നാലാംമുറയില്‍ നായകനും വില്ലനും ഇടയില്‍: ഗുരു സോമസുന്ദരം
Monday, December 19, 2022 2:55 PM IST
ബിജു മേനോനൊപ്പം അഭിനയിക്കണമെന്ന ഗുരു സോമസുന്ദരത്തിന്‍റെ മോഹം സഫലമായ സിനിമയാണ് സൂരജ് വി. ദേവിന്‍റെ രചനയില്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ. ഒപ്പം അഭിനയിച്ചുവെന്നു മാത്രമല്ല നേര്‍ക്കുനേര്‍ ചോദ്യശരങ്ങള്‍ തൊടുക്കുന്ന വേഷങ്ങളില്‍ ഇരുവരും നിറഞ്ഞാടുകയുമാണ്.

5 സുന്ദരികളിലാണു മലയാളത്തിൽ തുടക്കമെങ്കിലും ‘നാട്ടുകാരേ ഓടിവരണേ കടയ്ക്കു തീപിടിച്ചേ' എന്നു വിളിച്ചുകൂവിയ മിന്നല്‍ മുരളിയിലെ ഷിബുവിലാണ് ഗുരു കേരളമാകെ ഹിറ്റായത്. നാലാംമുറയില്‍ നായകനും വില്ലനും ഇടയില്‍ വരുന്ന ജയേഷ് എന്ന കഥാപാത്രമായി വീണ്ടും ഹിറ്റടിക്കാനൊരുങ്ങുകയാണ് ഗുരു സോമസുന്ദരം.

‘മെന്‍റൽ ഗെയിം പോലെ ചോദ്യങ്ങളും ഉത്തരങ്ങളും കലര്‍ന്ന ഒരു ഇന്‍ററോഗേഷണല്‍ സിനിമയാണു നാലാംമുറ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമാണ്. നമ്മുടെ നാട്ടില്‍ പതിവായ സ്വര്‍ണക്കടത്ത്, ലഹരി... തുടങ്ങിയവയെ സ്പര്‍ശിക്കുന്ന പ്രമേയമാണ് സിനിമയുടേത്’ -ഗുരു സോമസുന്ദരം പറയുന്നു.നാലാംമുറയിലേക്ക് എത്തിയത്...

അയ്യപ്പനും കോശിയും കണ്ടനാള്‍ മുതല്‍ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആലപ്പുഴയില്‍ ഷൂട്ട് ഉണ്ടായിരുന്നപ്പോള്‍ ദീപു അന്തിക്കാടും സൂരജും വന്ന് നാലാം മുറയുടെ കഥ പറഞ്ഞു. കഥ എനിക്കു വളരെ ഇഷ്ടമായി. ഹൈഡ് ആന്‍ഡ് സീക്ക് ഗെയിം പോലെ, ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം പോലെ ഒരു കഥ.

ഇതില്‍ എനിക്കു കുറേ ഡയലോഗുകളുണ്ട്. ഒരു ഇതര സംസ്ഥാന നടന് പതിവുള്ളതിലധികം മലയാളം ഡയലോഗുകൾ. മൂന്നാംമുറ എന്നൊരു സിനിമ മുന്പു വന്നിരുന്നു. അതു കുറച്ചു ഫിസിക്കലാണ്. വയലന്‍സൊക്കെയുള്ള പടം. ഇതു മൈന്‍ഡ് ഗെയിം. അതാണ് നാലാം മുറ എന്ന ടൈറ്റിൽ എന്നാണ് ദീപു അന്തിക്കാട് പറഞ്ഞത്.നാലാം മുറയില്‍ വില്ലനോ നായകനോ...

എന്‍റെ കഥാപാത്രം ജയേഷ് വില്ലനെന്നു പറയാനാവില്ല. നായികയുണ്ട്. ഡ്യൂയറ്റുണ്ട്. ഗ്രേ ഷേഡുള്ള കഥാപാത്രമാണ്. നിഷ്കളങ്കരായ ചിലര്‍ പെട്ടെന്ന് തെറ്റു ചെയ്യാനിടയായാല്‍ അത് മറയ്ക്കാന്‍ ശ്രമിക്കുമല്ലോ. എല്ലാ മനുഷ്യരുടെയും ഉള്ളിലും ഒരു രഹസ്യം ഉണ്ടാകും.

