അഴകുള്ള കുപ്പിയിൽ തെളിനീരില്ല
അഴകുള്ള കുപ്പിയിൽ തെളിനീരില്ല
<യ>ജിജി ലൂക്കോസ്

കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പ്രത്യേക മാനദണ്ഡങ്ങൾ വാട്ടർ മാന്വലിൽ പുതുക്കി ചേർത്തിട്ടുണ്ട്. ഐഎസ് 14543 സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ജലശുചീകരണ പ്രക്രിയയാണ് അതിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1. ശുദ്ധീകരിക്കാനുള്ള വെള്ളം ശേഖരിക്കൽ, 2. മണൽ, കാർബൺ, മൈക്രോൺ എന്നിവ ഉപയോഗിച്ചുള്ള മാലിന്യം വേർതിരിക്കൽ, 3. അലിഞ്ഞു ചേർന്നിട്ടുള്ള ഓസ്മോസിസും കീടാണുക്കളും വേർതിരിക്കൽ 4. അണുനശീകരണത്തിനായി ഓസോണൈസേഷൻ, സിൽവർ അയോണൈസേഷൻ എന്നിവയ്ക്കു വിധേയമാക്കൽ 5. ഫില്ലിംഗ് ആൻഡ് പാക്കിംഗ് എന്നിവയാണ് അവ.

അമേരിക്കയിലുള്ള നാച്ചുറൽ റിസോഴ്സ് ഡിഫെൻസ് കൗൺസിൽ (എൻആർഡിസി) നടത്തിയ പഠനത്തിൽ കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൈപ്പ് വെള്ളത്തിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നുവച്ചാൽ മലനിരകളിൽ നിന്നുള്ള ധാതുസമ്പുഷ്‌ടമായ പ്രകൃതിദത്ത നീരുറവകളിൽ മിക്കവയും മുനിസിപ്പൽ കോർപ്പറേഷന്റെ പൈപ്പിലേതെന്ന്. അദ്ഭുതപ്പെടുത്തുന്ന രീതിയിൽ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് എൻവയോൺമെന്റൽ വർക്കിംഗ് ഗ്രൂപ്പിന്റെ പരിശോധനാഫലം. സാധാരണ ടാപ്പ് വെള്ളത്തിൽ കാണുന്ന അത്രതന്നെ ക്ലോറിനേഷന്റെ വിഷമുള്ള ഉപവസ്തുക്കളുൾപ്പടെ മറ്റു രാസവസ്തുക്കളും പല ബ്രാൻഡ് കുപ്പിവെള്ളത്തിലുമുണ്ട്. കുപ്പിവെള്ള വ്യവസായം സ്വയം അംഗീകരിച്ച മാലിന്യത്തിന്റെ തോതിലധികമാണ് അവർ വിൽക്കുന്ന വെള്ളത്തിലെ മാലിന്യങ്ങൾ.

ക്ലോറിൻ, ഓർഗാനിക് കെമിക്കൽസ്, കീടനാശിനികൾ എന്നിവ നീക്കം ചെയ്യാൻ ചാർക്കോൾ പ്രക്രിയയിലൂടെ മാലിന്യമുക്‌തമാക്കുന്ന രീതിയും ചില കമ്പനികൾ നടത്തുന്നുണ്ട്. എന്നാൽ, നൈട്രേറ്റ്, ഫ്ളൂറൈഡ്, ലെഡ് തുടങ്ങിയ ലോഹ ധാതുക്കൾ നീക്കം ചെയ്യാൻ ഇതിനു കഴിയില്ല. അതിനെക്കാൾ ഉപരി ചാർക്കോൾ പ്രക്രിയ വഴി പുതിയ തരം ബാക്ടീരിയ ഉത്പാദിപ്പിക്കപ്പെടുമെന്നു സിഎസ്ഇയും പറയുന്നു.

