ഹിറ്റാണ് ദേവി! ഹാപ്പിയാണ് ഗായത്രി!
Sunday, August 14, 2022 4:42 PM IST
സംവിധായകനും കഥയും - അതു തന്നെയാണ് "ന്നാ താൻ കേസ് കൊട്' സിനിമയിൽ എത്തിച്ചതെന്ന് നടി ഗായത്രി ശങ്കർ. ‘ ഇതിന്‍റെ ഡയറക്ടർ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഇതിനു മുന്പു ചെയ്ത സിനിമ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

അദ്ദേഹം വിളിച്ച് ഈ പ്രോജക്ട് ചെയ്യാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു. എനിക്കു താത്പര്യമായിരുന്നു. സ്ക്രിപ്റ്റ് ഇഷ്ടമായി. ഓകെ പറഞ്ഞു. കുറേ വർഷം കാത്തിരുന്നാണ് മലയാളത്തിലേക്കു വന്നത്. ഇനി ഇവിടുന്നു പോകാൻ താത്പര്യമില്ല.’ - ഗായത്രി പറയുന്നു.



അത്ര സിംപിളല്ല

ദേവി - അതാണു ഗായത്രിയുടെ കഥാപാത്രം. ദേവിയും അച്ഛനും തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ വന്നു താമസിക്കുന്നവരാണ്. ചാക്കോച്ചന്‍റെ കഥാപാത്രം രാജീവനുമായി ദേവി കണ്ടുമുട്ടുന്നതും പിന്നീട് അവരുടെ പ്രണയവും. അങ്ങനെ പോകുന്ന കഥ. കാഴ്ചയിൽ ദേവിയും രാജീവനും ഏറെ സിംപിളാണെന്നു തോന്നുമെങ്കിലും കഥയിൽ അവർ ഏറെ മോഡേണ്‍ ആണെന്ന് ഗായത്രി പറയുന്നു.

‘ഇരുവരും ലിവിംഗ് റിലേഷൻഷിപ്പിലാണ്. കല്യാണം കഴിക്കാതെ കുട്ടിയുണ്ടാകുന്നുണ്ട്. വില്ലേജ് ഗേളിനെ സംബന്ധിച്ച മുൻധാരണകളെയൊക്കെ ബ്രേക്ക് ചെയ്യുകയാണ് ഡയറക്ടർ. പ്രധാനമായും കോടതിയുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ബാക്കിയെല്ലാം അതിന്‍റെ എക്സ്ടെൻഷൻ മാത്രം’.



വെല്ലുവിളിയായത്...

‘ദേവിക്കു തമിഴ് പശ്ചാത്തലമുള്ളതിനാൽ ഡയലോഗുകൾ പ്രശ്നമായില്ല. ഭാഷ ചലഞ്ച് ആയില്ല.- ഗായത്രി പറയുന്നു. ‘ഇതിൽ ഗർഭിണിയായി അഭിനയിക്കണമായിരുന്നു. ആ ലുക്ക് കിട്ടാൻ പ്രോസ്തെറ്റിക് ഉപയോഗിച്ചു. കുറേ സമയമെടുത്താണ് അതു ചെയ്തിരുന്നത്.

കാസർഗോട്ടായിരുന്നു ഷൂട്ടിംഗ്. ഒരു മരം പോലും ഇല്ലാത്ത സ്ഥലത്താണ് സെറ്റിട്ടിരുന്നത്. വെയിലിൽ ചൂടായ കോടതി സെറ്റിൽ പ്രോസ്തെറ്റിക്കും കോസ്റ്റ്യൂമും ഇട്ട് കുറേ നേരം ഇരിക്കണം. അതായിരുന്നു ചലഞ്ച്.



പിന്നെ, കേരളത്തിലെ ജോലിസമയം ശീലമുണ്ടായിരുന്നില്ല. തമിഴിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ്. ഇവിടെ അത് രാവിലെ ഏഴു മുതൽ രാത്രി എട്ടും ഒന്പതും മണിവരെ. റൂമിൽ വന്നു പ്രോസ്തെറ്റിക്കും മേക്കപ്പുമൊക്കെ അഴിച്ചു കുളിച്ച് കഴിച്ച് ഉറങ്ങാനേ നേരമുള്ളൂ.

ഇത്രയൊക്കെ പ്രഷർ ഉണ്ടായിരുന്നെങ്കിലും ആ ടീം വളരെ നന്നായിരുന്നു. എത്ര ക്ഷീണിച്ചു മടങ്ങിയാലും അടുത്തദിവസം എല്ലാവരും സന്തോഷത്തോടെയാണു സെറ്റിലേക്കു വന്നിരുന്നത്.’



