്ടിരിക്കാൻ രസമുള്ള ഒരു കഥാപാത്രമാണു ജീന.



സോഷ്യൽമീഡിയയിലൂടെയും മറ്റുമുള്ള പ്രേക്ഷക പ്രതികരണങ്ങൾ ശ്രദ്ധിക്കാറുണ്ടോ.? സിനിമകൾ തെരഞ്ഞെടുക്കുന്പോൾ അത് എത്തരത്തിലാണു സ്വാധീനിക്കുന്നത്..?

പ്രേക്ഷക പ്രതികരണങ്ങൾ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, സിനിമകൾ തെരഞ്ഞെടുക്കുന്പോൾ അതു ബാധിക്കാറില്ല. ഒരു കഥ കേട്ടു കേട്ടുകഴിയുന്പോൾ അതിൽ ഞാൻ സാറ്റിസ്ഫൈഡാണോ അല്ലെങ്കിൽ എനിക്കു പെർഫോം ചെയ്യാൻ ഇടമുണ്ടോ, കഥയും കഥാപാത്രവും ഇന്‍ററസ്റ്റിംഗാണോ... എന്നതിനപ്പുറം വേറൊന്നും എന്‍റെ മനസിൽ ഉണ്ടാവില്ല.

അല്ലാതെ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യണം അല്ലെങ്കിൽ ഞാൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്താൽ അവർ അതിനെക്കുറിച്ചു നെഗറ്റീവ് കമന്‍റ്സ് ആയിരിക്കുമോ തരിക എന്നൊക്കെ ആലോചിച്ച് ഞാൻ വേഷങ്ങൾ തെരഞ്ഞെടുക്കാറില്ല.



ലിജോയോട് എത്രത്തോളം അടുത്തുനിൽക്കുന്ന കഥാപാത്രമാണ് ജീന...

ജീനയും ലിജോയുമായി എവിടെയെങ്കിലും എന്തെങ്കിലും ചെറിയ സാദൃശ്യങ്ങൾ ഉണ്ടാവാം. പക്ഷേ, ജീനയെപ്പോലെയാണു ലിജോ എന്നു പറയാനാവില്ല. കാരണം, ഇതിൽ ജീന വളരെ ബോൾഡാണ്. ഞാൻ അത്ര ബോൾഡല്ല.

ഞാൻ അത്ര പെട്ടെന്ന് ആളുകളുമായി ഇടപഴകുന്ന ഒരാളല്ല. ഞാൻ കുറച്ചു റിസേർവ്ഡ് ആണ്. ഇതിലെ ജീന അങ്ങനെയല്ല. യാതൊരു സങ്കോചവുമില്ലാതെ എല്ലാവരോടും പെട്ടെന്നുതന്നെ സംസാരിക്കാൻ പറ്റുന്നയാളാണ്.



സിംപിൾ എങ്കിലും ചലഞ്ചിംഗ് വേഷമായിരുന്നോ ജീന. വിശുദ്ധ മെജോയിലെ വെല്ലുവിളി എന്തായിരുന്നു..?

ഈ കഥ തന്നെ സിംപിളാണ്. കംപ്ലീറ്റ് എന്‍റർടെയ്നറാണ്. തണ്ണീർമത്തൻ ദിനങ്ങൾ... ഏതാണ്ട് ആ ഒരു ജോണറാണ്. വലിയ ചലഞ്ചിംഗ് ആയിരുന്നില്ല ഇതിലെ വേഷം. പക്ഷേ, ചെയ്യാൻ രസമുള്ള ഒരു കഥാപാത്രമായിരുന്നു. കൊച്ചി സ്ലാംഗായിരുന്നു ഇതിൽ എനിക്കു വെല്ലുവിളി.

ജീന ചെന്നൈയിൽ പഠിച്ചുവന്നയാൾ ആയതിനാൽ സംസാരത്തിൽ വലിയ സ്ളാംഗ് ഉണ്ടാവില്ലെന്നു ഡിനോയ് തന്നെ ആദ്യം പറഞ്ഞിരുന്നു. അതുകൊണ്ട് ചില ഭാഗങ്ങളിൽ മാത്രമേ ചെറിയ കൊച്ചി സ്ളാംഗ് പിടിക്കേണ്ടി വന്നിട്ടുള്ളൂ.



