ടേണിംഗ് പോയിന്‍റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
Monday, January 16, 2023 2:59 PM IST
റേഡിയോ മിര്‍ച്ചിയില്‍ സെലിബ്രിറ്റികളെ അഭിമുഖം ചെയ്തിരുന്ന ആര്‍ജെ നില്‍ജ താരമായി മാറിയ കഥയുടെ തുടക്കം ക്യാപ്റ്റന്‍ സിനിമയിലാണ്. കഥ പറയുമ്പോള്‍ റിയാലാറ്റി ഷോയിൽ രണ്ടാമതെത്തുകയും മിടുക്കിയിൽ ഫൈനലിസ്റ്റുമായിരുന്ന ഈ കണ്ണൂരുകാരിയുടെ സിനിമായാത്രകള്‍ ചുഴലും കപ്പേളയും മലയന്‍കുഞ്ഞും കടന്ന് സൗദി വെള്ളക്കയിലെത്തുമ്പോള്‍ അതിലെ അനുമോള്‍ നമ്മുടെ വീട്ടിലെ ആളെന്ന പോലെ ഹൃദയം തൊടുന്ന അനുഭവമാകുന്നു.

അമിത് ചക്കാലയ്ക്കലിനൊപ്പം വേഷമിട്ട തേരാണ് നില്‍ജയുടെ പുതിയ പടം. കാരക്ടര്‍ വേഷങ്ങളില്‍ മിന്നിത്തിളങ്ങുന്ന നില്‍ജ വ്യക്തിത്വമുള്ള, പെര്‍ഫോമന്‍സ് സാധ്യതയുള്ള ലീഡ് വേഷങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ്.



ചുഴലില്‍ ലീഡ് വേഷം

പയ്യാവൂര്‍ എന്ന തനി നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന എന്‍റെ ഉള്ളിന്‍റെയുള്ളില്‍ സിനിമാമോഹമുണ്ടായിരുന്നു. സിനിമ വളരെ ദൂരെയാണെന്നാണു വിചാരിച്ചിരുന്നത്. പഠനകാലത്തുതന്നെ മോണോആക്ടും കഥാപ്രസംഗവുമൊക്കെ ഇഷ്ടമായിരുന്നു. സമ്പൂര്‍ണ സപ്പോര്‍ട്ടായിരുന്നു പപ്പയും മമ്മിയും.

ആര്‍ജെ ആയിരുന്ന കാലത്താണ് ക്യാപ്റ്റനില്‍ ചെറിയ വേഷം കിട്ടിയത്. ആളുകള്‍ തിരിച്ചറിയുന്ന കഥാപാത്രം ചെയ്തതു കപ്പേളയിൽ. തുടര്‍ന്നു വെള്ളം, മകള്‍, സാറാസ്, മോഹന്‍കുമാര്‍ ഫാന്‍സ്...തുടങ്ങിയ സിനിമകളില്‍ മുഖംകാണിച്ചു. കോവിഡ് സമയത്ത് ചുഴല്‍ എന്ന സിനിമയില്‍ ലീഡ് കഥാപാത്രമായി.



തുടര്‍ന്നു ഫ്രീഡം ഫൈറ്റ് സിനിമയിലെ ഗീതു അണ്‍ചെയ്ന്‍ഡ്, മലയന്‍കുഞ്ഞ്, 1744 വൈറ്റ് ആള്‍ട്ടോ, സൗദി വെള്ളക്ക, തേര് എന്നീ സിനിമകളില്‍ കാരക്ടര്‍ വേഷങ്ങള്‍. ആര്‍ജെ ആയിരുന്നതുകൊണ്ടാണ് എനിക്കു സിനിമയുമായുള്ള ദൂരം കുറഞ്ഞത്.

കപ്പേളയിലെ ലക്ഷ്മി

ആദ്യത്തെ മുഴുനീള കഥാപാത്രം കപ്പേളയിലാണ്. അന്ന ബെന്‍ ചെയ്ത കഥാപാത്രത്തിന്‍റെ അയല്‍പക്കത്തെ പെണ്‍കുട്ടിയാണ് എന്‍റെ കഥാപാത്രം ലക്ഷ്മി. വെറുമൊരു കൂട്ടുകാരി എന്നതിനപ്പുറമുള്ള വ്യക്തിത്വം ആ കഥാപാത്രത്തിനുണ്ടായിരുന്നു. തിയറ്ററില്‍ നാലു ദിവസം ഓടിയപ്പോഴേക്കും ലോക്ഡൗണായി.

