ജീത്തുവും കൂമനും പിന്നെ എറണാകുളത്തെ കള്ളനും..!
Saturday, October 29, 2022 3:24 PM IST
ട്വല്‍ത് മാനു ശേഷം ജീത്തു ജോസഫും കെ.ആർ. കൃഷ്ണകുമാറും ഒന്നിക്കുന്ന സിനിമയാണ് ആസിഫ് അലി നായകനായ കൂമന്‍. ട്വല്‍ത് മാനു മുമ്പേ പ്ലാന്‍ ചെയ്ത പ്രോജക്ട് ഇതായിരുന്നുവെന്ന് ജീത്തു പറയുന്നു.

‘കോവിഡിനുമുമ്പ് കൃഷ്ണകുമാര്‍ പങ്കുവച്ച ഒരാശയം ഏറെ കൗതുകമുണർത്തി. പിന്നീട് ഞങ്ങള്‍ കൂടിയോലോചിച്ച് സ്ക്രീന്‍ പ്ലേ റെഡിയായി വന്നപ്പോള്‍ ആസിഫുമായി സംസാരിച്ചു. ആ കഥാപാത്രത്തിന് ആസിഫ് വളരെ കൃത്യമായിരിക്കുമെന്നു തോന്നി’- ജീത്തു ജോസഫ് പറയുന്നു.കഥയും കളളൻ പറഞ്ഞതും

‘ലൈഫ് ഓഫ് ജോസൂട്ടിക്കും ട്വല്‍ത് മാനും ശേഷം മറ്റൊരാളുടെ സ്ക്രിപ്റ്റില്‍ ചെയ്യുന്ന സിനിമയാണ് കൂമന്‍. കൃഷ്ണകുമാറിന്‍റെ സ്ക്രിപ്റ്റില്‍ വളരെ ആകര്‍ഷകമായ ഒരു സംഗതിയുണ്ടായിരുന്നു.

എറണാകുളത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കള്ളനെ പിടിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ഒരു വാചകമുണ്ട്. അതില്‍ നിന്നാണ് ഈ സിനിമയ്ക്ക് ആധാരമായ ചിന്ത ഉണ്ടായത്. പക്ഷേ, ആ പ്രസ്താവനയും ഈ കഥയുമായി വലിയ ബന്ധമൊന്നുമില്ല.ഗിരിശങ്കറിന്‍റെ അന്വേഷണങ്ങള്‍

കേരള- തമിഴ്നാട് ബോര്‍ഡറിലുള്ള നെടുംപാറ എന്ന സാങ്കല്പികഗ്രാമം. ആ ഗ്രാമത്തിലുള്ള പോലീസ് സ്റ്റേഷന്‍. അവിടത്തെ സാധാരണ സിപിഒമാരില്‍ ഒരാളാണ് ആസിഫ് അലിയുടെ കഥാപാത്രം ഗിരിശങ്കര്‍.

ആ ഗ്രാമത്തിലുണ്ടാകുന്ന മോഷണപരമ്പര ഈ പോലീസുകാര്‍ അന്വേഷിക്കുന്നു. ആ ടീമില്‍ ഗിരിയുമുണ്ട്. കണ്ടാല്‍ വലിയ പോലീസ് ലുക്കൊന്നുമില്ലെങ്കിലും ആള്‍ വളരെ ഇന്‍റലിജന്‍റാണ്. ആ മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വേറെ ചില കണ്ടെത്തലുകളിലൂടെയുള്ള ഗിരിയുടെ യാത്രയാണ് ഈ സിനിമ.ഞങ്ങളുടെ രസതന്ത്രം

കൂമന്‍ പ്ലാന്‍ ചെയ്തു വച്ചശേഷം ഞാന്‍ റാം ചെയ്യാന്‍ പോയിരുന്നു. അപ്പോഴേക്കും കോവിഡ് വന്ന് എല്ലാം നിലച്ചു. കേരള - തമിഴ്നാട് അതിര്‍ത്തിയിൽ പോയി ഷൂട്ട് ചെയ്യുക പ്രായോഗികമല്ലാതിരുന്നതിനാല്‍ തത്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു ഈ പ്രോജക്ട്. അതുകഴിഞ്ഞു ദൃശ്യം 2 വന്നു. പിന്നീടു ഞങ്ങൾ ചെയ്ത ട്വല്‍ത് മാന്‍ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്.

