ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
Tuesday, January 16, 2018 4:20 PM IST
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു വിനയന്റെ അദ്ഭുത ദ്വീപ്. ഈ അദ്ഭുത ദ്വീപിനോട് ഏറെ സാദ്യശ്യമുള്ള ഒരു പ്രദേശം ഇറാനിലുണ്ട്. കഥയിൽനിന്ന് വ്യത്യസ്മായി ഇവിടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ചെറിയ മനുഷ്യരായിരുന്നു.
ഇറാന്റെ തെക്കേ അറ്റത്ത് അഫ്ഘാൻ അതിർത്തിയിൽനിന്ന് 75 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മഖുനിക് ആണ് ആ ഗ്രാമം. ഒരു നൂറ്റാണ്ടു മുന്പുവരെ ഇവിടെ ജീവിച്ചിരുന്ന ആളുകൾക്ക് ഒരു മീറ്റർ വരെ മാത്രമെ ഉയരമുണ്ടായിരുന്നുള്ളു. ഇറാന്റെ മറ്റ് ഭാഗങ്ങളിൽനിന്നെല്ലാം ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശമാണിത്. 2005 ലാണ് ഇവിടെ ഒളിഞ്ഞുകിടന്ന ഈ പുരാതന കുള്ളൻ ഗ്രാമത്തെക്കുറിച്ച് പുറംലോകമറിയുന്നത്. 2005 ൽ ഇവിടെ നടത്തിയ ഗവേഷണത്തിൽ 25 സെന്റീമീറ്റർ മാത്രം നീളമുള്ള മമ്മീകരിച്ച ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ മഖുനിക് ഉൾപ്പെടുന്ന ഇവിടത്തെ 13 ഗ്രാമങ്ങൾ പണ്ട് നീളംകുറഞ്ഞ മനുഷ്യർ അധിവസിച്ചിരുന്ന പ്രദേശമാണെന്ന് ഗവേഷകർ ഉറപ്പിച്ചു.
എന്നാൽ 25 സെന്റീമീറ്റർ മാത്രം നീളമുള്ള ആ മമ്മി ഒരു കുഞ്ഞിന്റേതാണെന്ന് പിന്നീട് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. എന്നാലും മഖുനിക് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ആളുകൾക്ക് സാധാരണ മനുഷ്യരേക്കാൾ ഉയരം കുറവായിരുന്നു എന്നു തെളിയിക്കുന്ന മറ്റു പല തെളിവുകളും ഈ പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
ഒന്നര മുതൽ രണ്ടു മീറ്റർ വരെ മാത്രം ഉയരമുള്ള മണ്വീടുകളാണ് ഇവിടത്തെ മനുഷ്യരുടെ ഉയരക്കുറവിന്റെ ഏറ്റവും വലിയ തെളിവ്. മരത്തിൽ തീർത്ത വാതിലുകളും ജനലുകളുമൊക്കെയുള്ള ഈ വീടുകൾ പുറത്തുനിന്നു നോക്കിയാൽ ചെറുതെങ്കിലും ഉള്ളിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ഒരു ശരാശരി മനുഷ്യന് ഇതിനുള്ളിൽക്കയറി കാഴ്ചകൾ കാണുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്.
മഖുനിക്കിലെ ആളുകളുടെ ഉയരക്കുറവിനു പിന്നിൽ സങ്കടകരമായ ഒരു കാരണമുണ്ട്. അപൂർവമായി മാത്രം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് മൃഗങ്ങളെ വളർത്തുന്നതും കൃഷി ചെയ്യുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇവർ ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം അനുഭവിച്ചിരുന്നു. തന്മൂലമുണ്ടായ പോഷകക്കുറവായിരുന്നു ഇവരുടെ ഉയരക്കുറവിന്റെ കാരണം. വരണ്ട താഴ്വരകളിൽ വളരുന്ന ഒരുതരം പുല്ലായിരുന്നു ഇവരുടെ പ്രധാന ഭക്ഷണം. ഈ പുല്ല് ഉണക്കിപ്പൊടിച്ച് ചില റൊട്ടികളും മറ്റും ഉണ്ടാക്കിയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മഖുനിക് ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ റോഡുകൾ നിർമ്മിക്കപ്പെട്ടു. ഇതോടെ ഈ പ്രദേശത്തിന് പുറംലോകവുമായി ബന്ധമുണ്ടായി . അങ്ങനെ പോഷകസമൃദ്ധമായ ഭക്ഷണം മഖുനിക്കിലേക്ക് എത്തിത്തുടങ്ങി. ക്രമേണ ഇവിടത്തെ ആളുകൾക്ക് ഉയരംവച്ചുതുടങ്ങി. അതോടെ മണ്ണിൽതീർത്ത അവരുടെ കുഞ്ഞുവീടുകളിൽ താമസം അസാധ്യമായി മാറി. പുതിയ വീടുകൾ പണിയാൻ നിർബന്ധിതരായതോടെ ആളുകൾ അവരുടെ പഴയ വീടുകൾ ഉപേക്ഷിച്ച് കുറച്ചുകൂടി സൗകര്യമുള്ള സ്ഥലങ്ങൾ തേടിപ്പുറപ്പെട്ടു. അതോടെ മഖുനി
ക്കിലെ പുരാതന നഗരം അവിടെ അവശേഷിച്ചു. ഇപ്പോൾ ഈ കുള്ളൻ വീടുകളിലൊന്നും ആരും താമസിക്കുന്നില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾക്ക് അദ്ഭുത കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് അവയങ്ങനെ നിൽക്കുന്നു.