ആ വെടിയൊച്ചയ്ക്ക് 54
Thursday, November 23, 2017 4:33 AM IST
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മരിച്ചിട്ട് ഇന്നേക്ക് 54 വർഷം തികയുന്നു.
1963 നവംബർ 22-ാം തീയതി തെക്കൻ സംസ്ഥാനമായ ടെക്സസിലെ ഡാള്ളസ് നഗരത്തിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ രണ്ടാമൂഴം പ്രസിഡൻസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഡാള്ളസ് നഗരത്തിലെത്തിയത്. ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണർ ജോൺ കോണല്ലി, ഭാര്യ ഇവർക്കുമൊപ്പം തുറന്ന കാറിൽ മോട്ടോർകേഡിൽ വന്ന അദ്ദേഹത്തിന് അവിടെ ഏറെ സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
യുവതയുടെ വശ്യമായ ആകാരവും ആകർഷകമായ വ്യക്തിത്വവും കൂർമതയുള്ള പ്രഭാഷണവും ശൈലിയുംകൊണ്ട് ആരെയും തന്നിലേക്ക് ആകർഷിക്കുന്ന വ്യക്തിപ്രഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഡാള്ളസിലെ ഹൂസ്റ്റൺ തെരുവിൽ ഇടതുവശത്തുള്ള തെരുവിൽ കടന്ന് അഭിവാദ്യം സ്വീകരിച്ചു നീങ്ങവേ പിന്നിൽനിന്നുണ്ടായ മൂന്നു വെടികളിൽ തന്റെ തലയ്ക്കു പിന്നിൽ ഏറ്റ വെടിയിൽ തലച്ചോർ ചിതറിപ്പിച്ച ആ വെടിയിൽ അദ്ദേഹം കാറിലേക്ക് കമഴ്ന്നു വീണു.
ഭയചകിതയായ ജാക്വിലിൻ ഓ, നോ... എന്നൊരാർത്തനാദത്തോടെ കരഞ്ഞു. പിന്നിലുണ്ടായിരുന്ന ടെക്സസ് സ്കൂൾ ഡപ്പോസിറ്ററി ബിൽഡിംഗിന്റെ ആറാം നിലയിലെ വലത്തേയറ്റത്തുള്ള ജനലിൽനിന്നുമായിരുന്നു വെടിയൊച്ച കേട്ടത്. ഏതാണ്ട് 60 മീറ്ററകലത്തുനിന്നും. സെക്യൂരിറ്റിയും പോലീസും ഇതികർത്തവ്യതാമൂകരായിപ്പോയി! എങ്കിലും അവർ വളരെ വേഗം ഉണർന്നു പ്രവർത്തിച്ചു. ടെക്സസിലെ പാർക്ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ കെന്നഡിയെ എത്തിച്ചു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ അദ്ദേഹം ജീവൻ വെടിഞ്ഞു. ക്ഷണനേരംകൊണ്ട് പ്രസിഡന്റിനു വെടിയേറ്റ വാർത്ത ലോകം അറിഞ്ഞു.
അമേരിക്കൻ ജനത ഞെട്ടിത്തരിച്ചു. ലോകം നടുങ്ങി. യുവലോകം അന്പരന്നു. എങ്ങും വിലാപവും പരിവേദനങ്ങളും! അശനിപാതംപോലെ ആ വാർത്ത കെന്നഡി കുടുംബത്തെ ഉലച്ചു! ദുരന്തങ്ങൾ കരിനിഴൽ വീഴ്ത്തിയ ചരിത്രത്തിന് ദുർനിമിത്തംപോലെ മറ്റൊന്നുകൂടി! ലോകം തേങ്ങി. എങ്ങും ശോകമൂകമായ ഉച്ചനേരം.
രണ്ടുനാൾക
കു ശേഷം പോലീസ് ഘാതകനെ കണ്ടെത്തി. ലീഹാർവി ഓസ്വാൾഡ് എന്ന യുവാവായിരുന്നു വെടിവച്ചതെന്നു കണ്ടെത്തി. അയാൾ ആർക്കോവേണ്ടി വാടകക്കൊലയാളിയാകുകയായിരുന്നുവെന്നാണ് അനുമാനം.