നെറ്റ്ഫ്ളിക്സില്‍ വന്നപ്പോള്‍ എല്ലാ ഭാഷകളിലുമുള്ളവര്‍ പടം കണ്ടു. എന്‍റെ കഥാപാത്രത്തെക്കുറിച്ചും ആളുകള്‍ എഴുതുന്നു, ട്രോളുണ്ടാക്കുന്നു, കമന്‍റിടുന്നു...അതിശയവും സന്തോഷവുമായി. ടേണിംഗ് പോയിന്‍റായിരുന്നു കപ്പേള.



മലയന്‍കുഞ്ഞിലെ ഷൈനി

എല്ലാ സീനുകളിലും ഫഹദുമായി കോംബിനേഷന്‍, മഹേഷ് നാരായണന്‍റെ സ്ക്രിപ്റ്റും കാമറയും, ഫാസിലിന്‍റെ പ്രൊഡക്‌ഷന്‍, എ.ആർ. റഹ്മാന്‍ മ്യൂസിക്... ഭാഗ്യങ്ങള്‍ കൈവന്ന സിനിമയായിരുന്നു സജിമോന്‍റെ മലയന്‍കുഞ്ഞ്.

ഓഡിഷനിലൂടെയാണു വന്നത്. സെറ്റില്‍ വളരെ സീരിയസായ സമീപനമായിരുന്നു എല്ലാവരുടേതും. സിനിമയുടെ പ്രമേയവും അങ്ങനെയാണല്ലോ. ഇഷ്ടനടന്‍ ആയതുകൊണ്ടുതന്നെ പൂജയുടെ സമയത്തു ഫഹദിനെ കണ്ടപ്പോള്‍ ഫാന്‍ഗേള്‍ മൊമന്‍റൊക്കെ ഞാന്‍ തീര്‍ത്തിരുന്നു.



അന്നേ ഉറപ്പായിരുന്നു..

സൗദി വെള്ളക്ക എന്നും വലിയ സ്പെഷലാണ്. നേരില്‍ കാണണമെന്നു തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് മെസേജ് അയച്ചത്. ബൈന്‍ഡ് ചെയ്ത പ്രിന്‍റഡ് തിരക്കഥയുമായി തരുണ്‍ വന്നു. അനുമോള്‍ എന്ന വേഷമാണ്. സ്ക്രിപ്റ്റ് വായിച്ചിട്ടു വിളിക്കാന്‍ പറഞ്ഞു. മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ സത്താറും നസിയുമൊക്കെ ആരാണു ചെയ്യുന്നതെന്ന് അറിയാനായിരുന്നു കൗതുകം. സ്ക്രിപ്റ്റില്‍ പൂര്‍ണ വിശ്വാസമായി. ഇതു സ്വീകരിക്കപ്പെടുമെന്ന് അന്നേ ഉറപ്പായിരുന്നു.

ലുക്ക്മാനും രമ്യയുമായിട്ടാണ് കോംബിനേഷന്‍ ഏറെയും. നെക്സ്റ്റ് ഡോര്‍ ബോയ് പെരുമാറ്റമായിരുന്നു ലുക്മാന്‍റേത്. ബ്രിട്ടോയായി വേഷമിട്ട ബിനു പപ്പു ചീഫ് അസോസിയേറ്റുമായിരുന്നു. അവസാന സീനില്‍ ഉമ്മയുടെ ചിരി കണ്ടില്ലേ. അതേ ചിരിയായിരുന്നു ഐഷ റാവുത്തരായി വേഷമിട്ട 87 വയസുള്ള ദേവി വർമയ്ക്കു സെറ്റില്‍ എപ്പോഴും.



അനുമോള്‍

അനുമോള്‍ക്കു രണ്ടു കാലഘട്ടമുണ്ട്, ഗര്‍ഭിണിയായും സ്കൂള്‍ വിദ്യാര്‍ഥിയായും. ഗര്‍ഭിണിയായ കാലമാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിനു ശരീരഭാരം കൂട്ടി. 17 ദിവസത്തിനു ശേഷം സ്കൂള്‍ വിദ്യാര്‍ഥിയാകാൻ എത്തിയപ്പോൾ തരുണ്‍ മൂര്‍ത്തി ഓകെ പറയുമോ എന്നതായിരുന്നു ചലഞ്ച്. കാരണം, അപ്പോഴേക്കും ശരീരഭാരം കുറയണം, മെലിയണം, സ്കൂള്‍ യൂണിഫോം ചേരണം. വലിയ തോതിലുള്ള വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവയിലൂടെ അതു സാധ്യമായി.