സ്ക്രിപ്റ്റ് റൈറ്റർ, നായകൻ...ഡിനോയ് പൗലോസിനൊപ്പമുള്ള അനുഭവങ്ങൾ.

സ്ക്രിപ്റ്റ് റൈറ്റർ, ഈ സിനിമയിലെ നായകൻ എന്നതിലുപരി എന്‍റെ വളരെ നല്ലൊരു സുഹൃത്താണ് ഡിനോയ്. ഷൂട്ടിൽ ത്രൂഔട്ട് ഞങ്ങളായിരുന്നു എപ്പോഴും ഒരുമിച്ചുണ്ടായിരുന്നത്. പ്രോമിസിംഗ് ആക്ടറാണ് ഡിനോയ്. ഡിനോയിയുമായി യാതൊരു രീതിയിലും താരതമ്യപ്പെടുത്താനാവാത്ത കഥാപാത്രമാണ് മെജോ.

വളരെ ഇൻട്രോവേർട്ട് ആയ, ആളുകളൊടൊന്നും അങ്ങനെ സംസാരിക്കാൻ താത്പര്യമില്ലാത്ത അല്ലെങ്കിൽ പേടിയുള്ള, നാണമുള്ള വ്യക്തി. പക്ഷേ, ഡിനോയ് അങ്ങനെ ഒരാളേയല്ല. മെജോയെ അവതരിപ്പിക്കുക എന്നതു ഡിനോയിക്കു ചലഞ്ചിംഗ് ആയിരുന്നുവെന്നാണ് തോന്നുന്നത്.



മാത്യു തോമസിനൊപ്പമുള്ള അനുഭവങ്ങൾ...

മാത്യുവുമായി എനിക്ക് അധികം കോംബിനേഷൻ സീനുകളില്ല. അല്ലു അർജുൻ ഫാനായ പയ്യനാണ് മാത്യുവിന്‍റെ കഥാപാത്രം ആംബ്രോസ്. ഡിനോയ് ചെയ്യുന്ന മെജോയെക്കാളും പ്രായക്കുറവുള്ള ഒരു പയ്യൻ.. പക്ഷേ, മെജോയെ എല്ലാ കാര്യങ്ങളിലും ഉപദേശിക്കാൻ പറ്റുന്ന ഒരാൾ ആംബ്രോസാണ്. വളരെ രസമുള്ള ഒരു കഥാപാത്രം.

ആംബ്രോസും മാത്യുവുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, ആ കാരക്ടറാവാൻ മാത്യു ഈയൊരു ചെറുപ്രായത്തിൽ അത്രമേൽ പ്രയത്നിക്കുന്നുണ്ട്. സിനിമയോട്, അഭിനയത്തോട് അത്രയും പാഷനുള്ള, എനർജറ്റിക്കായ ഒരാളാണ് മാത്യു.



വളരെ സൈലന്‍റായ ചില എക്സ്പ്രഷനുകളാണ് (ചില നോട്ടങ്ങളും മറ്റും) പലപ്പോഴും ലിജോയുടെ കഥാപാത്രങ്ങളെ ജനപ്രിയമാക്കുന്നത്..അതു സ്വാഭാവികമായി സംഭവിക്കുന്നതാണോ..‍?

ഒരു സീനിനു മുന്നെയോ ഷോട്ടിനു മുന്നെയോ പ്ലാൻ ചെയ്ത് റിഹേഴ്സൽ ചെയ്ത് അഭിനയിക്കുന്ന ആളല്ല ഞാൻ. സീൻ നന്നായി നോക്കിവച്ചിട്ടുണ്ടാവും. അപ്പോഴും ഞാനത് എങ്ങനെയാണു ചെയ്യാൻ പോകുന്നതെന്ന് എനിക്കു തന്നെ ഒരു ഐഡിയ ഉണ്ടാവില്ല. ആക്‌ഷൻ പറഞ്ഞുകഴിയുന്പോൾ സ്വാഭാവികമായും അത് എങ്ങനെയാണോ വരുന്നത് അങ്ങനെ വന്നുപോകുന്നതാണ്.

