വിശ്വാസസാക്ഷ്യം വീടുകളിലെത്തിക്കാൻ ഫ്ലവേഴ്സും ശാലോമും
വിശ്വാസസാക്ഷ്യം വീടുകളിലെത്തിക്കാൻ ഫ്ലവേഴ്സും ശാലോമും
ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ഫ്ളവേഴ്സ് ടിവിയും വിശ്വാസികൾക്ക് ആത്മീയവിരുന്നൊരുക്കുന്ന ശാലോം ടീവിയും ഹൂസ്റ്റൺ സീറോ മലബാർ ദേശീയ കൺവൻഷനു വേണ്ടി ഒന്നിക്കുന്നു. കൺവൻഷന്‍റെ ഔദ്യോഗിക മാധ്യമപങ്കാളികളാണ് ഫ്ളവേഴ്സും ശാലോമും. കൺവൻഷൻ വേദികളിൽ നിന്നുമുയരുന്ന കൺവൻഷൻ പരിപാടികളുടെ ചൈതന്യം ഒട്ടും ചോരാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. അതിനായി ഫ്ളവേഴ്സ് ടിവിയും ശാലോമും ഒരുങ്ങിക്കഴിഞ്ഞു.

നാലുവർഷം കൊണ്ട് മലയാളികളുടെ ഇഷ്ടചാനലായി മാറിയ ഫ്ളവേഴ്സ് ടിവി ഇന്ന് റേറ്റിംഗിലും അഭിപ്രായത്തിലും മുൻപന്തിയിലാണ്. കോമഡി ഉത്സവം, ഉപ്പും മുളകും, ടോപ് സിംഗർ തുടങ്ങിയ എണ്ണിയാൽതീരാത്ത ജനപ്രിയ പരിപാടികൾ കൊണ്ട് സമ്പന്നമാണ് ഫ്ളവേഴ്സ്.

ലോകമെങ്ങുമുള്ള മലയാളി വിശ്വാസികൾക്ക് പുത്തൻ ആത്മീയാനുഭവമായി മാറിയ ശാലോം ടിവി തങ്ങളുടെ ദൗത്യം കൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ടും ഇന്ന് വാണിജ്യ ടിവി ചാനലുകളോടു കിടിപടിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തനനിരതമായ ശാലോം ടിവി ക്രിസ്ത്യൻ ആത്മീയ പരിപാടികൾക്കൊപ്പം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികളും സംപ്രേഷണം ചെയ്തു വരുന്നു.


രണ്ടു വ്യത്യസ്ത തലങ്ങളിലായി പ്രേക്ഷകരെ സ്വാധീനിച്ച ഫ്ളവേഴ്സ് ടിവിയും ശാലോമും ഒരു വിശ്വാസദൗത്യത്തിനായി കൈകോർക്കുമ്പോൾ മലയാളി സമൂഹത്തിന്, പ്രത്യേകിച്ച് വിശ്വാസസമൂഹത്തിന് അതൊരു പുത്തൻ അനുഭവമായി മാറും. കാതങ്ങൾക്കപ്പുറം അമേരിക്കൻ മണ്ണിൽ വിശ്വാസസാക്ഷ്യമുയരുമ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തിന് ആ സാക്ഷ്യം ഏറ്റുപറയാനുള്ള ഭാഗ്യമാണ് കൺവൻഷന്‍റെ സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.