ഇലക്കറികൾ ഉൾപ്പെടുത്തണം
Wednesday, July 1, 2015 3:59 AM IST
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം
ചപ്പാത്തി 2–3 എണ്ണം കഴിക്കാം. ഇഡ്ഡലി വണ്ണം കൂടുതലുളള പ്രമേഹബാധിതർക്ക് രണ്ടെണ്ണവും വണ്ണം കുറവുളള പ്രമേഹബാധിതർക്കു മൂന്നെണ്ണവും കഴിക്കാം. ഇൻസുലിൻ എടുക്കുന്ന രോഗിയാണെങ്കിൽ അതിന്റെ ഡോസേജ് അനുസരിച്ചു ഭക്ഷണം കഴിക്കണം. ഇൻസുലിൻ എടുത്തശേഷം ഭക്ഷണം കഴിച്ചില്ലെങ്കിൽ തലചുറ്റൽ അനുഭവപ്പെടാനിടയുണ്ട്. കൺസൾട്ടിംഗ് ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരക്രമം സ്വീകരിക്കാവുന്നതാണ്.
ഉലുവയും പാവയ്ക്കയും ഗുണപ്രദം
ഉലുവ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. എന്നാൽ ഇൻസുലിൻ ചെടിക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനുളള ശേഷിയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നിലവിലില്ല. പാവയ്ക്കയിൽ വെജിറ്റബിൾ ഇൻസുലിൻ ഉണ്ട്. ഉലുവയിലുളള നാരുകൾ മിസലേജിയസ് ഫൈബറാണ്. അതിൽ ട്രിഗനോലിൻ എന്ന
ൽക്കലോയിഡുണ്ട്. ഇതെല്ലാം രക്‌തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാൻ സഹായകം.
ഇലക്കറികൾ ഉത്തമം
മുരിങ്ങയില ഉൾപ്പെടെ എല്ലാത്തരം ഇലകളും പ്രമേഹരോഗികൾക്കു ഗുണകരം. അവയിൽ നാരുകൾ ധാരാളം. അതേസമയം നാരുകൾ കുറഞ്ഞ സംസ്കരിച്ച ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം കുറയ്ക്കണം. ഓർക്കുക...പ്രമേഹരോഗികൾക്കു ഗുണകരമായത് എന്ന പരസ്യഘോഷങ്ങളോടെ വിപണിയിൽ ലഭ്യമാകുന്ന പൊടികൾക്കു പിന്നാലെ പോയാൽ കീശ കാലിയാകുന്നതു മാത്രം മിച്ചം.
ഓട്സ് കഴിക്കുമ്പോൾ
പ്രമേഹബാധിതർക്ക് ഓട്സ് ഗുണപ്രദം. പക്ഷേ, ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന്നവരും കുറയ്ക്കുന്നവരുമുണ്ട്. വെന്തുകുഴഞ്ഞ ഓട്സ് പ്രമേഹബാധിതർക്കു ഗുണകരമല്ല. വെന്തു കുഴഞ്ഞ ഓട്്സ് കഴിച്ചാൽ എളുപ്പത്തിൽ ദഹിക്കും. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ തോതു കൂടും. പ്രമേഹബാധിതർക്കു വളരെ സാവധാനം ദഹിക്കുന്ന ഭക്ഷണമാണ് വേണ്ടത്. അതിനാൽ തിളച്ച വെളളത്തിലേക്ക് ഓട്സ് ഇട്ട് അധികം വെന്ത് നാരുകൾ നഷ്‌ടമാകും മുമ്പ് അടുപ്പത്തുനിന്ന് വാങ്ങി പാത്രത്തിലേക്കു പകരുക. പാലിൽ ഓട്സ് കലർത്തി ഉണ്ടാക്കി കഴിക്കരുത്. ചൂടുവെളളത്തിൽ ഉണ്ടാക്കിയശേഷം വേണമെങ്കിൽ കുറച്ചുപാലൊഴിച്ച് ഉപയോഗിക്കാം. ഓട്സ് കുറുക്കുമ്പോൾ വേണമെങ്കിൽ പച്ചക്കറികൾ അരിഞ്ഞുചേർക്കാം. അരിഞ്ഞ പച്ചക്കറികളും മസാലയും ചേർത്ത് മസാല ഓട്സ് എന്ന പേരിൽ സൂപ്പു പോലെ തയാറാക്കാവുന്ന ഓട്സും ഇപ്പോൾ വിപണിയിലുണ്ട്.
അരിയും ഗോതമ്പും ഒന്നുപോലെ
പ്രമേഹബാധിതർ അരി പൂർണമായും ഒഴിവാക്കി പകരം ഗോതമ്പ് കഴിക്കണമെന്നു പറയുന്നതിൽ വലിയ കാര്യമില്ല. പ്രമേഹബാധിതർക്ക് അരിയും ഗോതമ്പും തമ്മിൽ വലിയ വ്യത്യാസമില്ല. ഗോതമ്പ് കൂടുതൽ കഴിച്ചാലും അരി കഴിച്ച അതേ ഫലം തന്നെയാണ്.
പായസം കഴിച്ചാൽ...
വല്ലപ്പോഴും ഒരാഗ്രഹത്തിന് പായസം കുടിച്ചാൽ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീരത്തിൽ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തിൽനിന്നു കിട്ടേണ്ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്ക്കു തന്നെ കിട്ടുന്നുണ്ട്. അതിനാൽ രാത്രിഭക്ഷണം സൂപ്പിൽ ഒതുക്കണം. ഉളളി, ബീൻസ്, കാരറ്റ്്, കാബേജ്, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേർത്തു തയാറാക്കുന്ന സൂപ്പ് ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കിൽ ഓട്്സിൽ പച്ചക്കറികൾ ചേർത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം.
(തുടരും)
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.