ബിലേറ്റഡ് റിട്ടേണുകൾ 31 വരെ ഫയൽ ചെയ്യാം
Monday, March 22, 2021 1:48 PM IST
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്ക് വ്യാപാരസ്ഥാപനങ്ങളാണ് അവയെങ്കിൽ അവയുടെ പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 201920 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2021 ജനുവരി മാസം 10 ന് അവസാനിച്ചിരുന്നു. ഫയൽ ചെയ്യുന്നതിനുള്ള യഥാർഥ തീയതി 2019 ജൂലൈ മാസം 31 ആയിരുന്നത് കോവിഡ് വ്യാപനം മൂലം പല അവസരങ്ങളിലായി ജനുവരി 10 വരെ നീട്ടി നൽകുകയായിരുന്നു. ദീർഘിപ്പിച്ചു നൽകിയ തീയതിയിലും ഫയൽ ചെയ്യാൻ സാധിക്കാതെവന്ന നികുതിദായകർക്ക് ഇനി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 234 എഫ് അനുസരിച്ചുള്ള പിഴ അടയ്ക്കേണ്ടതുണ്ട്. താമസിച്ചു ഫയൽ ചെയ്യുന്ന റിട്ടേണുകളാണ് ബിലേറ്റഡ് റിട്ടേണുകൾ എന്ന പേരിലറിയപ്പെടുന്നത്.
ഓഡിറ്റ് ആവശ്യമുള്ള നികുതിദായകർക്ക് ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് 2021 ജനുവരി 15 വരെ സമയം അനുവദിച്ചിരുന്നു. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഫെബ്രുവരി 15 വരെയും സമയം അനുവദിച്ചു തന്നിരുന്നു. ഓഡിറ്റ് ചെയ്ത് റിട്ടേണ് ഫയൽ ചെയ്യുന്നതിന് താമസം നേരിട്ടത് തക്കതായ കാരണം മൂലമാണെങ്കിൽ 44 എ,ബി അനുസരിച്ചുള്ള പിഴയിൽനിന്നും ഒഴിവുലഭിക്കുമെങ്കിലും 234 എഫ് അനുസരിച്ചുള്ള പിഴ അടച്ചു മാത്രമേ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ.
ബിലേറ്റഡ് റിട്ടേണുകൾ എന്നുവരെ ഫയൽ ചെയ്യാൻ സാധിക്കും?
201920 സാന്പത്തികവർഷത്തിലെ ബിലേറ്റഡ് റിട്ടേണുകൾ 2021 മാർച്ച് 31 വരെ ഫയൽ ചെയ്യാൻ സാധിക്കും. എന്നാൽ 2021 ജനുവരി 10നു മുന്പ് ഫയൽ ചെയ്യുകയാണെങ്കിൽ 234 എഫ് അനുസരിച്ചുള്ള പിഴത്തുക ഉണ്ടാകുമായിരുന്നില്ല. ജനുവരി 10 കഴിഞ്ഞ് 2021 മാർച്ച് 31നു മുന്പായി മാത്രമാണ് ഫയൽ ചെയ്യുന്നതെങ്കിൽ പിഴത്തുക 10,000 രൂപയാണ്. എന്നാൽ നികുതിക്കു മുന്പുള്ള വരുമാനം അഞ്ചുലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴത്തുക 1,000 രൂപയിൽ ഒതുങ്ങി നിൽക്കും. റിബേറ്റിനുമുന്പ് നികുതിയായി ഒന്നും അടയ്ക്കാനില്ലാത്ത റിട്ടേണുകളിൽ പിഴത്തുക ഉണ്ടാവുകയില്ല. 2021 മാർച്ച് 31നുശേഷം 201920 സാന്പത്തികവർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധാരണഗതിയിൽ സാധിക്കുകയില്ല.
റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കുമോ?
201617 സാന്പത്തിക വർഷത്തിനുമുന്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കില്ലായിരുന്നു. എന്നാൽ 201617 സാന്പത്തിക വർഷത്തിലെ റിട്ടേണുകൾ തുടങ്ങി ബിലേറ്റഡായി ഫയൽ ചെയ്യുന്ന എല്ലാ റിട്ടേണുകളും ആവശ്യമെങ്കിൽ പുതുക്കി ഫയൽ ചെയ്യാവുന്നതാണ്. പക്ഷേ 2019 20 വർഷത്തിലെ റിട്ടേണുകൾ നിലവിലെ നിയമമനുസരിച്ച് 2021 മാർച്ച് 31 വരെ മാത്രമേ ഫയൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ.
നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ക്യാരിഫോർവേഡ് ചെയ്യാനാവില്ല
നിങ്ങൾ ബിലേറ്റഡ് റിട്ടേണുകളാണ് ഫയൽ ചെയ്യുന്നതെങ്കിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അവ അടുത്തവർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം ക്യാരിഫോർവേഡ് ചെയ്യാവുന്നതാണ്. ബിസിനസിൽ നിന്നും പ്രൊഫഷനിൽനിന്നുമുള്ള നഷ്ടങ്ങൾ, മൂലധനനഷ്ടം, മറ്റു വരുമാനങ്ങളുടെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവയാണ് ക്യാരിഫോർവേഡ് ചെയ്യാൻ അനുവദിക്കാത്തത്.