ആ രഹസ്യം ആരെങ്കിലും വലിച്ചു പുറത്തിട്ടാല്‍ അങ്ങനെ ചെയ്തവരുമായി ഒരു വടംവലിതന്നെയുണ്ടാകും. പോസിറ്റീവും നെഗറ്റീവും ഇടകലര്‍ന്ന ഒരു കഥാപാത്രം. ഇതിൽ ദിവ്യപിള്ളയാണ് എന്‍റെ നായിക.ബിജു മേനോനൊപ്പം അഭിനയിച്ചപ്പോള്‍...

മികച്ച നടന്‍ തന്നെയാണ് ബിജു മേനോന്‍. അയ്യപ്പനും കോശിയും സിനിമയിലെ വേഷത്തിനു ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിരുന്നല്ലോ. അങ്ങനെയൊരാള്‍ എതിരേനിന്ന് അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായ മത്സരം എന്ന ചലഞ്ച് കിട്ടുമല്ലോ.

നല്ലൊരു വ്യക്തിയുമാണ് അദ്ദേഹം. ഏറെ സൗഹൃദപരമായി സംസാരിച്ചശേഷം ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹം വേറൊരു രൂപമെടുക്കും.ദീപു അന്തിക്കാടിന്‍റെ സപ്പോര്‍ട്ട് എങ്ങനെ...

സത്യന്‍ അന്തിക്കാടിന്‍റെ കസിന്‍ ബ്രദേഴ്സിലൊരാളായ ദീപു അന്തിക്കാടിന്‍റെ രണ്ടാമതു സിനിമയാണിത്. കുറേ പരസ്യചിത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ അറിയാമല്ലോ എന്നു പറഞ്ഞ് നടനെ വെറുതേവിടാതെ തനിക്കുവേണ്ടതു ചോദിച്ചുചോദിച്ച് അഭിനയമൊക്കെ പുറത്തെടുക്കുന്ന രീതിയാണ് അദ്ദേഹത്തിന്‍റേത്.

എല്ലാ സിനിമകളിലും ചെയ്യാറുള്ളതുപോലെ ഇതിലും ഞാന്‍ ഇംപ്രോവൈസ് ചെയ്താണ് അഭിനയിച്ചത്. തമിഴ് ഗന്ധമില്ലാതെ മലയാളം സംസാരിക്കാന്‍ പറ്റില്ലേ എന്നൊക്കെ പറഞ്ഞ് ഓരോ വാക്കും അക്ഷരശുദ്ധി വരുത്തി പത്തുദിവസം സംവിധായകൻ എന്നെക്കൊണ്ടു ഡബ്ബ് ചെയ്യിപ്പിച്ചു. അതെനിക്കു വളരെ സഹായകമായി.മലയാളം പഠനം എന്തായി...

മിന്നല്‍ മുരളി കമിറ്റ് ചെയ്ത ശേഷം മലയാളം പഠിച്ചുതുടങ്ങി. ആ സമയത്ത് എനിക്കു കുറച്ചൊക്കെ അറിയാം. യൂട്യൂബില്‍ മലയാളം പഠിപ്പിക്കാൻ കുറേ ആശാന്മാരുണ്ട്. എഴുതാനും പഠിച്ചു.

പുസ്തകങ്ങള്‍ വായിക്കാനും തുടങ്ങി. പക്ഷേ, അനായാസം വായിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല. ബഷീർ, തകഴി, എംടി എന്നിവരുടെയൊക്കെ പുസ്തകങ്ങള്‍ വാങ്ങി. അതില്‍ എംടിയുടെ രണ്ടാമൂഴവുമുണ്ട്.കഥാപാത്രത്തിലേക്ക് എത്തുന്നത്...

സ്ക്രിപ്റ്റിനുള്ളില്‍ കഥാപാത്രം ഒളിഞ്ഞുകിടക്കും. രണ്ടു മൂന്നു തവണ അതു വായിക്കും. അല്ലെങ്കില്‍ അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ആരെങ്കിലും പൂര്‍ണമായി വായിച്ച സ്ക്രിപ്റ്റ് വോയ്സ് മെസേജായി ആവര്‍ത്തിച്ചു കേള്‍ക്കും.

അപ്പോള്‍ കഥാപാത്രത്തിന്‍റെ ഡിസൈന്‍ മെല്ലെമെല്ലെ പുറത്തുവരും. പിന്നെ സംവിധായകരും സഹായിക്കും. എഴുത്തുകാരന്‍ തിട്ടപ്പെടുത്തിയ സീനിന്‍റെ പരിധി കടക്കാതെ കഥാപാത്രത്തെ ഞാന്‍ ഇംപ്രോവൈസ് ചെയ്യും. അതു വേണ്ട, ഇതു മതി എന്നു ഡയറക്ടര്‍ പറഞ്ഞാല്‍ അവിടെ നിര്‍ത്തും.നടനെന്ന നിലയിലുള്ള പഠനം തുടരുകയല്ലേ...

