ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതില്ലായിരുന്നു, എങ്കിൽ കാൻസൽ ചെയ്യുക
Tuesday, March 17, 2020 4:46 PM IST
ചരക്കുസേവനനികുതിയുടെ രജിസ്ട്രേഷൻ എടുത്തതിനുശേഷം അത് ആവശ്യമില്ലായിരുന്നു എന്നു മനസിലാക്കിയാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നവരുടെ വാർഷിക വിറ്റുവരവ് 20/40 ലക്ഷം രൂപയിൽ കവിയരുത് (സർവീസിന് 20 ലക്ഷം രൂപയും ഗുഡ്സിന് 40 ലക്ഷം രൂപയും). സിജിഎസ്ടി ആക്ടിൽ 29ാം വകുപ്പിൽ ആണു രജിസ്ട്രേഷൻ എടുത്തതിനുശേഷം അതു കാൻസൽ ചെയ്യുന്നതിനുള്ള വിധത്തെപ്പറ്റി വിശദീകരിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത വ്യക്തിക്കോ അല്ലെങ്കിൽ അദ്ദേഹം മരിച്ചിട്ടുണ്ടെങ്കിൽ നൈയാമിക പിന്തുടർച്ചാവകാശിക്കോ കാൻസലേഷന് അപേക്ഷിക്കാവുന്നതാണ്. കൂടാതെ സിജിഎസ്ടി ഉദ്യോഗസ്ഥനു സ്വന്തമായും ചില സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനു നടപടി സ്വീകരിക്കാവുന്നതാണ്.
രജിസ്ട്രേഷൻ എടുത്ത ബിസിനസ്/പ്രൊഫഷൻ നിർത്തലാക്കുകയോ അല്ലെങ്കിൽ വേറൊരാൾക്കു ട്രാൻസ്ഫർ ചെയ്യുകയോ ഉടമസ്ഥൻ മരിക്കുകയോ അല്ലെങ്കിൽ വേറൊരു സ്ഥാപനവുമായി ലയിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ എടുത്ത വ്യക്തിക്ക് രജിസ്ട്രേഷൻ ആവശ്യമില്ലായിരുന്നു എന്നു പിന്നീട് ബോധ്യപ്പെടുകയും ചെയ്താലും കാൻസലേഷന് അപേക്ഷിക്കാവുന്നതാണ്.
ചില പ്രത്യേക സാഹചര്യങ്ങളിൽ തെറ്റിദ്ധാരണയുടെ പുറത്ത് പലരും ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിരുന്നു. ജിഎസ്ടിയുടെ ആവിർഭാവസമയത്ത് പല തെറ്റിദ്ധാരണകളും കച്ചവടക്കാർക്കിടയിൽ നിലനിന്നിരുന്നു. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ ചരക്കു ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ചില സ്ഥാപനങ്ങൾ ടെൻഡറുകളിൽ പങ്കെടുക്കണമെങ്കിൽ ജിഎസ്ടി രജിസ്ട്രേഷൻ വേണമെന്നു നിഷ്കർഷിക്കാറുണ്ടായിരുന്നു. ഇതിനുവേണ്ടി രജിസ്ട്രേഷൻ എടുത്തവർ ടെൻഡർ അവാർഡ് ചെയ്തില്ലെങ്കിൽപോലും തത്സമയം കാൻസൽ ചെയ്യാറുമില്ല. മാത്രവുമല്ല റിട്ടേണുകൾ “നിൽ’ ആയിപോലും ഫയൽ ചെയ്യാറുമില്ല. അതുപോലെതന്നെ രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ധാരാളം ചെറുകിട കച്ചവടക്കാർ തെറ്റിദ്ധാരണയുടെ പുറത്ത് രജിസ്ട്രേഷൻ എടുക്കുകയും അതിനുശേഷം റിട്ടേണുകൾ യഥാക്രമം സമർപ്പിക്കാതെയും ഇരിക്കുന്നുണ്ട്.
രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകം നാളിതുവരെയുള്ള റിട്ടേണുകളുടെ സമർപ്പണമാണ്. ഇതുവരെ ‘നിൽ’ റിട്ടേണ്പോലും ഫയൽ ചെയ്യാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യണമെങ്കിൽ നിലവിലെ നിയമമനുസരിച്ച് വൻതുക ലേറ്റ് ഫീ ഇനത്തിൽ അടയ്ക്കേണ്ടതായിവരും. ബിസിനസില്ലാതെ രജിസ്ട്രേഷൻ മാത്രം എടുത്തിട്ട്, നാളിതുവരെ റിട്ടേണുകളും ഫയൽ ചെയ്യാതിരുന്നിട്ട് നോട്ടീസ് വരുന്പോഴാണ് കാൻസലേഷനെപറ്റി പലരും ചിന്തിക്കുന്നത്. ലേറ്റ് ഫീ ഒരു റിട്ടേണിനു പ്രതിമാസം പരമാവധി 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ സിജിഎസ്ടി ഉദ്യോഗസ്ഥനു താഴെപ്പറയുന്ന സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ അധികാരമുണ്ട്. അദ്ദേഹത്തിന് പ്രസ്തുത രജിസ്ട്രഷൻ മുൻകാല പ്രാബല്യത്തോടെ വേണമെങ്കിൽ റദ്ദാക്കാവുന്നതാണ്.
1)ചരക്കുസേവന നികുതി നിയമത്തിലെ വ്യവസ്ഥകൾക്കെതിരായി ബിസിനസ് ചെയ്യുകയാണെങ്കിൽ 2) കോന്പോസിഷൻ സ്കീം സ്വീകരിച്ചിട്ടുള്ള വ്യാപാരികൾ തുടർച്ചയായി മൂന്ന് ടാക്സ് പീരിയഡിലെ റിട്ടേണുകൾ സമർപ്പിച്ചിട്ടില്ല എങ്കിൽ. 3)രജിസ്ട്രേഷൻ എടുത്തിട്ടുള്ളതും കോന്പോസിഷൻ സ്കീം സ്വീകരിക്കാത്തതുമായ വ്യക്തികളും സ്ഥാപനങ്ങളും ആറു മാസം തുടർച്ചയായി റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നാൽ. 4) വോളന്ററിയായി രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ അന്നേ ദിവസം മുതൽ 6 മാസംവരെ ബിസിനസ് തുടങ്ങിയിട്ടില്ലെങ്കിൽ 5)രജിസ്ട്രേഷൻ തെറ്റായവിവരങ്ങൾ സമർപ്പിച്ചോ യഥാർഥ വിവരങ്ങൾ മറച്ചുവച്ചോ ആണ് എടുത്തിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥനു മനസിലായാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യാവുന്നതാണ്. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുമുന്പ് രജിസ്ട്രേഷൻ എടുത്ത വ്യക്തിക്ക്/സ്ഥാപനത്തിന് വിശദീകരണത്തിനുള്ള സമയം ലഭിക്കുന്നതാണ്.
സ്ഥാപനത്തിന്റെ ജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ചെയ്തുകഴിഞ്ഞാലും ഗവണ്മെന്റിലേക്ക് അടയ്ക്കേണ്ട നികുതിയും തുകയും പലിശയും മറ്റെന്തെങ്കിലും ബാധ്യതയുമുണ്ടെങ്കിൽ അവയും നൽകേണ്ടതുണ്ട്. രജിസ്ട്രേഷൻ റദ്ദ്ചെയ്യപ്പെട്ടുകഴിഞ്ഞാലും നികുതി ഉദ്യോഗസ്ഥന് ആ തുക കണക്കുകൂട്ടി അടപ്പിക്കുന്നതിനുള്ള അധികാരം ഉണ്ട്.
സിജിഎസ്ടിയുടെ രജിസ്ട്രേഷൻ കാൻസലായാൽ അതോടൊപ്പംതന്നെ എസ്ജിഎസ്ടിയുടെയും ഐജിഎസ്ടിയുടെയും രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുന്നതാണ്. രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നവർ ക്ലോസിംഗ് സ്റ്റോക്ക്, വർക്ക് ഇൻ പ്രോഗ്രസ് എന്നിവയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെ അത് അടയ്ക്കേണ്ടതാണ്.
