അഭിനയത്തിന്‍റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
Monday, January 9, 2023 3:25 PM IST
മഹേഷ് നാരായണനൊപ്പം ദിവ്യപ്രഭയുടെ മൂന്നാമതു സിനിമയാണ് അറിയിപ്പ്. ടേക്ക് ഓഫ് ചെയ്തപ്പോഴാണ് സിനിമയില്‍ മനസുറപ്പിക്കാനും തുടരാനും തോന്നിയതെന്ന് ദിവ്യപ്രഭ പറയുന്നു.

‘അത്രത്തോളം റിസേര്‍ച്ച് ചെയ്താണ് മഹേഷ് സ്ക്രിപ്റ്റ് എഴുതുന്നതും സിനിമ ചെയ്യുന്നതും. അഭിനേതാക്കള്‍ക്ക് സൂക്ഷ്മാംശങ്ങളൊടെ രത്നച്ചുരുക്കം പറഞ്ഞുകൊടുക്കുന്നതും രസകരമായാണ്. അറിയിപ്പിലെത്തിയപ്പോഴേക്കും മഹേഷിന്‍റെ റിഥം എനിക്കു കിട്ടിയിരുന്നു. അദ്ദേഹം പ്രതീക്ഷിക്കുന്നതെന്തെന്ന് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ നിന്നുതന്നെ എനിക്കു മനസിലാവും' - ദിവ്യപ്രഭ പറയുന്നു.



അറിയിപ്പിലേക്ക് എത്തിയത്...

കാരക്ടര്‍ വേഷങ്ങൾ ചെയ്യുന്നതിനിടെ ലീഡ് വേഷങ്ങളും വന്നിരുന്നു. പക്ഷേ, ആദ്യമായി ലീഡ് ചെയ്യുമ്പോള്‍ മികച്ച ടെക്നിക്കല്‍ ടീമിനും ക്രൂവിനും സംവിധായകനുമൊപ്പം ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. മാലിക്കിനുശേഷം മഹേഷ് പറഞ്ഞ കഥയാണ് അറിയിപ്പ്.

എന്നോടു കഥ പറയുമ്പോള്‍ ബാങ്ക് ജീവനക്കാരിയായിരുന്നു രശ്മി. ഹരീഷിനു ജോലി മറ്റൊരിടത്തും. പിന്നീടു കഥാപശ്ചാത്തലം ഗ്ലൗസ് ഫാക്ടറിയിലേക്കും ഡല്‍ഹിയിലേക്കും മാറി. വിദേശത്തു തൊഴില്‍ തേടുന്ന മധ്യവര്‍ഗ ദമ്പതികളായി ഹരീഷും രശ്മിയും.

സിനിമ പറയുന്ന വിഷയം അറിഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായി. പക്ഷേ, ഭയമുണ്ടായിരുന്നു. കാരണം, ഞാന്‍ ആദ്യമായിട്ടാണ് ഏറെ ഉത്തരവാദിത്വമുള്ള വേഷം ചെയ്യുന്നത്. വളരെ തീവ്രമായ മാനസിക വിക്ഷോഭങ്ങളുള്ള കഥാപാത്രമാണ് രശ്മി.



കുഞ്ചാക്കോ ബോബനൊപ്പം...

എന്നോടു കഥ പറയുമ്പോള്‍ ഹരീഷിന്‍റെ വേഷത്തില്‍ ആരെന്ന് അറിയില്ലായിരുന്നു. പിന്നീട്, കുഞ്ചാക്കോ ബോബനാണെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായി. ഹരീഷ് ഏറെ ഗ്രേ ഷേഡ് ഉള്ള കഥാപാത്രമാണ്. കുഞ്ചാക്കോ ബോബൻ അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ തയാറായതു തന്നെ വലിയൊരു കാര്യമാണ്.

അദ്ദേഹം ഇതുവരെ ഒരു സിനിമയിലും ചെയ്യാത്ത ചില രംഗങ്ങൾ അറിയിപ്പിലുണ്ട്. ഞാൻ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു നടനാണ് അദ്ദേഹം. ഇനിയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്.



രശ്മിയാകാന്‍ തയാറെടുപ്പുകള്‍...

ഗ്ലൗസ് ഫാക്ടറിയിലെ സ്കില്‍ഡ് വര്‍ക്കറാണ് രശ്മി. അവിടത്തെ വര്‍ക്കറായി ഫീല്‍ ചെയ്യണം. കാക്കനാട് സ്പെഷല്‍ ഇക്കണോമിക് സോണില്‍ നിന്ന് ഗ്ലൗസ് മേക്കിംഗില്‍ പരിശീലനം നേടി.

ഷൂട്ടിംഗിനു രണ്ടു ദിവസം മുമ്പ് ഡല്‍ഹിയിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരുമായി ഇടപഴകാനും അവരുടെ ദിനചര്യയും ജോലിയും മനസിലാക്കാനും അവസരമുണ്ടായി. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളല്ല, ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍ തന്നെയാണ് ഇതില്‍ വര്‍ക്കേഴ്സായി അഭിനയിച്ചത്.



