പറന്നുയർന്ന് എയർഫോഴ്സ് ഉൻ
Wednesday, June 20, 2018 1:00 PM IST
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വളഞ്ഞ വഴിക്കുള്ളതായാലും നേർക്കുള്ളതായാലും, അധ്വാനം ഒഴിച്ചുകൂടാനാകില്ല. ലോക ചരിത്രത്തിലെ ഉയർച്ചകൾക്കും മത്സരങ്ങൾക്കും യുദ്ധങ്ങൾക്കുമെല്ലാം പുറകിൽ വളഞ്ഞതോ നേർക്കുള്ളതോ ആയ വഴികൾ ധാരാളം. വളഞ്ഞുപോയി വളർന്നവരെല്ലാം വീണുപോയതും ചരിത്രത്തിന്റെ ഭാഗം എന്നതും ചരിത്രം തന്നെ.
വളഞ്ഞു വളരാനാണ് ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന് ഇഷ്ടം. തന്റെ ഇഷ്ടങ്ങൾമാത്രം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു വരുന്ന ഇദ്ദേഹത്തിൽ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.ഏതായാലും സംഗതി ഒടുക്കം ചെന്നെത്തി നിൽക്കുന്നത് കിം പ്രതീക്ഷിച്ചിടത്തുതന്നെ. അതിനായി തന്റെ ഇഷ്ടത്തിന് കരുക്കൾ നീക്കിയെന്നുമാത്രം.മത്സരങ്ങളെല്ലാം ഒന്നാമതാകാനോ ഒപ്പമെത്താനോ തോൽപ്പിക്കാനോ ഒക്കെയുള്ള ആഗ്രഹങ്ങൾ അടക്കിയും തെളിച്ചും വച്ചിട്ടുള്ള ഒന്നാണ്. കിമ്മിന്റെ കാര്യത്തിൽ ഇപ്പോഴത്തെ മത്സരം, രാജ്യം അടക്കി അടങ്ങി വാണ അച്ഛന്റെയും മുത്തച്ഛന്റെയും പാത വിട്ട് തന്റെ രാജ്യത്തിന്റെ ഇട്ടാവട്ടത്തിന് പുറത്ത്് ഒരു അഡ്രസ് ഉണ്ടാക്കണം എന്നതിനാണ്. അത് അത്ര എളുപ്പമല്ല. പക്ഷെ അതിനും കുറുക്കുവഴികൾ ഉണ്ടല്ലോ. അതിനായി അദ്ദേഹം തെരഞ്ഞെടുത്ത പാതയാണ് ആണവ അണുക്കളെ വിതറിയുണ്ടാക്കിയ വഴി. അത് തന്റെ രാജ്യത്തിന്റെ ശത്രു പക്ഷത്തുള്ള ലോകപ പോലീസായ അമേരിക്കയിലേക്കും ജപ്പാനിലേക്കുമൊക്കെ നീളുന്നതാകുന്പോൾ വാർത്തകളിൽ നിറയാനും ശ്രദ്ധാകേന്ദ്രമാകാനും കഴിയുമെന്നും കിമ്മിന് നന്നായി അറിയാം.
പണ്ട് കൊറിയൻ യുദ്ധകാലത്ത് തുടങ്ങിയ ശത്രുതയാകുന്പോൾ, കിം ചെയ്തത് പ്രത്യക്ഷത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടില്ല എന്ന ആനുകൂല്യം അദ്ദേഹം ശരിക്കും മുതലെടുത്തു. ലോക കാര്യങ്ങളുടെ റഫറിയായ യുഎന്നിന്റെ മുന്നറിയിപ്പുകൾ പോലും അവഗണിച്ച് ആണവമേഖലയിലെ പരീക്ഷണ നിരീക്ഷണങ്ങൾ വീണ്ടും തുടർന്നപ്പോൾ സംഗതി തീക്കളിയാണെന്ന് ട്രംപിനും മനസിലാകാതിരുന്നില്ല. ഒറ്റ ബുദ്ധിക്കാരൻ കിം വല്ല ബട്ടണിലും ഞെക്കിപ്പോയാൽ തങ്ങളുടെ കാര്യം കട്ടപ്പുക എന്ന കാര്യം ഗണിച്ചെടുക്കാൻ വലിയ ബുദ്ധിയൊന്നും വേണമെന്നില്ലല്ല്ലോ. പിന്നെ നടന്ന കാര്യങ്ങൾ ഭൂലോകത്തുള്ള തരക്കേടില്ലാത്ത ശതമാനം കൊച്ചുകുഞ്ഞുങ്ങൾക്കുവരെ അറിയാം. ഇതുതന്നെയായിരുന്നു കിമ്മിനും വേണ്ടിയിരുന്നത്.