സപ്പോർട്ടീവാണ് ചാക്കോച്ചൻ

‘നൂറിനടുത്തു സിനിമകൾ ചെയ്തയാളാണ്. ചാക്കോച്ചൻ അങ്ങനെയാവും ഇങ്ങനെയാവും... എല്ലാ മുൻധാരണകളെയും തകിടംമറിക്കുന്നതായിരുന്നു സെറ്റിലെത്തി വർക്ക് ചെയ്തു തുടങ്ങിയപ്പോഴത്തെ അനുഭവം’ - ഗായത്രി പറയുന്നു.

‘സെറ്റിൽ നല്ല ചിൽ ആണ് ചാക്കോച്ചൻ. ജോളി ടൈപ്പാണ്. സെറ്റിൽ എന്തു നടന്നാലും ചാക്കോച്ചൻ എന്തെങ്കിലും തമാശ പറയും. എല്ലാവരും കൂളാവും. ഒപ്പം അഭിനയിക്കുന്നവരെ ഒത്തിരി സപ്പോർട്ട് ചെയ്യും. ഞങ്ങളുടെ ക്ലോസ് അപ് എടുക്കുന്പോൾ ചാക്കോച്ചന് അവിടെ നിൽക്കേണ്ട ആവശ്യമേയില്ല. പക്ഷേ, ചാക്കോച്ചൻ അവിടെ നിൽക്കും. അതേ മോഡുലേഷനിൽ ഡയലോഗ് പറയും. നമ്മൾ ഡയലോഗ് പറയുന്പോൾ ഇമോഷനുകളുടെ കണ്ടിന്യൂയിറ്റി കിട്ടുന്നതിന് അതു സഹായകമായി.’



കൺഫ്യൂഷൻ തീർത്തത്...

‘ഞാൻ ഇവിടെ പുതിയ ആളാണ്, എന്‍റെ ആദ്യ മലയാള സിനിമയാണ് എന്നുള്ള തോന്നലുകളൊന്നും വരാതെ ഈ ടീമിലെ എല്ലാവരും ഒരു കുടുംബം പോലെ എന്നെ കംഫർട്ടബിളാക്കി’ -ഗായത്രി പറയുന്നു.

‘സെറ്റിലെത്തി ആദ്യ ഒരാഴ്ച, ഡയറക്ടർ ഓകെ പറയുന്പോൾ അദ്ദേഹം ശരിക്കും ഹാപ്പിയാണോ അല്ലയോ എന്നുള്ള കണ്‍ഫ്യൂഷനുകൾ ഉണ്ടായിരുന്നു.



ശരിക്കും ഓകെയാണോ, നിങ്ങൾ ഉദ്ദേശിച്ചത് ഇതാണോ എന്നൊക്കെ ഞാൻ ചോദിച്ചിരുന്നത് ഈ സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടർ കൂടിയായിരുന്ന നടൻ രാജേഷ് മാധവനോടായിരുന്നു. രാജേഷ് മാധവൻ എന്നെ മലയാളം പഠിപ്പിച്ചിട്ടുമുണ്ട്.’ചാക്കോച്ചൻ മുതൽ പ്രൊഡക്ഷൻ കണ്‍ട്രോളറിന്‍റെ അസിസ്റ്റന്‍റ് വരെ മലയാളം വായിക്കാൻ ഹെൽപ് ചെയ്തതായി ഗായത്രി ഓർക്കുന്നു.

‘കാമറാമാൻ രാകേഷ് ഹരിദാസും ഏറെ ഹെൽപ്ഫുൾ ആയിരുന്നു. മേക്കപ്പില്ലാതെ നിൽക്കാൻ ഡയറക്ടറുടെ നിർദേശം. എന്‍റെ മുഖത്തു പാടുകളുണ്ട്. അയ്യോ! അതു വേണോ? കണ്‍ഫ്യൂഷനായി. മേക്കപ്പിടാതെ വന്നു നിന്നാൽ മതി, എല്ലാം ഞാൻ നോക്കിക്കോളാം എന്നു കാമറാമാൻ. കാണാൻ നല്ല ഭംഗിയുണ്ടെന്നും മറ്റും കമന്‍റുകൾ വന്നപ്പോഴാണ് ആശ്വാസമായത്.’



ഫഹദ് ഫാസിൽ

സൂപ്പർ ഡീലക്സിൽ ഗായത്രിക്കു ഫഹദിനൊപ്പം കോംബിനേഷൻ ഉണ്ടായിരുന്നില്ല. ഫഹദിന്‍റെ ഫാനായതുകൊണ്ട് മുന്പൊരിക്കൽ ഒരു സിനിമയുടെ സെറ്റിൽ പോയി ഫഹദിനെ കണ്ടതു ഗായത്രി ഓർക്കുന്നു. ‘അപ്പോൾ ഞാൻ ബാലാജി തരണീധരന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായി വർക്ക് ചെയ്യുകയായിരുന്നു.

