ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്‍റര്‍പ്രൈസസ്
Tuesday, May 16, 2023 1:55 PM IST
സുഭാഷ് ലളിത സുബ്രഹ്മണ്യന്‍റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാലെ കൂടിയിട്ട് 14 വര്‍ഷങ്ങള്‍ . ആദ്യം പ്രഖ്യാപിച്ചതു ജുംബാ ലഹരിയാണെങ്കിലും ഉര്‍വശി പ്രധാനവേഷത്തിലെത്തുന്ന ചാള്‍സ് എന്‍റര്‍പ്രൈസസാണ് ആദ്യ റിലീസ്. കലൈയരസന്‍, ഗുരു സോമസുന്ദരം, ബാലു വര്‍ഗീസ് എന്നിവര്‍ മറ്റു വേഷങ്ങളില്‍.

‘അമ്മ - മകന്‍ ആത്മബന്ധം, സൗഹൃദം എന്നിവയിലൂടെ ലോക്ഡൗണിനുശേഷം നടക്കുന്ന ചില സംഭവങ്ങള്‍ പറയുകയാണ്. ഗോമതി എന്ന അമ്മയായി ഉര്‍വശിയും രവി എന്ന മകനായി ബാലു വര്‍ഗീസും. ഫാമിലി സറ്റയര്‍ ഡ്രാമയാണിത്. ഡിവൈന്‍ സ്റ്റൈലിലാണ് കഥപറച്ചില്‍. ഒരു ഗണപതിക്കഥയാണു പറയുന്നത്. ഭക്തിയും കലയും തമ്മിലുള്ള പോരാട്ടമാണ് ഈ സിനിമ’ - സുഭാഷ് പറഞ്ഞു.



ഉര്‍വശി

എനിക്കു വന്ന ഒരു ഫോണ്‍കോളില്‍നിന്നാണ് ഈ കഥയുടെ ഐഡിയ. ഉര്‍വശിയും ജയറാമും വേഷമിട്ട പുത്തം പുതു കാലൈ കണ്ട ത്രില്ലിലാണ് ഉര്‍വശിയെ വിളിച്ചത്. വര്‍ത്തമാനത്തിനിടെ എന്‍റെ സിനിമാസ്വപ്നങ്ങളും കടന്നുവന്നു. ഗോമതി എന്ന വേഷം ഉര്‍വശി തന്നെയാണു ചെയ്യേണ്ടതെന്നു തോന്നി. അങ്ങനെ വണ്‍ലൈന്‍ അയച്ചുകൊടുത്തു.

ഇത്തരം പശ്ചാത്തലത്തില്‍ ഇതുപോലെ ഒരു കഥാപാത്രം മുമ്പു ചെയ്തിട്ടില്ലെന്ന് ഉര്‍വശി. ഉര്‍വശിയുടെ വരവ് വലിയ ഊര്‍ജമായി. മൂന്നാമത്തെ ഡ്രാഫ്റ്റ് റെഡിയായപ്പോള്‍ വായിച്ചുകേള്‍പ്പിച്ചു. എന്‍റെ മുന്നില്‍ പിന്നീടങ്ങോട്ട് ഉര്‍വശി ആ കഥാപാത്രമായിരുന്നു. തന്‍റെ ചില ഡയലോഗുകള്‍ ഇങ്ങനെ പറഞ്ഞാല്‍ കുറേക്കൂടി നന്നാവും എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍. ദിവസവും ഷൂട്ടിംഗിനുമുമ്പ് സീന്‍ സംബന്ധിച്ച ചര്‍ച്ചകള്‍. മോട്ടിവേഷനായി ഉര്‍വശി.



രവിയുടെ യാത്രകള്‍

ബാലുവിന്‍റെ കഥാപാത്രം രവിക്കു നിശാന്ധതയാണ്. പ്രകാശം മങ്ങിയാല്‍ ചിലപ്പോള്‍ പകലും കണ്ണു കാണില്ല. ബേക്കറിയിലെ കാഷ്യറാണു രവി. രാവിലെ പോയി വൈകിട്ടു തിരിച്ചുവരും. അയാളുടെ ജീവിതത്തില്‍ നൈറ്റ് ലൈഫ് എന്നൊന്നില്ല.

അമ്മ തികഞ്ഞ ഗണേശഭക്തയാണ്. അതിൽ നിന്നുണ്ടായ അസ്വസ്ഥതകൾമൂലം അച്ഛനും അമ്മയും വേര്‍പിരിഞ്ഞു കഴിയുകയാണ്. ജോലിസ്ഥലത്തും രവിക്കു സമ്മര്‍ദങ്ങളുണ്ട്. പല രീതിയില്‍ തിരസ്കരിക്കപ്പെടുകയാണു രവി. സമൂഹത്തില്‍ നിലയും വിലയുമുളള ജീവിതത്തിലെത്താന്‍ രവി നടത്തുന്ന യാത്രയാണ് ഈ സിനിമ.