വേവലാതി പൂണ്ട അമേരിക്കയെ ചർച്ചയ്ക്കുവിളിക്കാൻ വരെ ആണവ മിസൈലുകൾ കക്ഷത്തിൽവച്ച കിമ്മിനു കരുത്തുകിട്ടി. പരസ്പരം അല്ലറചില്ലറ തടിയാ മടിയാ വിളികൾ കുറച്ചുനാൾ ഉണ്ടായെങ്കിലും തന്റെ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനും അത് തന്റെ ജനത്തെ നേരിൽ കാണിക്കാനും കിട്ടിയ അവസരം ട്രംപ് വേണ്ടന്നുവച്ചില്ല. എടുപ്പിലും നടപ്പിലും വരെ മുഴു പരാജയം എന്ന് ചില അസൂയക്കാർ പറഞ്ഞുപരത്തുന്ന ട്രംപിന് ശരിക്കും ഒരു അവസരം ഒത്തുകിട്ടുകയായിരുന്നത്രേ. ഏതായാലും പ്രായത്തിൽ വളരെ ജൂണിയറായ തന്നെ കൊച്ചുചെറുക്കനെപ്പോലെ കൂട്ടിക്കൊണ്ടുപോയി ട്രംപ് ഉപദേശിക്കാനോ വിരട്ടാനോ സാത്യതയുണ്ട് എന്ന് മുൻകൂട്ടിക്കണ്ട് അതിനെല്ലാം തടയിടാനുള്ള കുറുക്കുവഴികളും കിം സ്വീകരിച്ചിരുന്നത്രേ.
ആണവക്കിറ്റുകൾ നാട്ടിൽ നിരത്തുന്നതിനു മുന്പുതന്നെ കുറുക്കുവഴിയിൽ വളരെ വേഗം ഉയരത്തിലെത്താൻ അദ്ദേഹം ചെയ്ത ഒരു കാര്യം പ്രതീക്ഷിച്ചതിലും ലോക ശ്രദ്ധയാകർഷിച്ചു. അമേരിക്ക അടക്കം ചില രാജ്യങ്ങൾ മാത്രം തങ്ങളുടെ ഭരണാധികാരികൾക്കായി നൽകിയിട്ടുള്ള പ്രത്യേക ആഡംബര വിമാനത്തെപ്പോലെ ഒന്ന് ഉന്നും സ്വന്തമാക്കി. ഔദ്യോഗിക പത്രത്തിലൂടെ അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഉൻ പുറത്തുവിട്ട് അന്പരപ്പിച്ചു. വട്ടനല്ലേ, അങ്ങനെ പലതും ചെയ്യും. ജനങ്ങളുടെ ക്ഷേമം അയാളുടെ അഞ്ച് അയൽപക്കത്തുപോലുമില്ലല്ലോ. പിന്നെ എന്തും കാട്ടിക്കൂട്ടാമല്ലോ എന്നൊക്കെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് മുറുമുറുപ്പുണ്ടായെങ്കിലും ഉൻ അതൊന്നും വകവയ്ക്കാതെ മുന്നേറി.
എയർഫോഴ്സ് വൺ എന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തിന് പേരെങ്കിൽ, തന്റെ ആകാശ വീടിന് ‘എയർഫോഴ്സ് ഉൻ' എന്ന പേരു നൽകി. കെട്ടിലും മട്ടിലും ആഡംബരത്തിലും വിലയിലും മാത്രമല്ല, ഒറ്റ നോട്ടത്തിൽ ഒരു ഒത്ത ഭരണാധികാരിയുടെ വാഹനം എന്നപോലെ വിമാനത്തെ ഒരുക്കിയെടുത്തു. അമേരിക്കൻ പ്രസിഡന്റിന്റെ പതാകയും മുദ്രയും വിമാനത്തിൽ പതിപ്പിച്ചിട്ടുള്ളതുപോലെ ഉന്നിലും എല്ലാം ഒരുക്കി. ചൈനീസ് വിമാനത്തിലായിരുന്നു സിംഗപ്പൂരിലേക്കുള്ള യാത്രയെങ്കിലും തന്റെ വിമാനവും കൂടെക്കൂട്ടി. അതിൽ തന്റെ സഞ്ചരിക്കുന്ന കക്കൂസും സുരക്ഷയടക്കമുള്ള അനുബന്ധ സാമഗ്രികളും കൊണ്ടുപോയി ട്രംപിന്റെ വിമാനത്തെ കൊച്ചാക്കിക്കാണിച്ചു എന്നും അസൂയാലുക്കൾ പറഞ്ഞു പരത്തുന്നുണ്ട്.
