ഹൂസ്റ്റൺ കൺവൻഷൻ അവലോകന യോഗം 26ന്
ഹൂസ്റ്റൺ കൺവൻഷൻ അവലോകന യോഗം 26ന്
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം മേയ് 26ന് ചേരും. കൺവൻഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ പാരിഷ് ഹാളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം ഏഴു വരെയാണ് .യോഗം. ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹായമെത്രാനും ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, ചാൻസലർ ജോണിക്കുട്ടി പുതുശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലുശേരി, അസി. കോ-ഓർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരും നാല്പതോളം വരുന്ന കമ്മിറ്റികളുടെയും ഉപകമ്മിറ്റികളുടെയും ഭാരവാഹികളും പങ്കെടുക്കും.

കൺവൻഷന്‍റെ ഇതുവരെയുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും ഭാവി പദ്ധതികൾ തയാറാക്കുന്നതിനുമായുള്ള അവലോകന യോഗത്തിൽ, പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള സൗകര്യങ്ങളും വിലയിരുത്തും. കൺവൻഷന്‍റെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞ ഒന്നര വർഷമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നുണ്ട്.


ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. smnchouston.org എന്ന കൺവൻഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാനാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.