‘മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !’
Monday, January 23, 2023 3:13 PM IST
കരിക്ക് സീരീസിലെ ആവറേജ് അമ്പിളിയിലൂടെ വൈറലായ ആര്‍ഷ ചാന്ദ്നി ബൈജുവിന്‍റെ ആദ്യ സിനിമാ ഹിറ്റാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.

പതിവു നായികാ ലക്ഷണങ്ങളെ വെട്ടിനിരത്തുന്ന തിരക്കഥയുടെ പിന്‍ബലം കൂടിയായപ്പോള്‍ മെര്‍ക്കുറി ട്രോമ കെയര്‍ റിസപ്ഷനിസ്റ്റ് മീനാക്ഷി, ആര്‍ഷയുടെ കൈകളില്‍ പുതുമുഖത്തിന്‍റെ പതര്‍ച്ചകളില്ലാതെ ഭദ്രമായി. പതിനെട്ടാംപടിയിലൂടെ സിനിമയിലെത്തിയ മാന്നാര്‍ സ്വദേശി ആര്‍ഷയ്ക്കു കരിയറില്‍ വഴിത്തിരിവാണ് വിനീത് ശ്രീനിവാസന്‍റെ നായികാവേഷം.ഞെട്ടലായിരുന്നു...

ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചു. കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായി. ഓഡീഷനിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍റെ പതിനെട്ടാംപടിയിലെത്തി.പിന്നീടാണ് ആവറേജ് അമ്പിളി സീരീസ് ചെയ്തത്.

ഭൂരിഭാഗം ആളുകളും ആവറേജ് ആണല്ലോ. എല്ലാവര്‍ക്കും പരിചിതമായ കഥാപാത്രം. അതു കണ്ടിട്ടാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് മുകുന്ദനുണ്ണിയിലേക്കു വിളിച്ചത്. സ്ക്രിപ്റ്റ് വായിക്കാന്‍ തന്നു. കഥാപാത്രത്തിന്‍റെ പേരും പറഞ്ഞു. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ഞെട്ടലായിരുന്നു. കഥയും കഥാപാത്രവും രസകരം. ഇത്തരം നായികാ വേഷങ്ങള്‍ എപ്പോഴും കിട്ടില്ല. അങ്ങനെ ഓകെ പറഞ്ഞു.മുകുന്ദനുണ്ണി അസോസിയേറ്റ്സ്

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. 35 വയസായിട്ടും അയാള്‍ക്കു ജീവിതവിജയം നേടാനായില്ല. ആര്‍ക്ക് എന്തു സംഭവിച്ചാലും ഇനിയെങ്കിലും താന്‍ വിജയിക്കുമെന്ന തീരുമാനത്തില്‍ മുന്നോട്ടുപോകുന്നയാളാണ്. ഇത്രനാളും മറ്റുള്ളവര്‍ ചൂഷണം ചെയ്തതുകൊണ്ടാണ് താന്‍ വിജയിക്കാത്തതെന്ന് അയാള്‍ക്കു മനസിലായി.

ചൂഷണം ചെയ്യുന്നവരാണ് വിജയം നേടുന്നതെന്ന ചിന്തയില്‍ അയാള്‍ എത്തിച്ചേരുന്നു. അങ്ങനെ അയാളും ചൂഷണം ചെയ്യുന്ന ഒരാളാവുകയാണ്. അയാള്‍ ആ പാതയിലൂടെ പോകുന്നതും വിജയിക്കുന്നതുമാണു സിനിമ. ഇതില്‍ നായകന്‍ മുകുന്ദനുണ്ണിയാണ്. സുരാജും തന്‍വിയും ഞാനുമെല്ലാം അയാളുടെ യാത്രയില്‍ വരുന്ന ആളുകളാണ്.സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ത്തന്നെ വിവാദസാധ്യത അഭിനവിനോടു ഞാന്‍ പറഞ്ഞിരുന്നു. ഏതൊരു സിനിമയ്ക്കും പോസിറ്റീവും നെഗറ്റീവുമുണ്ടാകുമല്ലോ. അതൊക്കെ ആളുകളുടെ ഇഷ്ടങ്ങളാണ്. ഇതില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്, അയാള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നു കാണിക്കുകയാണു സിനിമ. അല്ലാതെ, അതിനെ ന്യായീകരിക്കുന്നില്ല, സപ്പോര്‍ട്ട് ചെയ്യുന്നുമില്ല.

ഒടുവില്‍ നായിക പറയുന്ന ഡയലോഗ് അവളുടെ ചിന്തയാണ്. അങ്ങനെ ചിന്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ തെറ്റായിരിക്കാം. എനിക്കും മുകുന്ദനുണ്ണിയും മീനാക്ഷിയും തെറ്റായ രണ്ടു പേരാണ്, മോശപ്പെട്ടവരാണ്. ആരും അങ്ങനെ ആകരുത്. ഉറ്റ സുഹൃത്തിനെ കൊല്ലുന്നതും മറ്റൊരാളെ പാമ്പിനെക്കൊണ്ടു കൊത്തിച്ചു കൊല്ലുന്നതുമാക്കെ മോശപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.നമ്മുടെ സമൂഹത്തില്‍ അങ്ങനെയും ജീവിതവിജയം നേടുന്നവരുണ്ട്. സ്വന്തം ഗുണങ്ങളില്‍ മതിമറക്കുന്നവരും മറ്റുള്ളവരുടെ വികാരം മനസിലാക്കാത്തവരും വേഗം വിജയിക്കുന്നതായി കാണുന്നു. എല്ലാവരും അങ്ങനെയാണെന്നും ഇതൊക്കെ ശരിയാണെന്നുമല്ല സിനിമ പറയുന്നത്. എനിക്കു റോബിനും ജ്യോതിയും വിന്‍സന്‍റ് ഡോക്ടറുമൊക്കെയാണ് ശരി.

വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടാണ്. ജാഡകളൊന്നുമില്ലാത്തയാളാണ്. ചുറ്റുമുള്ളവരെ വളരെ കംഫര്‍ട്ടബിളാക്കി നിര്‍ത്തും. ആനന്ദത്തിന്‍റെയും ഗോദയുടെയുമൊക്കെ എഡിറ്ററെന്ന നിലയില്‍ അഭിനവിനെ അറിയാമായിരുന്നു. മികച്ച ഔട്ട്പുട്ട് കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.ക്ലൈമാക്സ് സീനില്‍

ക്ലൈമാക്സ് സീനില്‍ ചില വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു. എന്നെ സംബന്ധിച്ച് അങ്ങനെ ഇല്ല. അതൊരു കഥാപാത്രം സംസാരിക്കുന്നതല്ലേ. മോശം വാക്കുകള്‍ ഉപയോഗിക്കുന്നതു നല്ല കാര്യമല്ല. ഇഷ്ടവുമല്ല. അതു പ്രോത്സാഹിപ്പിക്കുകയുമില്ല.

പക്ഷേ, ആ കഥാപാത്രം അത് അനാവശ്യമായി പറയുന്നതല്ല. വളരെ വളഞ്ഞ ചിന്തകളുള്ളയാളാണ് മീനാക്ഷി. അവര്‍ മുകുന്ദനുണ്ണിയെ വിവാഹം കഴിക്കുന്നതുതന്നെ കാശിനുവേണ്ടിയാണ്. ജോലി ചെയ്യാതെ വെറുതേ വീട്ടിലിരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയാണ് അവര്‍ക്കിഷ്ടം.

രാഷ്‌ട്രീയക്കാരും ലോകനേതാക്കളുമൊക്കെ വിജയിക്കുന്നതു ഹാര്‍ഡ്‌വര്‍ക്ക് കൊണ്ടു മാത്രമാണോ എന്നു മീനാക്ഷി ചോദിക്കുന്നുണ്ട്. തന്ത്രങ്ങളും കള്ളത്തരങ്ങളും കൊണ്ടുകൂടിയാണ് അവര്‍ വിജയികളാകുന്നത്. മൊത്തത്തില്‍ ഈ സിനിമയുടെ ആശയം കാണിക്കുന്ന സീനാണത്. അതു ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നതിനേക്കാള്‍ നല്ലത് ആ സിനിമതന്നെ എടുക്കാതിരിക്കുന്നതല്ലേ.പൊളിറ്റിക്കല്‍ കറക്ട്നസ്

പൊളിറ്റിക്കല്‍ കറക്ട്നസില്‍ വിശ്വസിക്കുന്നുണ്ട്. കാലത്തിനനുസരിച്ചുളള മാറ്റം ഉറപ്പായും വരണം. ഇപ്പോഴത്തെ സിനിമകളില്‍ അതു പ്രതിഫലിക്കുന്നുണ്ട്. അതു നല്ലതുമാണ്. പക്ഷേ, മുകുന്ദനുണ്ണി പോലെയുള്ള സിനിമകളില്‍ ഒന്നിനെയും മഹത്വവത്കരിക്കുന്നില്ല. മഹത്വവത്കരിക്കുമ്പോഴാണല്ലോ അതില്‍ തെറ്റുവരുന്നത്.

പടം കണ്ടു കഴിയുമ്പോള്‍ ഉറ്റ സുഹൃത്തിനെ വണ്ടിയിടിപ്പിച്ചു കൊന്ന് വിജയിക്കുന്ന മുകുന്ദനുണ്ണിയെപ്പോലെ ആകണം എന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അയാളെ കൗണ്‍സലിംഗിനു കൊണ്ടുപോകണമെന്നേ പറയാനുള്ളൂ.മധുര മനോഹര മോഹം

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ മധുര മനോഹര മോഹമാണ് പുതിയ പടം. ഷറഫുദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം. ഷറഫുദീന്‍റെ പെയറാണ്.

കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട കിഷോര്‍കുമാര്‍ നിര്‍മിച്ച ഒടിടി റിലീസ് പടത്തിലും അഭിനയിച്ചു. എല്ലാത്തരം സിനിമകളും കാരക്ടര്‍ വേഷങ്ങളും ചെയ്യാന്‍ താത്പര്യമാണ്. സ്ക്രിപ്റ്റും എന്‍റെ കഥാപാത്രവും ഇഷ്ടമാവണം. അഭിനയിക്കുമ്പോള്‍ രസം തോന്നണം. - ആര്‍ഷ പറയുന്നു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.