അതുപോലെതന്നെ പ്ലാന്റ് ആൻഡ് മെഷിനറിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും പ്രോറേറ്റാ അടിസ്ഥാനത്തിൽ അടയ്ക്കേണ്ടതായിട്ടുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനു ഫോംജിഎസ്ടി ആർഇജി 16ൽ സ്റ്റോക്കിന്റെ ഇൻപുട്ട് ടാക്സിന്റെ വിവരങ്ങൾ, ടാക്സ് അടയ്ക്കുന്നതിന്റെ വിവരങ്ങൾ മുതലായവ ഇലക്ട്രോണിക് ആയി സമർപ്പിക്കുക. കാൻസൽ ചെയ്യുന്ന ദിവസംമുതൽ 30 ദിവസത്തിനകം ഇതു സമർപ്പിച്ചിരിക്കണം എന്നാണു വ്യവസ്ഥ. എന്നാൽ, ടാക്സ് ഇൻവോയ്സ് കൊടുത്തിട്ടില്ലെങ്കിൽ ഫോം ജിഎസ്ടി ആർഇജി 29 ആണ് സമർപ്പിക്കേണ്ടത്.
സിജിഎസ്ടി റൂൾ അനുസരിച്ച് താഴെപ്പറയുന്ന കാരണങ്ങളാലും രജിസ്ട്രേഷൻ റദ്ദാക്കപ്പെടാം. 1) രജിസ്ട്രേഷൻ എടുത്ത സമയത്ത് നൽകിയ ബിസിനസ് അഡ്രസിൽ പ്രസ്തുത ബിസിനസ് നടത്തിയിട്ടില്ലെങ്കിൽ 2) ചരക്കുകളോ സേവനങ്ങളോ നൽകാതെ ഇൻവോയ്സ് നൽകിയാൽ 3) ഗവണ്മെന്റ് നികുതിനിരക്ക് കുറച്ചിട്ടും തത്ഫലമായി ഉണ്ടായ വിലക്കുറവ് കസ്റ്റമേഴ്സിനു നൽകിയില്ലെങ്കിലും രജിസ്ട്രേഷൻ റദ്ദ് ചെയ്യുവാൻ ഗവണ്മെന്റിന് അധികാരമുണ്ട്.
ചരക്കുസേവന നികുതി ഉദ്യോഗസ്ഥനു കാൻസലേഷനുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞതിനു ശേഷമോ അല്ലാതെ മറ്റു കാരണങ്ങൾ മൂലമോ രജിസ്ട്രേഷൻ അസാധുവാക്കണമെന്നു തോന്നുകയാണെങ്കിൽ അദ്ദേഹം ജിഎസ്ടി ആർ ഇ ജി 17 ൽ രജിസ്ട്രേഷൻഎടുത്തിട്ടുള്ള വ്യക്തിക്ക്/സ്ഥാപനത്തിനു കാരണംകാണിക്കൽ നോട്ടീസ് അയയ്ക്കേണ്ടതുണ്ട്.
പ്രസ്തുത കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ ഏഴു ദിവസത്തിനകം ജിഎസ്ടി ആർഇജി 18ൽ മറുപടിയും നൽകേണ്ടതുണ്ട്. രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ ചരക്കുസേവനനികുതി ഉദ്യോഗസ്ഥൻ ജിഎസ്ടി ആർ ഇ ജി 19 ൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെട്ടതായിട്ടുള്ള അറിയിപ്പ് 30 ദിവസത്തിനകം നൽകേണ്ടതുണ്ട്.
എന്നാൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരം എന്നു നികുതി ഉദ്യോഗസ്ഥനു തോന്നുന്ന പക്ഷം നിർബന്ധിതമായ കാൻസലേഷൻ നടപടികൾ അവസാനിപ്പിച്ചതായി ജിഎസ്ടി ആർഇജി 20യിൽ പ്രസ്തുത ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് അറിയിപ്പ് ലഭിക്കും.