പൈപ്പ് വെള്ളവും പുഴവെള്ളവും പരിശോധിക്കാറില്ലെങ്കിലും കുപ്പിവെള്ളം പരിശോധിക്കുന്നുണ്ടെന്നാണു കമ്പനികൾ അവകാശപ്പെടുന്നത്. എന്നാൽ, പരിശോധന ഫലത്തിന്റെ വിവരം കമ്പനികൾ പുറത്തുവിടുന്നില്ല എന്നുമാത്രം. മലകളിലെ ശുദ്ധമായ ജലം എന്ന പേരിൽ കുപ്പികളിൽ നിറയ്ക്കുന്നതു പൈപ്പ് വെള്ളമാണെന്ന് അറിയുന്നവർ ചുരുക്കം.

<യ>ബ്രെഡിലെ കാൻസർ വെള്ളത്തിലും

ബ്രെഡിലും ബണ്ണിലും കണ്ടെത്തിയ മാരകമായ ബ്രോമേറ്റ് ഘടകങ്ങൾ കുപ്പിവെള്ളത്തിലും ഉണ്ടെന്നാണു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇന്ത്യയിലെ കുപ്പിവെള്ളത്തിലെ രാസഘടനയെക്കുറിച്ചു പഠനം നടത്തിയ ഭാഭ ആറ്റമിക് റിസർച്ച് സെന്ററിലെ ഹെൽത്ത് വിഭാഗവും ബ്രോമേറ്റിന്റെ അപകടകരമായ സാന്നിധ്യമുണ്ടെന്നു മുന്നറിയിപ്പ് നൽകി. ജി.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള എൻവയോൺമെന്റൽ മോണിറ്ററിംഗ് ആൻഡ് അസെസ്മെന്റ് സെക്ഷനാണ് 2015 ജനുവരിയിൽ ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

ബ്രോമേറ്റ് ഘടകങ്ങൾ ശരീരത്തിനുള്ളിൽ കടന്നാൽ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും കോശങ്ങളുടെ അമിത വളർച്ചയ്ക്കു കാരണമാകുകയും അതു കാൻസറിനു വഴിയൊരുക്കുകയും ചെയ്യും. യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (യുഎസ്ഇപിഎ) നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലും 12 ശതമാനം ഉയർന്ന നിരക്കിലുള്ള ബ്രോമേറ്റ് ഘടകങ്ങളാണ് ഇന്ത്യയിലെ കുപ്പിവെള്ളത്തിലുള്ളതെന്നു ഭാഭ ആറ്റമിക് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഒരു ലിറ്ററിൽ 10.7 മൈക്രോ ഗ്രാം എന്ന അനുവദനീയമായ അളവ് ബ്രോമേറ്റ് മാത്രമേ പാടുള്ളു എന്നാണ് അന്താരാഷ്ട്ര സ്റ്റാൻഡേർഡുകൾ നിർദേശിക്കുന്നത്. ബിഎആർസി ഇന്ത്യൻ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായവയും പിന്നിട്ടു ശരാശരി അളവ് ഒരു ലിറ്ററിൽ 43 മൈക്രോഗ്രാമാണെന്നു കണ്ടെത്തി.

<യ>ബ്രോമേറ്റും ഓസോണൈസേഷനും

ഒരു ഹാലജൻ മൂലകമാണ് ബ്രോമിൻ. ഒറ്റയ്ക്കു നിന്നാൽ വലിയ കുഴപ്പക്കാരനല്ലെങ്കിലും അണുനശീകരണത്തിനുള്ള രാസപ്രയോഗങ്ങളിലൂടെ ഇവൻ ബ്രോമേറ്റെന്ന ഭീകരനാകും. ജല ശുചീകരണത്തിൽ മാത്രമല്ല, കീടനാശിനികൾ, മരുന്നുകൾ, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, ചൂളകളിൽനിന്നു പുറന്തള്ളുന്നവ എന്നിവയിലൂടെയും ബ്രോമിൻ ബ്രോമേറ്റായി മാറ്റപ്പെടാറുണ്ട്. ഇതെല്ലാം ഉൾപ്പെടുന്ന പുഴവെള്ളമോ പൈപ്പ് വെള്ളമോ ആണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായക്കാർ കൂടുതലും ഉപയോഗിക്കുന്നതെന്നതിനാൽ ബ്രോമിൻ കൃത്രിമമായി ചേർത്തില്ലെങ്കിലും സ്വാഭാവികമായി കുപ്പിവെള്ളത്തിലെത്തും.


