സിനിമയുടെ പ്രണയവർണങ്ങളിൽ ശ്രവണ!
Tuesday, November 8, 2022 1:06 PM IST
തട്ടിന്‍പുറത്ത് അച്യുതനിലൂടെ ലാല്‍ജോസ് സമ്മാനിച്ച നായിക ശ്രവണ വീണ്ടും സിനിമയില്‍ സജീവമാകുന്നു. സോമന്‍ അമ്പാട്ടിന്‍റെ അഞ്ചിലൊരാള്‍ തസ്കരന്‍, പ്രവീണ്‍ചന്ദ്രൻ മൂടാടിയുടെ ഏതം, ഷാജൂണ്‍ കാര്യാല്‍ സിനിമ എന്നിവയാണ് ശ്രവണയുടെ പുതിയ വിശേഷങ്ങള്‍.

ചാക്കോച്ചന്‍റെ നായികാവേഷം, മുത്തുമണിരാധേ ഉള്‍പ്പെടെയുള്ള പാട്ടുകള്‍ ... തുടക്കം ഹിറ്റാക്കിയ ശ്രവണ അച്ഛന്‍ ബാബു നാരായണന്‍റെ (സംവിധായക ജോഡി അനില്‍ - ബാബുവിലെ ബാബു) വിയോഗത്തെ തുടര്‍ന്നു കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

പാട്ടും ഡാന്‍സും ചെറുപ്പത്തിലേ എനിക്കിഷ്ടമാണ്. അതിലൊക്കെ എന്തെങ്കിലുമാകണമെന്ന് മോഹിച്ചിരുന്നു. ഏതത്തില്‍ ഡാന്‍സിനു പ്രാധാന്യമുള്ള വേഷമാണ്. ഷാജൂണ്‍കാര്യാല്‍ സിനിമയില്‍ പാട്ടിനോട് ഇഷ്ടമുള്ള കഥാപാത്രമാണ് - ശ്രവണ പറയുന്നു.



നര്‍ത്തകിയും ചിത്രകാരനും

ഹരിഹരന്‍റെ അസോസിയേറ്റായിരുന്ന പ്രവീണ്‍ചന്ദ്രൻ മൂടാടിയുടെ ആദ്യ സിനിമയാണ് ഏതം. ഏതത്തിനു നാനാവര്‍ണങ്ങള്‍ എന്നാണ് അര്‍ഥം. ഓരോ നിറത്തിനും ഓരോ ഇമോഷനുമായി ബന്ധമുണ്ടല്ലോ. നര്‍ത്തകിയും ചിത്രകാരനും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പശ്ചാത്തലം.

നിറങ്ങള്‍ക്കും ആര്‍ട്ടിനും പ്രാധാന്യമേറിയ സിനിമ. ഫൈന്‍ ആര്‍ട്ട്സ് കോളജ് പശ്ചാത്തലത്തില്‍ തളിരിടുന്ന പ്രണയമാണ് ഏതം പറയുന്നത്. രണ്ടാംപകുതിയില്‍ കഥ വേറൊരു തലത്തിലേക്കു പോകുന്നുണ്ട്. മാഹി കലാഗ്രാമത്തിലായിരുന്നു കാമ്പസ് രംഗങ്ങളുടെ ചിത്രീകരണം. അവിടെ പഠിച്ചയാളാണ് സംവിധായകന്‍ . അതിന്‍റെ നൊസ്റ്റാള്‍ജിക് സ്പര്‍ശം കൂടിയുണ്ടാവും സിനിമയില്‍.

ഞാന്‍ പിജിക്കു പഠിക്കുമ്പോഴാണ് ഈ സിനിമ കമിറ്റ് ചെയ്തത്. കോളജില്‍ നഷ്ടമായ ഒത്തിരി നല്ല നിമിഷങ്ങള്‍ അതിലും ഭംഗിയായി ഇതിന്‍റെ സെറ്റില്‍ എനിക്കു കിട്ടി. വളരെ കളര്‍ഫുളാണ് സെറ്റിലെ ഓര്‍മകള്‍.