ചില സീനുകൾക്ക് ഒരു മൂഡിൽ ഇരിക്കേണ്ടി വരുമായിരിക്കും. പക്ഷേ, അപ്പോഴും ഞാൻ പ്ലാൻഡ് ആയിരിക്കില്ല. ആ ഡയലോഗ് പറഞ്ഞുകഴിഞ്ഞാൽ അങ്ങോട്ടേക്കു നോക്കാം അല്ലെങ്കിൽ ഇങ്ങോട്ടു തിരിയാം അല്ലെങ്കിൽ ഇവിടെ എവിടെയെങ്കിലും കൈ വയ്ക്കാം...അത്തരം പ്ലാനുകളൊന്നുമുണ്ടാവില്ല. അങ്ങനെ റിഹേഴ്സലിനുശേഷം ചെയ്യാനാണ് എനിക്കു ബുദ്ധിമുട്ട്.



കഥാപാത്രങ്ങളുടെ മാനറിസത്തിലും മറ്റും സ്വന്തമായ കോണ്‍ട്രിബ്യൂഷനു ശ്രമിക്കാറുണ്ടോ.‍? അതോ ഡയറക്ടറെ അതേപടി ഫോളോ ചെയ്യുന്നതാണോ ഇഷ്ടം?

കഥാപാത്രങ്ങളുടെ മാനറിസങ്ങളിൽ ചില സമയങ്ങളിൽ സ്വന്തമായ കോണ്‍ട്രിബ്യൂഷൻ കൊണ്ടുവരാറുണ്ട്. പക്ഷേ, ഡയറക്ടർ പറയന്നതു ഫോളോ ചെയ്യാനാണ് എനിക്കിഷ്ടം. സെൻഗേനി ചെയ്യുന്ന സമയത്ത് അവരുടെ മാനറിസങ്ങൾ ഞാൻ തന്നെ നോക്കി പഠിക്കേണ്ടി വന്നിട്ടുണ്ട്. അത് അങ്ങനെ തന്നെ ഫോളോ ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. കാരണം, അത്രയും ആധികാരികമായി അതു തോന്നണം എന്നുള്ളതുകൊണ്ട് ഡയറക്ടർ പറയാതെ തന്നെ ഞാനും മണികണ്ഠനും അതു പഠിച്ചെടുത്തതാണ്.

അത്രയും പെർഫോമൻസ് ഓറിയന്‍റഡായ ഒരു കഥാപാത്രം വേറെ ചെയ്തിട്ടില്ല. അങ്ങനെ വരുന്പോൾ ഒരുപക്ഷേ, ഞാനായിട്ടു കോണ്‍ട്രിബ്യൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഇപ്പോൾ ചെയ്യുന്ന സിനിമകളിലും ഞാൻ എന്തെങ്കിലുമൊക്കെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. എന്നാലും ഡയറക്ടേഴ്സ് പറയുന്നതു ഫോളോ ചെയ്യലാണു കൂടുതലും.



അടുത്ത വീട്ടിലെ കുട്ടി എന്ന സിംപിൾ ഇമേജിൽ നിന്നു വഴിമാറി ചെയ്ത സെൻഗേനിയിൽ നിന്നു പുറത്തുവരാൻ കുറേ സമയമെടുത്തോ.?