കൊലപാതകത്തിനു പിന്നിൽ
ക്യൂബൻ പ്രശ്നം അമേരിക്കയ്ക്കു തലവേദനയുണ്ടാക്കുന്ന കാലം. ഫ്ളോറിഡ സ്റ്റേറ്റ് എന്ന അമേരിക്കയുടെ മൂക്കിനു താഴെ അറ്റ്ലാന്റിക് സമുദ്രത്തിലെ കരീബിയൻ ദ്വീപ് സമൂഹങ്ങളിലെ ക്യൂബ എന്ന കൊച്ചുരാജ്യത്തിന്റെ ഏകാധിപതിയും ഒളിപ്പോരാളിയും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്ന കാസ്ട്രോ സോവ്യയറ്റ് റഷ്യയുടെ ക്രുഷ്ചേവുമായി അടുത്ത നാളുകൾ. അമേരിക്കയ്ക്കെതിരേ ക്യൂബയിൽ റഷ്യ മിസൈൽ താവളങ്ങൾ സ്ഥാപിച്ച രഹസ്യം അറിഞ്ഞ കെന്നഡി ക്യൂബയ്ക്കെതിരേ ബ്ലോക്കേഡ് പ്രഖ്യാപിച്ചു. ക്യൂബയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾ തടഞ്ഞ് പരിശോധിക്കാനും എതിർത്താൽ മുക്കിക്കളയാനും ഉത്തരവിട്ടു! അണ്വായുധ യുദ്ധത്തിന്റെ സാധ്യത ലോകം കണ്ടു. അതീവ ഗുരുതരമായ സ്ഥിതിവിശേഷം. ഒടുവിൽ ക്രുഷ്ചേവ് അയഞ്ഞു. ഗത്യന്തരമില്ലാതെ താവളം പൊളിച്ചടുക്കി റഷ്യ മടങ്ങി. ഇതിന്റെ നാണക്കേടിൽ ക്രുഷ്ചേവും കാസ്ട്രോയുംകൂടി മെനഞ്ഞ പകപോക്കലിന്റെ ഭാഗമാണ് കെന്നഡിയുടെ വധമെന്നും അതല്ല, പ്രോട്ടസ്റ്റന്റ് ഭൂരിപക്ഷമുള്ള അമേരിക്കയിൽ ഒരു കത്തോലിക്കൻ പ്രസിഡന്റാവുന്നതു തടയുകയെന്നുള്ള പക്ഷക്കാരുടെ ഗൂഢാലോചനയായിരുന്നെന്നും കേൾവിയുണ്ടായി.
ഡമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽ തനിക്കെതിരേ മത്സരിക്കുകയും പിന്നീട് വൈസ്പ്രസിഡന്റ് സ്ഥാനം സ്വീകരിക്കുകയും ചെയ്ത റണ്ണിംഗ്മേറ്റ് ലിൻസൺ ബെയിൻസ് ജോൺസണാണ് പിന്നിലെന്നും ആരോപണമുണ്ടായി. എന്തായാലും വലിയൊരു ഗൂഢാലോചനയുടെ പരിസമാപ്തിയായി ആ മഹാപാതകം! കെന്നഡി വധം അന്വേഷിക്കാൻ നിയുക്തനായ അമേരിക്കൻ സുപ്രീംകോടതി ചീഫ്ജസ്റ്റീസ് ഏൾവാറനു പോലും ഏറെനാൾ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം നൽകാനായില്ലതാനും. കെന്നഡി വധത്തിലെ നിഗൂഢതയുടെ ചുരുൾ ഇന്നും അഴിയാതെയും അജ്ഞാതമായും കിടക്കുന്നു!
കുടിയേറ്റം
1840-ൽ ഉണ്ടായ വലിയ ക്ഷാമംമൂലം അയർലൻഡിൽനിന്ന് കുറേ കുടിയേറ്റക്കാർ പുതിയ ഭൂമി തേടി അമേരിക്കയുടെ വടക്കൻ പ്രദേശമായ ബോസ്റ്റണിൽ എത്തി. അങ്ങനെയെത്തിയ കത്തോലിക്കരിൽ ഒരാളായിരുന്ന പാട്രിക് കെന്നഡിയായിരുന്നു ജോൺ കെന്നഡിയുടെ മുത്ത ച്ഛൻ. 36-ാം വയസിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ പുത്രൻ അമ്മയ്ക്കൊപ്പം കുടുംബം പോറ്റാൻ 14-ാം വയസിൽ നഗരത്തിലേക്കിറങ്ങി. പല തൊഴിലിലും ഏർപ്പെട്ടു. കിട്ടുന്ന പ്രതിഫലത്തിൽ മിച്ചംവച്ചു കിട്ടിയ സന്പാദ്യംകൊണ്ട് ഒരു സലൂണും പിന്നീട് ഹോട്ടലും അങ്ങനെ ഒടുവിൽ ഇറക്കുമതി കന്പനിയുമൊക്കെ സ്ഥാപിച്ച് സന്പന്നനനായി. അദ്ദേഹത്തിന്റെ പുത്രനാണ് ജോൺ കെന്നഡിയുടെ പിതാവ്.
ഏറെ സന്പന്നമായിത്തീർന്ന ജോസഫ് പാട്രിക് കെന്നഡി ബിസിനസും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോന്നു. ഒടുവിൽ ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറുമായി. അപ്പോഴേക്കും കെന്നഡി കുടുംബം അമേരിക്കയിലെ ഏറ്റവും സന്പന്നമായ നിലയിലെത്തി. ജോസഫ് പാട്രിക് കെന്നഡി ബോസ്റ്റണിലെ റോസ് എലിസബത്ത് ഫിറ്റ്സ് ജറാൾഡിനെ വിവാഹംചെയ്തു. 1854-ൽ അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്കനായിരുന്നു റോസിന്റെ മുത്തച്ഛൻ.