കൊച്ചിയുടെ വഴികളില്‍

പൂര്‍ണമായും കൊച്ചിയിലായിരുന്നു ചിത്രീകരണം. നഗരമധ്യത്തിലൂടെയും സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന വഴികളിലൂടെയുമാണു കഥാസഞ്ചാരം. പനമ്പള്ളിനഗറില്‍ ലോ ഇന്‍കം ഗ്രൂപ്പ് കോളനിയുണ്ട്. ആ പരിസരത്താണു ഞാന്‍ താമസിച്ചതും ഈ കഥയെഴുതിയതും.

അവിടെ ആളുകള്‍ താമസിക്കുന്നത് ഇടുങ്ങിയ വീടുകളിലാണ്. അത്തരം വീടുകളിലൊന്നിലാണു ഗോമതിയും രവിയും കഴിയുന്നത്. അവിടെയുള്ള ഒരു വീട് കലാസംവിധായകന്‍ മനു ജഗദ് കഥയ്ക്കു വേണ്ടരീതിയിലാക്കി.

ആ കോളനി ഇന്നേവരെ മറ്റൊരു സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. അവിടെ 22 ദിവസം ഷൂട്ട് ചെയ്തു. തൊട്ടടുത്ത വാതുരുത്തി കോളനിയിലും ചിത്രീകരിച്ചു. അവിടെയാണ് രവിയുടെ സുഹൃത്ത് താമസിക്കുന്നത്. അവിടത്തുകാരും അഭിനേതാക്കളായി.



കലൈയരസന്‍

രണ്ടു സുഹൃത്തുക്കളുടെ കഥ കൂടിയാണിത്. രവിയുടെ സുഹൃത്തായി വേഷമിട്ടതു മദ്രാസ്, കബാലി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട കലൈയരസന്‍. വില്ലന്‍ വേഷം ചെയ്യുമ്പോള്‍ പോലും നമുക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള മുഖവും അഭിനയശൈലിയും.

കലൈയരസന്‍റെ ആദ്യ മലയാള സിനിമയാണിത്. ഇതിന്‍റെ സെറ്റിലാണ് അദ്ദേഹം തങ്കം സിനിമയുടെ കഥ കേട്ടത്. 2018 സിനിമയും പിന്നീടാണു ചെയ്തത്.



ഗുരു സോമസുന്ദരം

ഗോമതിയുടെ ഭര്‍ത്താവായി, രവിയുടെ അച്ഛനായി വേഷമിട്ടതു ഗുരു സോമസുന്ദരം. ഈ കഥയ്ക്കുതന്നെ ഒരു തമിഴ്പശ്ചാത്തലമുണ്ട്. രവിയുടെ അച്ഛന്‍ തമിഴ്പശ്ചാത്തലമുള്ള മലയാളിയാണ്.

മിന്നല്‍ മുരളി റിലീസായ സമയത്താണു ഗുരുവിനെ സമീപിച്ചത്. കഥയും ഉര്‍വശിയുടെ കൂടെ അഭിനയിക്കുന്നതിലെ ത്രില്ലുമാണ് അദ്ദേഹത്തെ ഇതിലെത്തിച്ചത്. മകനോടു വളരെ സ്നേഹമുള്ള ഒരച്ഛനാണ് ഇതില്‍ ഗുരു. ഭാര്യയോടുള്ള അയാളുടെ സ്നേഹം മറ്റൊരു തലത്തിലാണു പറയുന്നത്.



അഭിജ ശിവകല, മണികണ്ഠനാചാരി, സുജിത് ശങ്കര്‍, വസിഷ്ഠ് തുടങ്ങിവര്‍ക്കൊപ്പം 22 നാടകകലാകാരന്മാരും അഭിനയിച്ചിട്ടുണ്ട്. കലൈയരസന്‍റെ നായിക മൃദുലയും ബാലുവിന്‍റെ നായിക ഭാനുവും പുതുമുഖങ്ങളാണ്. ചെമ്പാവ് പുന്നെല്ലിന്‍ ചോറോ...പാട്ടിലൂടെ ഹിറ്റായ പുഷ്പവതിയുടേതുള്‍പ്പെടെ ആറു പാട്ടുകളുണ്ട്. സംഗീതം സുബ്രഹ്മണ്യന്‍ കെ.വി. കാമറ സ്വരൂപ് ഫിലിപ്.

കൊറോണക്കാലത്തെ ഷൂട്ടിംഗ്, വാതുരുത്തി കോളനിയിലെ രാത്രി ചിത്രീകരണം... ഇതൊക്കെയായിരുന്നു വെല്ലുവിളികള്‍ - സുഭാഷ് പറഞ്ഞു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.