ഫഹദ് ഫാസിൽ കണ്ണുകൾ കൊണ്ട് ചെയ്യുന്ന ചില മാജിക് ഒക്കെയുണ്ടല്ലോ. അതൊക്കെ എങ്ങനെയെങ്കിലും പഠിച്ച് എന്തെങ്കിലുമൊന്നു ചെയ്യണം എന്നൊക്കെയുണ്ട്. പക്ഷേ, ഫഹദിന് ഇണങ്ങുന്നതൊക്കെ എനിക്ക് ഇണങ്ങണമെന്നില്ലല്ലോ. ഞാൻ മുന്പു മലയാള സിനിമകൾ ഏറെയൊന്നും കണ്ടിരുന്നില്ല. അതു പറഞ്ഞപ്പോൾ ഫഹദ് ചില സിനിമകൾ നിർദേശിച്ചു. ഞാൻ വീട്ടിൽപോയി അതൊക്കെ കണ്ടു.’



വിക്രം

കമൽഹാസൻ - ലോകേഷ് കനകരാജ് സിനിമ വിക്രത്തിൽ ഫഹദിന്‍റെ ഭാര്യവേഷം ഗായത്രി അമർ ഹിറ്റായതോടെ മലയാളത്തിൽ നിന്നും നല്ല റെസ്പോണ്‍സ് കിട്ടുന്നതായി ഗായത്രി. ‘ റീൽസ് ഉണ്ടാക്കി എന്നെ ടാഗ് ചെയ്യാറുണ്ട്. സ്റ്റോറി ഷെയർ ചെയ്യാറുണ്ട്. ഇൻഡസ്ട്രിയിൽ വന്നിട്ട് 10 വർഷമായി. ഇത്രയും നാൾ കിട്ടാത്ത അംഗീകാരം ഇപ്പോൾ കിട്ടുന്പോൾ നല്ല സന്തോഷമുണ്ട്. നല്ല ഫീലിംഗാണ്.

ലോകേഷിനെയും ടീമിനെയും മുന്പേ അറിയാമായിരുന്നു. ലോകേഷിന്‍റെ ഒരു സ്ക്രിപ്റ്റ് വെബ് സീരീസാക്കിയപ്പോൾ അതിൽ വർക്ക് ചെയ്തിരുന്നു. അപ്പോൾ മുതൽ ഞങ്ങൾ ഫ്രണ്ട്സാണ്. കാമറാമാൻ ഗീരീഷ് ഗംഗാധരനും ഏറെ ഹംബിൾ, ഫ്രണ്ട്‌ലി. വലിയ ബജറ്റ് പടം ആയതിനാൽ ചെറിയ പ്രഷറൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് അതൊന്നും തോന്നിയില്ല. അതു തോന്നാൻ അവർ സമ്മതിച്ചിരുന്നില്ല’



വിജയ് സേതുപതി

അഞ്ച് സിനിമകളിൽ ഗായത്രി വിജയ് സേതുപതിയുടെ പെയറായി. ഗായത്രി പറയുന്നു- ‘ആദ്യ സിനിമ മുതൽ ആ കരിയർ ഗ്രോത്ത് കാണുന്നയാൾ ആയതുകൊണ്ട് നിങ്ങൾ പറയുന്നതുപോലെയുള്ള അതിശയമൊന്നും എനിക്കു തോന്നാറില്ല. എന്‍റെ ഫ്രണ്ടാണ്. ഞങ്ങൾ സിനിമയിൽ ഒന്നിച്ചു വളർന്നവരാണ്.

വിജയ്സേതുപതി ചെയ്യുന്ന ചില സിനിമകൾ കാണുന്പോൾ എന്തിനാണ് ഈ മൂവി സെലക്ട് ചെയ്തതെന്നു ചോദിക്കാറുണ്ട്. പിന്നീട് അതിന്‍റെ ഇഫക്ട് കാണുന്പോഴാണ് ഇങ്ങനെയും ഒരു റൂട്ട് ഉണ്ടല്ലോ എന്നു മനസിലാകുന്നത്. വിജയ്സേതുപതി എനിക്ക് പ്രചോദനമാണ്.’



