ആദായനികുതി റിട്ടേണുകൾ ജനുവരി 10 നു മുന്പ് ഫയൽ ചെയ്യണം
Monday, January 4, 2021 12:24 PM IST
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള പങ്ക് വ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കാളികളും കന്പനികളും ആദായനികുതിനിയമത്തിലെ 92 ഇ വകുപ്പനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 201920 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2021 ജനുവരി 10വരെ ആദായനികുതി ഡിപ്പാർട്ട്മെന്റ് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. തീയതി ദീർഘിപ്പിച്ചു നൽകുന്നതിനുമുന്പ് 2020 ഡിസംബർ 31വരെ ആയിരുന്നു സമയം. എന്നാൽ, ടാക്സ് ഓഡിറ്റും ട്രാൻസ്ഫർ പ്രൈസ് ഓഡിറ്റും ആവശ്യമുള്ള നികുതിദായകർ പ്രസ്തുത ഓഡിറ്റ് റിപ്പോർട്ട് 2021 ജനുവരി 15 ന് മുന്പ് ഫയൽ ചെയ്യണം.
അവരുടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 15വരെ സമയം ഉണ്ട്. 201920 ലെ ചരക്ക് സേവനനികുതിയുടെ വാർഷിക റിട്ടേണുകളും ഓഡിറ്റ് റിപ്പോർട്ടും ഫയൽ ചെയ്യുന്നതിന് 2021 ഫെബ്രുവരി 28വരെ സമയം അനുവദിച്ചിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച നികുതിദായകർ നിഷ്കർഷിച്ചിരിക്കുന്ന തീയതികൾക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് ആദായനികുതിനിയമം 234 എഫ് അനുസരിച്ചുള്ള പിഴ അടയ്ക്കേണ്ടിവരും.
പൊതുജനങ്ങളുടെ വരുമാനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് സർക്കാരിന് പല മാർഗങ്ങളുണ്ട്. അതിനാൽ വരുമാനം മറച്ചുവച്ച് റിട്ടേണുകൾ ഫയൽ ചെയ്യുന്നത് അപകടമാണ്.നല്ല ശതമാനം നികുതിദായകരും നികുതി നിർണയത്തിൽ തെറ്റായ ചില വിശ്വാസങ്ങൾ പിന്തുടരുന്നതായി കാണാം.
അത്തരത്തിലുള്ള ചില തെറ്റായ അനുമാനങ്ങൾ ചുവടെ ചേർക്കുന്നു. 1) ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്കു ടിഡിഎസ് പിടിക്കുന്നതിനാൽ അതു റിട്ടേണിൽ ചേർക്കേണ്ടതില്ല. 2) ടിഡിഎസിൽ നിന്ന് ഒഴിവുള്ള ബാങ്ക്പലിശ റിട്ടേണിൽ ചേർക്കേണ്ട. 3) സ്ഥിര നിക്ഷേപങ്ങൾ പല ബാങ്കുകളിലായി നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശയുടെ വിവരം ഗവണ്മെന്റിന് ലഭിക്കുകയില്ല. 4) ടാക്സ് സേവിംഗ്സ് ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഒഴിവുണ്ട്. ഇവയെല്ലാം തെറ്റിദ്ധാരണകൾ മാത്രമാണ്.
ബാങ്ക് പലിശയും സ്രോതസിൽ നികുതിയും
ബാങ്കിലെ സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയിന്മേൽ 40,000 രൂപ വരെയുള്ള പലിശതുകയ്ക്ക് സ്രോതസിൽ നികുതി ആവശ്യമില്ല. മുതിർന്ന പൗരന്മാർ ആണ് നിക്ഷേപകർ എങ്കിൽ 50,000 രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് പിടിക്കേണ്ടതില്ല. അതിനു മുകളിൽ ലഭിക്കുന്ന പലിശയ്ക്ക് 10 ശതമാനമോ 7.5 ശതമാനമോ ആണ് സ്രോതസിലെ നികുതിനിരക്ക്.
14052020 മുതൽ 31032021വരെ ലഭിക്കുന്ന പലിശയ്ക്ക് യഥാർഥ നിരക്കിന്റെ 75 ശതമാനംമാത്രം പിടിച്ചാൽ മതി. അതിനാൽ യഥാർഥനിരക്കായ 10 ശതമാനത്തിനുപകരം 7.5 ശതമാനം ടിഡിഎസ് പിടിച്ചാൽ മതി. എന്നാൽ അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതി നിരക്ക്. അഞ്ചു ലക്ഷത്തിന് മുകളിൽ 10 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് 20ശതമാനം നിരക്കിൽ ആണ് നികുതി. 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവും. കൂടാതെ നാലു ശതമാനം നിരക്കിൽ സെസും അടയ്ക്കേണ്ടതുണ്ട്. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ടിഡിഎസ് നിരക്കിനേക്കാൾ കൂടിയ നിരക്കിൽ നികുതി അടയ്ക്കേണ്ടി വരുന്പോൾ വരുമാനം കണക്കുകൂട്ടി മുൻകൂർ നികുതി അടച്ചില്ലെങ്കിൽ പിന്നീട് റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ പലിശയും കൂട്ടി അടയ്ക്കേണ്ടതായി വരും. മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനം ഇല്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.
