സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
Thursday, June 15, 2023 3:58 PM IST
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്ററുകളില്‍.

ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, രജിഷ വിജയന്‍, ആര്‍ഷ ബൈജു, പുതുമുഖം മീനാക്ഷി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ഒരമ്മയുടെയും മൂന്നു മക്കളുടെയും കഥ പറയുന്നു. കോസ്റ്റ്യൂം ഡിസൈനിംഗില്‍ നിന്നു സംവിധാനത്തിലേക്കുള്ള യാത്രയെക്കുറിച്ചു സ്റ്റെഫി സംസാരിക്കുന്നു.



സംവിധാനം തന്നെയായിരുന്നോ ലക്ഷ്യം..?

ചെറുപ്പത്തില്‍ സിനിമകള്‍ കണ്ടപ്പോൾ ഏറ്റവും ശ്രദ്ധിച്ചത് അതിലെ ഡ്രസുകളാണ്. മാഗസിനില്‍ വായിച്ചാണ് സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറുണ്ടെന്ന് അറിഞ്ഞത്. ഈ രംഗത്ത് അന്നും ഇന്നും ഞാന്‍ ആരാധനയോടെ കാണുന്നത് എസ്.ബി.സതീശനെയാണ്.

സമ്മര്‍ ഇന്‍ ബത്‌ലഹേം, ദയ, ഗുരു എന്നിവയൊക്കെ കണ്ടപ്പോള്‍ അദ്ദേഹത്തെപ്പോലെയാവണമെന്ന് ആഗ്രഹിച്ചു. വയനാട്ടില്‍ നിന്നു ബംഗളൂരുവിലെത്തി ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു. പരസ്യചിത്രങ്ങളിലാണ് കരിയറിന്‍റെ തുടക്കം. ലുക്കാ ചുപ്പി, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്നിവയാണ് ആദ്യമായി കോസ്റ്റ്യൂം ചെയ്ത സിനിമകള്‍.

എസ്രയുടെ ലൊക്കേഷനില്‍ വച്ചാണ് സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയത്. പല രീതിയിലും എന്നെ ഏറെ സ്വാധീനിച്ച സിനിമയാണത്. മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്‍ സെറ്റില്‍ പെരുമാറുന്ന രീതി എനിക്കിഷ്ടമാണ്. ബി. ഉണ്ണികൃഷ്ണന്‍ പുതിയ ആളുകളെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന രീതിയും ഇഷ്ടമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയിലും വര്‍ക്ക് ചെയ്തിട്ടുണ്ട്.

ബ്ലെസിയുടെ ആടുജീവിതത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ആ സിനിമയ്ക്കു വേണ്ടി അദ്ദേഹത്തിന്‍റെ പരിശ്രമം അടുത്തറിഞ്ഞു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ റീമാസ്റ്റര്‍ ചെയ്തപ്പോള്‍ വീണ്ടും ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കാനും അവസരമുണ്ടായി. ഇത്തരം സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തത് ക്രിയേറ്റീവായി ചിന്തിക്കാന്‍ സഹായകമായി.



വസ്ത്രാലങ്കാരത്തിനു സംസ്ഥാന പുരസ്കാരം സമ്മാനിച്ച ഗപ്പി ഉൾപ്പടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടനവധി സിനിമകൾ. ഫിലിം സ്കൂളില്‍ പഠിക്കുന്ന അനുഭവമല്ലേ നേടിയത്..‍?

സാധാരണ ഡിഗ്രിയൊക്കെ കഴിഞ്ഞാണല്ലോ ഒരാള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങിജീവിക്കുന്നത്. ഞാന്‍ അങ്ങനെ ജീവിച്ചുതുടങ്ങിയത് ലൊക്കേഷന്‍ സെറ്റുകളിലാണ്. എന്‍റെ പരിചയം, ഞാന്‍ സംസാരിക്കുന്നത്, ഞാന്‍ കാണുന്നത്...എല്ലാം സെറ്റിലുള്ളവരെ. നാല്പതോ അമ്പതോ ദിവസം കഴിയുമ്പോള്‍ അടുത്ത സെറ്റില്‍. ഫിലിം സ്കൂളില്‍ പോയതുപോലെ തന്നെ സിനിമ പഠിക്കാനായി.