സംവിധായകർ

ആദ്യ സിനിമ 18 വയസ് മുതൽ ന്നാ താൻ കേസ് കൊട് വരെ 10 സ്ക്രീൻ വർഷങ്ങൾ. ഗായത്രി പറയുന്നു- ‘ എല്ലാ സംവിധായകരുടെയും ചിന്തകൾ വ്യത്യസ്തമാണ്. അവരുടെ പഴയ സിനിമകൾ കാണുന്പോൾ അവരുടെ ചിന്തകൾ, സമീപനം മനസിലാകും; അതു നമുക്ക് ഇഷ്ടമാണോ, നമുക്കതു ചേരുമോ എന്നതും. ഒരു സീൻ അവർ വായിക്കുന്പോഴും ഞാൻ വായിക്കുന്പോഴും ഉണ്ടാകുന്ന ചിന്തകൾ പോലും വേറെയായിരിക്കും.

എനിക്ക് ഇഷ്ടമായ അവരുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സപ്പോർട്ട് ചെയ്യുക എന്നതാണല്ലോ നടി എന്ന നിലയിൽ എന്‍റെ ജോലി. ഇതുവരെ ഞാൻ വർക്ക് ചെയ്ത ടീമെല്ലാം ഇതുപോലെ ഹാപ്പി ജോളി ടൈപ്പ് ആയിരുന്നു. സംവിധായകന്‍റെ തോട്ട് പ്രോസസും നമ്മുടെ തോട്ട് പ്രോസസും മാച്ച് ചെയ്യുന്പോൾ വർക്ക് ചെയ്യാൻ എളുപ്പമാണ്.

മാച്ച് ചെയ്യാത്ത തോട്ട് പ്രോസസ് ഉള്ളവർ നമ്മുടെ മോൾഡിനെ ബ്രേക്ക് ചെയ്ത് നമ്മളെ പിന്നെയും കളിമണ്ണായി കണ്ട് പിന്നെയും മറ്റൊരു മോൾഡ് ഉണ്ടാക്കുമല്ലോ. അങ്ങനെയും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’



ക്രിയേറ്റീവാണ് മലയാളം

മലയാളത്തിൽ ക്രിയേറ്റീവ് ഫ്രീഡം ഏറെയാണെന്ന് ഗായത്രി. ‘എത്ര ഡീഗ്ലാമറൈസായി ചെയ്താലും അതിനും ഇവിടെ ഓഡിയൻസുണ്ട്, സ്വീകാര്യതയുണ്ട്. മലയാളത്തിൽ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. എഗ്സൈറ്റിംഗ് ആയി എന്തെങ്കിലും തോന്നിയാൽ ഞാൻ ഓകെ പറയും. കഥ, സംവിധായകൻ, എന്‍റെ കഥാപാത്രം, കോ സ്റ്റാർസ്, ബാനർ എല്ലാം നോക്കും.

ഞാൻ കണ്ടുപഠിച്ച കുറേ ആക്ടേഴ്സുണ്ട്. മലയാളത്തിലും എല്ലാവരുടെയും കൂടെ അഭിനയിക്കണം. ഒപ്പം അഭിനയിക്കുന്ന ആക്ടർ നല്കുന്ന എനർജി വാങ്ങി നമ്മൾ തിരിച്ചുകൊടുക്കുന്ന എനർജിയാണ് നിങ്ങൾ സ്ക്രീനിൽ കാണുന്നത്. എനർജി എക്സ്ചേഞ്ച് ആകുന്നതുകൊണ്ട് എത്രപേർക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയാലും ഞാൻ ഹാപ്പിയാണ്.’



ബഗീര, ഇടിമുഴക്കം

കേരളത്തിൽ ജനിച്ച് ബംഗളൂരുവിൽ വളർന്ന ഗായത്രി സിനിമയിൽ സജീവമായതോടെ ചെന്നൈയിലാണ് താമസം. അമ്മ തിരുവന്തപുരം സ്വദേശിയാണ്. ഗായത്രിക്കു മലയാളം കേട്ടാൽ മനസിലാവും, സംസാരിക്കും. പക്ഷേ, വായന വശമില്ല. ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചുകൊടുത്തത് അമ്മയാണെന്നും ഗായത്രി പറയുന്നു. പ്രഭുദേവയ്ക്കൊപ്പം അഭിനയിച്ച ബഗീര, ജി.വി. പ്രകാശിനൊപ്പം വേഷമിട്ട ഇടിമുഴക്കം എന്നിവയാണ് ഗായത്രിയുടെ അടുത്ത റിലീസുകൾ.

‘ടൈറ്റാനിക് കാതലും കടന്ത് പോഗും - അതിൽ കാമിയോ റോളാണ്. ബഗീര ത്രില്ലറാണ്. സീരിയൽ കില്ലറുടെ കഥയാണ്. രമ്യ നന്പീശൻ, ജനനി അയ്യർ തുടങ്ങി വലിയ കാസ്റ്റുണ്ട് അതിൽ’. - ഗായത്രി പറയുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.