രശ്മിയില്‍ നിന്നു പുറത്തുവരാന്‍ സമയമെടുത്തോ..?

കാരക്ടര്‍ വേഷങ്ങൾ ചെയ്യുന്പോൾ രണ്ടോ നാലോ ദിവസം പോയി അഭിനയിക്കും. കഥാപാത്രമെന്തെന്ന് അറിഞ്ഞു തുടങ്ങുമ്പോഴേക്കും ഷൂട്ടിംഗ് തീരും! ഇതില്‍ നേരത്തെ തിരക്കഥ ലഭിച്ചു. രശ്മിയെ കൃത്യമായി മനസിലാക്കി ആ ട്രാക്കിലായി. ആദ്യമായി 30 ദിവസം മുഴുനീള ലീഡ് വേഷത്തിൽ. എനിക്ക് അഭിനയത്തിന്‍റെ കിക്ക് കിട്ടിയ സിനിമയാണിത്.

ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ചയിലധികം രശ്മി എന്നെ പിന്‍തുടര്‍ന്നിരുന്നു. നടത്തത്തിലും കരയുന്ന രീതിയിലും സംസാര ശൈലിയിലുമൊന്നും രശ്മിയില്‍ എന്‍റെ യാതൊന്നുമില്ല. മൊത്തത്തില്‍ മാറ്റിപ്പിടിക്കുമ്പോള്‍ വിശ്വസനീയമാകുമോ എന്ന് ആശങ്ക യുണ്ടായി. പ്രേക്ഷകര്‍ക്കു രശ്മിയെ ബോധ്യമായി എന്നറിഞ്ഞതോടെ ആ പേടി മാറി.



ലീഡ് വേഷം വൈകിയെങ്കിലും അറിയിപ്പിലൂടെ ലൊക്കാര്‍ണോയിൽ...

അറിയിപ്പ് ഫെസ്റ്റിവലിന് അയയ്ക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ, അതു ലൊക്കാര്‍ണോയില്‍ എത്തിയതു സര്‍പ്രൈസായി. എന്നും കലാമൂല്യമുള്ള സിനിമകള്‍ക്കാണ് അവിടെ സെലക്ഷന്‍. ലൊക്കാര്‍ണോ യാത്ര ആവേശഭരിതമായിരുന്നു. എന്‍റെ ആദ്യ യൂറോപ്പ് ട്രിപ്പ്. വേള്‍ഡ് പ്രീമിയറിനു രണ്ടായിരത്തിലധികം പ്രേക്ഷകര്‍. മികച്ച നടിക്കുള്ള നോമിനേഷനില്‍ വന്നതുതന്നെ അവാര്‍ഡ് കിട്ടിയതുപോലെ.

അറിയിപ്പ് അഞ്ചാറു വര്‍ഷം മുമ്പാണ് എനിക്കു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചെയ്തതുപോലെ ചെയ്യാനാവില്ലായിരുന്നു. ചെറിയ റോളുകളെങ്കിലും ഇത്രയും കാലത്തെ അനുഭവങ്ങള്‍ അക്കാദമിക് പശ്ചാത്തലമില്ലാത്ത എനിക്കു രശ്മിയിലേക്ക് എത്താന്‍ സഹായകമായി. ഡൽഹി എന്ന ഫീൽ നിലനിർത്തിയ കാമറാമാൻ സാനു വർഗീസിന്‍റെ സപ്പോർട്ടും സഹായകമായി.



കാരക്ടര്‍ റോളുകളില്‍ സംതൃപ്തയായിരുന്നോ..?

ടേക്ക് ഓഫിലെ ജിന്‍സിയും കമ്മാരസംഭവത്തിലെ കമലയും തമാശയിലെ ബബിത ടീച്ചറും നിഴലിലെ ശാലിനിയുമെല്ലാം ഒരു സാദൃശ്യവും കണ്ടുപിടിക്കാനാവാത്ത വിധമുള്ള കഥാപാത്രങ്ങള്‍. പരമാവധി വേറെയായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ചെയ്ത കാരക്ടര്‍ വേഷങ്ങളിൽ ഞാന്‍ സംതൃപ്തയാണ്, ഹാപ്പിയാണ്.

രശ്മിയെ മാറ്റിനിര്‍ത്തിയാല്‍ എനിക്കു വെല്ലുവിളിയായി തോന്നിയതു മാലിക്കിലെ അയിഷയാണ്. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും തിരുവനന്തപുരം ശൈലിയിലാണ് സംസാരം. എന്‍റെ സ്വദേശം തിരുവനന്തപുരമാണോ എന്നു ഫഹദ് മഹേഷിനോടു ചോദിച്ചിട്ടുണ്ട്.