ഒൻപതു മക്കളായിരുന്നു കെന്നഡി കുടുംബത്തിന്. നാല് ആണും അഞ്ചു പെണ്ണും. ജോസഫ് പാട്രിക് കെന്നഡി (ജോ) ആയിരുന്നു ഏറ്റവും മൂത്തയാൾ. ജോൺ ഫിറ്റ്സ് ജെറാൾഡ് കെന്നഡി (ജാക്ക്), റോബർട്ട് ഫ്രാൻസിസ് കെന്നഡി (ബോബി), എഡ്വേർഡ് മൂർ കെന്നഡി (റ്റെഡ്), കാത്ലിൻ, റോസ്മേരി, യൂനിസ്, പട്രീഷ്യ, ജീൻ ആൻ എന്നിവരായിരുന്നു മക്കൾ. പ്രഥമപുത്രൻ ജോസഫ് പാട്രിക് കെന്നഡി എയർഫോഴ്സ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ വിമാനം തകർന്നു മരിച്ചു. കാത്ലിൻ പത്രപ്രവർത്തകയായിരുന്നു. സുഹൃത്തുമൊത്തുള്ള യാത്രാവേളയിൽ വിമാനാപകടത്തിൽ മരിച്ചു. അംഗവൈകല്യമുണ്ടായിരുന്ന റോസ്മേരി കുടുംബത്തിന്റെ നിത്യനൊന്പരമായിരുന്നു.
വർണഭേദമെന്യേ പരിഗണന
ആകർഷകമായ ആകാരവടിവും യൗവനം വിടാത്ത ശരീരവും ആരെയും ആകർഷിക്കാൻപോന്ന വ്യക്തിത്വവും പരിപക്വമായ പ്രസംഗചാതുരിയുമുള്ള കെന്നഡിയെ അമേരിക്കൻ ജനത ഏറെ ഇഷ്ടപ്പെട്ടു. ദരിദ്രരെയും സമൂഹത്തിലെ എല്ലാവരെയും വർണഭേദമെന്യേ ഏറെ പരിഗണിച്ചിരുന്ന കെന്നഡിയെ കോടതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ചിരുന്ന മാർട്ടിൻ ലൂഥർ കിംഗിനെ മോചിപ്പിച്ചതിലൂടെ കറുത്തവർഗക്കാരും ഏറെ പരിഗണിച്ചിരുന്നതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റായി പ്രഥമ മത്സരത്തിൽതന്നെ തെരഞ്ഞെടുക്കപ്പെട്ടതെന്നത് പ്രത്യേകം സ്മരണീയമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റിച്ചാർഡ് മിൻഹൂസ് നിക്സണായിരുന്നു എതിരാളി. അദ്ദേഹം യുദ്ധാനന്തര അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജനറൽ സ്വൈറ്റ് ഐസനോവറുടെ പുത്രീഭർത്താവ് (ജാമാതാവ്) ആയിരുന്നു.
കെന്നഡിയുടെ സ്ഥാനാരോഹണവും ആഡംബരപൂർണമായിരുന്നു. സ്ഥാനാരോഹണ പ്രസംഗത്തിൽ അദ്ദേഹം അമേരിക്കൻ ജനതയോടു പറഞ്ഞു, Ask not what your country can do for you, Ask what you can do for your country (നിങ്ങൾക്കുവേണ്ടി രാഷ്ട്രത്തിന് എന്തു നൽകാൻ കഴിയുമെന്ന് ചോദിക്കരുത്, രാഷ്ട്രത്തിനുവേണ്ടി നിങ്ങൾക്ക് എന്തു നൽകാൻ കഴിയുമെന്ന് ചോദിക്കുക എന്നും).
പത്രപ്രവർത്തകനായിരുന്ന കാലത്ത് അദ്ദേഹം നാസിസത്തിന്റെ പടയോട്ടം നേരിടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ചോംബർ ലെയ്ൻ മുൻകൂട്ടി നടപടികൾ എടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്ന പ്രശ്നത്തിലെഴുതിയ Why England slept (എന്തുകൊണ്ട് ഇംഗ്ലണ്ട് ഉറങ്ങിപ്പോയി) ഗ്രന്ഥം ഏറെ ജനപ്രീതി നേടുകയും പുലിറ്റ്സർ പ്രൈസിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടെഴുതിയ To Turn the Tide (ഒഴുക്ക് മാറണം) എന്ന ഗ്രന്ഥമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയത്തിനു മുതൽക്കൂട്ടായത്.
അനശ്വരരായ ലോകനേതാക്കളുടെ ഇടയിൽ യുവത്വവും ഗാംഭീര്യവുമുണ്ടായിരുന്ന അദ്ദേഹത്തിന് യുവതയുടെ ആദരം ഇന്നും കുറവില്ലാതെ തുടരുന്നു. ഏബ്രഹാം ലിങ്കണ് ശേഷം അദ്ദേഹത്തോളം യശസുള്ള മറ്റൊരു പ്രസിഡന്റ് അമേരിക്കയിൽ ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ കല്ലറയിലെ കെടാത്ത ദീപനാളം ഇന്നും സന്ദർശകർക്ക് തിരക്കേറിയ സ്ഥലമാണ്. തയാറാക്കിയത്:
ജോബ് വള്ളാട്ട്