ഈഗോയില്ലായ്മയാണ് ഞങ്ങള്‍ക്കിടയിലെ രസതന്ത്രം. അങ്ങോട്ടുമിങ്ങോട്ടും മറ്റൊരാള്‍ പറയുന്നതു സ്വീകരിക്കാനുള്ള മനസ്. കൃഷ്ണകുമാര്‍ പറയുന്നതു നല്ലതാണെങ്കില്‍ ഞാന്‍ സ്വീകരിക്കും. ഞാന്‍ പറയുന്നതു നല്ലതാണെങ്കില്‍ അദ്ദേഹവും. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാറില്ല എന്നൊന്നുമില്ല.കംഫര്‍ട്ടബിളാണ് ആസിഫ്

വളരെ ഡെഡിക്കേറ്റഡാണ് ആസിഫ്. പ്രോജക്ടില്‍ നമുക്കൊപ്പം ചേര്‍ന്നുകഴിഞ്ഞാല്‍ 100 ശതമാനം അതില്‍ ഇന്‍വോള്‍വ്ഡാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ ഒരു മടിയുമില്ല. കൂടെനില്‍ക്കും. എപ്പോള്‍ വരാന്‍ പറഞ്ഞാലും വരും. പ്രഫഷണലിസമുണ്ട്.

എല്ലാ രീതിയിലും സഹകരിക്കുന്ന, നമുക്കു കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന ഒരാക്ടറാണ്.ജീത്തു സ്റ്റൈല്‍

ആദ്യം കഥാപാത്രത്തിന്‍റെ ഔട്ട്ലൈന്‍ പറഞ്ഞുകൊടുക്കും. ഗിരിശങ്കര്‍ എന്ന കഥാപാത്രത്തിന്‍റെ കാര്യമെടുക്കാം. അയാള്‍ സ്വന്തം നാട്ടിലാണു ജോലി ചെയ്യുന്നത്. നാട്ടുകാര്‍ തന്നെ അംഗീകരിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നുള്ള തോന്നലുകളൊക്കെ അയാള്‍ക്കുണ്ട്. അതിന്‍റെ ഈഗോയുണ്ട്. വിഷമങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പച്ച മനുഷ്യന്‍.

പരാജയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല. എന്തിലും ജയിക്കണമെന്ന വാശിയും നിര്‍ബന്ധബുദ്ധിയുമുള്ള പോലീസുകാരനാണ്. ഇതാണു കഥാപാത്രസ്വഭാവമെന്ന് വിശദമാക്കും. ആദ്യമേ കയറി അമിത ഇടപെടല്‍ നടത്താതെ ആ കഥാപാത്രത്തെ ആക്ടര്‍ എങ്ങനെ ഉള്‍ക്കൊണ്ട് വര്‍ക്ക് ചെയ്യുന്നു എന്നു നോക്കും. ഞാന്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ നന്നായി വരികയാണെങ്കില്‍ അതെടുക്കും. മറിച്ചാണെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ കൊടുക്കും.ഹന്ന റെജി കോശി

ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്‍റണിയും ചേർന്നു നിർമിച്ച കൂമൻ ത്രില്ലര്‍ എന്‍റര്‍ടെയ്നറാണ്. ആളുകളെ പിടിച്ചിരുത്തുന്ന, തിയട്രിക്കല്‍ അനുഭവം നല്കുന്ന സിനിമയായിരിക്കും. ഹീറോയിലൂടെയാണ് ഈ സിനിമ പോകുന്നത്.