ഒട്ടും അതിഭാവുകത്വമില്ലാതെയാണ് എല്ലാവരും അഭിനയിച്ചത്. അതിനൊപ്പം നില്‍ക്കുക എന്നതും ചലഞ്ചായിരുന്നു. അമ്മയായി വേഷമിട്ട രമ്യ സുരേഷിനൊപ്പം ഓരോ സീനും വര്‍ക്കൗട്ട് ചെയ്തു. അതില്‍ എന്തു കൂട്ടിച്ചേര്‍ക്കണം, കളയണം എന്നൊക്കെ തരുണിന്‍റെ നിര്‍ദേശങ്ങള്‍ സഹായകമായി.



1744 വൈറ്റ് ആള്‍ട്ടോ

ഇതുവരെ സ്ക്രിപ്റ്ററിയാതെ പോയി അഭിനയിച്ചത് 1744 വൈറ്റ് ആള്‍ട്ടോയില്‍ മാത്രമാണ്. അതു സെന്ന ഹെഗ്ഡെയുടെ രീതിയാണ്. കഥ പറയാറില്ല. സെറ്റിലെത്തിയപ്പോള്‍ എന്‍റെ സീന്‍ മാത്രമേ അറിയൂ.

പടം കണ്ടപ്പോഴാണ് ഞാൻ എന്തായിരുന്നുവെന്ന് മനസിലായത്. മണ്ടന്മാരായ കുറേ പോലീസുകാര്‍ക്കിടയില്‍ അല്പം ഉത്തരവാദിത്വമുള്ള നാന്‍സി എന്ന പോലീസുകാരി... അതായിരുന്നു വേഷം.



തേര്

നിത്യ- അതാണ് എസ്.ജെ. സിനു സംവിധാനം ചെയ്ത തേരില്‍ എന്‍റെ കഥാപാത്രം. വിജയരാഘവന്‍റെയും സ്മിനുവിന്‍റെയും മകളുടെ വേഷം. അമിത്തിന്‍റെ അനിയത്തിവേഷം.

ഭാവിയില്‍ നടിയാകാനുള്ള ചാന്‍സൊക്കെയുണ്ടെന്നു കഥ പറയുമ്പോള്‍ ഷോയില്‍ ജഡ്ജായിരുന്ന വിജയരാഘവന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ചതു മറക്കാനാവാത്ത നിമിഷങ്ങളായി.



പുതിയ സിനിമകള്‍

ലവ്ഫുളി യുവേഴ്സ് വേദ അടുത്ത മാസം തിയറ്ററുകളിലെത്തും. അതില്‍ ജാനറ്റ് എന്ന വേഷമാണു ചെയ്തത്. രജിഷയാണു ലീഡ്. ഡോണ്‍ പാലത്തറയുടെ ഫാമിലിയില്‍ വിനയ് ഫോര്‍ട്ടിന്‍റെ പെയറാണ് എന്‍റെ കഥാപാത്രം നീതു.

മാത്യുവും ദിവ്യപ്രഭയുമൊക്കെയാണ് മറ്റു വേഷങ്ങളില്‍.എംടി കഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയില്‍ രഞ്ജിത് സംവിധാനം ചെയ്ത കടുഗണ്ണാവയില്‍ വേഷമുണ്ട്.



ഫോറന്‍സിക് സംവിധായകരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരുടെ അടുത്ത പടം ഐഡന്‍റിറ്റി കമിറ്റ് ചെയ്തു. എല്ലാ ടൈപ്പ് സിനിമകളുടെയും നല്ല ടീമുകളുടെയും കൊമേഴ്സ്യല്‍ ഹിറ്റുകളുടെയും ഭാഗമാകണം. ലീഡ് വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്നില്ല. കിട്ടുന്ന വേഷങ്ങള്‍ മികച്ചതാക്കി നല്ല അഭിനേത്രിയായി തുടരണം- നിൽജ പറയുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.