ആധാർ നന്പർ മാർച്ച് 31 ന് മുന്പ് പാനുമായി ലിങ്ക് ചെയ്യണം
ആധാർ നന്പർ പാനുമായി ലിങ്ക് ചെയ്യാത്തവർക്ക് 2021 മാർച്ച് 31 വരെ അവ ലിങ്ക് ചെയ്യുന്നതിന് സമയം ലഭിക്കുന്നതാണ്. 2021 മാർച്ച് 31 ന് ശേഷവും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകുകയും ആദായനികുതി നിയമം 272 ബി അനുസരിച്ച് 10,000 രൂപയുടെ പിഴ ഈടാക്കപ്പെടാവുന്നതുമാണ്.
നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപപദ്ധതികൾ
202021 സാന്പത്തികവർഷം മാർച്ച് മാസം 31 ന് അവസാനിക്കുകയാണല്ലോ. ആദായ നികുതിയിൽ നിന്നും കിഴിവുകൾ ലഭിക്കുന്നതിന് വേണ്ടി വിവിധങ്ങളായ നിക്ഷേപപദ്ധതികൾ ഉണ്ട്. നിക്ഷേപങ്ങളിലുള്ള ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനുവേണ്ടിയാണ് നിക്ഷേപ പദ്ധതികൾക്ക് നികുതിയിളവു നൽകുന്നത്. 202021 സാന്പത്തികവർഷത്തിൽ ഇളവു ലഭിക്കണമെങ്കിൽ നിക്ഷേപങ്ങൾ ഈ മാസം 31നു മുന്പ് നടത്തിയിരിക്കണം.
വിവിധ നിക്ഷേപ പദ്ധതികൾ
ആദായനികുതി നിയമം വകുപ്പ് 80 സി അനുസരിച്ച് നികുതിദായകനു ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നികുതിദായകന് ഈ വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്.
1) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽനിന്നും നിശ്ചിതതുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിർബന്ധമായും പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽനിന്നും 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കും നികുതിയിൽനിന്നും ഒഴിവുള്ളതാണ്. നിലവിൽ 8.5 % നിരക്കിൽ പലിശയും ലഭിക്കും.
2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: നിലവിൽ ഇവയ്ക്ക് 7.1% പലിശ ലഭിക്കുന്നതാണ്. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്നും ഒഴിവ് ലഭിക്കുന്നതാണ്. 15 വർഷത്തെ ലോക്കിംഗ് പീരിയഡ് ഉണ്ടെങ്കിലും അഞ്ചുവർഷം കഴിയുന്പോൾ 50% വരെ പിൻവലിക്കുവാൻ സാധിക്കും. പലിശയ്ക്ക് നികുതിയിൽനിന്നും ഒഴിവുണ്ട്.
3) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം: ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിന് കിഴിവ് ലഭിക്കുന്നതല്ല.
4) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്): ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. ഇവയ്ക്ക് ഗ്യാരന്റീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങൾക്കനുസരിച്ചു ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം. ഇവയ്ക്ക് മൂന്നു വർഷത്തെ ലോക്കിംഗ് പീരിയഡ് ഉണ്ട്.
5) ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്: ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടുപണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപ വരെ 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം, കൂടാതെ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കുവാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല.
6) വീട് വാങ്ങുന്പോൾ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും: വീട് വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്.
7) സുകന്യ സമൃദ്ധി അക്കൗണ്ട്: പെണ്കുട്ടികൾക്കുവേണ്ടി മോദിസർക്കാർ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണ് ഇത്. പെണ്കുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെണ്കുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 1,50,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.5% പലിശ ലഭിക്കുന്നതും പലിശയ്ക്ക് നികുതിയിൽനിന്നും ഒഴിവ് ലഭിക്കുന്നതുമാണ്.
8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി v111 ഇഷ്യു) നിലവിൽ അഞ്ചു വർഷത്തേയും എട്ടു വർഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനുമുന്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിന് സൗകര്യമുണ്ട്.
9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ: അഞ്ചു വർഷത്തേക്കുള്ള കാലാവധി പീരിയഡിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
10) പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ഒരു വർഷം മുതൽ (1,2,3,5) എന്നീ പീരിയഡുകളിൽ ലഭ്യമാണ്. നിലവിൽ 8.1% വരെ പലിശ നേടിത്തരുന്ന ഈ നിക്ഷേപ പദ്ധതിക്കു ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ഉണ്ടാകുന്നതല്ല.
11) സീനിയർ സിറ്റിസണ് സേവിംഗ്സ് സ്കീം 2004: മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് 9.5% പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിൽ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളന്ററി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്.
12) യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ: ഇവയ്ക്കും 80 സി വകുപ്പനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്.
13) കുട്ടികളുടെ ട്യൂഷൻ ഫീസ്: ഈ ഇനത്തിൽ ചെലവാകുന്ന തുകയ്ക്കു കിഴിവ് ലഭിക്കുന്നതാണ്. (പരമാവധി 2 കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും കൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 സിസിഡി (1 ബി) അനുസരിച്ച് എൻപിഎസിലേക്കു നിക്ഷേപിക്കുന്ന തുകയ്ക്ക് മുകളിൽ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപ വരെ അധികം ആനുകൂല്യം ലഭിക്കുന്നതാണ്.