ഫോം 15 ജി / 15 എച്ച് എന്നിവയുടെ ഉപയോഗം
പലിശയിൽനിന്ന് സ്രോതസിൽ നികുതി പിടിക്കാതിരിക്കാൻ ഈ ഫോമുകൾ ഉപയോഗിക്കാം. എല്ലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപകർക്ക് ഈ ഫോമുകൾ നൽകാറുണ്ട്. നിക്ഷേപകൻ ഈ ഫോം ഒപ്പിട്ട് ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ സമർപ്പിച്ചു കഴിഞ്ഞാൽ നിക്ഷേപകന്റെ പലിശയിന്മേൽ സ്രോതസിൽ നികുതി പിടിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ബാധ്യത അവസാനിക്കുന്നു. നിലവിൽ 40,000 രൂപയിൽ കൂടുതൽ നിക്ഷേപകനു പലിശ ആയി കിട്ടുന്നുണ്ടെങ്കിൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) അതിൽനിന്നു 10ശതമാനം അല്ലെങ്കിൽ 7.5 ശതമാനം നിരക്കിൽ നികുതി ആയി പിടിക്കണമെന്നു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, പാൻ ഇല്ലെങ്കിൽ നികുതി നിരക്ക് 20 ശതമാനം ആണ്. നിക്ഷേപകനു പലിശയുൾപ്പെടെ ലഭിക്കുന്ന വരുമാനം നികുതിക്ക് വിധേയമായ വരുമാനത്തിന്റെ പരിധിയിൽ താഴെ ആണ് വരുന്നതെങ്കിൽ ഫോം 15 ജി ഒപ്പിട്ട് നൽകാവുന്നതാണ്. 60 വയസിൽ താഴെയുള്ള, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ട്രസ്റ്റിനും അവിഭക്ത ഹിന്ദുകുടുംബങ്ങൾക്കും ഈ ഫോം ഉപയോഗിക്കാൻ സാധിക്കും.
60 വയസിന് മുകളിലുള്ളവർ സ്രോതസിൽനിന്ന് നികുതി പിടിക്കാതിരിക്കുന്നതിന് ഫോം 15 എച്ച് ആണ് നൽകേണ്ടത്. ഫോം 15 ജിയും 15 എച്ചും ഒപ്പിട്ടു നൽകുന്പോൾ തന്നാണ്ടിൽ പ്രസ്തുത വ്യക്തികൾക്കു നികുതിക്ക് വിധേയമായ വരുമാനം ഇല്ല എന്ന സത്യവാങ്മൂലം ആണ് നൽകുന്നത്. നികുതിക്ക് വിധേയമായ വരുമാനം ഉള്ളവർ തെറ്റായി ഡിക്ലറേഷൻ നൽകിയാൽ അത് ആദായ നികുതി വകുപ്പിന്റെ ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം എന്ന് ഓർമിപ്പിക്കുന്നു.
പലിശയ്ക്ക് ലഭിക്കുന്ന നികുതിയിളവ്
സാധാരണ നികുതിദായകർക്കു സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റിൽനിന്നു ലഭിക്കുന്ന 10,000 രൂപവരെയുള്ള പലിശയ്ക്ക് നികുതിയിളവുണ്ട്. മുതിർന്ന പൗരന്മാർ ആണെങ്കിൽ സ്ഥിരനിക്ഷേപങ്ങളിൽനിന്നും സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും ലഭിക്കുന്ന പലിശ ഉൾപ്പെടെ 50,000 രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. മുതിർന്ന പൗരന്മാർ അല്ലാത്തവർക്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതിയിളവില്ല.
ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കൗണ്ടുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേണ് ഫയൽ ചെയ്യുന്പോൾ അവ എല്ലാം സൂചിപ്പിക്കണം. ഒരു ബാങ്ക് അക്കൗണ്ട് മാത്രം കാണിച്ചാൽ മതി എന്നൊരു തെറ്റിദ്ധാരണ പല നികുതിദായകർക്കും ഉണ്ട്.
വിദേശത്ത് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ
വിദേശബാങ്കുകളിൽ പണം സൂക്ഷിച്ചിട്ടുള്ളവരും വിദേശത്ത് സ്വത്തുക്കൾ ഉള്ളവരും പ്രസ്തുത വിവരങ്ങൾ ആദായനികുതി റിട്ടേണിൽ സൂചിപ്പിക്കേണ്ടതാണ്. അക്കൗണ്ട് തുടങ്ങിയ തീയതിയും അതിൽനിന്നും ലഭിക്കുന്ന പലിശയും മറ്റു സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും റിട്ടേണുകളിൽ വെളിപ്പെടുത്തേണ്ടതാണ്.