വിത്തു മുതൽ വിളവെടുപ്പ് വരെ വിഷക്കൂട്ട്
വിത്തു മുതൽ വിളവെടുപ്പ് വരെ വിഷക്കൂട്ട്
<യ>റെനീഷ് മാത്യു

പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ഭക്ഷ്യവസ്തുക്കളിലെല്ലാം മാരകമായ വിഷാംശങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ നടക്കുന്ന അശാസ്ത്രീയമായ കീടനാശിനി പ്രയോഗം വഴിയാണ് വിഷാംശം ഭക്ഷ്യവസ്തുക്കളിൽ കടന്നുകൂടുന്നത്. പലതരം കീടനാശിനികൾ കൂട്ടിക്കലർത്തി പ്രയോഗിക്കുന്നത് ഇപ്പോൾ പതിവാണ്. ഇതു വലിയ പ്രത്യാഘാതമുണ്ടാക്കും. കൂടുതൽ വിഷമടിച്ചാൽ കൂടുതൽ വിളവു കിട്ടുമെന്ന ചിന്തയാണു കർഷകരെ ഇതിനു പ്രേരിപ്പിക്കുന്നത്. കേരളകാർഷിക സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ സുരക്ഷിതമായ രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നതായും രൂക്ഷതയേറിയതും ചെടിയിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ കീടനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.

വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രണ്ടുതരത്തിലുള്ള കീടനാശിനികളാണ് പഴം–പച്ചക്കറികളിൽ പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. ഓർഗാനോഫോസ്ഫറസ് സംയുക്‌തങ്ങളും ഓർഗാനോക്ലോറിൻ സംയുക്‌തങ്ങളും. ക്ലോർപൈറിഫോസ്, മാലത്തിയോൺ, മീതൈൽ പാരത്തിയോൺ എന്നീ ഓർഗാനോഫോസ്ഫേറ്റ് വിഭാഗത്തിൽപ്പെട്ടവയാണ്. ഡിഡിറ്റി, ക്ലോർഡെയ്ൻ, ആൽഡ്രിൻ എന്നിവ രണ്ടാമത്തെ ഗ്രൂപ്പിൽപ്പെടുന്നു. ഒർഗാനോഫോസ്ഫേറ്റുകൾ കീടങ്ങളുടെ നാഡിവ്യൂഹ പ്രവർത്തനത്തെ തകരാറിലാക്കുന്നവയാണ്. സാമാന്യയുക്‌തിയിൽ ചിന്തിച്ചാൽ സമാനമായ ജൈവരാസഘടനയുള്ള മനുഷ്യരുടെ തലച്ചോറിനും ഇവ ദോഷകരമായേക്കാമെന്നു മനസിലാകും. ചില പഠനങ്ങൾ ഇതു സംബന്ധിച്ചു നടന്നിട്ടുമുണ്ട്.

ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകളെ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു ഹോർമോൺ അസന്തുലിതാവസ്‌ഥയ്ക്കും അതുവഴി സ്തനാർബുദം പോലുള്ള രോഗങ്ങൾക്കും കാരണമാകും. ചിലപ്പോൾ ദശാബ്ദങ്ങൾക്കു ശേഷമാകും രോഗം പ്രത്യക്ഷപ്പെടുക.

പഴം–പച്ചക്കറികളിലെ കീടനാശിനികൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നതിനാൽ കാലിലും കൈയിലും പെരുപ്പും മരവിപ്പും ഉണ്ടാകും. ഉദരപ്രശ്നങ്ങൾക്കും കാരണമാകാം. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ എന്നിവ വരാം. ആമാശയവ്രണങ്ങൾക്കിടയാക്കാം. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഓർമക്കുറവു സംഭവിക്കാം. പേശീതളർച്ച, ബലക്ഷയം എന്നിവയ്ക്കു കാരണമാകാം. കീടനാശിനികളുടെ അങ്ങേയറ്റം ഗുരുതരമായ ദോഷഫലമാണ് അർബുദം. നെൽകൃഷിക്കുവേണ്ടി ധാരാളമായി കീടനാശിനികൾ ഉപയോഗിക്കുന്ന് കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ ചുണ്ട്, ആമാശയം, ചർമം, തലച്ചോറ് എന്നിവിടങ്ങളിലെ കാൻസർ വ്യാപകമായി കാണുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ പറഞ്ഞിട്ടുണ്ട്.