ഏതായാലും താൻ മോശക്കാരനല്ലെന്നും തനിക്ക് ട്രംപിനേക്കാൾ ഒരു യോഗ്യതക്കുറവുമില്ല എന്നും ലോകത്തെ കാണിച്ചുകൊടുക്കുന്നതായിരുന്നു ഉന്നിന്റെ സിംഗപ്പൂരിലെ പ്രകടനങ്ങൾ. ബദ്ധ ശത്രുരാജ്യത്തിന്റെ ഭരണാധികാരിക്കുമുന്നിൽ പതറാതെനിന്ന് കൈകൊടുക്കുകയും ചിരിക്കുകയും ഒപ്പമിരുന്നു ചർച്ചനടത്തുകയും ഭക്ഷണംകഴിക്കുകയുമൊക്കെ ചെയ്യുന്ന തങ്ങളുടെ നേതാവിനെ രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനുകളിൽ കണ്ട് ജനം കൈയടിച്ചു കോൾമയിർകൊണ്ടു. അങ്ങനെ തന്റെ ജനങ്ങളുടെ മുന്പിലും ലോകത്തിനു മുന്പിലും കിം വലിയ നേതാവായി. ഒറ്റപ്പേരുമാത്രം ബലറ്റിൽ പതിപ്പിച്ച് ജനത്തെ മുഴുവൻ വോട്ടുചെയ്യാൻ ഭീഷണിപ്പെടുത്തി നൂറുമാർക്കും നേടി വിജയിച്ച് സർവാധികാരിയായ കിം ജോംഗ് ഉൻ എന്ന സ്വേച്ഛാധിപതിക്ക് ചുളുവിൽ അമേരിക്കയുടെ വക അംഗീകാരം കിട്ടി. അങ്ങനെ ലോകരാജ്യങ്ങൾക്കിടയിൽ ഉത്തര കൊറിയയ് ക്കുണ്ടായിരുന്ന ദുഷ്പേരിടിഞ്ഞു. അങ്ങനെ ഉപരോധത്തിൽനിന്ന് സഹകരണത്തിലേക്കുള്ള വഴിയും തുറന്നു.
എല്ലാം ഉൻ പ്രതീക്ഷിച്ചതുപോലെ തന്നെ. ഇതൊന്നും പോരാതെ ദക്ഷിണകൊറിയയുമായി നടത്തിവരാറുള്ള സംയുക്ത സൈനീകാഭ്യാസ പ്രകടനത്തിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന ഉറപ്പും കിട്ടി. പതിയെപ്പതിയെ കാര്യങ്ങൾ കരയ്ക്കടുത്തുവരികയാണ് എന്നാവണം ഉന്നിന്റെ ചിന്തയും ആശ്വാസവും. കുറേയേറെ തെറിവിളികൾക്കിടയിൽ ചെവിപൊത്തിപ്പിടിച്ചാണ് ആണവ ആയുധങ്ങൾ വകസിപ്പിച്ചടുത്തതെങ്കിലെന്ത്, എത്ര കാര്യങ്ങളാണ് അധികം അധ്വാനമില്ലാതെ നേടിയെടുക്കാനായത്.
ഇനി അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ള സന്പൂർണ ആണവ നിരായുധീകരണത്തിന്റെ കാര്യം. ഇത്തരത്തിൽ ഒന്ന് വികസിപ്പിച്ചടുത്ത ഒരു രാജ്യവും സംഗതി മുഴുവനായും ഉപേക്ഷിച്ച ചരിത്രമില്ല. ഏറിവന്നാൽ, സംഗതി ഒരുകാരണവശാലും ഉപയോഗിക്കില്ല എന്ന ലോക കരാറിൽ ഒപ്പുവയ്ക്കും. അതിനുമാത്രമേ അമേരിക്ക എത്ര തള്ളിയാലും സാധിക്കൂ എന്നറിയുന്ന ആളുതന്നെ നമ്മുടെ കഥാനായകൻ. അപ്പോൾ പിന്നെ ട്രംപുമായി നടന്ന ഉച്ചകോടിയിൽ സന്പൂർണ വിസ്മയം തീർത്ത് വിജയക്കൊടി പാറിച്ച് പറന്നുയർന്നത് ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളൂ. കിം ജോംഗ് ഉൻ.
ജോസി ജോസഫ്