വെള്ളം ശുചിയാക്കുന്നതിനു റിവേഴ്സ് ഓസ്മോസിസ്, അൾട്ര ഫിൽട്രേഷൻ, ഓസോണൈസേഷൻ, ഇലകട്രോളൈറ്റിക് രീതി എന്നിവയാണു പൊതുവായി കുപ്പിവെള്ള വ്യവസായികൾ ഉപയോഗിക്കുന്നത്. അതിൽ ഓസോണൈസേഷൻ, സിൽവർ അയോണൈസേഷൻ രീതികളാണ് ബിഐഎസ് ദേശീയ സ്റ്റാൻഡേർഡ് മാനദണ്ഡമായി നിർദേശിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം ഓസോണൈസേഷനു വിധേയമാകുന്ന ബ്രോമിനുകൾ ബ്രോമേറ്റും ബ്രോമേഡുമായി മാറും. വെള്ളത്തിൽ പൊട്ടാസ്യം, സോഡിയം ഘടകങ്ങളുണ്ടെങ്കിൽ ബ്രോമേറ്റ് അവയുമായും ചേരും.

കുടിവെള്ളത്തിൽ പരോക്ഷമായ രീതിയിൽ പോലും വിഷാംശമുള്ള ഘടകങ്ങൾ പാടില്ലെന്നാണു ലോക ആരോഗ്യ സംഘടനയുടെ നിർദേശം. എന്നാൽ, ബ്രോമേറ്റ് പൂർണമായി വെള്ളത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയുമെല്ലാം ചേർന്നു ബ്രോമേറ്റിന്റെ അളവ് 10 മൈക്രോഗ്രാം വരെയാകാമെന്നു മാനദണ്ഡമുണ്ടാക്കി. ഓസ്ട്രേലിയയിൽ അതു ലിറ്ററിൽ 20 മൈക്രോഗ്രാമാണ്.

<യ>തനിയെ കുപ്പിയിലാകുന്ന ഭൂതം

ബ്രെഡിലും ബണ്ണിലും മാർദവും മിനുസവും ഉണ്ടാകാൻ പൊട്ടാസ്യം ബ്രോമേറ്റ് കൃത്രിമമായി ചേർക്കുന്നതാണെങ്കിൽ വെള്ളം ശുചിയാക്കി കഴിയുമ്പോഴേക്കും സ്വാഭാവികമായി പൊട്ടാസ്യവുമായോ സോഡിയവുമായി ചേർന്ന ബ്രോമേറ്റ് കുപ്പിക്കകത്താകും. ഇതു ശരീരത്തിലെത്തുന്നതോടെ കോശങ്ങളെ ബ്രോമേറ്റ് പിടികൂടും. പിന്നീട് കോശങ്ങളുടെ അമിത വളർച്ചയ്ക്കു കാരണമാകും. ബ്രോമേറ്റിന്റെ ഒരു മൈക്രോഗ്രാം മൂലം 0.19 കിലോഗ്രാം ഭാരം ദിനംപ്രതി വർധിപ്പിക്കുമെന്നു ബിഎആർസി വിശദമാക്കുന്നു.

മനുഷ്യന്റെയും മൃഗങ്ങളുടെയും ആമാശയവും കുടലുമാണു ബ്രോമേറ്റിനെ വലിച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ ഉദരത്തെയും മൂത്രാശയത്തെയാണ് ബ്രോമേറ്റ് പിടികൂടുന്നതെന്നും രോഗാവസ്‌ഥയിലെത്തിക്കുന്നതെന്നും ലോക ആരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ബ്രോമേഡാണെങ്കിൽ കിഡ്നിയെ കൂടാതെ പാൻക്രിയാസ്, ഉദരം, ചെറുകുടൽ, പ്ലാസ്മ എന്നിവയെയും ബാധിക്കുന്നുണ്ട്. കിഡ്നിയിലെ ട്യൂമർ, തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം എന്നിവയ്ക്കു പുറമേ ഉദരത്തിലെ കാൻസറിനും ഇതു കാരണമാകും.