<യ>കുട്ടികളിലും ഗർഭിണികളിലും അപകടകരം

മുതിർന്ന ഒരാളുടെ ശരീരത്തിൽ പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനികൾ സൃഷ്‌ടിക്കുന്നതിലുമധികമാണു കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ. കാരണം, കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ചു ഗണ്യമായ അളവിൽ കീടനാശിനികൾ ഉള്ളിലെത്തുന്നുണ്ട്. 1 പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്‌ടിക്കുന്നതിലും അപകടകരമായിരിക്കുമല്ലോ 10 കിലോ ഉള്ള ഒരാളിൽ സൃഷ്‌ടിക്കുന്നത്. തന്നെയുമല്ല വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷക്കൂട്ടുകെട്ടുകൾ അവരുടെ തലച്ചോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. ഭ്രൂണമായിരിക്കേ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുമായുണ്ടാകുന്ന സമ്പർക്കം കുഞ്ഞിന്റെ തലച്ചോറിന്റെ നിർമാണഘടനയെ പോലും തകിടംമറിച്ചതായി അമേരിക്കയിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ–സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ സ്വതവേ ദുർബലമായ ശരീരസംവിധാനത്തെ ചെറിയ ഡോസിലുള്ള രാസവസ്തുക്കൾ പോലും താളം തെറ്റിക്കാമെന്നു ഗവേഷകർ പറയുന്നു.

ഗർഭിണിയായിരിക്കേ ഭക്ഷണത്തിലൂടെ ഉയർന്ന അളവിൽ കീടനാശിനികളെത്തുന്നതു ഗർഭസ്‌ഥശിശുവിനു ദോഷമാണ്. കാരണം അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ കുഞ്ഞിലേക്കും കടക്കുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്.

<യ>പരിശോധന സൗകര്യങ്ങൾ പേരിനുമാത്രം

മുക്കിനും മൂലയിലും മെഡിക്കൽ ലാബുകൾ ഉള്ള കേരളത്തിൽ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഫലപ്രദമായ സംവിധാനം വിരളമാണ്. അന്യസംസ്‌ഥാനങ്ങളിൽനിന്നു കേരളത്തിലേക്കെത്തുന്ന പച്ചക്കറികളും പഴങ്ങളും പരിശോധിക്കാനുള്ള ലാബുകൾ അതിർത്തി ചെക്ക്പോസ്റ്റുകൾക്കു സമീപവും നഗരസഭകളിലും പഞ്ചായത്തുകളിലും സ്‌ഥാപിക്കണമെന്ന സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നിട്ടു നാളേറെയായി. ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ മാത്രമാണ് ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കുന്നത്.


ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കാൻ നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫുഡ്ലാബുകൾ പ്രവർത്തിക്കുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും കീടനാശിനി സാന്നിധ്യം കണ്ടെത്തുന്നതിനായി കാർഷിക സർവകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലാബ് മാത്രമാണ് ഏക ആശ്രയം. എന്നാൽ, ഉപകരണങ്ങളുടെ അപര്യാപ്തതയും ആളുകളുടെ കുറവും മൂലം പരിശോധനാഫലം വൈകുകയാണ്.

പത്തനംതിട്ടയിൽ ഒരു ഡിസ്ട്രിക്ട് ലാബ് ഉണ്ടെങ്കിലും ഫുഡ് അനലിസ്റ്റ് ഇല്ലാത്തതിനാൽ നിയമപ്രകാരമുള്ള സാമ്പിളുകൾ ഇവിടെ പരിശോധിക്കാൻ പറ്റുന്നില്ല. എല്ലാ ജില്ലകളിലും ഫുഡ്സേഫ്റ്റി ലാബുകൾ സ്‌ഥാപിച്ചാൽ സാംപിൾ പരിശോധന വേഗത്തിൽ നടപ്പിലാക്കും. സംസ്‌ഥാനത്തെ ലാബുകളിൽ യോഗ്യതയുള്ള അനലിസ്റ്റുകൾ ഇല്ലെന്നതും ന്യൂനതയാണ്. ആധുനിക ഉപകരണങ്ങളുടെ അഭാവവും ജീവനക്കാരുടെ ലഭ്യതക്കുറവും സാമ്പിളുകളുടെ പരിശോധന വൈകുന്നതിനു കാരണമാകും. കേരളത്തിലെത്തുന്ന പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം കുറഞ്ഞ സമയം കൊണ്ടു പരിശോധിച്ച് ഫലം ലഭ്യമാക്കുന്നതിനും കാർഷിക സർവകലാശാലയുടെയും സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണം തേടിയിരുന്നെങ്കിലും പരിശോധന വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പിളുകളുടെ പരിശോധനാഫലം വേഗത്തിൽ ലഭിച്ചാൽ മാത്രമേ പച്ചക്കറി ലോഡ് മാർക്കറ്റിലെത്തുന്നതു തടയാൻ സാധിക്കുകയുള്ളൂ.