തൃശൂരാണ് എന്‍റെ നാട്. കുറച്ചുനാളായി കൊച്ചിയിലാണ്. എന്‍റെ ഭാഷാശൈലി എവിടത്തേതുമല്ല. മാത്രമല്ല, പ്രായമേറിയ കഥാപാത്രമായിരുന്നു അത്. മാനറിസമെല്ലാം മൊത്തത്തില്‍ മാറ്റണം. സീന്‍ കുറവായിരുന്നുവെങ്കിലും ഞാന്‍ എന്‍ജോയ് ചെയ്ത സിനിമയാണു മാലിക്.



സിനിമയില്‍ നിന്നു സീരിയലിൽ, തിരിച്ചു വീണ്ടും സിനിമയിൽ...

ലോക്പാല്‍, നടന്‍, ഇതിഹാസ, കയല്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് കെ.കെ.രാജീവിന്‍റെ ഈശ്വരന്‍ സാക്ഷിയായ് ചെയ്തത്. ബോബി, സഞ്ജയ് ആയിരുന്നു രചന. കനി കുസൃതി, പ്രേംപ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം. 100-140 എപ്പിസോഡില്‍ കൂടില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.

പിന്നെ, കെ.കെ. രാജീവ് സീരിയലുകളോടുള്ള ഇഷ്ടവും കൂടി പരിഗണിച്ചു. അതിനു സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെങ്കിലും സീരിയലില്‍ തുടരാന്‍ തോന്നിയില്ല. മിനിമം 150 എപ്പിസോഡുള്ള സീരിയലിനായി ഒരു വര്‍ഷം അതില്‍ത്തന്നെ നില്‍ക്കുക ബോറിംഗായിരുന്നു. പിന്നെയും എനിക്കു സിനിമ ചെയ്യണമെന്നു തോന്നി. അങ്ങനെ ഒഡീഷനിലൂടെ ടേക്ക് ഓഫില്‍ എത്തി.



പൊളിറ്റിക്കല്‍ കറക്ട്നസില്‍ ശ്രദ്ധിക്കാറുണ്ടോ..?

ഏതു വേഷവും ചെയ്യും. കുറ്റകൃത്യം അല്ലെങ്കില്‍ മോശം പ്രവൃത്തി ചെയ്യുന്ന കഥാപാത്രമാണെങ്കിലും ചെയ്യും. നമ്മുടെ സമൂഹത്തിലും അത്തരം ആളുകളുണ്ടല്ലോ. എനിക്കു പെര്‍ഫോം ചെയ്യാനുണ്ടോ, വ്യത്യസ്തമായി ചെയ്യാനുണ്ടോ - അതാണു നോക്കുന്നത്.

യഥാര്‍ഥ ജീവിതത്തില്‍ എനിക്കു യാതൊരു ബന്ധവുമില്ലാത്ത വേഷങ്ങളില്‍ അത്തരം സാധ്യതകളുണ്ടാവും. പക്ഷേ, അവസാനം സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം അതിനെ ന്യായീകരിക്കുന്നതോ മഹത്വവത്കരിക്കുന്നതോ ആണെങ്കില്‍ ആ സിനിമ ഞാന്‍ ചെയ്യില്ല.



സിനിമകള്‍ തെരഞ്ഞെടുക്കുന്നത്...

ചില സിനിമകള്‍ ചില സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാം എന്നു വിചാരിച്ചു ചെയ്യുന്നതാണ്. ട്രാഫിക് മുതല്‍ രാജേഷ് പിള്ളയോടു തുടങ്ങിയ ഇഷ്ടത്തിലാണ് ചെറിയ വേഷമാണെങ്കിലും വേട്ട ചെയ്തത്. ചില ഡയലോഗുകളോ പെര്‍ഫോമന്‍സ് സാധ്യതയോ പരിഗണിച്ചു ചെയ്ത സിനിമകളുമുണ്ട്. പ്രതി പൂവന്‍കോഴിയില്‍ രണ്ടു ദിവസത്തെ ഷൂട്ടിംഗ് മാത്രം. പ്രാധാന്യമുള്ളതായി വെറും ഒരു സീന്‍.

പക്ഷേ, ഇനി അത്തരമൊരു വേഷം എന്നെ തേടിവരണമെന്നില്ല. തമാശ തൊട്ട് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങളാണ് നോക്കുന്നത്. ഇനി കൂടുതല്‍ പെർഫോമൻസ് സാധ്യതകളുള്ളതും കേന്ദ്ര കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. അറിയിപ്പിനു ശേഷം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്.



ഡോണ്‍ പാലത്രയുടെ ഫാമിലിയിൽ...

ഫാമിലിയില്‍ വളരെ രസകരമായ കഥാപാത്രമാണ്. വിനയ് ഫോര്‍ട്ടിന്‍റെ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരില്‍ ഒരാള്‍. മാത്യു തോമസ്, അഭിജ ശിവകല, നില്‍ജ തുടങ്ങിയവരുമുണ്ട്. ചിത്രം നോട്ടര്‍ദാം ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.