മുമ്പും തമിഴില്‍ പ്രോംപ്റ്റിംഗ് എടുത്തിരുന്നില്ല. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഞാന്‍ പ്രോംപ്റ്റിംഗ് എടുക്കാറുണ്ട്.

പക്ഷേ, സീന്‍ വായിച്ച് എന്താണു സംസാരിക്കുന്നതെന്നു മനസിലാക്കിയശേഷമാണ് അങ്ങനെ ചെയ്യുന്നത്. അതും ഒരു പഠനം തന്നെ. പുതിയ പഠനം എല്ലാ സിനിമയിലും ഉണ്ടാവും. ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതുണ്ടാവും.കൂത്തുപട്ടറൈ അനുഭവങ്ങളെക്കുറിച്ച്...

അതൊരു ഫുള്‍ ടൈം തിയറ്റര്‍ ഗ്രൂപ്പാണ്. 2002ല്‍ ഞാന്‍ അവിടെ ചേര്‍ന്നു. തിയറ്റര്‍ പ്ലേ, സംവിധാനം, വര്‍ക്ക്ഷോപ്പ്...10 വര്‍ഷം അവിടെയുണ്ടായിരുന്നു. നടന്‍ പശുപതി എന്‍റെ സീനിയര്‍ ആയിരുന്നു. മൈന വിധാത്ത്, കളവാണി വിമല്‍ എന്നിവരായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിൽ. 2011 ല്‍ അതില്‍നിന്നു പുറത്തുവന്നു. ആദ്യ സിനിമ ആരണ്യകാണ്ഡം റിലീസായതോടെ ധാരാളം അവസരങ്ങളായി. പിന്നീടു സിനിമയിലായി ഞാൻ.

ബറോസില്‍ എത്തിയത്...

മിന്നല്‍ മുരളി ഇറങ്ങുംമുന്നേ ത്രീഡി സിനിമ ബറോസിലേക്ക് എന്നെ വിളിച്ചു. മോഹൻലാൽ നേരിട്ടു വിളിച്ച് കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. ഞാനും അദ്ദേഹത്തിന്‍റെ ഫാനാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ കുറേത്തവണ കണ്ടിട്ടുണ്ട്.

ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ബണ്‍, ദൗത്യം, സ്ഫടികം, കിരീടം...അങ്ങനെ കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അഭിനയിക്കുന്നതു ഭാഗ്യമാണല്ലോ. ഷൂട്ടിംഗ് കഴിഞ്ഞു. ഡബ്ബിംഗ് കൂടിയുണ്ട്. കുട്ടികള്‍ക്കുള്ള സിനിമയാണെങ്കിലും ഫാമിലിക്കും ഇഷ്ടമാവും.പുതിയ സിനിമകൾ...

ഹയ റിലീസായി. കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന പകലും പാതിരാവും, ചാള്‍സ് എന്‍റര്‍പ്രൈസസ്, ഹെർ, ഉര്‍വശി, ഭാവന, ഹണിറോസ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ശങ്കര്‍ രാമകൃഷ്ണന്‍റെ സംവിധാനത്തിലുള്ള സിനിമ തുടങ്ങിയവയില്‍ വേഷങ്ങളുണ്ട്. സർപട്ട പരമ്പരൈ ചെയ്ത പാ. രഞ്ജിത്തിന്‍റെ പ്രൊഡക്്ഷനിലുള്ള പടത്തില്‍ നായകനായി. അടുത്ത വര്‍ഷം റിലീസാവും.

ഇന്ത്യന്‍ 2 പൂര്‍ത്തിയായോ..?

കമലഹാസന്‍റെ ഇന്ത്യന്‍ 2ല്‍ ഒരു സ്പെഷല്‍ കാരക്ടറാണ് ഞാൻ. അതൊരു സ്പെഷല്‍ വര്‍ക്കാണ്. ടെക്നിക്കല്‍ വര്‍ക്കാണ്. ബാക്കി ഷൂട്ടിംഗ് ഫെബ്രുവരിയില്‍ തുടങ്ങും.

മിന്നല്‍ മുരളി പാര്‍ട്ട് 2 വരുമോ..?

അതു ബേസിലിനോടുതന്നെ ചോദിക്കണം. വന്നാല്‍ സന്തോഷം. വരുമെന്നു പ്രതീക്ഷിക്കുന്നു. പക്ഷേ, എപ്പോഴെന്ന് എനിക്കറിയില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.