സെൻഗേനിയിൽ നിന്നു പുറത്തുവരാൻ എനിക്കു കുറേ സമയമെടുത്തു. കാരണം, എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു കൾച്ചർ. ഇരുളർ എന്ന കമ്യൂണിറ്റിയെക്കുറിച്ച് എനിക്ക് കേട്ടറിവുപോലും ഉണ്ടായിരുന്നില്ല. അതിനു മുന്പ് ഞാൻ ചെയ്തിട്ടുള്ള മറ്റു കഥാപാത്രങ്ങളൊക്കെ എവിടെയെങ്കിലും കണ്ടോ കേട്ടോ പരിചയമുള്ള ആളുകളാണ്. അതുപോലുമില്ലാതെയാണ് ജയ്ഭീം ഞാൻ കഥ കേട്ട് കമിറ്റ് ചെയ്തത്.

ആ ഭാഷ കേട്ടുപരിചയം മാത്രമേയുള്ളൂ. ആ ഭാഷ, അതിന്‍റെ സ്ലാംഗ്... ഞാൻ പഠിച്ച് ഞാൻ തന്നെ ഡബ്ബ് ചെയ്ത്...അത്രത്തോളം ഇൻവോൾവ്ഡ് ആയി ഒരു കഥാപാത്രത്തിലേക്ക് ഇതിനുമുന്പു ഞാൻ പോയിട്ടില്ല. അതിനാൽ അതിൽ നിന്നു തിരിച്ചുവരാനും അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.



ജയ് ഭീമും സെൻഗേനിയും മുന്നോട്ടു പോകുന്പോൾ, സിനിമാ തെരഞ്ഞെടുപ്പുകളിൽ എത്രത്തോളം സ്വാധീനിക്കും.? അത്തരം കഥാപാത്രങ്ങൾ പിന്നെയും വന്നിരുന്നോ..?

കുറേക്കൂടി പെർഫോമൻസ് ഓറിയന്‍റഡായ റോളുകൾ എനിക്കു വന്നുതുടങ്ങിയത് ജയ്ഭീമിലെ സെൻഗേനിക്കു ശേഷമാണ്. ആ ഒരു മാറ്റം ഉണ്ട്. അല്ലാതെ ഞാൻ ഇപ്പോൾ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ജയ്ഭീമും സെൻഗേനിയും വെറൊരു രീതിയിലും സ്വാധീനിച്ചിട്ടില്ല.

ആ സമയത്ത് അത്തരം ചില കഥാപാത്രങ്ങൾ വന്നിട്ടുണ്ടായിരുന്നു. കാണാതെപോയ ഭർത്താവിനെ അന്വേഷിച്ചു നടക്കുന്ന ഭാര്യ, ഭർത്താവിനു വേണ്ടി നീതി തേടുന്ന ഭാര്യ...അത്തരം കഥാപാത്രങ്ങളുള്ള രണ്ടു മൂന്നു സ്ക്രിപ്റ്റുകൾ. പക്ഷേ, അത്തരം കഥാപാത്രങ്ങൾ ഉടനെ ചെയ്യുന്നില്ല എന്നൊരു തീരുമാനമെടുത്തിരുന്നു.



നടിയെന്ന നിലയിൽ ആത്മവിശ്വാസം ഉയർത്തിയ കഥാപാത്രമല്ലേ സെൻഗേനി..?

തീർച്ചയായും നടി എന്ന നിലയിൽ എനിക്കു നന്നായി ആത്മവിശ്വാസം തന്ന ഒരു കഥാപാത്രമാണ് സെൻഗേനി. ഞാനൊരാക്ടറാണ്, വലിയ കുഴപ്പമില്ലാതെ അഭിനയിക്കാൻ എന്നെക്കൊണ്ട് പറ്റും എന്നൊരു കോണ്‍ഫിഡൻസ് സെൻഗേനി ചെയ്തു കഴിഞ്ഞപ്പോഴാണ് എനിക്കുണ്ടായത്.

കരിയറിനെ സെൻഗേനിക്കു മുന്പും ശേഷവും എന്ന രീതിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടോ..?

അതാണു സത്യം. ഇത്രയും നന്നായി അഭിനയിക്കാൻ പറ്റും അല്ലെങ്കിൽ ഇങ്ങനെ അഭിനയിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്നാണ് ഒരുപാടുപേർ എനിക്ക് മെസേജ് അയച്ചത്.