ആസിഫിന്‍റെ പെയര്‍ എന്ന രീതിയിലാണ് ഹന്ന റെജി കോശിയുടെ നാടന്‍ കഥാപാത്രം. ഹീറോയെ ചുറ്റിപ്പറ്റി വരുന്ന ഒരു കഥാപാത്രം. ബാബുരാജും രഞ്ജി പണിക്കരും എന്‍റെ സിനിമയില്‍ ഫ്രഷ് കാസ്റ്റിംഗാണ്.വീണ്ടും ചായക്കട

ദൃശ്യം സീരീസിലെന്നപോലെ കൂമനിലുമുണ്ട് ഒരു ചായക്കട. എല്ലാ ഗ്രാമങ്ങളിലുമുണ്ടല്ലോ ചായക്കടകള്‍.

വീട്ടില്‍നിന്നു ചായ കുടിച്ചാലും ചായക്കടയില്‍ വന്നിരുന്ന് ചായ കുടിച്ച് വര്‍ത്തമാനമൊക്കെ പറയുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ചര്‍ച്ച നടക്കുന്ന ഒരിടം എന്ന രീതിയിലാണ് ഇതിലും ചായക്കട വരുന്നത്.ദൃശ്യം മോഡല്‍!

കുറ്റകൃത്യങ്ങളെ സിനിമ സ്വാധീനിക്കില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, സിനിമ ഉണ്ടാകുന്നതിനുമുമ്പ് ഇവിടെ നരബലികളും കൊലപാതകങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു ക്രൈം ചെയ്യാന്‍ പോകുന്നവന് എന്നാല്‍ ഇങ്ങനെ ചെയ്താലോ എന്ന് ചിലപ്പോള്‍ സിനിമയില്‍ നിന്ന് ഐഡിയ കിട്ടുമായിരിക്കാം. സിനിമ എന്നല്ല ഏതു മീഡിയയില്‍ നിന്നും അതുണ്ടാവാം. സിനിമയില്‍ നിന്ന് അത് ഇത്തിരി കൂടുതല്‍ ഉണ്ടെന്നു മാത്രം.

പല കുറ്റകൃത്യങ്ങളിലും ദൃശ്യം മോഡല്‍ എന്നു മീഡിയ പറയാറുണ്ട്. ദൃശ്യത്തിലെ സംഭവവികാസം പോലെ ഒരു ക്രൈം നടന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. അല്ലാതെ, അവര്‍ ദൃശ്യം സിനിമ കണ്ടതു കൊണ്ടാണ് ആ ക്രൈം ചെയ്തത് എന്നല്ല.ഡിറ്റക്ടീവ് 2, ദൃശ്യം 3

ഡിറ്റക്ടീവിന്‍റെ സെക്കന്‍ഡ് പാര്‍ട്ട് പോലെ ചെയ്യാന്‍ ഒരു കഥ മനസിലുണ്ടായിരുന്നു. വളരെ മുന്പ് അങ്ങനെ ആലോചിച്ചിരുന്നു എന്നേയുള്ളൂ. ആ കഥ... അതു വേറൊരു രീതിയില്‍ വേറൊരു സിനിമയായി ചെയ്യാന്‍ പോവുകയാണ്. അതിനു ഡിറ്റക്ടീവുമായി ബന്ധമില്ല.

ദൃശ്യം 3 ആലോചനയിലുണ്ട്. നല്ല രീതിയില്‍ ഒരു സംഭവം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും.ആക്ഷനാണ് റാം

മോഹൻലാൽ സിനിമ റാമിന്‍റെ യുകെ ഷെഡ്യൂള്‍ കഴിഞ്ഞു. അതിന്‍റെ കഥയില്‍ വിദേശ പശ്ചാത്തലം കുറേയുണ്ട്. ഇനി മൊറോക്കോ, ടുണീഷ്യ ഷെഡ്യൂളാണ്. അടുത്ത മാസം പോകും. ആക്ഷന്‍ ഫിലിമാണ് റാം. അതില്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂഡുണ്ട്.

പാന്‍ ഇന്ത്യന്‍ കോണ്‍സപ്റ്റുള്ള സിനിമകളുടെ വിജയം എഴുത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പതിയെ മാറിത്തുടങ്ങണം. ഇനി അതു കണ്ട് എഴുതാന്‍ തുടങ്ങണം. അതിന്‍റെ ഭാഗമായാണ് റാം ഒന്നു പരിഷ്കരിച്ചത് ’ - ജീത്തു പറയുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.