തുടക്കത്തില്‍ നാലു സിനിമയെങ്കിലും കോസ്റ്റ്യൂം ചെയ്യാന്‍ കിട്ടിയെങ്കില്‍ ജീവിതം പൂര്‍ണമായി എന്ന അവസ്ഥയായിരുന്നു. അവിടെ നിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഇനിയും ധാരാളം സിനിമകൾ ചെയ്യണം എന്ന ആഗ്രഹത്തിലാണു നില്‍ക്കുന്നത്.



കരിയറില്‍ സ്ത്രീ എന്ന രീതിയിലുള്ള പരിമിതിയോ വെല്ലുവിളിയോ നേരിടേണ്ടി വന്നിട്ടുണ്ടോ..?

ഏഴു വര്‍ഷത്തിനകം 95നടുത്തു സിനിമകളില്‍ കോസ്റ്റ്യൂം ചെയ്തു. ഒരു സിനിമ സംവിധാനം ചെയ്തു. ഇവിടെവരെ എത്താനായത് ജെന്‍ഡര്‍ വ്യത്യാസം ഫീൽ ചെയ്യാത്തതിനാലാണ്. തുടക്കം മുതല്‍ ഇന്നോളം കരിയറിൽ സ്ത്രീ ആണെന്ന് ഫീല്‍ ചെയ്തിട്ടില്ല. വനിതാ കോസ്റ്റ്യൂമര്‍, വനിതാ ഡയറക്ടര്‍ എന്നൊക്കെ പറയുന്നതിനോട് എനിക്കു വിയോജിപ്പാണ്. ജെന്‍ഡര്‍ ന്യൂട്രലായ കാലഘട്ടമാണിത്.

ആണ് ഡിസൈന്‍ ചെയ്താലും പെണ്ണ് ഡിസൈന്‍ ചെയ്താലും ഡിസൈനിംഗ് തന്നെയാണ്. ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ പെണ്‍കുട്ടികളുടേതായ കാഴ്ചപ്പാടുണ്ടാവാം. പക്ഷേ, ക്രാഫ്റ്റില്‍ ജെന്‍ഡര്‍ ഇല്ലല്ലോ. കൂടെയുള്ളവരെല്ലാം എന്നെ ടെക്നീഷനായിട്ടാണു കാണുന്നത്.



ആദ്യ സിനിമയിലേക്ക് എത്തിയത്....

വായിച്ചശേഷം അഭിപ്രായം പറയണം എന്നു പറഞ്ഞ് ജയ് വിഷ്ണുവും മഹേഷ് ഗോപാലും അവര്‍ എഴുതിയ തിരക്കഥ എനിക്കു തന്നു. പശ്ചാത്തലം കുടുംബമാണെങ്കിലും ഈ അടുത്തെങ്ങും കേള്‍ക്കാത്ത കൗതുകമുള്ള കഥയെന്നു തോന്നി. അങ്ങനെ സംവിധാനം ചെയ്യാന്‍ ആദ്യം ആലോചിച്ച കഥ മാറ്റി ഈ കഥ ഞാനെടുത്തു.

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലാണു സ്ക്രിപ്റ്റ്. വേണാട് ബസും മോഹന്‍ലാലിന്‍റെ പത്തനംതിട്ട കണക്‌ഷനും ആ നാടുമായി ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസങ്ങളുമെല്ലാം സിനിമയില്‍ വന്നത് അങ്ങനെയാണ്.



മധുരമനോഹരമോഹം പറയുന്നതെന്താണ്..?

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. സമ്പൂര്‍ണ കോമഡി പടമല്ല. പ്രധാന പ്രമേയം സിനിമ കണ്ടുതന്നെയറിയണം.

ആണ്‍കുട്ടികള്‍ കൂടുതലായി ചെയ്യുന്ന ഒരുകാര്യം പെണ്‍കുട്ടി ചെയ്യുമ്പൊഴോ പെണ്‍കുട്ടികള്‍ മാത്രം ചെയ്യുന്ന ഒരു കാര്യം ചിലപ്പോള്‍ ഒരാണ്‍കുട്ടി ചെയ്യുമ്പൊഴോ ആണ് ജെന്‍ഡര്‍ റിവേഴ്സ് പ്ലേ എന്നു പറയാറുള്ളത്. അതിനെ ഏറ്റവും കൗതുകത്തോടെ അവതരിപ്പിക്കുന്ന സിനിമയാണു മധുരമനോഹര മോഹം.



ജാതി പൊളിറ്റിക്സ് തുറന്നുകാട്ടുന്ന കഥാപശ്ചാത്തലമാണോ..?