ഇങ്ങനെ അഭിനയിക്കാൻ അല്ലെങ്കിൽ ഇത്രയും പെർഫോം ചെയ്യാൻ ഒരു സ്പേസ് എനിക്ക് ഇതിനുമുന്പ് ഒരു സിനിമയിലും കിട്ടിയിട്ടില്ല. സെൻഗേനിക്കു ശേഷമാണ് പെർഫോർമർ എന്ന രീതിയിലും എന്നെക്കൊണ്ടു ചെയ്യാൻ പറ്റും എന്ന തിരിച്ചറിവ് എനിക്കും പ്രേക്ഷകർക്കും തോന്നിയത്.



സെൻഗേനിയിലൂടെ അവാർഡ് പ്രതീക്ഷിക്കുന്നുണ്ടോ..?

ഒന്നും പറയാൻ പറ്റില്ല. കാരണം, നമ്മളാരും കണ്ടിട്ടില്ലാത്ത വേറെ ഒരുപാടു നല്ല സിനിമകളും നല്ല പെർഫോമൻസുകളും വന്നിട്ടുള്ള വർഷമാണ്. അവാർഡ് പ്രതീക്ഷിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല.

ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ, ഇനി റിലീസാകാനുള്ള സിനിമകൾ...

ഇപ്പോൾ കാതൽ എൻപതു പൊതു ഉടമൈ എന്ന തമിഴ് സിനിമയാണു ചെയ്യുന്നന്ത്. സംവിധാനം ജയപ്രകാശ്. രോഹിണി മാം, വിനീത് സർ, കലേഷ്, അനുഷ, ഞാൻ എന്നിങ്ങനെയാണു കാസ്റ്റ്. തമിഴിൽ ചെയ്ത അന്നപൂർണി പോസ്റ്റ് പ്രൊഡക്‌ഷനിലാണ്.

റിലീസാകാനുള്ളത് ഹെർ എന്ന മലയാളം സിനിമ. ഫ്രൈഡേ മൂവി ചെയ്ത ലിജിൻ ചേട്ടന്‍റെ സിനിമയാണ്. ആന്തോളജി രീതിയിലുള്ള ഒരു സിനിമ. അതിൽ ഒരു കഥയാണു ഞാൻ ചെയ്തത്. എ.കെ.സാജൻ ചേട്ടന്‍റെ പുലിമടയിലും ഒരു കാരക്ടർ ചെയ്തിട്ടുണ്ട്.



ഇനി ഏതൊക്കെ സംവിധായകരുടെ, ഏതുതരം കഥാപാത്രങ്ങൾ ചെയ്യാനാണു കാത്തിരിക്കുന്നത്..‍?

ഞാൻ ഒരുപാട് ആഗ്രഹിച്ചു സിനിമയിൽ വന്ന ആളല്ല. പക്ഷേ, കുറച്ചു നല്ല സിനിമകൾ കിട്ടി. നല്ല ടീമുകളുടെ കൂടെ വർക്ക് ചെയ്യാൻ പറ്റി. എന്നുള്ളതല്ലാതെ ഇന്നയിന്ന ആളുകളുടെ കൂടെ ഇന്നയിന്ന സംവിധായകരുടെ സിനിമകളിൽ അഭിനയിക്കണം എന്നുള്ള ആഗ്രഹമോ പ്രതീക്ഷയോ ഇല്ല. നല്ല നല്ല സംവിധായകരിൽ നിന്നു കോളുകൾ വന്നാൽ സന്തോഷം, അത്രേയുള്ളൂ.

മുന്പു ചെയ്ത കഥാപാത്രത്തെപ്പോലെ ആകരുത്. എന്തെങ്കിലുമൊക്കെ മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്. ഒരു കോമഡി കഥാപാത്രം ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷേ, എന്നെക്കൊണ്ട് കോമഡി കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല. അത്തരം ഒരു കഥാപാത്രം കിട്ടിയാൽ ഒന്നു ട്രൈ ചെയ്തുനോക്കാം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.