അനിതയെന്ന നര്‍ത്തകി

പുതുമുഖം സിദ്ധാര്‍ഥ് രാജനാണ് ഏതത്തില്‍ നായകന്‍ . അഞ്ചിലൊരാള്‍ തസ്കരനിലും സിദ്ധാര്‍ഥായിരുന്നു നായകന്‍. അതില്‍ എന്‍റെ കഥാപാത്രം ദേവിക. അതും നാടന്‍ വേഷം. ഏതത്തില്‍ എനിക്ക് അനിതയെന്ന നര്‍ത്തകിയുടെ വേഷമാണ്. ചെറുപ്പത്തില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നുവെങ്കിലും പിന്നീടു നൃത്തപഠനം മുടങ്ങി.

അന്നു പഠിച്ചതിന്‍റെ സപ്പോര്‍ട്ടിലാണ് ഈ വേഷം ചെയ്തത്. ഡാന്‍സ് ടീച്ചേഴ്സും നൃത്തം പഠിക്കുന്ന കുട്ടികളുമൊക്കെയായിരുന്നു സെറ്റില്‍ ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം നൃത്തം ചെയ്യാനായത് നല്ല അനുഭവമായിരുന്നു. ഒരു റൊമാന്‍റിക് സോംഗാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.



ഷാജൂണ്‍ കാര്യാല്‍ സിനിമ

വടക്കുംനാഥനും ഡ്രീംസുമൊക്കെ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്‍റെ പുതിയ പടമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഓഡിഷനിലൂടെയാണ് ഈ സിനിമയിലെത്തിയത്.

ഫാമിലി സിനിമയാണ്. പുതുമുഖങ്ങളെ വിശ്വസിച്ച് വേഷങ്ങള്‍ നല്കിയതില്‍ സന്തോഷം. സീരിയലുകളിലൂടെ ശ്രദ്ധേയനായ സൂരജാണ് പ്രധാന ഹീറോ.



എല്ലാത്തരം വേഷങ്ങളും..

ആദ്യ സിനിമയില്‍ നാടന്‍ വേഷത്തില്‍ കണ്ടതുകൊണ്ടാവാം ഇപ്പോഴും അത്തരം ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നെ ജയലക്ഷ്മിയുടെ ലുക്കില്‍ മാത്രമല്ലേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ഇനി, അത്യാവശ്യം മോഡേണ്‍ ആയ... ഈ കാലഘട്ടത്തിലെ കുട്ടികള്‍ ചിന്തിക്കുന്നതുപോലെയുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

സ്പോര്‍ട്സ്, അത്‌ലറ്റിക്സ് പശ്ചാത്തലമുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ മൊത്തത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നവയാണല്ലോ. എല്ലാത്തരം വേഷങ്ങളും എന്‍ജോയ് ചെയ്യണം.



ആ ക്രെഡിറ്റ് ലാല്‍ജോസിന്

മയില്‍പ്പീലിക്കാവിന്‍റെ സെറ്റില്‍ പോയതൊക്കെ അമ്മ പറഞ്ഞുള്ള അറിവാണ്. അച്ഛന്‍റെ മറ്റു സെറ്റുകളിൽ പോയപ്പോഴും നടിയാകുമെന്നു വിചാരിച്ചിരുന്നില്ല. ഞാന്‍ സിനിമയിലെത്തിയതിന്‍റെ ക്രെഡിറ്റ് എന്നും ലാല്‍ജോസ് സാറിനു തന്നെയാണ്. അദ്ദേഹം എന്നെ കണ്ടെത്തി കൊണ്ടുവന്നു.

തന്‍റെ ഇഷ്ടമേഖലയില്‍ത്തന്നെ അച്ഛന് എന്നെ നടിയായി കാണാന്‍ ഭാഗ്യമുണ്ടായി എന്നതാണ് ഫാമിലിക്ക് ഇപ്പോഴുള്ള സന്തോഷം. സംവിധായകന്‍ ജയരാജിന്‍റെ സിനിമകളില്‍ അസോസിയേറ്റായ ചേട്ടന്‍ ദര്‍ശനൊപ്പം ഒരു പ്രോജക്ട് ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ - ശ്രവണ പറയുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.