ഇതു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. പക്ഷേ, ചില നാടുകളിലെ ജാതിചിന്തകളെയും ജാതി വ്യവസ്ഥകളെയും ഹ്യൂമറിന്‍റെ രീതിയില്‍ പറഞ്ഞുപോകുന്നുണ്ട്.

ഇത് എല്ലാ വീട്ടിലും നടക്കുന്ന കഥയാണെന്നോ എല്ലാ വീടുകളിലെയും ചിന്താരീതിയാണെന്നോ പറയുന്നില്ല. ഒരുപക്ഷേ, നിങ്ങള്‍ അറിയുന്ന, കേട്ടിട്ടുള്ള, ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ സംഭവിച്ചിട്ടുള്ള കഥയായിരിക്കും ഇത്.



ഫീല്‍ഗുഡ് സിനിമകളുടെ പ്രളയകാലമാണല്ലോ. ഇതും അത്തരം സിനിമയാണോ..?

ഇതു ഫീല്‍ഗുഡ് കുത്തിനിറച്ച നന്മമരം സിനിമയല്ല. ഡാര്‍ക് നെഗറ്റീവ് സിനിമയുമല്ല.

ഒരമ്മയുടെയും മൂന്നു മക്കളുടെയും സ്നേഹവും പ്രശ്നങ്ങളും അവര്‍ കടന്നുപോകുന്ന വഴികളും സന്തോഷവുമൊക്കെയുള്ള കഥയാണ്. ഫാമിലിയുടേതായ ഫീല്‍ഗുഡ് കാര്യങ്ങളൊക്കെ മേമ്പൊടിക്കുമാത്രമായി ഇതിലും ഉണ്ട്.



അഭിനേതാക്കളെ കണ്ടെത്തിയത്...

2020ല്‍ സ്ക്രിപ്റ്റ് റെഡിയായപ്പോള്‍ തന്നെ രജിഷയെ തീരുമാനിച്ചിരുന്നു. തുടര്‍ന്നു ഷറഫുദീനും ഓകെ പറഞ്ഞു. ഷറഫുദീന്‍റെ സഹോദരിമാരുടെ വേഷങ്ങളിലാണ് രജിഷയും പുതുമുഖം മീനാക്ഷിയും.

വിജയരാഘവന്‍, സുനില്‍ സുഖദ, സംവിധായകന്‍ അല്‍ത്താഫ് സലിം, ബിജു സോപാനം, യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജുമധു തുടങ്ങിയവരും വിവിധ വേഷങ്ങളിലുണ്ട്. ഓഡിഷന്‍ വഴി 15 പുതുമുഖങ്ങളെയും സെലക്ട്ചെയ്തു.



പഴയ ഹിറ്റ് കോമഡി ട്രാക്കിലാണോ ബിന്ദുപണിക്കര്‍..?

ബിന്ദുപണിക്കര്‍ എന്ന പേരിനൊപ്പം തന്നെ കുറേ കോമഡി ഡയലോഗുകള്‍ മനസിലേക്കുവരും. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണു റോഷാക്ക് റിലീസായത്. ഈ സിനിമയ്ക്കു തൊട്ടുമുമ്പ് റോഷാക് വന്നതു ഞങ്ങള്‍ക്കു ബോണസാണ്.

റോഷാക്കിലെ സീതയേ അല്ല ഈ സിനിമയിലെ ഉഷാമ്മ. കോമഡിയും ഇമോഷനും ഒരേസമയം കടന്നുപോകുന്ന വേഷം. അതു ചെയ്യാന്‍ ബിന്ദുപണിക്കരല്ലാതെ ഞങ്ങള്‍ക്കു വേറെ ഓപ്ഷനില്ല. ഉരുളയ്ക്ക് ഉപ്പേരിപോലെ കൗണ്ടറടിക്കുന്ന, ഒരു സന്ദര്‍ഭത്തില്‍ ചെറിയ ഇമോഷണല്‍ ഷിഫ്റ്റുള്ള കഥാപാത്രം.



ഹിഷാമിന്‍റെ പാട്ടുകള്‍ നേരത്തേ തീരുമാനിച്ചിരുന്നോ..?

ഹൃദയം റിലീസായശേഷമാണ് ഹിഷാമിനെ മ്യൂസിക് ഡയറക്ടറായി തീരുമാനിച്ചത്. ബാങ്ക് ഗ്രൗണ്ട് സ്കോര്‍ ചെയ്തത് ജിബിന്‍ ഗോപാല്‍ എന്ന പുതുമുഖമാണ്.