മത്സ്യ സാമ്പിളുകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിനുള്ള കൊച്ചിയിലെ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) ലാബിനെയാണ് ആശ്രയിക്കുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച സ്വകാര്യ ലാബുകളുടെ സേവനം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിലും ഇതിനുവേണ്ട നടപടികളും സർക്കാർ കൈകൊള്ളുന്നില്ല. ഏറ്റവും കൂടുതൽ മായം കണ്ടെത്തുന്ന വെളിച്ചെണ്ണയിലെ മായം പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ സ്‌ഥാപനമായ എറണാകുളത്തെ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിന്റെ ലാബ് മാത്രമാണുള്ളത്.

പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം പരിശോധിക്കാൻ അഞ്ചുദിവസത്തെ പരിശോധന ആവശ്യമാണ്. മറ്റേതൊരു ഭക്ഷ്യവസ്തുവായാലും തടഞ്ഞുവച്ച് പരിശോധനയ്ക്കുശേഷം വിട്ടാൽമതി. പക്ഷേ പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് നശിക്കുന്നതായതിനാൽ തടയാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ പച്ചക്കറികളിലെയും പഴങ്ങളിലേയും വിഷാംശം നീക്കം ചെയ്യാൻ ബോധവത്കരണം നല്കുകമാത്രമാണ് ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്‌ട വിഷാംശ പരിശോധനാ ലാബറട്ടിയിൽ എത്തിച്ചാണ് പരിശോധന നടത്തേണ്ടത്. പരിശോധനയ്ക്കുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും, കീടനാശിനി 100 കോടിയിൽ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്പെകട്രോമീറ്റർ എന്നീ ഉപകരണങ്ങളുടെ അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരേയൊരു അക്രെഡിറ്റഡ് ലബോറട്ടറി ആണിത്. ഭക്ഷ്യസുരക്ഷാവകുപ്പും ഭക്ഷ്യവകുപ്പും ഒരുമിച്ച് കൈകോർത്താൽ മാത്രമേ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുകയുള്ളൂ.

വിഷരഹിത പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും നാട്ടിൽ സുലഭമാകണമെങ്കിൽ കഠിനപ്രയത്നംതന്നെ വേണമെന്ന അവസ്‌ഥയാണ് ഇപ്പോഴുള്ളത്. കേന്ദ്ര–സംസ്‌ഥാന സർക്കാരുകളും സന്നദ്ധസംഘടനകളും കർഷകരും തുടങ്ങി വ്യാപാരികളും പാചകക്കാരുംവരെ ഏകമനസോടെ ഇതിനായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. കർഷകരേയും വ്യാപാരികളേയുമെല്ലാം കുറ്റപ്പെടുത്തി മാറിനിൽക്കാൻ അധികൃതർ ശ്രമിച്ചാൽ ഫലം വിപരീതമായിരിക്കും. ശാസ്ത്രജ്‌ഞരടക്കമുള്ള വിദഗ്ധരും ഉദ്യാഗസ്‌ഥരും പൊതുസമൂഹവും കർഷകർക്കും വ്യാപാരികൾക്കുമെല്ലാം പിന്തുണ നൽകിയാലേ ഈ മഹാവിപത്തിൽനിന്നും നമുക്കു രക്ഷനേടാൻ കഴിയൂ എന്നു വ്യക്‌തമാവുകയാണ്.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.