<യ>ജാഗ്രത പുലർത്തണം

ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇതിനെതിരേ ജാഗ്രത പുലർത്തേണ്ടത്. ഐഎസ്ഐ, എഫ്എസ്എസ്എഐ, ബിഐഎസ് മാനദണ്ഡങ്ങളും മായം ചേർക്കൽ നിരോധന നിയമങ്ങളുടെയും അടിസ്‌ഥാനത്തിലുണ്ടാകുന്ന പരാതികളിന്മേൽ കർശന നടപടിയെടുക്കണം.

വിദഗ്ധ പരിശോധനയിലേക്കു പോകുമ്പോഴാണ് കള്ളക്കളി വെളിച്ചത്തു വരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ കുറിപ്പിൽ ബ്രോമേറ്റിന്റെ കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കുന്നതിനു പൊതുജനാഭിപ്രായം തേടിയിരിക്കുകയാണത്രേ. കാൻസറിനു കാരണമാകുന്ന ബ്രോമേറ്റുകൾ ബിഐഎസിന്റെ സ്റ്റാൻഡേർഡ് മാനദണ്ഡത്തിലുള്ള ഓസോണൈസേഷന്റെ പരിണിതഫലമാണെന്നു വ്യക്‌തമായിട്ടും മാനദണ്ഡം മാറ്റുന്നതിൽ ബിഐഎസ് വിമുഖത കാട്ടുന്നതാണ് ആരോപണത്തിനു കാരണമായിരിക്കുന്നത്. രാസപരിശോധനയ്ക്കുള്ള വ്യക്‌തമായ മാനദണ്ഡങ്ങളും മാതൃകകളും പര്യാപ്തമാക്കുന്നതിൽ ഭരണകൂടം വേണ്ടത്ര ശ്രദ്ധ നൽകാത്തതാണു കുത്തക കമ്പനികളെ കള്ളക്കളി തുടരാൻ പ്രേരിപ്പിക്കുന്നത്.

കുപ്പിവെള്ളത്തിന്റെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും കാര്യത്തിൽ ഇന്ത്യയിൽ വലിയ തോതിലുള്ള നിയമ നടപടികളുണ്ടാകാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെ. എന്നാൽ, ബ്രോമേറ്റിന്റെ അളവ് കൂടിയെന്നു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ ആഗോള സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കളായ കൊക്കോ കോള 2004ൽ ബ്രിട്ടൺ, യുഎസ് എന്നിവിടങ്ങളിൽ നിന്നു തങ്ങളുടെ ഉത്പന്നങ്ങൾ പിൻവലിച്ചിരുന്നു. 2006ൽ സ്പിംഗ് വാട്ടർ എന്ന കമ്പനിയും ഇതേ രീതിയിൽ ഉത്പന്നങ്ങൾ പിൻവലിച്ചാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കടുത്ത നടപടിയിൽനിന്നു തലയൂരിയത്.

പൊട്ടാസ്യം ബ്രോമേറ്റും സോഡിയം ബ്രോമേറ്റും അടക്കമുള്ള കുപ്പിക്കകത്തുള്ള വെള്ളത്തിലെ രാസഘടകങ്ങൾ “സ്ലോ പോയിസൺ’ ആണെങ്കിൽ പ്ലാസ്റ്റികും പോളിസ്റ്ററും കവചമായുള്ള കുപ്പി വെള്ളത്തിൽ ലയിപ്പിച്ചു തരുന്ന രാസഘടകങ്ങൾ അതിലേറെ മാരകമായ വിഷമാണ്.

(പ്ലാസ്റ്റിക് കുപ്പിയിലൂടെ വെള്ളത്തിലുണ്ടാകുന്ന അപകടകരമായ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നാളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.