അനു സിത്താര സന്തോഷത്തിൽ
Thursday, March 30, 2023 3:17 PM IST
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. തിയറ്ററുകളിലെത്തിയിരിക്കുന്ന സന്തോഷം എന്ന കുടുംബചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന്‍റെ സന്തോഷത്തിലാണ് അനു സിതാര. എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അഭ്യസിക്കുന്ന അനു സിത്താര കലോത്സവവേദിയിൽ നിന്നാണ് സിനിമയിലെത്തുന്നത്.

പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്‍റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. മൂന്നു തമിഴ് സിനിമകളിൾ ഉൾപ്പെടെ മുപ്പതോളം സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു.സന്തോഷത്തിലെ കഥാപാത്രം

ആദി എന്നാണ് സന്തോഷത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. വീട്ടിലെ മൂത്ത കുട്ടിയാണ്. അച്ഛൻ, അമ്മ, അച്ഛമ്മ, പതിനഞ്ച് വയസിന് ഇളയ അനുജത്തി എന്നിവരാണ് കുടുംബാംഗങ്ങൾ. ആദിക്ക് ഏറ്റവും പ്രിയപ്പെട്ടത് അനുജത്തിയാണ്. സിനിമയിൽ ഏറ്റവും പ്രാധാന്യം ആദിയും അനുജത്തിയും തമ്മിലുള്ള ആത്മബന്ധത്തിനാണ്.

പ്രായത്തിൽ ഏറെ അന്തരമുള്ളതിനാൽ അനുജത്തിക്ക് ആദി വലിയ ശ്രദ്ധയും സംരക്ഷണവുമാണ് നൽകുന്നത്. ഒരു ഘട്ടത്തിലെത്തുന്പോൾ അനിയത്തി അക്ഷരയ്ക്ക് ഈ കെയറിംഗ് ഒരു ബുദ്ധിമുട്ടായി മാറുന്നു. അതിനെ ബന്ധപ്പെടുത്തിയാണ് സന്തോഷം എന്ന ചിത്രം സഞ്ചരിക്കുന്നത്.കണ്ണീരണിഞ്ഞ് ഷാജോണ്‍

അച്ഛനും മകളുമായാണ് ഞാനും ഷാജോണും ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്പോൾ അദ്ദേഹം ശരിക്കും കരഞ്ഞുപോയി.

അനുഗ്രഹം വാങ്ങാനായി ഞാൻ കാലിൽ തൊട്ടു തൊഴുത് എഴുന്നേൽക്കുന്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞു. വിഷമം വന്നോയെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി. കാരണം അദ്ദേഹത്തിനും ഒരു പെണ്‍കുട്ടിയാണുള്ളത്.സിനിമയിൽ ഇടവേള

സിനിമയിൽ ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ ചോദിച്ചപ്പോഴാണ് എന്‍റെ സിനിമകൾ റിലീസായിട്ട് കുറച്ചു കാലമായല്ലോ എന്നു ചിന്തിക്കുന്നത്.

ട്വൽത്ത് മാൻ, സന്തോഷം, മാമോ ഇൻ ദുബായ്, വാതിൽ, അനുരാധ, തമിഴിൽ പത്തു തല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു തല 30ന് റിലീസ് ചെയ്യും.തെരഞ്ഞെടുക്കൽ

സിനിമയുടെ കഥ എനിക്ക് ഇഷ്ടമാകണം. കഥ കേൾക്കുന്പോൾ ചെയ്യാൻ പറ്റുന്ന കഥാപാത്രമാണെന്നു തോന്നണം.

കണ്‍ഫ്യൂഷൻ തോന്നിയിൽ പിന്നെ ആ കഥാപാത്രം ചെയ്യാൻ നിൽക്കില്ല. കാരണം, അഭിനയവേളയിൽ ബുദ്ധിമുട്ടുകൾ വന്നാൽ അതെനിക്കും സംവിധായനും പ്രശ്നമാകും. അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണെങ്കിൽ മാത്രം ഒക്കെ പറയും.ഇഷ്ടകഥാപാത്രം

എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെങ്കിലും രാമന്‍റെ ഏദൻതോട്ടത്തിലെ മാലിനി എനിക്കേറെ സ്പെഷലാണ്. ഫുട്ബോൾ താരം വി.പി. സത്യന്‍റെ കഥ പറഞ്ഞ ക്യാപ്റ്റനിലെ അനിതാ സത്യനെയും ഏറെ ഇഷ്ടമാണ്. നീയും ഞാനും സിനിമയിലെ ഹാഷ്മി അൻസാരി, സന്തോഷത്തിലെ ആദി ഒക്കെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

ഒരു കലോത്സവത്തിൽ നൃത്തത്തിനു സമ്മാനം ലഭിച്ചതിനുശേഷം വന്ന എന്‍റെയൊരു ഇന്‍റർവ്യൂ കണ്ടിട്ടാണ് പൊട്ടാസ് ബോംബിലേക്ക് വിളിക്കുന്നത്.ഒരു ഇന്ത്യൻ പ്രണയകഥ

ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം എന്‍റെ ജോഡിയായി അഭിനയിച്ചത് രോഹിത് എന്നയാളാണ്. രോഹിത് പൊട്ടാസ് ബോംബിലും അഭിനയിച്ചിരുന്നു. ആ സിനിമയിലേക്ക് രോഹിതിനെ സെലക്ട് ചെയ്യുന്ന വേളയിൽ നേരത്തെ ചെയ്ത വർക്കിന്‍റെ എന്തെങ്കിലും വീഡിയോ ഉണ്ടോ എന്ന് അണിയറക്കാർ ചോദിച്ചു.

പൊട്ടാസ് ബോംബിലെ ഒരു ഗാനരംഗമാണ് രോഹിത് കൊടുത്തത്. ആ ഗാനരംഗത്ത് എന്നെ കാണുകയും രോഹിതിൽ നിന്ന് എന്‍റെ നന്പർ വാങ്ങി ഇന്ത്യൻ പ്രണയകഥയിലേക്ക് വിളിക്കുകയായിരുന്നു.നൃത്തം

ചെറുപ്പം മുതൽ കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നുണ്ട്. തിരക്കുമൂലം ഇപ്പോൾ നൃത്തപഠനവും പഠിപ്പിക്കലും നടക്കുന്നില്ല. എങ്കിലും നൃത്തപരിപാടികൾ ചെയ്യുന്നുണ്ട്. അമ്മയും ഞാനും ചേർന്ന് കല്പറ്റയിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. അമ്മയാണ് അതിന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നത്.കുടുംബം

വയനാട്ടിലാണ് വീട്. അച്ഛൻ നാടക പ്രവർത്തകനും മുനിസിപ്പാലിറ്റി ജീവനക്കാരനുമായ അബ്ദുൾ സലാം. അമ്മ രേണുക. സഹോദരി അനു സൊനാര മ്യൂസിക് വിദ്യാർഥിയാണ്. ഭർത്താവ് വിഷ്ണുപ്രസാദ് ഫാഷൻ ഫോട്ടോഗ്രാഫറാണ്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.