കോസ്റ്റ്യൂം ഡിസൈനിംഗ് അനുഭവങ്ങള്‍ എത്രത്തോളം തുണച്ചു..?

ഞാന്‍ ഒരേസമയം രണ്ടും മൂന്നും പടങ്ങള്‍ കോസ്റ്റ്യൂം ചെയ്തിരുന്നു. എനിക്കു സെറ്റും ലൊക്കേഷനും കൈകാര്യം ചെയ്യാനറിയാം. ഷൂട്ടിംഗിടെ പെട്ടെന്നു ടെന്‍ഷന്‍ വന്നാല്‍ അത് എങ്ങനെ പരിഹരിക്കണമെന്നു പഠിച്ചത് അത്തരം അനുഭവങ്ങളില്‍ നിന്നാണ്. മോണിട്ടറിന് അടുത്തുനില്‍ക്കുമ്പോള്‍ ഡയറക്ടര്‍ എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നൊക്കെ പഠിച്ചതും അക്കാലത്താണ്.

കോസ്റ്റ്യൂം ചെയ്യുംമുമ്പ് സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ ഞാന്‍ ആ സിനിമയെ എന്‍റേതായ രീതിയില്‍ വിഷ്വലൈസ് ചെയ്തിട്ടുണ്ടാവും. ഡയറക്ടര്‍ സിനിമ ചെയ്തുവരുമ്പോള്‍ എന്തെല്ലാം പ്ലസും മൈനസും വന്നുവെന്നു അടുത്തറിയാനുമായി. ഈ സിനിമ ചെയ്തപ്പോള്‍ അതൊക്കെ ഉപകാരപ്പെട്ടു.ഏഴു വര്‍ഷമായി എനിക്കൊപ്പം വര്‍ക്ക് ചെയ്ത സനൂജ് ഖാനാണ് ഈ സിനിമയില്‍ കോസ്റ്റ്യൂം ചെയ്തത്.



മേക്കിംഗിലെ പ്രധാന വെല്ലുവിളി എന്തായിരുന്നു..?

സ്ക്രിപ്റ്റ് കമിറ്റ് ചെയ്ത് വീണ്ടും രണ്ടു വര്‍ഷമെടുത്തു എനിക്കൊരു പ്രൊഡ്യൂസറെ കിട്ടി ഫൈനല്‍ പ്രോജക്ടിലെത്താന്‍. 95 സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായി എന്നതുകൊണ്ട് എനിക്കു താരങ്ങള്‍ ഡേറ്റ് തരണമെന്നോ നിര്‍മാതാവിനെ കിട്ടണമെന്നോ നിര്‍ബന്ധമില്ല.

കോസ്റ്റ്യൂം ഡിസൈനറല്ലേ, അസിസ്റ്റന്‍റ് ഡയറക്ടറായി നിന്നിട്ടില്ലല്ലോ, പിന്നെങ്ങനെ സംവിധാനം ചെയ്യും... ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.



പൊളിറ്റിക്കല്‍ കറക്ട്നെസാണോ കഥയാണോ മുഖ്യം..?

സിനിമയില്‍ മാത്രമല്ല പൊളിറ്റക്കല്‍ കറക്ട്നെസ്. ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ, ചെയ്യുന്ന പ്രവൃത്തികള്‍ ...എല്ലാറ്റിലും ചില പരിധികളുണ്ട്. ഞാന്‍ ഇതു പറയരുത് മോശമാണ്, ഇതു ഞാന്‍ ചെയ്യരുത് മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നിങ്ങനെ. അതു നമ്മള്‍ പഠിച്ചുവരുന്നതാണ്. ഞാന്‍ സിനിമ ചെയ്യുന്നതും ആ മര്യാദകള്‍ പുലര്‍ത്തിയാണ്.

സിനിമയിലും ജീവിതത്തിലും ചെയ്യരുതാത്തതൊന്നും ഞാന്‍ ചെയ്യില്ല, പറയാന്‍ പാടില്ലാത്തതൊന്നും പറയില്ല. അതിനപ്പുറം പൊളിറ്റിക്കല്‍ കറക്ടെനെസ് തിരുകിക്കയറ്റിയാല്‍ സിനിമ നശിച്ചുപോകും. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.